Saturday 6 December 2008

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരിമുഖം

(എന്തുകൊണ്ട് അമേരിക്കയെ എതിര്‍ക്കുന്നുവെന്ന ചോദ്യം പലരും പലപ്പോഴും ഉന്നയിക്കാറുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം വായിച്ചറിയുമ്പോള്‍ ആ ചോദ്യത്തിനുളള ഉത്തരം വ്യക്തമാകും.

ഡോ. എം പി പരമേശ്വരന്‍ എഴുതി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നാലാം ലോകം : സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിലെ നാലാം അധ്യായം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരിമുഖം ഇവിടെ പ്രസിദ്ധീകരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെയുളള ആശയ സമരത്തിലേര്‍പ്പെടുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ ലേഖനം. )

ഇന്നത്തെ സാര്‍വദേശീയ സ്ഥിതി രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും സാംസ്ക്കാരികമായും അത്യന്തം നിരാശാജനകമാണ്. ദാര്‍ശനികമായി പാപ്പരാണ്. പാരിസ്ഥിതികമായി ഭീതിദമാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയോടെ ലോക ശാക്തിക ബലാബലത്തിന്റെ സന്തുലനം നഷ്ടപ്പെട്ടു. ചോദിക്കാനും എതിര്‍ക്കാനും ആളില്ലാതെ, അമേരിക്ക ലോകാധിപതിയായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭയോ അതിന്റെ ഘടക സംഘടനകളോ ഒന്നും അതിന്റെ മീതെയല്ല. താഴെയാണ്. ലോകബാങ്ക്, അന്താരാഷ്ട്രീയ മോണിറ്ററി ഫണ്ട്, ലോകവ്യാപാര സംഘടന മുതലായവയൊക്കെ അതിന്റെ ചൊല്പടിക്ക് കീഴെയാണ്. ഹിറ്റ്ലര്‍ എന്താശിച്ചിരുന്നുവോ അത് നേടിയത് അമേരിക്കയാണ്. സര്‍വരാജ്യങ്ങളുടെയും മേലുളള ആധിപത്യം. എല്ലാ രാജ്യങ്ങളെയും ശിക്ഷിക്കുവാനുളള അധികാരം അത് കയ്യാളിയിരിക്കയാണ്. മറ്റു രാജ്യങ്ങളുടെ മേല്‍ പല തരത്തിലുളള നിബന്ധനകള്‍ അത് അടിച്ചേല്‍പ്പിക്കുന്നു. സ്വയം ഒന്നിനും വഴങ്ങുകയില്ല. അഞ്ചു നൂറ്റാണ്ടു കാലത്തെ അമേരിക്കന്‍ ചരിത്രത്തിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ച മാത്രമാണ് ഇത്

അങ്ങേയറ്റം സന്തോഷത്തോടെ ആതിഥ്യ മര്യാദയോടെ തങ്ങളെ സ്വീകരിച്ച തദ്ദേശീയ ജനതകളെ കിരാതമായി കൊന്നൊടുക്കിക്കൊണ്ടാണ് അമേരിക്കന്‍ വന്‍കരകളിലെ യൂറോപ്യന്‍ കുടിയേറ്റം ആരംഭിക്കുന്നത്. ചരിത്രരേഖകള്‍ തന്നെ ഇതിന് സാക്ഷ്യം വഹിക്കുന്നു. കൊളംബസിന്റെ ഡയറിയും അയാള്‍ക്ക് തൊട്ടു പിന്നാലെ വന്ന ബര്‍തലോമിയോ ദ് ലാ കാസ എഴുതിയ ഇന്‍ഡീസിന്റെ ചരിത്രം എന്ന കൃതികളും പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യന്‍ വീരകൃത്യങ്ങളുടെ വിവരണം നല്‍കുന്നു. കൊളംബസ് തന്നെ തന്റെ ഡയറിയില്‍ എഴുതി.

" അവര്‍ ഞങ്ങള്‍ക്ക് പല ഉപഹാരങ്ങളും തന്നു. തങ്ങളുടെ പക്കലുളള എന്തും തരുവാന്‍ അവര്‍ തയ്യാറായിരുന്നു. അവരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. ആയുധങ്ങളെപ്പറ്റി അറിയാമായിരുന്നു പോലുമില്ല. നല്ല വേലക്കാരായിരിക്കും അവര്‍. അമ്പത് പേര്‍ മതിയാകും അവരെ കീഴടക്കാനും ആവശ്യമുളള എന്തു പണിയും എടുപ്പിക്കാനും. ഇന്‍ഡിസില്‍ എത്തിയ ഉടനെ ആദ്യം കണ്ട ദ്വീപില്‍ നിന്നു തന്നെ കുറെ തദ്ദേശവാസികളെ ബലം പ്രയോഗിച്ച് അടിമകളാക്കി"

ലാ കാസ എഴുതി
"വിവരിക്കാനാകാത്ത പാതകങ്ങളാണ് അദ്ദേഹം ഇന്ത്യാക്കാരോട് ചെയ്തത്. മഞ്ചലില്‍ തങ്ങളെ ഏറ്റി ഓടാന്‍, ഓലക്കുട പിടിക്കാന്‍, വീശാന്‍ ഒക്കെ ഇന്ത്യാക്കാരെ ഉപയോഗിച്ചു. കത്തികളുടെ മൂര്‍ച്ച നോക്കാന്‍ അവരുടെ ദേഹത്തു നിന്ന് മാംസം മുറിച്ചെടുക്കുന്നത് സ്പാനിയാര്‍ഡുകളുടെ വിനോദമായിരുന്നു. ഓടിപ്പോയവരെ പിടിച്ചു കൊണ്ടു വന്ന് കൊല്ലുമായിരുന്നു..."

"ഭാര്യയും ഭര്‍ത്താവും എട്ടു പത്തു മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടുമുട്ടുക. ക്ഷീണിച്ച് ഉറങ്ങാന്‍ മാത്രം. ജനനനിരക്ക് ഗണ്യമായി കുറഞ്ഞു. ജനിച്ച കുട്ടികളില്‍ ഏറെപ്പേരും നേരത്തെ മരിച്ചു. ഊട്ടാന്‍ അമ്മമാര്‍ക്ക് മുലപ്പാലില്ലായിരുന്നു... ഞാന്‍ ക്യൂബയില്‍ ഉണ്ടായിരുന്നപ്പോള്‍‍ മൂന്നു മാസത്തിനുളളില്‍ ഏഴായിരം കുട്ടികള്‍ മരിച്ചു... വളരെ ചുരുങ്ങിയൊരു കാലം കൊണ്ട് സമ്പന്നവും ജനനിബിഡവും ആയിരുന്ന ഒരു പ്രദേശം ശ്മശാനമായി മാറി.. മനുഷ്യത്വരഹിതമായ ഈ ചെയ്തികള്‍ ഞാന്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്.. എഴുതുമ്പോള്‍ തന്നെ എന്റെ കൈവിറയ്ക്കുന്നു".

"1494ല്‍ ഞാനിവിടെ വരുമ്പോള്‍ മുപ്പതു ലക്ഷത്തിലധികം മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നു. 1508 ആയപ്പോഴേയ്ക്കും അത് 60000 ആയി കുറഞ്ഞു. യുദ്ധം, അടിമത്തം, ഖനികളിലെ പണി, മൃഗീയത എല്ലാംകൂടി 30 ലക്ഷം ജീവനുകള്‍ അപഹരിച്ചു. വരും തലമുറകള്‍ക്ക് ഇതി വിശ്വസിക്കാന്‍ പറ്റുമോ? എന്തിന് ഇതെല്ലാം നേരില്‍ കണ്ട എനിക്കു പോലും ഇത് സത്യമാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല..."

ഇങ്ങനെയാണ് 500 കൊല്ലം മുമ്പ് യൂറോപ്യന്മാരുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്നു മുതല്‍ ഇന്നു വരെ ആ പാരമ്പര്യം അവര്‍ പിന്തുടര്‍ന്നു പോന്നിട്ടുണ്ട്. ബഹാമസിലെ അറവാക്കുകളോട് കൊളംബസ് ചെയ്തത് മെക്സിക്കോവിലെ അസ്തെക്കുകളോട് കോര്‍ത്തസും പെറുവിലെ ഇങ്കകളോട് പിസാറൊയും വെര്‍ജീനിയായിലെയും മസാച്ചുസെത്സിലെയും ഇന്ത്യാക്കാരോട് ആദ്യകാല ഇംഗ്ലീഷ് കുടിയേറ്റക്കാരും ചെയ്തു. രണ്ടു നൂറ്റാണ്ടിനുളളില്‍ അമേരിക്കയിലെ ആദിവാസികളുടെ 90 ശതമാനത്തിലധികം കൊല്ലപ്പെട്ടു. അതു നടന്നിരുന്നില്ലെങ്കില്‍ മറ്റു ജനതകളെപ്പോലെ അവരും വികസിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവരുടെ ജനസംഖ്യ 70 കോടി വരുമായിരുന്നു! ഇന്നത് 30 ലക്ഷം പോലും വരില്ല. അമേരിക്കന്‍ ഇന്ത്യാക്കാരെ അടിമകളാക്കാന്‍ അവരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പറ്റാതെ വന്നതു കൊണ്ടു കൂടിയാണ് അവരെ കൊന്നത്. പക്ഷേ, പണിയെടുക്കാന്‍ ആളു വേണം,. ഇതാണ് അടിമക്കച്ചവടത്തിലേയ്ക്ക് നയിച്ചത്. 1619ല്‍ ആണ് ആദ്യത്തെ അടിമകള്‍ അമേരിക്കയില്‍ -വെര്‍ജീനിയയിലെ ജെയിംസ് ടൗണില് - ‍ ഇറക്കപ്പെട്ടത്.

പതിനാറാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ നാഗരികത യൂറോപ്പിലേതിനോളമോ അതില്‍ കൂടുതലോ വികസിതമായിരുന്നു. ഇരുമ്പു കൊണ്ടുളള ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സമര്‍ത്ഥരായ കൃഷിക്കാരുടെ പത്തുകോടിയിലധികം വരുന്ന ജനങ്ങളുടെ നാഗരികത ആയിരുന്നു അത്. സംഘടിതവും സുസ്ഥിരവും ആയ രാജ്യങ്ങളായിരുന്നു അവ. ഇവരെയാണ് കാപ്പിരികള്‍ എന്നു വിളിച്ച് അധിക്ഷേപിച്ച് വേട്ടയാടി ചങ്ങലയ്ക്കിട്ട് കടലുകടത്തി മാടുകളെപ്പോലെ ലേലം ചെയ്തു വിറ്റത്. ശേഷമുളള രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ മനുഷ്യ സംസ്ക്കാരത്തെ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം നീചമാക്കിത്തീര്‍ത്തിന്റെ ചിത്രമാണ് അമേരിക്കന്‍ ചരിത്രം നമുക്ക് കാണിച്ചു തരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ദക്ഷിണാഫ്രിക്കയെ ആണ് വര്‍ണ വിവേചനത്തിന്റെയും മൃഗീയതയുടെയും ഉദാഹരണമായി നാം ചുണ്ടിക്കാണിക്കുക പതിവ്. എന്നാല്‍ അമേരിക്കയിലെപ്പോലെ അത്ര നീണ്ടതും കടുത്തതുമായ വര്‍ണ വിവേചനം ലോകത്ത് ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. ഇന്നും അത് തുടരുന്നു എന്നതാണ് വാസ്തവം. Peoples History of the United States (Howard Zinn), Freedom Road (Howard Fast), Uncle Tom's Cabin (Harriet Beacher Stowe) എന്നീ പുസ്തകങ്ങള്‍ വായിക്കുന്ന സംസ്കൃത ചിത്തനായ ഏതൊരു മനുഷ്യന്റെയും രക്തം ധാര്‍മ്മിക രോഷം കൊണ്ട് തിളച്ചുമറിയുന്നതാണ്, മനുഷ്യനായിപ്പിറന്നതിന് ലജ്ജിച്ച് തലകുനിയുന്നതാണ്.

ഉള്‍നാടുകളില്‍ നിന്ന് വേട്ടയാടിപ്പിടിക്കുന്ന ആഫ്രിക്കക്കാരെ മൃഗങ്ങളെപ്പോലെ ചങ്ങലയ്ക്കിട്ടായിരുന്നു തീരദേശ തുറമുഖങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത്. നൂറും ആയിരവും നാഴിക നടത്തിക്കൊണ്ട്. അതിനിടയ്ക്ക് പകുതിയോളം പേര്‍ മരിച്ചുകാണും. ശേഷിച്ചവരെ വലിയ വലിയ കൂടുകളില്‍ തളച്ചിടുന്നു. അതില്‍ നിന്നാണ് അവരെ കച്ചവടക്കാര്‍ക്ക് ലേലം ചെയ്ത് വിറ്റിരുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു ജോണ്‍ റോബര്‍ട്ട് ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതി..

"ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഫിസയിലേയ്ക്ക് കൊണ്ടുവന്ന അടിമകളെ തീരപ്രദേശത്തുളള വേലിക്കെട്ടുകള്‍ക്കുളളില്‍ അടയ്ക്കുന്നു. യൂറോപ്യന്‍ കച്ചവടക്കാര്‍ വാങ്ങാനെത്തുമ്പോള്‍ അവരെ ഒരു തുറന്ന ചന്തയിലേയ്ക്ക് ചങ്ങലയ്ക്കിട്ട് കൊണ്ടുപോകുന്നു. അവിടെ കമ്പനി ഡോക്ടര്‍മാര്‍ അവരെ പരിശോധിക്കുന്നു. ആണുങ്ങളെയും പെണ്ണുങ്ങളെയും പൂര്‍ണ നഗ്നരാക്കി നിര്‍ത്തിക്കൊണ്ട് ആരോഗ്യമുളളവരെ ഒരു ഭാഗത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു. അവരുടെ നെഞ്ചില്‍ ഇരുമ്പ് പഴുപ്പിച്ച് അതത് കമ്പനിക്കാരുടെ മുദ്ര കുത്തുന്നു. ഇങ്ങനെ മുദ്രകുത്തിയ അടിമകളെ വീണ്ടും കൂട്ടിലടയ്ക്കുന്നു. കപ്പല്‍ വരുന്നതു വരെ.."

കപ്പലിലെ അവരുടെ അവസ്ഥയോ?
ഡെക്കുകള്‍ തമ്മിലുളള ഉയരം പലപ്പോഴും ഒന്നര അടിയില്‍ അധികം വരാറില്ല. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും പറ്റില്ല. കഴുത്തിലും കാലിലും ചങ്ങലയ്ക്കിട്ട് പൂട്ടിയിരിക്കും. ഊഹിക്കാനാകാത്തതായിരുന്നു അവരുടെ അവസ്ഥ. ഭൂരിഭാഗത്തിന്റെയും സമനില തെറ്റിപ്പോകും. പിന്നീടുളള അഞ്ചു നൂറ്റാണ്ടിന്റെ കഥ, മൃഗീയതയുടെയും വഞ്ചനയുടെയും കഥയാണ്. ഔപചാരികമായ അടിമത്തം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അവസാനിച്ചു. എന്നാല്‍ വര്‍ണവിവേചനം അവസാനിച്ചില്ല. അത് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അമേരിക്കന്‍ വെള്ളക്കാരുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്നു. വെള്ളക്കാരുടെ മനസില്‍ മാത്രമല്ല, അവിടെ താമസിക്കുന്ന കോടിയിലധികം ഏഷ്യാക്കാരുടെ മനസിലും. അവര്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാരെ വെറുപ്പാണ് ഭയമാണ്.

1950കളിലും 1960കളിവും അമേരിക്കയില്‍ തെക്കും വടക്കും നടന്ന കറുത്തവരുടെ പൊട്ടിത്തെറി പലരെയും അത്ഭുതപ്പെടുത്തി. സ്വാഭാവികമായി പ്രതീക്ഷിക്കേണ്ടതായിരുന്നു അത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ഓര്‍മ്മകള്‍ താനെ അപ്രത്യക്ഷമാകില്ല. ബോധതലത്തിന്റെ ഇത്തിരി താഴെ കലാപത്തിന്റേതായ ഉപബോധം നിലനില്‍ക്കുന്നതാണ്. അത് ഓര്‍മ്മ മാത്രമായിരുന്നില്ല. വര്‍ത്തമാന അനുഭവം കൂടിയാണ്.

1920ല്‍ ക്ലാഡ് മക്‍കെ എഴുതിയ ഒരു കവിതയുടെ പൊരുള്‍...
മരിക്കണമെങ്കില്‍ അത് പന്നിയെപ്പോലെയാകരുത്...
വേട്ടയാടപ്പെട്ട്, കൂട്ടിലടയ്ക്കപ്പെട്ട്...
ഭീരുക്കളായ ഈ കൊലയാളിക്കൂട്ടങ്ങളെ മനുഷ്യരായി നമുക്ക് നേരിടാം...
അന്ത്യം വരെ തിരിച്ചടിച്ചു കൊണ്ട് മരിക്കാം...

ആഫ്രിക്കന്‍ അമേരിക്കന്‍ ശൈശവത്തെക്കുറിച്ച് ഒരു കവിത നോക്കൂ
സംഭവം
ഒരിക്കല്‍ ഞാന്‍ ബാള്‍ടിമൂറില്‍ സഞ്ചരിക്കുകയായിരുന്നു
തല നിറയെ മനസ് നിറയെ ആനന്ദം
മുമ്പിലിരുന്ന ഒരു ബാള്‍ടിമൂറിയന്‍
എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു
എട്ടു വയസുളള ഒരു കുട്ടിയായിരുന്നു ഞാന്‍
അതുപോലെ തന്നെ അവനും
ഞാന്‍ ചിരിച്ചു, അവന്‍ നാവു നീട്ടി
എന്നിട്ടു പറഞ്ഞു നീഗ്രോ
മെയ് മുതല്‍ ഡിസംബര്‍ വരെ ഞാന്‍ ബാള്‍ടി മൂറില്‍ സഞ്ചരിച്ചു
ഞാനവിടെ കണ്ടതില്‍
ഓര്‍മ്മ നില്‍ക്കുന്നത് ഇതുമാത്രം...

ജോര്‍ജിയ സംസ്ഥാനത്തില്‍ നിന്നുളള 19വയസുകാരനായ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവായിരുന്നു ആന്‍ജലോ ഹെന്‍ഡന്‍. 1932ല്‍ അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച് ബര്‍മിംഗ്ഹാം തൊഴില്‍ രഹിതരുടെ സംഘടനയില്‍ ചേര്‍ന്നു. അവിടത്തെ അനുഭവങ്ങളെക്കുറിച്ച് പിന്നീട് അദ്ദേഹം എഴുതി..

"ജീവിതം മുഴുവന്‍ ഞാന്‍ വിയര്‍ത്ത് പണിയെടുത്തു, ഖനികളില്‍ കമിഴ്ന്നു കിടന്ന്. ആഴ്ചയില്‍ ഏതാനും ഡോളറിനു വേണ്ടി. എന്റെ ശമ്പളം അവര്‍ കുറച്ചു. തട്ടിപ്പറിച്ചു. എന്റെ കൂട്ടുകാരെ അവര്‍ കൊന്നു. പട്ടണത്തിലെ ഏറ്റവും വൃത്തികെട്ട ചേരിയില്‍ ആണ് ഞാന്‍ താമസിച്ചിരുന്നത്. ബസുകളില്‍ "കറുത്തവര്‍"‍ക്കുളള സീറ്റില്‍ ഇരുന്നു. അവരെന്നെ "നീഗ്രോ" എന്നു വിളിച്ചു. "കറുമ്പന്‍" എന്നു വിളിച്ചു. എല്ലാ വെളളക്കാരനോടും യെസ് സാര്‍ പറഞ്ഞു. അവരെ ബഹുമാനിക്കാന്‍ ഒരു കാരണവും ഇല്ലാഞ്ഞിട്ടു പോലും.

ഇതെല്ലാം ഞാന്‍ അങ്ങേയറ്റം വെറുത്തു. പക്ഷേ എന്തു ചെയ്യാമെന്ന് അറിയാമായിരുന്നില്ല. അങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെയുളള സംഘടനകള്‍ കണ്ടത്. ഇവിടെ കറുത്തവരും വെളുത്തവരും ഒരുമിച്ചിരുന്നു പണിയെടുക്കുന്നു...."

താമസിയാതെ ഹെന്‍ഡണ്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് നടന്ന വിചാരണയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.

" എന്റെ മുറിയില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങള്‍ ജോര്‍ജിയ സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല. അവയില്‍ നിന്ന് ചില ഭാഗങ്ങള്‍ ജൂറിമാരെ വായിച്ചു കേള്‍പ്പിച്ചു. ജൂറിമാര്‍ എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. കമ്പനി മുതലാളിമാരും ഗവണ്മെന്റും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നീഗ്രോകള്‍ക്ക് വെളളക്കാരുമായി പൂര്‍ണമായ തുല്യത വേണമെന്ന് കരുതുന്നുണ്ടോ? ബ്ലാക്ക്ബെല്‍ട്ട് പ്രദേശത്തിന് സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അവിടത്തെ വെളളക്കാരായ ഭൂ ഉടമകളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഓടിച്ച് കറുത്തവര്‍ ഭരണം കയ്യാളണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? തൊഴിലാളി വര്‍ഗത്തിന് ഖനികളും കമ്പനികളും ഗവണ്മെന്റും നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?...

ഞാന്‍ മറുപടി പറഞ്ഞു. ഉവ്വ്. നൂറുവട്ടം ഉവ്വ്. പിന്നെയും പലതും ഞാന്‍ വിശ്വസിക്കുന്നു..."

ഹെന്‍ഡന് അഞ്ചു കൊല്ലത്തെ തടവു ശിക്ഷ വിധിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാര്‍കം എക്സും നമുക്കോര്‍മ്മയുളള നേതാക്കളാണ്. '60കളിലും '70കളില്‍ പോലും നഗ്നമായ വര്‍ണവിവേചനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുപോലും വ്യാപകമായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെട്ടു. കറുത്തവരെ രക്ഷിക്കാന്‍ ഗവണ്മെന്റിനോ കോടതിക്കോ നിയമങ്ങള്‍ക്കോ കഴിഞ്ഞിരുന്നില്ല - തയ്യാറായിരുന്നില്ല എന്നു പറയുകയാണ് കൂടുതല്‍ ശരി. എത്ര തെളിവുണ്ടായിരുന്നാലും ജൂറിമാര്‍ വെളളക്കാരായ കുറ്റവാളികളെ വെറുതെ വിടുമായിരുന്നു. മിസ്സിസിപ്പിയിലെ ജീസണ്‍ സ്റ്റേറ്റ് കോളജില്‍ പൊലീസ് നടത്തിയ ഭീമമായ ആക്രമണത്തെ ന്യായീകരിച്ചു കൊണ്ട് ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജി പറഞ്ഞു. പൗരാവകാശത്തിനു വേണ്ടി ബഹളം വെയ്ക്കുന്ന കുട്ടികള്‍ സ്വാഭാവികമായും ഇതൊക്കെ, ചിലപ്പോള്‍ മരണം പോലും, സംഭവിക്കുമെന്ന് മനസിലാക്കണം.

1977-ല്‍പോലും കറുത്തവരായ യുവാക്കളില്‍ 34.8 ശതമാനത്തിന് തൊഴിലുണ്ടായിരുന്നില്ല. കറുത്തവരുടെ ശരാശരി വരുമാനം വെളളക്കാരുടേതിന്റെ 60 ശതമാനത്തില്‍ താഴെയായിരുന്നു. ഇന്നും ഫലത്തില്‍ അവര്‍ രണ്ടാംതരം പൗരന്മാരാണ്. അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ മഹദ് പുരുഷനായാണ് ചരിത്രത്തില്‍ അബ്രഹാം ലിങ്കനെപ്പറ്റി നാം പഠിക്കുന്നത്. മഹാഭാരത കര്‍ത്താവിന് പാണ്ഡവര്‍ നല്ലവരും കൗരവര്‍ ദുഷ്ടരുമായതുപോലെയാണിത്. വെളളക്കാരാണ് ലിങ്കന്റെ ചരിത്രമെഴുതിയത്. എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം?

1858ല്‍ സ്റ്റീഫന്‍ ഡഗ്ലസിനെതിരായി സെനറ്റിലേയ്ക്ക് മത്സരിച്ചപ്പോള്‍ ചിക്കാഗോവില്‍ വെച്ച് ലിങ്കണ്‍ പ്രസംഗിച്ചു.

" ഈ മനുഷ്യന്‍ ആമനുഷ്യന്‍ ഈ വര്‍ഗം ആ വര്‍ഗം എന്നിങ്ങനെയുളള പറച്ചിലുകള്‍ അവസാനിപ്പിക്കുക. ഒരു വര്‍ഗവും അധമമല്ല. അത്തരത്തിലുളള ധാരണ അവസാനിപ്പിക്കുക, രാജ്യത്തെ ജനങ്ങള്‍ ഒന്നാണ് അങ്ങനെ തന്നെ കാണുക. എല്ലാ ജനങ്ങളും തുല്യരാണെന്ന് നിവര്‍ന്നു നിന്ന് ഉദ്ഘോഷിക്കുക.

ഇതേ ലിങ്കണ്‍ തന്നെ രണ്ടു മാസത്തിനു ശേഷം കറുത്തവരെ വെറുക്കുന്നവര്‍ക്ക് ഭൂരിപക്ഷമുളള തെക്കന്‍ ഇല്ലിനോയിലെ ചാള്‍സ്റ്റണ്‍ നഗരത്തില്‍ പ്രസംഗിച്ചു.

"വെളളക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ഇടയില്‍ സാമൂഹികവും രാഷ്ട്രീയവും ആയ സമത്വത്തിനു വേണ്ടി ഞാന്‍ വാദിക്കുന്നില്ല. ഒരിക്കലും വാദിച്ചിരുന്നുമില്ല. നീഗ്രോകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെയോ അവരെ ജൂറിമാരാക്കുന്നതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല... അങ്ങനെ ജീവിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. ഒരുമിച്ച് ജീവിക്കുമ്പോള്‍ ചിലര്‍ മുകളിലായിരിക്കും, ചിലര്‍ താഴെയും. വെളളക്കാര്‍ തന്നെ ആയിരിക്കണം മുകളില്‍ എന്നാണ് എന്റെ അഭിപ്രായം..."

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 1861 മാര്‍ച്ചില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ ലിങ്കണ്‍ പറഞ്ഞു.

"അടിമത്തം ഉളള സംസ്ഥാനങ്ങളില്‍ അതിനെതിരായി പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാനുളള ഒരു പരിപാടിയും എനിക്കില്ല. അതിനെനിക്ക് നിയമപരമായ അവകാശമില്ലെന്ന് അറിയാം. അങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല".

മനസില്ലാ മനസോടെയാണ് ലിങ്കണ്‍ ആഭ്യന്തര യുദ്ധത്തിന് തയ്യാറായത്.
1865ല്‍ തെക്കന്‍ സഖ്യത്തിന്റെ - കോണ്‍ഫെഡറസിയുടെ - പരാജയത്തോടെ ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും കറുത്തവരുടെ ജീവിതം ദുരിതപൂര്‍ണമായിത്തന്നെ തുടര്‍ന്നു. ഇന്നും കറുത്തവരോട്, ആഫ്രിക്കന്‍ അമേരിക്കക്കാരോട്, വെളളക്കാര്‍ക്ക് അവജ്ഞയാണ്, വെറുപ്പാണ്. അവരിന്നും ഘെറ്റോകളില്‍ ജീവിക്കുന്നു. ഇന്നും കറുത്തവര്‍ക്ക് പ്രവേശനം ദുഃസാധ്യമായതോ അസാധ്യമായതോ ആയ സ്ഥാപനങ്ങളുണ്ട്, നഗരപ്രാന്തങ്ങളുണ്ട്. അവരുടെ ഉളളിന്റെ ഉളളില്‍ ഇന്നും രോഷത്തിന്റെ തീ നീറിക്കൊണ്ടിരിക്കുകയാണ്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന വിധത്തിലാണ് അമേരിക്കന്‍ മധ്യവര്‍ഗം പെരുമാറുന്നത്. ആഫ്രിക്കക്കാരോട് മാത്രമല്ല, ഏഷ്യാക്കാരോടും. അവരുടെയും ഉപരിവര്‍ഗത്തിന്റെയും പെരുമാറ്റമാണ് ഒരു നിലയ്ക്ക് പറഞ്ഞാല്‍ സെപ്തംബര്‍ 11ന്റെ സംഭവങ്ങള്‍ ക്ഷണിച്ചു വരുത്തിയത്.

എന്തൊരു ഔദ്ധത്യത്തോടു കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ലോകരാജ്യങ്ങളോട് ചോദിച്ചത്, " നിങ്ങള്‍ ഞങ്ങളുടെ പക്ഷത്തല്ലേ. അല്ലെങ്കില്‍ നിങ്ങളെ ഭീകരപക്ഷത്തായി കണക്കാക്കും. ശത്രുവായി കണക്കാക്കും". ഒരു പ്രകോപനവും സെപ്തംബര്‍ 11ന്റെ പ്രകോപനം പോലും അഫ്ഗാനിസ്ഥാനില്‍ അവര്‍ നടത്തിയ അക്രമങ്ങളും അതിക്രമങ്ങളും ന്യായീകരിക്കാന്‍ പര്യാപ്തമല്ല. ഇറാക്കിനോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പാതകങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഇപ്പോള്‍ പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് രഹസ്യമായും പലപ്പോഴും പരസ്യമായും പിന്തുണ നല്‍കുന്നതിനെയും ന്യായീകരിക്കാനാവില്ല. ഇസ്ലാമിക തീവ്രവാദത്തെ അന്ധമാക്കുന്നത് അമേരിക്കയുടെ ചെയ്തികളാണ്. എന്നാല്‍ ഒന്നര നൂറ്റാണ്ടിലധികം കാലമായി അമേരിക്ക തുടര്‍ന്നു വരുന്ന നയങ്ങളുടെ തുടര്‍ച്ച മാത്രമാണിവ.

1776-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു നൂറ്റാണ്ടിനുളളില്‍ തന്നെ അമേരിക്ക ഒരു വികസിത വ്യാവസായിക രാജ്യമായി മാറി. അതിവിപുലമായ പ്രകൃതി സമ്പത്തിനെയും അടിമവേലയെയും അടിസ്ഥാനമാക്കി ആവശ്യമായ മൂലധനം അതിവേഗം സംഭരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പക്ഷേ 19-ാം നൂറ്റാണ്ട് പകുതി ആയപ്പോഴേയ്ക്കും തന്നെ വിദേശ വിപണികളെ ആശ്രയിക്കാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അപ്പോഴേയ്ക്കും അറിയപ്പെട്ട ലോകമാകെ യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ - ഇംഗ്ലണ്ടും ഫ്രാന്‍സും പോര്‍ച്ചുഗലും - വീതിച്ചെടുത്തു കഴിഞ്ഞിരുന്നു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക ഇവയൊക്കെ യൂറോപ്യന്‍ കോളനികളായി മാറിയിരുന്നു. വളര്‍ന്നു വരുന്ന ജര്‍മ്മനിക്കും ജപ്പാനും അമേരിക്കയ്ക്കും ഒക്കെ വിപണി കണ്ടെത്തണമെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് അത് തട്ടിയെടുത്തേ മതിയാകൂ. വിപണികള്‍ക്കായുളള സാമ്രാജ്യത്വ യുദ്ധങ്ങളുടെ കാലം ആരംഭിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിലെ വില്ലന്‍മാരായി ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നിവരെയാണ് ചൂണ്ടിക്കാണിക്കുക പതിവ്. എന്നാല്‍ അതിനിടയില്‍ അധികമൊന്നും പ്രസിദ്ധി കൂടാതെ അമേരിക്ക അതിന്റെ വിപണി വികസിപ്പിക്കുകയായിരുന്നു; ലോകത്തെമ്പാടുമുളള പ്രകൃതി വിഭവങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

1962ലെ ക്യൂബന്‍ ആക്രമണം അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത താളുകളില്‍ ഒന്നാണ് - ദയനീയ പരാജയത്തിന്റെ നാളുകള്‍. സെനറ്റിനെക്കൊണ്ട് ഈ ആക്രമണം നടത്താനായി, അതിനാല്‍ ധാര്‍മികമായ തെറ്റൊന്നുമില്ലെന്നും മുമ്പും നിരവധി സന്ദര്‍ഭങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സ്ഥാപിക്കാനായി അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഡീന്‍ റസ്ക് 1848 -1945 കാലത്ത് നടത്തിയിട്ടുളള "ഇടപെടലു"കളുടെ ഒരു ലിസ്റ്റ് (103) എണ്ണം സമര്‍പ്പിക്കുകയുണ്ടായി. അര്‍ജന്റീന, നിക്കരഗ്വ(പലതവണ) ജപ്പാന്‍, ഉറുഗ്വേ, ചൈന, അംഗോള, ഹാവായ്... എല്ലാ ഇടപെടലിന്റെയും ഉദ്ദേശം ഒന്നു തന്നെ. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും അമേരിക്കന്‍ രാഷ്ട്രീയ-വാണിജ്യ-സൈനിക നേതാക്കളുടെ ഇടയില്‍ "വ്യാപന പ്രത്യയശാസ്ത്രം" വേരുറച്ചു കഴിഞ്ഞിരുന്നു. മസാച്ചുസെറ്റ്സില്‍ നിന്നുളള സെറ്റര്‍ ഹെന്റി കാബട് ലോഡ്ജ് ഒരു മാസികയില്‍ എഴുതി:

" നമ്മുടെ വാണിജ്യ വികസനത്തിനു വേണ്ടി നാം നിക്കരഗ്വ കനാല്‍ നിര്‍മ്മിക്കണം. കനാലിന്റെ സുരക്ഷയ്ക്കും പസഫിക്കിലുളള നമ്മുടെ വാണിജ്യ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഹാവായ് ദ്വീപുകള്‍ നാം നിയന്ത്രിക്കണം. സമോസിലുളള നമ്മുടെ സ്വാധീനം നിലനിര്‍ത്തണം. ലോകത്തിലെ വന്‍ രാജ്യങ്ങളെല്ലാം ഭൂഗോളമാകെ പങ്കിട്ടെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ പിന്നിലാകരുത്".

1897-ല്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്‍വെല്‍റ്റ് ഒരു സുഹൃത്തിനെഴുതി: " സ്വകാര്യമായി പറയട്ടെ, ഏതു തരത്തിലുളളതായാലും വേണ്ടില്ല. നമ്മുടെ രാജ്യത്തിന് ഒരു യുദ്ധം ആവശ്യമാണ്".

1898-ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇങ്ങനെ വിശദീകരിച്ചു.
"ഓരോ കൊല്ലവും ഉത്പാദനം വര്‍ദ്ധിക്കുന്നു. അങ്ങനെയല്ലാതെ അമേരിക്കക്കാര്‍ക്ക് കൊല്ലം മുഴുവന്‍ തൊഴില്‍ നല്‍കാന്‍ പറ്റുന്നതല്ല. നമ്മുടെ മില്ലുകളിലെയും ഫാക്ടറികളിലെയും ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി വികസിപ്പിച്ചെടുക്കുകയെന്നത് രാഷ്ട്രം നേരിടുന്ന ഒരു വെല്ലുവിളിയാണ്".

1900 ജനുവരി 9ന് സെനറ്റര്‍ ആല്‍ബര്‍ട്ട് ബെവറിഡ്ജ് ഇങ്ങനെ പ്രസംഗിച്ചു.
"മിസ്റ്റര്‍ പ്രസിഡന്റ്,. സംഗതികള്‍ നേരെ ചൊവ്വേ പറയേണ്ട സമയമായി: ഫിലിപ്പീന്‍സ് നമ്മുടേതാണ് എന്നെന്നേയ്ക്കും. അതിനപ്പുറം അങ്ങ് കിടക്കുന്ന ചൈന. അനന്തമായ വിപണി. അവിടെ നിന്നും നാം പിന്‍വാങ്ങുന്നതല്ല.

നമ്മുടെ വര്‍ഗത്തിന് നാം തന്ന നിയോഗമുണ്ട്. ലോകത്തെ നാഗരീകരിക്കുക. ആ നിയോഗത്തില്‍ നമുക്കുളള ഉത്തരവാദിത്വത്തില്‍ നിന്ന് നാം പിന്മാറില്ല.

ശാന്ത സമുദ്രം നമ്മുടേതാണ്. നമ്മുടെ അധികോത്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളെ നാം എവിടെയാണ് തേടുക? ഉത്തരം ഭൂമിശാസ്ത്രത്തില്‍ നിന്ന് ലഭിക്കുന്നു. .. ചൈന. അതാണ് നമുക്കായി നിയോഗിച്ചിട്ടുളള വിപണി. പൂര്‍വദേശങ്ങളിലേയ്ക്ക് മുഴുവനുമുളള കവാടമാണ് ഫിലിപ്പൈന്‍സ്. അവിടത്തെ 50 ലക്ഷത്തില്‍ പരം വരുന്ന ജനങ്ങളില്‍ ആംഗ്ലോ സാക്സണ്‍ രീതിയിലുളള സ്വയംഭരണം എന്നു പറഞ്ഞാല്‍ എന്തെന്ന് മനസിലാക്കാന്‍ കഴിയുന്ന 100 പേര്‍ പോലും കാണില്ല എന്നെനിക്ക് ഉറപ്പാണ്. യുദ്ധത്തിലെ നമ്മുടെ പെരുമാറ്റം അന്ത്യന്തം ക്രൂരമായിരുന്നു എന്ന ആരോപണമുണ്ട്. സംഗതി നേരെ തിരിച്ചാണ്. സെനറ്റര്‍മാരെ.. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. നമ്മള്‍ നേരിടുന്നത് അമേരിക്കക്കാരെയോ യൂറോപ്യന്‍മാരെയോ അല്ല. പൗരസ്ത്യരെയാണ്.."

അദ്ദേഹത്തിന്റെ കണ്ണില്‍ - മറ്റുളളവരുടെ കണ്ണില്‍ - പൗരസ്ത്യര്‍ മനുഷ്യരല്ല, മൃഗങ്ങളാണ്!

ഏഷ്യയില്‍ പൂര്‍ണമായ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ ഒട്ടേറെ കുത്സിത തന്ത്രങ്ങളിലൂടെ തെക്കേ-ലാറ്റിന്‍-അമേരിക്കയിലെ മിക്ക രാജ്യങ്ങളെയും അസ്ഥിരീകരിക്കാനും അവിടങ്ങളില്‍ രൂപം കൊണ്ടു വരുന്ന ജനകീയ ഭരണകൂടങ്ങളെ അട്ടിമറിക്കാനും സ്വന്തം പാവ ഗവണ്മെന്റുകളെ അവിടവിടങ്ങളില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളൊന്നും അവിടെ തിരിച്ചു വരാതിരിക്കാനായി അവര്‍ ലോക സമക്ഷം ഒരു പ്രഖ്യാപനം നടത്തി: തെക്കേ അമേരിക്ക ഞങ്ങളുടേതാണ്. അവിടേയ്ക്ക് മറ്റാര്‍ക്കും പ്രവേശനമില്ല. മണ്‍റോ സിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്ന ഈതിന് യാതൊരു നിയമസാധുതയുമില്ല, ധാര്‍മ്മിക സാധുതയുമില്ല. അമേരിക്കന്‍ രാഷ്ട്രം തന്നെ നിയമവിരുദ്ധമായി, അധാര്‍മ്മികമായി രൂപം കൊണ്ട ഒന്നല്ലേ. അവര്‍ക്കതില്‍ ഒരുളുപ്പുമില്ല. ഉണ്ടാകേണ്ട കാര്യവുമില്ല. മറ്റൊരു സിദ്ധാന്തം കൂടി അവര്‍ ലോകം മുമ്പാകെ അവതരിപ്പിച്ചു.

" അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എവിടെവിടെയെല്ലാം, എപ്പോഴൊക്കെ ഭീഷണി നേരിടുന്നുവോ അവിടെയൊക്കെ സൈനികമായും അല്ലാതെയും ഇടപെടാന്‍ അമേരിക്കയ്ക്കുളള അവകാശം കേവലമാണ്. ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തതാണ്". മറ്റുളളവരുടെ താല്‍പര്യങ്ങള്‍ അതുവഴി ഹനിക്കപ്പെടുന്നുണ്ടോ എന്നത് അവരുടെ പ്രശ്നമല്ല. മറ്റുളളവര്‍ക്ക് ഈ ലോകത്ത് രണ്ടാം തരം പൗരന്മാരായി ജീവിക്കാനുളള അവകാശമേയുളളൂ.

മറ്റുളളവര്‍ക്ക് ലാറ്റിന്‍ അമേരിക്കയിലേയ്ക്കുളള വാതില്‍ കൊട്ടിയടയ്ക്കവെ തന്നെ ചൈനയിലെ വിപണി തങ്ങള്‍ക്ക് തുറന്നു കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊളമ്പിയയ്ക്കെതിരെ അവര്‍ വിപ്ലവം സംഘടിപ്പിച്ചു. അറ്റ്ലാന്റിക്കിനെയും ശാന്തസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പനാമാ കനാല്‍ ഉണ്ടാക്കാനും നിയന്ത്രിക്കാനും വേണ്ടി പുതിയ ഒരു ''സ്വതന്ത്ര" പനാമാ സ്റ്റേറ്റ് ഉണ്ടാക്കി. 1926ല്‍ 5000 നാവികരെ അത് നിക്കരാഗ്വയിലേയ്ക്ക് അയച്ചു. 1916ല്‍ നാലാമത്തെ തവണ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇടപെട്ടു. 8 കൊല്ലക്കാലം അവിടെ പട്ടാളത്തെ നിര്‍ത്തി. 1900നും '33നും ഇടയ്ക്ക് ക്യൂബയെ നാലുവട്ടം, നിക്കരാഗ്വയെ രണ്ടു തവണ, പനാമയെ ആറുതവണ, ഗ്വാട്ടിമാലയെ ഒരിക്കല്‍, ഹോണ്‍ദുരാസിനെ ഏഴു തവണ - അമേരിക്കന്‍ കയ്യേറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷമുളള 80-85 കൊല്ലത്തിനുളളില്‍ അമേരിക്ക നേരിട്ടു സൈനികമായോ പരോക്ഷമായോ ഇടപെടാത്ത രാജ്യങ്ങളില്ല. ബൊളീവിയ, ചിലി, പെറു, കൊളംബിയ, ഇക്വദോര്‍, എല്‍ സാല്‍വദോര്‍, പനാമ, ഗ്വാട്ടിമാല, നിക്കരാഗ്വ, അര്‍ജന്റീന, ഇറാക്ക്, കുവൈറ്റ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍..(ഇസ്രായേല്‍ എന്ന ഒരു രാജ്യം ഉണ്ടാക്കിയതു തന്നെ അമേരിക്കന്‍ ജൂതന്മാരാണ്.) റഷ്യ, കൊറിയ, വിയത്നാം, തായ്‍ലന്റ്, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീന്‍സ്, അംഗോള, ഘാന, കോംഗോ ഈ ലിസ്റ്റ് വളരെ വളരെ നീണ്ടതാണ്. എല്ലായിടത്തും അമേരിക്കന്‍ താല്‍പര്യ സംരക്ഷണം തന്നെയാണ് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലക്ഷ്യം.

മുതലാളിത്തം സ്വന്തം ശവക്കുഴി തോണ്ടുന്ന തൊഴിലാളി വര്‍ഗത്തെ സൃഷ്ടിച്ചതിന് സദൃശമായി അമേരിക്ക സ്വന്തം ശവക്കുഴി തോണ്ടുന്ന ഒരു ലോകവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. എല്ലാ ലോകരാജ്യങ്ങളും ഏറിയോ കുറഞ്ഞോ തോതില്‍ അമേരിക്കയെ വെറുക്കുന്നു. ജനതകളുടെ വെറുപ്പും അവരുടെ ധാര്‍മ്മിക രോഷവും അണുബോംബിനെക്കാള്‍ ശക്തമാണ്. ഏത് സുരക്ഷാവലയത്തെയും ഭേദിച്ച് കടക്കാന്‍ കെല്‍പ്പുളളതാണ്.അമേരിക്ക സൃഷ്ടിച്ച ഈ പുതിയ ലോകവ്യവസ്ഥയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്?

കുറിപ്പ് : ഈ അധ്യായം മുഴുവനും Howard Zinn എഴുതിയ People's History of the United States എന്ന പുസ്തകത്തെ ആധാരമാക്കിയാണ്. ഇന്നത്തെ ലോക ഗതി ഇന്നലത്തെ അമേരിക്കന്‍ ചരിത്രത്തിന്റെ തുടര്‍ച്ചയാണെന്ന് മനസിലാക്കിക്കൊണ്ടേ അതില്‍ ഇടപെടാന്‍ കഴിയൂ.. -(ഗ്രന്ഥകാരന്‍)