Wednesday 19 December 2007

ഒരു ജന്മത്തിലും നിരൂപകനാക്കരുതേ........

സുകുമാരേട്ടന്‍, ജബ്ബാര്‍ മാഷ് എന്നിവര്‍ പൊറുക്കണം. മാരീചന്‍ ഒന്നു ദൈവത്തെ വിളിച്ചു പോവുകയാണ്. എന്തിനെന്നല്ലേ, ഒരു മലയാള സാഹിത്യ നിരൂപകനായിത്തീരാത്തതിന് നന്ദി പറയാന്‍.

ദൈവത്തെ മനസറിഞ്ഞു വിളിച്ചു പ്രാര്‍ത്ഥിക്കുകയാണ്. പൊന്നു ഭഗവാനേ, ഒരു ജന്മത്തിലും ഒരു മലയാള സാഹിത്യ നിരൂപകനാക്കരുതേയെന്ന്.

ഒരുകാലത്ത് മലയാളികളുടെ സാഹിത്യ രാഷ്ട്രീയവായനകളുടെ അജണ്ട നിശ്ചയിച്ചിരുന്ന കലാകൗമുദി ഇന്ന് ഈ കോലത്തിലായിപ്പോയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ദാ ഇവിടെയുണ്ട്.

പുസ്തകം വായിച്ചാല്‍ അറിവു കൂടുമെന്നും സംസ്ക്കാരം ഉയരുമെന്നുമാണ് പൊതുവെ കരുതപ്പെടുന്നത്. അധികമായാല്‍ അമൃതും വിഷമെന്ന് വിവരമുളളവര്‍ പറഞ്ഞത് വെറുതെയല്ല. വായന ഏറിയാല്‍ ചിലപ്പോള്‍ ഭ്രാന്തും പിടിക്കുമെന്ന് നാം വേദനയോടെ മനസിലാക്കിയേ തീരൂ.

ഉദാഹരണം ഈ പോസ്റ്റ് തന്നെ. അധികമായാല്‍ വായനയും വിഷം എന്നെങ്ങാനും പ്രമുഖ പഴഞ്ചൊല്ല് തിരുത്തിയെഴുതപ്പെടുമോ?

ഏതൊക്കെയോ ബ്ലോഗര്‍മാര്‍ ടിയാനെ കമന്റെഴുതി വിരട്ടാന്‍ നോക്കി, ഈ ഭീഷണിയിലെന്നും താന്‍ വീഴില്ലെന്നുമൊക്കെയാണ് പോസ്റ്റിന്റെ കാമ്പ്. ധീരനാണെന്ന് സ്വയം പുകഴ്ത്തിയാല്‍ പോരല്ലോ, വാക്കിലും പ്രവൃത്തിയിലും ആ ധീരത കാണേണ്ടേ. തെറി വിളിക്കുന്നവനെ മുണ്ടു പൊക്കിക്കാണിക്കുന്നവന്‍ ധീരനാവുമോ?

സിമി ചൂണ്ടിക്കാട്ടിയതു പോലെ കലാകൗമുദി പോലൊരു മാധ്യമത്തില്‍ എന്തും എഴുതാം. വിമര്‍ശനക്കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ ആഴ്ചപ്പതിപ്പില്‍ സ്ഥലപരിമിതിയുണ്ടല്ലോ.

പ്രസംഗവും ഏതാണ്ട് ആ ഗണത്തില്‍ തന്നെ. എന്നാല്‍ ബ്ലോഗ് അങ്ങനെയല്ലല്ലോ. ഇഷ്ടപ്പെടാത്തത് ആരെഴുതിയാലും തന്റെ എതിരഭിപ്രായം ഞൊടിയിടയില്‍ എഴുതിയിടാനുളള സൗകര്യമുളള മാധ്യമമാണ് ബ്ലോഗ്. അവിടെ പുകഴ്ത്തലുകളും പുറം ചൊറിയലും മാത്രം പ്രതീക്ഷിച്ച് എഴുതിയാല്‍ നിരാശരാവുകയേ ഉളളൂ.

ഒരാള്‍ പ്രിന്റ് മീഡയത്തില്‍ വന്ന് എന്റെ തല്ലു കൊണ്ടവനാണെന്നാണ് ഹരികുമാര്‍ തട്ടിവിടുന്നത്. കലാകൗമുദിയില്‍ ഹരികുമാറിന് ആരെയും തല്ലി രസിക്കാം. എന്നാല്‍ ബ്ലോഗിലെ തല്ലിന് പ്രതികരണം അപ്പപ്പോള്‍ കിട്ടും. പാടത്തെ പണിക്ക് ഇവിടെ വരമ്പത്താണ് കൂലി.

കലാകൗമുദിയിലെ ആട്ടാമ്പുഴുവായി മലയാള സാഹിത്യത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന ഹരികുമാറിന്റെ വാക്കുകള്‍ ആരാണ് മുഖവിലയ്ക്കെടുക്കുന്നത്? വായനക്കാരോ, എഴുത്തുകാരോ? സാഹിത്യാസ്വാദകരോ?എത്രയാണ് ഹരികുമാറേ കലാകൗമുദിയുടെ സര്‍ക്കുലേഷന്‍? അതിലെത്രയാണ് താങ്കളുടെ കോളത്തിന്റെ റീഡര്‍ഷിപ്പ്?

ഒരു മലയാളം എംഎയും ദുരൂഹമായ പദാവലിയുമുണ്ടെങ്കില്‍ ആര്‍ക്കും കെട്ടിയാടാവുന്ന വേഷമായി മാറിയിരിക്കുന്നു, മലയാളസാഹിത്യ നിരൂപണം.

പൂച്ചക്കരച്ചില്‍ കരഞ്ഞിട്ട് "എങ്ങനെയുണ്ട് ഞാനലറിയത്" എന്നു ചോദിച്ചാല്‍ ചിരിക്കാതെന്തു ചെയ്യും? കഷ്ടം.

Tuesday 18 December 2007

അതെ, നമ്മുടെ മുറ്റത്ത് ആരാണ്?

പാഠ്യപദ്ധതി പരിഷ്കരണം കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാറ്റങ്ങളോട് പൊതുവെ അസിഹ്ണുത കാട്ടുകയും വേരുറച്ച ശീലങ്ങളിലും പാരമ്പര്യങ്ങളിലും വല്ലാതെ അഭിരമിക്കുകയും ചെയ്യുന്നവര്‍ ഏത് മാറ്റത്തോടും അനുകൂലമായി പ്രതികരിച്ചെന്നു വരില്ല. കുട്ടികളുടെ വിദ്യാഭ്യാസ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും.

കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്ന എന്ന ഒറ്റ പ്രചരണവാക്യം മതി ഏത് രക്ഷിതാവിന്റെയും നെഞ്ചിടിപ്പിക്കാന്‍. നെട്ടോട്ടവും നെഞ്ചത്തടിയുമായി തെരുവുണരാന്‍ ഈ പടപ്പാട്ട് ധാരാളം.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നത് വെളെളഴുത്താണ്. നമ്മുടെ മുറ്റത്ത് ആര് എന്ന പേടിപ്പിക്കുന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നു.

ഈ ചോദ്യം ആദ്യം ഉണര്‍ത്തിയത് കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ് എന്ന മറു ചോദ്യമാണ്. പിന്നാലെ മനസിലിരുന്നാരോ ഇങ്ങനെയും ചോദിച്ചു.

സ്വന്തം വിഷയത്തില്‍ ഏറ്റവും പുതിയ കാര്യം അറിഞ്ഞ് വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം എത്ര? പുതിയ ലോകത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തിന് ഏതേത് പരിശീലനങ്ങളാണ് നമ്മുടെ കലാലയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്? ഐഐടി, ഐഐഎം മേഖലകളിലെ കൊതിപ്പിക്കുന്ന ജോലി കയ്യെത്തിപ്പിടിക്കാന്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടോ? ഉത്തരങ്ങള്‍ ഒട്ടും പോസിറ്റീവല്ല.

ക്ലര്‍ക്കും, പ്യൂണും അധ്യാപകനും ഒന്നും വേണ്ടെന്നല്ല അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ചില മേഖലകള്‍ ഇപ്പോഴും സമ്പന്ന വിഭാഗങ്ങള്‍ക്ക് മാത്രം പ്രാപ്യമായ ഉയരങ്ങളില്‍ തന്നെയാണ്. എന്താണ് കാരണം? പിന്തുടര്‍ന്നു വന്ന പാഠ്യപദ്ധതിയിലെ കുറവുകള്‍ പ്രധാനകാരണമാണോ? ആണെങ്കില്‍ അവയെങ്ങനെ മാറ്റും?

മത്സരപ്പരീക്ഷകളില്‍ നിന്നും മലയാളികള്‍ പിന്തളളപ്പെടുന്നു എന്ന മുറവിളി കേട്ടു തുടങ്ങിയിട്ട് കാലം ഏറെയായി. എന്താണിതിനൊരു പരിഹാരം? പ്രധാന മേഖലകളില്‍ നിന്നും നമ്മുടെ കുട്ടികള്‍ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ decision making എന്ന പ്രക്രിയയില്‍ നിന്നു കൂടിയാണ് അവര്‍ ഒഴിവാക്കപ്പെടുന്നത്. നിലവിലുളള പാഠ്യപദ്ധതിയും അധ്യാപന സമ്പ്രദായവും പുതിയ ലോകത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കാന്‍ പ്രാപ്തമാണോ?

കൂണുപോലെ ഇന്റര്‍നാഷണല്‍ സ്ക്കൂളുകള്‍ മുളച്ചു പൊന്തുന്നുണ്ട്. ഡൂണ്‍ സ്ക്കൂള്‍, ഡെല്‍ഹി ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ എന്നിവടങ്ങളിലൊക്കെ അവലംബിക്കുന്ന സിലബസ് വേറെ, പഠനം വേറെ, അവരുടെ ലക്ഷ്യം വേറെ.

പണമുളളവന്‍ അവിടെ ചേര്‍ന്ന് പഠിക്കുന്നു.

കേന്ദ്രീയ വിദ്യാലയങ്ങളുടെ കാര്യമോ? കുട്ടി പിറന്നാല്‍ കേവിയില്‍ പ്രവേശനം നേടാന്‍ ഒരെംപിയെ എങ്ങനെ ചാക്കിലാക്കാമെന്ന് ആലോചിക്കുന്ന എത്രയോ രക്ഷിതാക്കളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കരിക്കുലമാണോ അവിടെ പഠിപ്പിക്കുന്നത്? അധ്യാപനവും അവരുടെ പരിശീലനവും നമ്മുടെ സ്ക്കൂളുകളിലേതു പോലെയാണോ? അല്ലേയല്ല.

യഥാര്‍ത്ഥത്തില്‍ രണ്ടുതരം പൗരന്മാര്‍ ഇപ്പോള്‍ തന്നെ രൂപപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സ്ക്കൂളുകളിലെ സാദാ വിദ്യാഭ്യാസം നേടി തൊഴിലില്ലാതെ അലയുന്നവരുടെയും കേന്ദ്രീയ വിദ്യാലയങ്ങള്‍ പോലെ 'അന്തസുളള'യിടങ്ങളില്‍ പഠിച്ച് തൊഴിലില്ലാതെ അലയുന്നവരുടെയും കണക്ക് ആരെങ്കിലും എന്നെങ്കിലും പ്രത്യേകം പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. അങ്ങനെ പ്രസിദ്ധീകരിച്ചാലറിയാം വ്യത്യാസം.

സ്ക്കൂള്‍, പ്രീഡിഗ്രി, ഡിഗ്രി, പിജി, പിന്നെ ട്യൂട്ടോറിയലില്‍ പഠിപ്പിക്കലും പ്യൂണ്‍ മുതല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വരെ ടെസ്റ്റെഴുത്തുമെന്നതാണ് ഒരു ശരാശരി മലയാളി വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ജാതകം.

സ്ക്കൂള്‍ കഴി‍ഞ്ഞ് ടിടിസി പഠിക്കാമായിരുന്നു. അതു നേടിയാല്‍ പ്രൈമറി സ്ക്കൂള്‍ വാധ്യാരും ആകാമായിരുന്നു. ഓര്‍ക്കുക. ഡിഗ്രി വേണ്ട, പ്രിഡിഗ്രിയും വേണ്ട, വെറും പത്താംക്ലാസും ടിടിസിയും പാസായാല്‍ ഭാവി തലമുറയെ വാര്‍ത്തെടുക്കേണ്ട സിമന്റും ചാന്തും കൂട്ടാനുളള ലൈസന്‍സായി.

വേറെയേതെങ്കിലും നാട്ടില്‍ ഏറ്റവും പ്രാധാന്യമേറിയ പ്രാഥമിക വിദ്യാഭ്യാസത്തെ ഈ വിധം ഉത്തരവാദിത്വ രഹിതമായി കൈകാര്യം ചെയ്തിട്ടുണ്ടോ എന്നറിയില്ല.

ഡിഗ്രി കഴിഞ്ഞാല്‍ ചിലര്‍ പണം കൊടുത്തും ചിലര്‍ അല്ലാതെയും ബിഎഡ് നേടും. അതും കഴിഞ്ഞാല്‍ വീണ്ടും ചിലര്‍ പണം കൊടുത്തും ഏറെ ഭാഗ്യമുളളവര്‍ ടെസ്റ്റെഴുതി വിജയിച്ചും അധ്യാപകരുമാകും. ആയിക്കഴിഞ്ഞാല്‍ സുഖമാണ്. പിന്നെ ഒന്നും പഠിക്കേണ്ട.

ഒരു ചൂരലും ടെസ്റ്റ് ബുക്കിനകത്ത് ഒളിപ്പിച്ച ഗൈഡുമുണ്ടെങ്കില്‍ ക്ലാസ് റൂം എന്ന ജര്‍മ്മനിയില്‍ ഹിറ്റ്ലറായി വാഴാം. കുട്ടികള്‍ സാറേ എന്ന് നീട്ടി വിളിച്ചു തരും.

വെളെളഴുത്തിന്റെ ലേഖനം വായിച്ചപ്പോള്‍ ചിന്തകള്‍ അടുക്കും ചിട്ടയുമില്ലാതെ മുന്നേറുകയാണ്. അതുകൊണ്ട് ആ ലേഖനത്തിന്റെ ഒരു ഭാഗം അതുപോലെ ഇവിടെ പകര്‍ത്തി ചില ചോദ്യങ്ങള്‍ ചോദിച്ച് ഇത് അവസാനിപ്പിക്കാം.

(ചുവന്ന നിറത്തിലുളളത് വെളെളഴുത്തിന്റെ ചിന്തകളാണ്. ചിന്തകള്‍ക്ക് ചുവപ്പ് പോരെങ്കില്‍ ഇനിയും കൂട്ടാം. മാരീചന്റെ ചോദ്യങ്ങള്‍ തൊട്ടുപിന്നാലെ ബ്രായ്ക്കറ്റിലും. അവയ്ക്ക് അത്ര ചുവപ്പ് പോര.)

....ഇവയാണ് പ്രശ്നമേഖലകള്‍. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല.

(ആര്‍ക്കാണ് ഇത് അപകടമായി തോന്നുന്നത്? ഇതില്‍ അപകടം തോന്നുന്നവരുടെ രാഷ്ട്രീയം പ്രത്യേകം പഠിക്കേണ്ടതല്ലേ. കുട്ടികള്‍ എങ്ങനെ പഠിക്കണം, എങ്ങനെ വളരണമെന്നാണ് ഈ അപകടങ്ങള്‍ ജ്ഞാനദൃഷ്ടിയില്‍ തിരിച്ചറിയുന്നവര്‍ വാദിക്കുന്നത്? )

എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചുകൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന ഒരു കുട്ടി ഒടുവില്‍ എന്തായി തീരും എന്നൂഹിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല. അതു കണ്ടറിയേണ്ട സംഗതിയാണ്.

(പത്തുവര്‍ഷം ഇങ്ങനെയല്ലാതെ ഇതുവരെ പഠിച്ച കുട്ടി എന്താണായത്? പഴയ പാഠ്യപദ്ധതിയില്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ കുട്ടി ഇന്നതായി മാറുമെന്ന് ഉറപ്പിച്ചു പറയാനാവുമായിരുന്നോ? പഴയ പത്തു വര്‍ഷത്തിന്റെ അവ്യക്തതയല്ലേ പുതിയ പന്ത്രണ്ടു വര്‍ഷത്തിലും ഉണ്ടാകുന്നത്. പഠനം എന്നത് മുന്‍കൂട്ടി വരച്ചിട്ട നേര്‍രേഖയില്‍ ചലിക്കുന്ന ഒന്നാണോ?)

പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം. മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് മാത്രം ഭാഷാപുസ്തകങ്ങള്‍ പോലും നിറയുന്ന അവസ്ഥയാണുണ്ടാവുക. (ഇപ്പോഴും അതുണ്ട്, പുതിയ വ്യവഹാരരൂപങ്ങള്‍ എന്ന മട്ടില്‍ സാരമില്ല എന്നു വയ്ക്കാം, എന്നാല്‍ അവകള്‍ മാത്രമായി ഭാഷാപഠനം ചുരുങ്ങുമ്പോഴോ? നമ്മുടെ സര്‍ഗാത്മക സാഹിത്യകാരന്മാരും ശൈലീവല്ലഭന്മാരും പരണത്തിരിക്കും, മുദ്രാവാക്യകവിതകളും ഉപദേശലേഖനങ്ങളുമെഴുതിയ റിപ്പോട്ടര്‍മാര്‍ എഴുത്തുകാരായി കുട്ടികളുടെ മനസ്സില്‍ പൂത്തുലയും.

(ഭാഷാപഠനം ഇതുമാത്രമായി ചുരുങ്ങുന്നുവെന്ന് ആരാണ് പറഞ്ഞത്? ഇപ്പോഴത്തെ കുട്ടികള്‍ പഠിക്കുന്ന പുസ്തകങ്ങള്‍ കണ്ട് കൊതിച്ചു പോയിട്ടുണ്ട്. ഭാഷാശേഷിയും പദസമ്പത്തുമൊക്കെ വളര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുളള എക്സെര്‍സൈസുകള്‍ (അഭ്യാസം എന്ന വാക്ക് മനപ്പൂര്‍വം ഒഴിവാക്കുന്നു) പണ്ടുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയിട്ടുണ്ട്. എന്തെല്ലാം അവസരങ്ങളും മാര്‍ഗങ്ങളുമാണ് പുതിയ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് കിട്ടുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

പഴയ അറുബോറന്‍ സ്ക്കൂള്‍ ക്ലാസുകളുടെ നിശ്ചലതയില്ല ഇന്നത്തെ ക്ലാസ് മുറികളില്‍. ഭാഷാ പഠനം ജീവസുറ്റ നിലയിലല്ലേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്വയം കവിതയെഴുതാനും പഠിച്ച കവിതയ്ക്ക് ആസ്വാദനമെഴുതാനുമൊക്കെ കിട്ടുന്ന അവസരങ്ങള്‍ പലരും നന്നായി ഉപയോഗിക്കുന്നുമുണ്ട്. പിന്നെ എവിടെയാണ് ഭാഷാപഠനം വട്ടപ്പൂജ്യമാകുന്നത്?)

‘ഭാഷാപഠനം’ ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായിട്ടുണ്ട് സ്കൂള്‍ ക്ലാസുകളില്‍. പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സോഷ്യല്‍ സയന്‍സ് (സാമൂഹിക പാഠം) പുസ്തകത്തിനും ശാസ്ത്ര പാഠപുസ്തകങ്ങള്‍ക്കും ഭാഷാപുസ്തകങ്ങള്‍ക്കും വലിയ വ്യത്യാസമില്ലാതെയാവും.

(എങ്ങനെയാണ് ഇത് ഇത്ര ഉറപ്പിച്ച് പറയാനാവുക? ഇവയെ സാധൂകരിക്കുന്ന പഠനങ്ങള്‍, മുന്‍ അനുഭവങ്ങള്‍ അങ്ങനെയൊന്നു പോലും വെളെളഴുത്ത് ചൂണ്ടിക്കാണിക്കുന്നില്ല)

സൌന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞുപോകും. (എങ്ങനെയെന്നു ഈ വിധിയില്‍? ഈ വിധം പാഠ്യപദ്ധതി പരിഷ്കരിച്ച ഏതെങ്കിലും രാജ്യങ്ങളിലോ നാട്ടിലോ സൗന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്നും ഒഴി‍ഞ്ഞു പോയിട്ടുണ്ടോ?)

ഇനിയും ചോദ്യങ്ങള്‍ ഏറെയാണ്. പുതിയ പാഠ്യപദ്ധതിക്കു പിന്നില്‍ ആരൊക്കെയോ മറ‍ഞ്ഞിരുന്ന് ചരടു വലിക്കുന്നതായി വെളെളഴുത്ത് പറയുന്നു. അവര്‍ക്ക് കൃത്യമായ അജണ്ടകളുമുണ്ടത്രേ!

ആ കണ്ടെത്തലിന് ഒരു മറുപുറമുണ്ട്. അത് ഈ ചോദ്യമാണ്.

ആരാണ് കേരളത്തിലെ പാഠ്യപദ്ധതി മാറേണ്ടെന്ന് പറയുന്നവര്‍, എന്താണ് അവരുടെ ഉദ്ദേശ്യം?

കേരളത്തിലെ കുട്ടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങളില്‍ ഭയപ്പാടില്ലാതെ പങ്കെടുക്കാന്‍ പ്രാപ്തമാകുന്നതിനെ ഭയക്കുന്നത് ആരാണ്? സ്ക്കൂള്‍, കോളെജ്, ട്യൂട്ടോറിയല്‍ കോളെജിലെ പഠിപ്പിക്കല്‍, പിഎസ്സി ടെസ്റ്റെഴുത്ത് എന്ന അജണ്ടയില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഒതുങ്ങിയാല്‍ മതിയെന്ന് വാശി പിടിക്കുന്നവരുടെ ലക്ഷ്യമെന്ത്? ആരാണ് അവര്‍ക്ക് പുറകില്‍ മറഞ്ഞിരുന്ന് ചരട് വലിക്കുന്നത്?

യഥാര്‍ത്ഥത്തില്‍ ആരാണ് ഇത്രയും കാലം നമ്മുടെ മുറ്റത്ത് ഇരുന്നത്? ലോകത്തിന്റെ വിശാലത നമ്മുടെ മുറ്റത്തിന്റെ ഇത്തിരിവെട്ടമായി വെട്ടിച്ചുരുക്കിയത് ആരാണ്?

ആരെങ്കിലും ഉത്തരം തരുമോ?

വെളെളഴുത്തിന്റെ ലേഖനം - നമ്മുടെ മുറ്റത്ത് ആരാണ്?

Monday 17 December 2007

വിക്കിയെ ഒതുക്കാന്‍ ഗൂഗിളൊരുങ്ങുന്നു

വിക്കിയെ ഒതുക്കാന്‍ ഗൂഗിളൊരുങ്ങുന്നു

പ്രധാനപ്പെട്ട വിവരങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മിക്കവാറും ആദ്യവും രണ്ടാമതും പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ വിക്കിപീഡിയയുടേതാവാം. അന്വേഷകര്‍ ആദ്യം ക്ലിക്ക് ചെയ്യുന്നതും വിക്കിയിലേയ്ക്കുളള ലിങ്കിലാവാം.

ഈ ക്ലിക്കിനെ സ്വന്തം വരുതിയിലെത്തിക്കാനുളള തന്ത്രം ഗൂഗിളിന്റെ പണിശാലയില്‍ സജ്ജമായിക്കഴിഞ്ഞു. നോള്‍ (knol) എന്ന് പേരിട്ടിരിക്കുന്ന വിക്കി മാതൃകയിലുളള എന്‍സൈക്ലോപീഡിയ ഉടന്‍ ഗൂഗിള്‍ എത്തിക്കും.

കോടിക്കണക്കിന് മനുഷ്യരുടെ തലച്ചോറിനുളളില്‍ ഉപയോഗപ്രദമായ അറിവ് ഏറെയുണ്ടെന്നും അത് പങ്കുവെയ്ക്കാന്‍ തല്‍പരരായവര്‍ക്ക് അതിനുളള സൗകര്യം ഒരുക്കുയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഗൂഗിള്‍ പറയുന്നു.

വ്യത്യസ്ത വിഷയങ്ങളില്‍ വൈദഗ്ധ്യമുളളവര്‍ക്ക് അത് എഴുതാനും തിരുത്താനുമുളള അവസരം കൊടുക്കുക എന്നതാണ് നോള്‍ എന്ന ഗൂഗിള്‍ ഉപകരണം നല്‍കുന്ന സേവനം. പ്രതിഫലേച്ഛയില്ലാതെ അറിവ് വിതരണം ചെയ്യുന്ന ഒരുകൂട്ടത്തിന്റെ പ്രയത്നമാണ് വിക്കിപീഡിയയുടെ സേവനത്തിനു പിന്നിലും ഉളളത്.

വിക്കിയില്‍ അംഗമാകുന്നയാള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ പ്രസക്തമെന്നു തോന്നുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതാവുന്നതാണ്. ഇങ്ങനെ എഴുതുന്ന ഉളളടക്കത്തിലെ ശരിതെറ്റുകള്‍ മറ്റുളളളവര്‍ക്ക് ചൂണ്ടിക്കാട്ടാനും തിരുത്താനുമുളള അവസരവുമുണ്ട്.

എന്നാല്‍ പ്രധാന ലേഖനം എഴുതിയതാരെന്ന വിവരം വിക്കി നല്‍കുന്നില്ല. ഇതിനെ ഒരു പോരായ്മയായി ഉയര്‍ത്തിപ്പിടിച്ച് എഴുത്തുകാരന്റെ ആധികാരിത കൂടി തങ്ങള്‍ നല്‍കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

ഉളളടക്കത്തിന്റെ ആധികാരികത എഴുത്തുകാരനെ അടിസ്ഥാനപ്പെടുത്തി ഉപഭോക്താവിന് നിശ്ചയിക്കാമെന്നതാണ് നോള്‍ മുന്നോട്ടുവെയ്ക്കുന്ന മേന്മ. ഒരു വെബ് പേജ് മാത്രമായിരിക്കും തങ്ങള്‍ നല്‍കുന്നതെന്ന് പറയുമ്പോഴും അത് പരമാവധി വ്യത്യസ്തമായിരിക്കുമെന്ന് ഗൂഗിള്‍ ഉറപ്പു പറയുന്നു. എഴുത്തിനും തിരുത്തലിനും നോളില്‍ സൗകര്യമുണ്ടായിരിക്കും.

പ്രത്യേക വിഷയങ്ങളില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് ബന്ധപ്പെട്ട നോള്‍ പേജിന്റെ ലങ്ക് ആദ്യം പ്രദര്‍ശിപ്പിക്കുമെന്നും ഗൂഗിള്‍ ഉറപ്പു നല്‍കുന്നു. ഉളളടക്കത്തില്‍ ഗൂഗിള്‍ ഒരുതരത്തിലും ഇടപെടില്ല. അതെല്ലാം എഴുത്തുകാരുടെ ഉത്തരവാദിത്വമാണെന്നാണ് കമ്പനിയുടെ നിലപാട്.

ഒരേ വിഷയത്തില്‍ തന്നെ ഒന്നിലധികം നോള്‍ പേജുകള്‍ സാധ്യമാണെന്നും ഈ തരത്തില്‍ മത്സരം ഉണ്ടാകുന്നത് ഉളളടക്കത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

എഴുതുന്നതിന് യാതൊരു പ്രതിഫലവും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ നോള്‍ പേജില്‍ പരസ്യത്തിനുളള സൗകര്യം കമ്പനി ചെയ്യും. അതില്‍ നിന്നുളള വരുമാനം എഴുത്തുകാരുമായി പങ്കിടുകയും ചെയ്യും. പ്രസക്തമായ വിഷയങ്ങളില്‍ നന്നായി എഴുതാന്‍ കഴിയുന്നവര്‍ക്ക് പുതിയൊരു വരുമാനമാര്‍ഗമാണ് ഗൂഗിള്‍ തുറന്നിടുന്നത്. ഇവിടെ വിക്കിയെ ഗൂഗിള്‍ ബഹുദൂരം പിന്നിലാക്കിയേക്കാം.

കമന്റുകള്‍ എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ഉളളടക്കത്തില്‍ പ്രസക്തമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും മറ്റുളളവര്‍ക്ക് അവസരമുണ്ടാക്കുന്ന തരത്തിലായിരിക്കും നോളിന്റെ രൂപകല്‍പന. ബ്ലോഗിന്റെ ഉയര്‍ന്ന രൂപമായി നോള്‍ പ്രവര്‍ത്തിക്കും.

സാങ്കേതിക പരിശോധനകള്‍ കഴിഞ്ഞാല്‍ നോള്‍ ഉടന്‍ നെറ്റ് ഉപഭോക്താക്കളുടെ മുന്നിലെത്തും. ഉളളടക്കത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമായിരിക്കില്ലെന്നും എല്ലാ സെര്‍ച്ച് എഞ്ചിനുകള്‍ക്കും ഇവ ലഭ്യമാക്കുമെന്നും കമ്പനി അറിയിക്കുന്നു.

Encouraging people to contribute knowledge - googleblog

Sunday 16 December 2007

അപരനാമവും ബ്ലോഗുര്‍മാരും

അപരനാമത്തിലുളള ബ്ലോഗെഴുത്തിനെക്കുറിച്ചുളള ചിന്തകളാണ് പേര് പേരക്ക തന്റെ പുതിയ പോസ്റ്റില്‍ [എം.കെ.ഹരികുമാറിന് dec14 (സ്യൂഡോ നെയിം)] ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയുടെ പ്രകോപനമാകട്ടെ, കലാകൗമുദിയിലെ കോളമിസ്റ്റ് എം കെ ഹരികുമാര്‍ തന്റെ ബ്ലോഗില്‍ പ്രകടിപ്പിച്ച ഒരഭിപ്രായവും.

പേര് മറച്ചു വെച്ച് ആണോ പെണ്ണോ എന്ന് നിശ്ചയമില്ലാതെ എഴുതുന്നവര്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് ഹരികുമാര്‍ നിരീക്ഷിക്കുന്നത്.

അഭിപ്രായം പറയുന്നത് ആണോ പെണ്ണോ എന്നു നോക്കിയാണോ ഹരികുമാര്‍ നിരൂപിക്കുന്നതെന്ന് നമുക്കറിയില്ല. ആധുനിക സാഹിത്യ നിരൂപണത്തിന്റെ അടിസ്ഥാനം എഴുത്തിന്റെ കര്‍ത്താവ് സ്ത്രീയോ പുരുഷനോ എന്ന തിരിച്ചറിവാണോ എന്നും അറിയില്ല. അതൊക്കെ ഹരികുമാറിന്റെ മാത്രം തലവേദനകളാണ്.

എഴുതിയത് ആണോ പെണ്ണോ എന്ന് നിശ്ചയിച്ചറിഞ്ഞിട്ട് അദ്ദേഹം വായിക്കുകയും നിരൂപണം ചെയ്യുകയും ചെയ്താല്‍ മതിയെന്ന് നമുക്ക് മറുപടി പറയാം. അത് അദ്ദേഹത്തിന്റെ സൗകര്യം. മലയാള സാഹിത്യ രംഗത്തോ ബ്ലോഗിലോ ഹരികുമാറിന്റെ നിരൂപണത്താങ്ങ് ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

പേരക്കയുടെ ലേഖനത്തില്‍ പറയുന്ന ചില അഭിപ്രായങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വേറെ ചില പ്രശ്നങ്ങളുമുണ്ടെന്ന് മറന്നുകൂട.

പേരക്കയുടെ ലേഖനത്തിലെ ഒരു ഖണ്ഡികയാണ് താഴെ.

വിഷയവുമായി ബന്ധപ്പെട്ട ഒരു artistic identity ഉണ്ടാക്കാനും ചിലര്‍ അപരനാമങ്ങള്‍ ഉപയോഗിച്ചേക്കാം. കലയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗര്‍ മുരളി എന്ന പേരിനു പകരം ചിത്രകാരന്‍ എന്ന പേരും, സാഹിത്യവിമര്‍ശനത്തിന് സുയോധനന്‍ എന്ന പേരും സ്വീകരിക്കുന്നതിനു കാരണമിതായിരിക്കാം. (വേറെയുമാകാം)

ചിത്രകാരന്‍ എന്ന ബ്ലോഗറും സുയോധനന്‍ എന്ന ബ്ലോഗറും ഒന്നാണെന്ന് പേരക്ക വെളിപ്പെടുത്തുന്നു ഇവിടെ. (ശരിയാണോ അല്ലയോ എന്ന് കണ്ടുപിടിക്കാനുളള സാങ്കേതിക ജ്ഞാനമൊന്നും മാരീചനില്ല. പേരക്കയെഴുതിയത് ശരിയെന്ന അര്‍ത്ഥത്തിലാണ് ശേഷമുളള വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. ശരിയല്ലെങ്കില്‍ അതിന് യാതൊരു പ്രസക്തിയുമില്ല)

ഈയെഴുതിയത് ശരിയാണെങ്കില്‍ ചിത്രകാരന്‍, വണ്‍ സ്വാലോ, മുടിയനായ പുത്രന്‍ - ഒരേ ഭാവത്തിന്റെ പഠനം എന്ന പോസ്റ്റെഴുതിയതും ചിത്രകാരനാണെന്നു വരുന്നു.

അതില്‍ ചിത്രകാരനെ ആത്മവിശ്വാസക്കുറവുളള ആളായാണ് സുയോധനന്‍ വിശേഷിപ്പിക്കുന്നത്. തന്റെ വിശദീകരണവുമായി ചിത്രകാരന്‍ തന്നെ എത്തുന്നുമുണ്ട്. ഏത് അളവുകോലുപയോഗിച്ചാണ് ചിത്രകാരനെ ആത്മവിശ്വാസക്കുറവുളളയാള്‍ എന്ന് വിശേഷിപ്പച്ചത് എന്ന ചോദ്യവും പലരും ഉന്നയിച്ചു. (എന്നെ എനിക്കല്ലാതെ പിന്നെ തനിക്കാണോ നന്നായി അറിയാവുന്നത് എന്നാലോചിച്ച് ചിത്രകാരന്‍ ഊറിച്ചിരിച്ചിട്ടുണ്ടാകും, ഇതു രണ്ടും ഒരാളാണെങ്കില്‍!)

ചിത്രകാരനും സുയോധനനും ഒരാളാണെങ്കില്‍, ഇത് തട്ടിപ്പല്ലേ! (തട്ടിപ്പിനെക്കാള്‍ തമാശയായി കാണാനാണ് എനിക്കിഷ്ടം). എങ്കിലും ആ സംവാദത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ കബളിപ്പിച്ചു എന്നതാണ് ആകെത്തുക. ചിലര്‍ ഇതൊരു തമാശയായി കണക്കാക്കുമ്പോള്‍ മറ്റുളളവര്‍ക്ക് അത് അവഹേളനമായും അനുഭവപ്പെടാം.

(ദ്വിജേന്ദ്രനാഥ ടാഗോര്‍ എന്ന പേരില്‍ തന്നെ സ്വയം വധിച്ച് രസികന്‍ എന്ന വിനോദമാസികയില്‍ സാക്ഷാല്‍ ഇ വി കൃഷ്ണപിളള വ്യക്തിചിത്രമെഴുതിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും കഥക്കൂട്ടില്‍ തോമസ് ജേക്കബ് സരസമായി വിവരിച്ചിട്ടുണ്ട്. ബ്ലോഗിലെ ഒരു ഇ വിയായി ചിത്രകാരന്‍ അത്തരം ചില നമ്പരുകള്‍ ഇറക്കുന്നുവെങ്കില്‍ നാം അത് ആസ്വദിക്കുക തന്നെ വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായം)

വിഷയത്തിലേക്ക് വരാം. അപ്പോള്‍ എഴുതിയതാര് എന്നറിയണമെന്ന ഹരികുമാറിന്റെ വാദം അത്രയെളുപ്പം തളളിക്കളയാവുന്ന ഒന്നാണോ? ഏത് പേരില്‍ ബ്ലോഗണമെന്ന് നിശ്ചയിക്കാനുളള അവകാശം ആ ബ്ലോഗര്‍ക്ക് മാത്രമാണെന്ന് കമന്റെഴുതിയ പലരും അഭിപ്രായം പറയുന്നു. അതേ അഭിപ്രായം തന്നെയാണ് എനിക്കുമുളളത്.

പേര് മറന്ന് ഉന്നയിക്കുന്ന അഭിപ്രായങ്ങളും സ്വീകരിക്കുന്ന നിലപാടും ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് നമുക്ക് പറയാം. പേരക്ക ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്ന വക്കാരിയുടെ അഭിപ്രായം പൊതുവേ ബ്ലോഗര്‍മാര്‍ ശരിവെയ്ക്കുകയും ചെയ്യും. എന്നാല്‍....

മേല്‍ സൂചിപ്പിച്ചതു പോലുളള സംഭവങ്ങളില്‍ കബളിപ്പിക്കലിന്റെ ലാഞ്ചനയുണ്ടെന്ന് ആരെങ്കിലും ധരിച്ചാല്‍ കുറ്റം പറയാനാവുമോ?

ആളറിഞ്ഞു മാത്രമേ താന്‍ പ്രതികരിക്കൂ എന്ന ഹരികുമാറിന്റെ നിലപാടില്‍, അദ്ദേഹത്തിന്റെ കാര്യത്തിലെങ്കിലും അല്‍പം കാര്യമില്ലേ!

ആ നിലയ്ക്കും ചര്‍ച്ച വികസിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

ചിത്രകാരനും സുയോധനനും ഒരേ ആളാണ് എന്ന പേരക്കയുടെ പ്രസ്താവന സത്യമാണെന്ന് വിശ്വസിച്ചാണ് (തെളിവുകളൊന്നുമില്ലെങ്കിലും) ഇത്രയും എഴുതിയത്. അത് അങ്ങനെയല്ലെങ്കില്‍ പ്രസ്തുത ഖണ്ഡിക ആ പോസ്റ്റില്‍ നിന്നും പേരക്ക ഒഴിവാക്കുമെന്ന് കരുതുന്നു. വഴിയേ ഈ പോസ്റ്റും.

Saturday 15 December 2007

നാനോയിലെ മലയാളി നേട്ടം

നാനോ ടെക്നോളജിയിലെ മലയാളി നേട്ടത്തെക്കുറിച്ച് പ്രതിപാദിക്കുകയാണ് ജോസഫ് ആന്റണി കുറിഞ്ഞി ഓണ്‍ലൈനില്‍.

ഫിസിക്സും കെമിസ്ട്രിയും എഞ്ചിനീയറിംഗും അതിസങ്കീര്‍ണമായി സംയോജിക്കുന്ന നാനോ ടെക്നോളജി, ഭാവിയുടെ സാങ്കേതികവിദ്യയായി വിലയിരുത്തപ്പെടുന്ന ഒന്നാണ്. ജീവിതത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ പാകത്തിന് ഈ സാങ്കേതിക വിദ്യ കരുത്തുറ്റതാകും എന്നും കണക്കാക്കപ്പെടുന്നു.

കാര്‍ബണ്‍ നാരുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റുകള്‍ ബലപ്പെടുത്താനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കണ്ണൂര്‍ സ്വദേശി ഡോ. വിനോദിനെക്കുറിച്ചാണ് ജോസഫ് ആന്റണി എഴുതുന്നത്. പ്രായോഗികാര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇനിയും കടമ്പകളേറെ കടക്കേണ്ടതുണ്ടെങ്കിലും ഡോ. വിനോദിന്റെ കണ്ടെത്തല്‍ ഈ മേഖലയിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

നാനോ സാങ്കേതിക വിദ്യയെക്കുറിച്ച് വക്കാരിമഷ്ടയുടെ ശ്രദ്ധേയമായ കമന്റുമുണ്ട് ഈ പോസ്റ്റിന്.

നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

നാനോ ടെക്നോളജിയെക്കുറിച്ച് കൂടുതല്‍
History of nanotechnology
About Nanotechnology

കൂവലിന്റെ അര്‍ത്ഥങ്ങള്‍, കയ്യടിയുടേയും

ഏറെ പ്രത്യേകതകളുളളതാണ് തീയേറ്ററിലെ ഇരുണ്ട ലോകം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രേക്ഷകന്റെ പ്രതികരണങ്ങള്‍, കൂവലായാലും കൈയടിയായാലും ദീര്‍ഘനിശ്വാസമായാലും കണ്ണീരായാലും മറ്റാരും കാണാതെ പ്രകടിപ്പിക്കാന്‍ തീയേറ്ററിനുളളിലെ ഇരുട്ട് കാണികള്‍ക്ക് ശക്തി നല്‍കും. ഒരര്‍ത്ഥത്തില്‍ ഇരുട്ടിന്റെ മറവിലെ വിപ്ലവമാണ് തീയേറ്ററിനുളളിലെ പ്രതികരണങ്ങള്‍. പുറംലോകത്തെ പച്ചവെയിലിലേയ്ക്കിറങ്ങിയാല്‍ കപടമാന്യതയുടെ മുഖാവരണം അണിയുന്നവന്‍ പോലും മനസറിഞ്ഞ് കൂവിപ്പോകും ചിലപ്പോള്‍ തീയേറ്ററിനുളളില്‍.

തീയേറ്ററിനുളളിലെ മലയാളി പ്രതികരണങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ലേഖനം വെളെളഴുത്ത് തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു. (കൂക്കുവിളികളും കയ്യടികളും). 2007ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് വെളെളഴുത്ത് തീയേറ്ററിനുളളിലെ പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ശ്രദ്ധേയമായ നിരീക്ഷണങ്ങളുണ്ട് ഈ ലേഖനത്തില്‍.

Friday 14 December 2007

യുവപത്രപ്രവര്‍ത്തകരോട് സ്നേഹപൂര്‍വം

വെബ് ലോകം എഡിറ്റര്‍ ടി ശശിമോഹന്‍ എഴുതിയ ഈ ലേഖനം പുതു തലമുറയിലെ പത്രപ്രവര്‍ത്തകര്‍ അവശ്യം വായിച്ചിരിക്കേണ്ടതാണ്. വര്‍ത്തമാനം ദിനപത്രം അതിന്റെ ജീവനക്കാരോട് ചെയ്ത കൊടും ദ്രോഹത്തെക്കുറിച്ച് മാരീചനും ഒരു പോസ്റ്റെഴുതിയിരുന്നു. വര്‍ത്തമാനം വാക്കൗട്ട്സ് എന്ന ബ്ലോഗും ഈ വിഷയം സജീവമായി നിലനിര്‍ത്തുന്നുണ്ട്.

വര്‍ത്തമാനത്തിന്റെ അനുഭവത്തില്‍ ഇന്നത്തെ പത്രലോകത്തെ വിലയിരുത്തുകയാണ് ടി ശശിമോഹന്‍. ഈ ലേഖനം ഇവിടെ വായിക്കുക.

പുതിയൊരു ബ്ലോഗു കൂടി.

പരിമിതമായ സമയത്തില്‍ വായിച്ച ചില ലേഖനങ്ങളുടെ, മറ്റ് ബ്ലോഗുകളിലെ പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ ശേഖരിക്കുന്നു. ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഇതിലുണ്ടാകും. രണ്ടിന്റെയും കാരണവും എഴുതണമെന്നുണ്ട്.

നമുക്കിഷ്ടമല്ലെന്ന് കരുതി ഒന്നിനും പ്രസക്തിയില്ലാതാവുന്നില്ല. നമുക്കിഷ്ടപ്പെട്ടെന്നു കരുതി ഒന്നും പ്രസക്തമാകണമെന്നുമില്ല.

ഇഷ്ടപ്പെടാത്തതിനു കാരണം നമ്മുടെ ശാഠ്യങ്ങള്‍ക്കോ മുന്‍വിധികള്‍ക്കോ ആ എഴുത്ത് ഏല്‍പ്പിച്ച പ്രഹരമാകാം. മറ്റെപ്പോഴെങ്കിലും ആ എഴുത്ത് ഇഷ്ടപ്പെട്ടെന്നും വരാം. വായനയുടെ ചരിത്രത്തില്‍ അങ്ങനെ ഇഷ്ടക്കേടുകളും പ്രസക്തമാണ്.

ഇഷ്ടപ്പെട്ടത്, നാളെയും വായിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടെ ശേഖരിച്ചിടാം. നാളെയെപ്പോഴെങ്കിലും അതൊരനിഷ്ടത്തിന് കാരണമാകുമോ എന്നും നോക്കാമല്ലോ!

വായനയുടെ ഒരു നിമിഷത്തെ ഈ ബ്ലോഗില്‍ നിശ്ചലമാക്കിയിടുന്നു, ഒരു ലിങ്കിലൂടെ.