Sunday 27 February 2011

പാണ്ടന്‍ നായകള്‍ ഓര്‍ക്കാനിക്കുമ്പോള്‍ ...


(മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന സൂരജിന്റെ പോസ്റ്റിലെഴുതിയ കമന്റ് വിപുലപ്പെടുത്തി സിബുവിന്റെ ഈ ബസില്‍ നടന്ന ചര്‍ച്ചയോടുളള പ്രതികരണം...)

ഇഷ്ടമുളള ഭക്ഷണം കഴിക്കാനുളള അവകാശത്തിനും മറ്റൊരാളിന്റെ ഭക്ഷണം കാണുമ്പോള്‍ ഛര്‍ദ്ദിക്കാനുളള അവകാശത്തിനും നിര്‍വചനം ഒന്നു തന്നെയാണോ എന്നതാണ് പ്രസക്തമായ ചോദ്യം. ആദ്യത്തേത് ജനാധിപത്യ സ്വാതന്ത്ര്യവും രണ്ടാമത്തേത് മനോരോഗവുമാണ്. ആദ്യം പറഞ്ഞ അവകാശം ചിലര്‍ നേടിയെടുത്തതും നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും സന്ധിയില്ലാത്ത പ്രക്ഷോഭങ്ങളിലൂടെയാണ്. മനോരോഗത്തിന്റെ ചികിത്സയ്ക്ക് പ്രക്ഷോഭത്തിന്റെ കാര്യമൊന്നുമില്ല.

വെജിറ്റേറിയന്മാര്‍ മടുമടാ കുടിക്കുന്ന പശുവിന്‍ പാലിന്റെ കാര്യം ഇവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശുപ്പാലു കുടിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശമുണ്ടായിരുന്നോ, നമ്മുടെ നാട്ടില്‍? ഇല്ലായിരുന്നു. വഴിപാടിനും ആഹാരത്തിനുമായി ബ്രാഹ്മണന്‍ ഉപയോഗിക്കുന്ന പാലു ചുരത്തുന്നതു കൊണ്ടാണ് പശുവിന് ദിവ്യത്വമുണ്ടായത്. തന്റെ സ്വന്തക്കാരിയാക്കാന്‍ വേണ്ടി പശുവിന് സവര്‍ണന്‍ ദിവ്യത്വം കല്‍പ്പിച്ചു നല്‍കുകയായിരുന്നു. ആടും എരുമയും ചുരത്തിയ പാല്‍ അക്കാലത്ത് ബ്രാഹ്മണന്‍ കുടിച്ചില്ല, വഴിപാടിന് എടുത്തതുമില്ല. ഫലം ആവോളം പാലു ചുരത്തിയിട്ടും എരുമയും ആടും മാതാവായില്ല. പോത്തും മുട്ടനാടും പിതാവുമായില്ല. പ്രസ്തുത സ്ഥാനങ്ങളില്‍ പശു - കാള ദമ്പതികള്‍ സ്വച്ഛന്ദം വിഹരിച്ചു.

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ (എന്റെ സ്മരണകള്‍) ഇങ്ങനെ പറയുന്നു.

"പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുളളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു. ......... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. "

"രണ്ടു സമുദായ പരിഷ്കര്‍ത്താക്കള്‍" എന്ന പുസ്തകത്തില്‍ കെ സി കുട്ടന്‍ വിവരിക്കുന്നതും വായിക്കേണ്ടതു തന്നെയാണ്.

''പശുക്കളെ ആര്‍ക്കും വളര്‍ത്താം.പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുളള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം"...

ലക്ഷ്മീദേവിയായിരുന്നു, സവര്‍ണന് പശു. "പൂവാലിപ്പശു, ഈ വീടിന്റെ ഐശ്വര്യം" എന്ന ബോര്‍ഡ് എല്ലാ സവര്‍ണ ഗൃഹങ്ങളിലും തൂങ്ങിയിരിക്കണം. അന്തര്‍ജനം പെറ്റാലും പശു പെറ്റാലും പുല പത്ത്. പശുവിനെ ലക്ഷ്മിയായി കരുതി ആരാധിക്കുന്നതിന്റെ ഗുട്ടന്‍സ് അതാണ്. പാലും വെണ്ണയും നെയ്യുമെല്ലാം സവര്‍ണര്‍ക്കും തമ്പുരാന്മാര്‍ക്കും മാത്രമായി സംവരണം ചെയ്യപ്പെട്ടു.

സവര്‍ണന്റെ കണ്ണു വെട്ടിച്ച്, എങ്ങാനുമൊരു അവര്‍ണന്‍ പശുവിനെ കറക്കുന്നിട്ടുണ്ടെങ്കില്‍ അവന് ശിക്ഷയും കിട്ടിയിരുന്നു. കൊല്ലവര്‍ഷം 928ല്‍ പുറപ്പെടുവിക്കപ്പെട്ട ഒരു വിധി ന്യായം പി ഭാസ്കരനുണ്ണി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

"നാളത് കുടിയക്കോണത്തു കുടിയിരിക്കും ഈഴം ശങ്കരന്‍ ശങ്കരന്‍ പേരില്‍ ടിയാന്‍ പശുവു കെട്ടിക്കറന്ന പിഴയ്ക്ക് 30 പണം ഉത്തിരിപ്പാട്"

പശുവിനെക്കറക്കാന്‍ ജാതീയമായി അധികാരമില്ലാതിരുന്നിട്ടും അതിനു തുനിഞ്ഞ് സവര്‍ണതയെ വെല്ലുവിളിച്ച ആലപ്പുഴയിലെ ഉഴുതുമ്മേല്‍ കിട്ടന്റെയും അയാളുടെ കരുത്തിനു മുന്നില്‍ ചൂളിപ്പോയ ഞര്‍ക്കുരു കുട്ടിപ്പണിക്കരുടെയും കഥ കൂടി ഒന്നു വായിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന്റെ രാഷ്ട്രീയം ഒരു വ്യാകരണപ്പിശകുമില്ലാതെ മനസിലാകും. പശുവിന് തീറ്റ സംഘടിപ്പിക്കാന്‍ ജാതിയില്‍ താഴ്ന്നവനെ നിയോഗിക്കുകയും പെറ്റു കഴിഞ്ഞാല്‍ കറവയ്ക്ക് സവര്‍ണനെ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ ചോര വിയര്‍പ്പാകുന്ന ശാരീരികാധ്വാനം ജാതിയില്‍ കുറഞ്ഞവന്റെ തലേലെഴുത്തായി ചിത്രീകരിച്ച് അധ്വാനിക്കാതെ ഉണ്ണുകയെന്ന സ്വന്തം പ്രത്യയശാസ്ത്രം നടപ്പാക്കുകയായിരുന്നു, സവര്‍ണത.

മാംസാഹാരം മുന്‍നിര്‍ത്തി സംഘപരിവാര്‍ കളിക്കുന്ന ഭക്ഷണ രാഷ്ട്രീയത്തിന്റെ വേരുകള്‍ സവര്‍ണതയുടെ യുക്തികളില്‍ തന്നെയാണ് ചുറ്റിക്കറങ്ങുന്നത്. മാംസാഹാരം മ്ലേച്ഛമെന്ന് വിധിച്ച് ഒഴിവാക്കിയത് ബ്രാഹ്മണ്യമാണ്. ഇഞ്ചി, മാങ്ങ, നാരങ്ങ, അച്ചാറുകളും പലതരം പച്ചടി കിച്ചടികളും വറുത്തുപ്പേരിയെ മറയ്ക്കുന്ന വലിയ പപ്പടവും പരിപ്പും സാമ്പാറും ഓലനും കാളനും പുളിശേരിയും മോരും പ്രഥമനുമൊക്കെ അണി ചേരുന്ന കേരളീയ സദ്യ അനുഭവിക്കാന്‍ പണ്ട് സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ അവകാശമുണ്ടായിരുന്നുളളൂ. മഹാഭൂരിപക്ഷത്തിന് അന്ന് നിഷേധിക്കപ്പെട്ട ഈ വിഭവങ്ങളാണ്, വെട്ടിയിട്ട വാഴയിലയില്‍ നിരന്നിരുന്ന് ഇന്ന് പരിശുദ്ധ കേരളീയ സംസ്ക്കാരത്തിന്റെ സംഘഗാനം പാടുന്നത്. ഈ സദ്യയെക്കുറിച്ചുളള ആഢ്യത്വ സങ്കല്‍പങ്ങളില്‍ നിന്നാണ് മറ്റു ചില വിഭവങ്ങള്‍ക്കു മേലുളള ഓര്‍ക്കാനങ്ങള്‍ ഉരുണ്ടു കയറുന്നത്.

മേല്‍ ചൊന്ന വിഭവങ്ങളോടെ സവര്‍ണത ഉണ്ടു രസിച്ചപ്പോള്‍ വിവാഹസദ്യയിലടക്കം ഈഴവര്‍ മുതല്‍പേര്‍ മത്സ്യ മാംസക്കറികള്‍ വിളമ്പിയിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും അമ്പലവാസികളുമായിരുന്നു, ശുദ്ധ സസ്യഭുക്കുകള്‍. നായന്മാര്‍ സസ്യത്തെയും അസസ്യത്തെയും ആഹരിച്ചിരുന്നു. എവ്വിധവും നമ്പൂരാരെ അനുകരിച്ച നായന്മാരില്‍ പലരും സസ്യഭുക്കുകളായി സംതൃപ്തി നേടി. തല തെറിച്ചവരാകട്ടെ, ശവം തിന്നാന്‍ തുനിഞ്ഞിറങ്ങി. വെളളയും ചെമന്നതുമായ ഉളളിയെ നമ്പൂതിരി വര്‍ജിച്ചപ്പോള്‍ ആഢ്യ നായന്മാരും ഉളളിയെ പടിക്കു പുറത്തു നിര്‍ത്തി. എന്നാല്‍, കദളിപ്പഴം നമ്പൂതിരിക്കു മാത്രമേ തിന്നാനവകാശമുണ്ടായിരുന്നുളളൂ.. അതു നോക്കി നിന്ന് വെള്ളമിറക്കാനുളള അവകാശം മറ്റുളളവര്‍ക്കും.

പി. ഭാസ്കരനുണ്ണി എഴുതുന്നു, "......... ഈഴവരിലെ ജാതി സംബന്ധമായ ഉച്ചനീചത്വം സദ്യവട്ടങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയില്ല. അവര്‍ സദ്യയ്ക്ക് പ്രധാനമായി വിളമ്പിയിരുന്നത് മത്സ്യക്കറികളും മാംസക്കറികളുമാണ്. അതില്‍ എന്തെങ്കിലും മഹാപാപമുളളതായി അവര്‍ കരുതാതിരിക്കത്തക്ക വിധം അവരുടെ ഭക്ഷണപാത്രങ്ങളിലെ സ്ഥിരം വിഭവങ്ങളായി മത്സ്യവും മാംസവും എന്നേ മാറിക്കഴിഞ്ഞിരുന്നു. അവരുടെ കുലത്തൊഴിലായ തെങ്ങു ചെത്തില്‍ നിന്നു കിട്ടുന്ന കള്ളും ചാരായവും കറികള്‍ക്ക് കൂടുതല്‍ സ്വാദും പ്രചാരവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു..".

അതായത്, സസ്യാഹാരം സര്‍വശേഷ്ഠമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന കാലത്തു തന്നെ സമൂഹത്തിലെ മറ്റു ചിലര്‍ പണ്ട് ഒരു മടിയും കൂടാതെ ആടിനെയും മാടിനെയും കൊന്ന് കറിവെച്ചു തിന്നിരുന്നു. എല്ലു മുറിയെ അധ്വാനിച്ചത് അവരാണ്. അങ്ങനെ ആര്‍ജിച്ച കരുത്തു കൊണ്ട് അവര്‍ ആചാരങ്ങളെയും മാമൂലുകളെയും വെല്ലുവിളിച്ചു. നിഷേധിക്കപ്പെട്ടത് കണക്കു പറഞ്ഞ് തിരിച്ചു വാങ്ങി. അകറ്റി നിര്‍ത്തിയ നടവഴികളില്‍ക്കൂടി നെഞ്ചു വിരിച്ചു നടന്നു. ജാത്യാധികാരങ്ങളുടെ അണപ്പല്ലടിച്ചു കൊഴിക്കാന്‍ മഹാഭൂരിപക്ഷം കരുത്തു നേടിയത് മാംസഭക്ഷണം ചൊരിഞ്ഞ ഊര്‍ജത്തില്‍ നിന്നാണ്. .

ചില ജാതിക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാക്കിചില വിഭവങ്ങള്‍ക്കു മേന്മ നല്‍കിയപ്പോള്‍ ഭക്ഷണത്തിന്റെ മേന്മയല്ല, അത് കഴിക്കുന്നവന്റെ മേന്മയാണ് ഉറപ്പിക്കപ്പെട്ടത്. ജാതിവ്യവസ്ഥയുടെ ശ്രേണിയിലെ മേല്‍ത്തട്ടില്‍ വിഹരിച്ചവര്‍ ഉണ്ടതും ഉറങ്ങിയതും ശൃംഗരിച്ചതും ഭോഗിച്ചതുമെല്ലാം ശ്രേഷ്ഠമായി. ഹീനരെന്ന് അവര്‍ മുദ്രകുത്തിയവരുടെ എല്ലാ വ്യവഹാരങ്ങളും മ്ലേച്ഛമായി. പളളിക്കഞ്ഞിയെയും പളളിച്ചമ്മന്തിയെയും അമൃതേത്താക്കിയതും ഉണക്കമീനിനെയും ഇറച്ചിക്കറിയെയും മ്ലേച്ഛാഹാരമാക്കിയതും അധികാരമാണ്. മാളികയും നാലുകെട്ടും ചാളയും കൂരയും കുപ്പമാടവും ഭാഷയില്‍ സ്ഥാനംപിടിച്ചതിനു കാരണവും അധികാരം തന്നെ. ഒരുകാലത്ത് അധികാരം കൊണ്ട് മ്ലേച്ഛമെന്ന് മുദ്രകുത്തിയ ഭക്ഷണവിഭവങ്ങളെ ഇന്ന് ഓര്‍ക്കാനിച്ചും ഛര്‍ദ്ദിച്ചും അപഹസിക്കാന്‍ ശ്രമിക്കുകയാണ് സവര്‍ണത. പഴയ അധികാരമില്ലാത്ത പാണ്ടന്‍ നായകള്‍ ഓര്‍ക്കാനിച്ചും ഛര്‍ദ്ദിച്ചും ശൗര്യം പ്രകടിപ്പിക്കാന്‍ ദുര്‍ബലമായി ശ്രമിക്കുന്നു‍.

മാംസാഹാരം കഴിക്കുന്നവര്‍ സസ്യാഹാരത്തോട് പുച്ഛമോ പരിഹാസമോ പ്രകടിപ്പിക്കാറില്ല. അതും കഴിക്കാന്‍ അവര്‍ക്കു മടിയുമില്ല. പരിപ്പും നെയ്യും പപ്പടവും കുഴച്ച് അവിയലും തോരനും മാങ്ങാ അച്ചാറും ഉപദംശമാക്കിയും സാമ്പാറും പച്ചടി കിച്ചടികളും നാലുവിധം പായസവും പുളിശേരിയും രസവും മോരും വികെഎന്‍ ശൈലിയില്‍ മുക്തകണ്ഠം ശാപ്പിടാന്‍ ഒരു മാംസപ്രിയനും അറപ്പു തോന്നുകയില്ല. തങ്ങള്‍ ഈ അവകാശം പടവെട്ടി വാങ്ങിയതാണ് എന്ന് തിരിച്ചറിയുന്നവര്‍ സദ്യാനന്തരം പുറപ്പെടുവിക്കുന്ന ഏമ്പക്കത്തില്‍ പഴയ പോര്‍വിളികളുടെ പ്രതിദ്ധ്വനികളുണ്ട് എന്ന് ചരിത്രബോധമുളളവര്‍ക്ക് തിരിച്ചറിയാം.

ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷത്തിന്റെ മുഖ്യാഹാരമായ മാംസഭക്ഷണത്തെ മോശമായി ചിത്രീകരിക്കുന്നതിന്റെ കാരണം തിരഞ്ഞു പോയാല്‍ തെളിയുന്നത്, പരമ്പരാഗതമായി തങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ഭക്ഷണക്രമമാണ് കേമമെന്ന് വരുത്താനുളള ജനസംഖ്യയില്‍ തുലോം തുച്ഛമായ ഒരു വിഭാഗത്തിന്റെ ഹീനയുക്തിയാണ്. മറ്റുളളവന്റെ മെനു കാണുമ്പോള്‍ അറപ്പു തോന്നുന്നുവെങ്കില്‍, അതിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്വന്തം മനസാക്ഷിയെ കീറിമുറിക്കാനുളള കരുത്തു നേടുകയാണ് ആദ്യം ചെയ്യേണ്ടത്. ബ്രാഹ്മണനെ ഭൂദേവനായും പശുഹത്യയെ ബ്രാഹ്മണഹത്യയായും പരിഗണിച്ചിരുന്ന ഭൂതകാലാചാരങ്ങളുടെ രാഷ്ട്രീയത്തെ പരിഷ്കൃത സമൂഹത്തില്‍ കുടിവെയ്ക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം തിരിഞ്ഞറിഞ്ഞിട്ടു തന്നെയാണോ ചില ഭക്ഷണങ്ങള്‍ക്കു മേല്‍ ഓര്‍ക്കാനിച്ചൊഴിക്കുന്നത് എന്ന ചോദ്യത്തിന് നേരെചൊവ്വേ നിന്ന് ഉത്തരം പറയാന്‍ അപ്പോഴേ ത്രാണിയുണ്ടാവൂ. "മീനും ഇറച്ചിയും കണ്ടാല്‍ എനിച്ചു ചര്‍ദ്ദി വരും" എന്ന് അഭിമാനത്തോടെ പുലമ്പുന്നവര്‍ ബീഫ് കഴിക്കരുതെന്ന സവര്‍ണഭീകരതയുടെ കല്‍പ്പനയ്ക്ക് സസന്തോഷം കീഴടങ്ങുകയാണ് ചെയ്യുന്നത്.

പന്തല്‍ നിര്‍മ്മാണം തുടങ്ങി പപ്പടം കാച്ചുന്നതില്‍ വരെ വിവേചനമുണ്ടായിരുന്ന ഭൂതകാലം അത്ര പെട്ടെന്ന് മറക്കാവുന്നതല്ല. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുളളത് കഴിക്കുന്നതിനെ സ്വാഭാവികമായും എതിര്‍ക്കേണ്ട കാര്യം ഒരു ജനാധിപത്യ സമൂഹത്തില്‍ ഇല്ല. എന്നാല്‍ നാഗ്പൂരില്‍ അച്ചടിച്ച മെനൂ കാര്‍ഡേ (രാധേയാ.. കടപ്പെട്ടിരിക്കുന്നു..) ഇന്ത്യയിലെ സകല ഹോട്ടലുകളിലും ഉപയോഗിക്കാവൂ എന്ന ശാഠ്യം കൊക്കില്‍ ശ്വാസമുളളടത്തോളം അനുവദിക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്നവര്‍, ചിലരുടെ ഭക്ഷണം കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് ഛര്‍ദ്ദി വരുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ ചരിത്രപരമായി വിലയിരുത്തിയെന്നു വരും. പരിഭവിച്ചിട്ടു കാര്യമില്ല.

1 comment:

കെ said...

പന്തല്‍ നിര്‍മ്മാണം തുടങ്ങി പപ്പടം കാച്ചുന്നതില്‍ വരെ വിവേചനമുണ്ടായിരുന്ന ഭൂതകാലം അത്ര പെട്ടെന്ന് മറക്കാവുന്നതല്ല. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുളളത് കഴിക്കുന്നതിനെ സ്വാഭാവികമായും എതിര്‍ക്കേണ്ട കാര്യം ഒരു ജനാധിപത്യ സമൂഹത്തില്‍ ഇല്ല. എന്നാല്‍ നാഗ്പൂരില്‍ അച്ചടിച്ച മെനൂ കാര്‍ഡേ (രാധേയാ.. കടപ്പെട്ടിരിക്കുന്നു..) ഇന്ത്യയിലെ സകല ഹോട്ടലുകളിലും ഉപയോഗിക്കാവൂ എന്ന ശാഠ്യം കൊക്കില്‍ ശ്വാസമുളളടത്തോളം അനുവദിക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്നവര്‍, ചിലരുടെ ഭക്ഷണം കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് ഛര്‍ദ്ദി വരുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ ചരിത്രപരമായി വിലയിരുത്തിയെന്നു വരും. പരിഭവിച്ചിട്ടു കാര്യമില്ല.