(ഏകജാലക സംവിധാനം ചര്‍ച്ച തുടരുന്നു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് അസ്ലം മാധ്യമം ദിനപത്രത്തില്‍ മെയ് 16ന് എഴുതിയ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു. മാധ്യമത്തിലെ ലിങ്ക് ഇവിടെ)
ഏകജാലകം: ജാഗ്രത അനിവാര്യം
എ. മുഹമ്മദ് അസ്ലം
പ്ലസ് വണ്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനം വിവാദക്കുരുക്കില്‍ പെട്ടിരിക്കുകയാണല്ലോ. ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റിലെ പ്രവേശനം സുതാര്യവും വിദ്യാര്‍ഥികള്‍ക്ക് സൌകര്യപ്രദവുമായി മാറുമെന്നാണ് സര്‍ക്കാര്‍വാദം. പല സ്കൂളുകളിലായി അപേക്ഷിച്ച് റാങ്ക്ലിസ്റ്റ് നോക്കി വിവിധ സ്കൂളുകളില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കേണ്ട അവസ്ഥ മാറുമെന്നതാണ് ഏകജാലകത്തിന്റെ മികവായി പറയുന്നത്. പ്രവേശനത്തിലെ കോഴയും അഴിമതിയും അവസാനിപ്പിക്കാന്‍ സംവിധാനം ഉപയോഗപ്രദമാകുമെന്നും പറയപ്പെടുന്നു.
എന്നാല്‍ പുതിയ സംവിധാനം വിദ്യാര്‍ഥികളുടെ സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം തടയുമെന്നും കൂടാതെ അഡ്മിഷന് നടത്താനുള്ള സ്കൂള്‍ മാനേജ്മെന്റിന്റെ സ്വാതന്ത്യ്രം ഹനിക്കുമെന്നുമാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പറയുന്നത്.
ഏകജാലകത്തേക്കാള്‍ രൂക്ഷമാണ് സ്വാശ്രയ കോളജ് പ്രശ്നത്തില്‍ നടക്കുന്ന സര്‍ക്കാര്‍^ക്രൈസ്തവ മാനേജ്മെന്റ് വടംവലി. വിദ്യാഭ്യാസമേഖലയിലെ ഏറ്റവും പ്രധാന പ്രശ്നമായി മാനേജ്മെന്റുകളും സര്‍ക്കാരും തമ്മിലുള്ള വടംവലിയെ കാണുന്ന പൊതുമാധ്യമ സമീപനം തന്നെയാണ് ഏകജാലകത്തിന്റെ കാര്യത്തിലും കാണാനാവുന്നത്. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഉപരിപഠനത്തിനര്‍ഹരായ മലബാര്‍ മേഖലയിലെ മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ ലഭ്യമല്ലെന്ന ഭീകരമായ അവസ്ഥ വേണ്ടവിധം ചര്‍ച്ചയാകുന്നില്ല. ബിരുദ സീറ്റിലും പി.ജി സീറ്റുകളിലും മലബാര്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. യൂനിവേഴ്സിറ്റികളുടെ പരിതാവസ്ഥയും സ്വാശ്രയമേഖലയിലെ അനിശ്ചിതാവസ്ഥയും കോളജുകളിലെ അധ്യാപകരുടെ കുറവും സംവരണ അട്ടിമറിയും ഉള്‍പ്പെടെ വിദ്യാഭ്യാസരംഗം പ്രശ്നസങ്കീര്‍ണമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പരീക്ഷാരീതിമുതല്‍ കോഴ്സ് ഘടന, കോളജുകളുടെ ഘടന എന്നിവയുള്‍പ്പെടെ പരിഷ്കരിക്കാനുള്ള നടപടികള്‍ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് രൂപംകൊടുത്ത ഒരു സംവിധാനത്തെ ഇത്രയേറെ വിവാദമാക്കുന്നത് ഗൌരവമായ മറ്റു പ്രശ്നങ്ങളില്‍ നിന്ന ശ്രദ്ധമാറാനേ ഉപകരിക്കുകയുള്ളൂ എന്നാണ് കരുതേണ്ടത്.
ഏതെങ്കിലും കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത് കേരളത്തില്‍ ആദ്യമല്ല. പ്രൊഫഷനല്‍ കോളജ് പ്രവേശനത്തിനും, ബി.എഡ് പ്രവേശനത്തിനും ഏകജാലകസംവിധാനം വിജയകരമായി നടപ്പാകുന്നുണ്ട്. ഇതിലൊന്നിലുമില്ലാത്ത വിവാദം പ്ലസ് വണ്‍ പ്രവേശനത്തിന് രൂപം നല്കിയ ഏകജാലകത്തെ ചുറ്റിപ്പറ്റി ഉണ്ടാകുന്നത് എന്തിനാണെന്ന് വിശകലനം ചെയ്യേണ്ടതാണ്.
ഏകജാലക സംവിധാനത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ വിദ്യാര്‍ഥികളുടെ അവകാശ പ്രശ്നത്തിനപ്പുറം സര്‍ക്കാരിനെ എതിരിടാന്‍ ശ്രമിക്കുന്ന മാനേജ്മെന്റുകളുടെ അവകാശം സംബന്ധിച്ചാണെന്ന് പറയേണ്ടിവരും. മെറിറ്റ്സീറ്റുകളില്‍ മാത്രമാണ് ഏകജാലക സംവിധാനം എന്നിരിക്കെ മാനേജ്മെന്റുകളുടെയും സമുദായങ്ങളുടെയും താല്പര്യങ്ങള് അത്രകണ്ട് ഹനിക്കുമെന്ന് പറയാന്‍ വയ്യ. പ്ലസ്വണ് പ്രവേശനം കോഴയാല്‍ സജീവമാകുന്ന കേരളത്തില്‍ ഏറക്കുറെ വിദ്യാര്‍ഥികള്‍ക്ക് സഹായകരമായാണ് ഏകജാലകം ഭവിക്കുക. മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം എന്നിരിക്കെ അനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധ്യതയില്ല. എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകപ്രവേശനം സംബന്ധിച്ച സ്കൂള്‍ മാനേജ്മെന്റ്^സര്‍ക്കാര്‍ വടംവലിയുടെ ഭാഗമായാണ് വിവാദമെന്നാണ് കാണാന്‍ കഴിയുക.
വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന വാദത്തിലും കഴമ്പില്ല. കുട്ടികള്‍ നല്കുന്ന ഓപ്ഷന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. താഴ്ന്ന ഓപ്ഷന് ലഭിച്ച വിദ്യാര്‍ഥിക്ക് താല്‍ക്കാലിക പ്രവേശനമാണ് നല്‍കുക. പ്രവേശനസമയത്ത് ഫീസ് ഈടാക്കുന്നുമില്ല. മികച്ച ഓപ്ഷന് ലഭിച്ചാല്‍ അതിലേക്ക് മാറാവുന്നതും സ്ഥിരപ്രവേശനം നേടാന്‍ കഴിയുന്നതുമാണ്. ഇത്തരത്തില്‍ പ്രവേശനം ക്രമീകരിച്ചിരിക്കുന്നതിനാല്‍ സീറ്റിന്റെ ലഭ്യതയനുസരിച്ച് കുട്ടിക്ക് ഇഷ്ടമുള്ള സ്കൂളിലേക്ക് പ്രവേശനം നേടാന്‍ സാധിക്കും. അതേ സ്കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോണസ് പോയിന്റും ലഭിക്കുന്നതിനാല്‍ പോയിന്റ് നിലയില്‍ തുല്യരായ വിദ്യാര്‍ഥികളില്‍ അതേ സ്കൂളിലെ വിദ്യാര്‍ഥിക്ക് പ്രവേശനത്തിന് സാധ്യത കൂടുതലാവുകയും ചെയ്യും. കൂടാതെ അതേ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്പറേഷന് എന്നീ ഘടകങ്ങള്‍ക്ക് പോയിന്റുകള്‍ ലഭ്യമായതിനാല്‍ വിദ്യാര്‍ഥിയുടെ പ്രദേശത്തിന് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കും.
പ്രവേശന പ്രക്രിയ ദൈര്‍ഘ്യമേറിയതാണ് എന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞവര്‍ഷം ഏകജാലക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ മാസത്തിലാണ് പ്രവേശനപ്രക്രിയ പൂര്‍ത്തിയായത്. ഇത് സര്‍ക്കാരിന് മുമ്പിലുള്ള വെല്ലുവിളിയാണ്. താമസിച്ച് പ്രവേശനം ലഭിക്കുന്ന കുട്ടികളെ സംബന്ധിച്ചും സ്കൂളുകളെ സംബന്ധിച്ചും ഇത് പ്രശ്നം സൃഷ്ടിക്കും. ഈ വര്‍ഷത്തെ പ്രവേശനം ജൂലൈ പതിനഞ്ചോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്നത്. പ്രവേശനത്തിന്റെ കാലദൈര്‍ഘ്യം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തിയേ മതിയാകൂ.
പ്രവേശനപ്രക്രിയ മനസ്സിലാക്കാന്‍ ഇന്റര്‍നെറ്റ് കഫേയില്‍ പോകുന്നത് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികബാധ്യതയുണ്ടാക്കുമെന്ന വാദം ബാലിശമാണ്. വിവിധ സ്കൂളുകളില്‍ ചെന്ന് റാങ്ക്ലിസ്റ്റ് പരിശോധിക്കുന്ന സമയവും ചെലവും പരിഗണിച്ചാല്‍ ഇതുതന്നെ തുലോം കുറവ്. പ്രവേശനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള സംവരണം പാലിക്കപ്പെടുന്നതില്‍ വിജയിക്കുമെന്നതാണ് ഏകജാലക സംവിധാനത്തിന്റെ സവിശേഷത. മെറിറ്റ് സീറ്റില്‍പോലും സംവരണം പാലിക്കാത്ത അവസ്ഥയുണ്ടായിട്ടുള്ളതിനാല്‍ ഇത് ആശ്വാസകരമാണ്. വിദ്യാര്‍ഥികള്‍ക്ക് വെവ്വേറെ സ്കൂളുകളില്‍നിന്ന് അപേക്ഷാഫോറം വാങ്ങേണ്ട സാഹചര്യവും ഒരേ ദിവസം ഇന്ര്വ്യൂവിന് പോകേണ്ട സാഹചര്യവും മുന്‍കാലങ്ങളിലുണ്ടായിരുന്നു. ഇത് പരിഹരിക്കപ്പെടുമെന്നതും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകരമാണ്. പ്രവേശനത്തില്‍ സുതാര്യതയുണ്ടാകുമെന്നതാണ് സംവിധാനത്തിന്റെ മേന്മയായി പറയാവുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവര്‍ നല്കിയ അപേക്ഷ പരിശോധിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും അവസരമുണ്ട്. ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍പോലും ഓപ്ഷന് ഒഴികയുള്ള തിരുത്തലുകള്‍ക്ക് അവസരമുണ്ട്.
നിശ്ചിതസമയത്തിനുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കിയും പ്രവേശനത്തില്‍ സുതാര്യത കൈവെടിയാതെ ശ്രദ്ധിച്ചും പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. പി.ടി.എ സംഭാവന നല്കിയ കുട്ടികളുടെ വിവരവും തുകയും സാമുദായിക ക്വാട്ടയില്‍ പ്രവേശിച്ചവരുടെ ഗ്രേഡ് പോയിന്റുള്‍പ്പെടെയുള്ള വിവരങ്ങളും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ പ്രോസ്പെക്ടസിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മാനേജ്മെന്റുകളും തയാറാവണം. ഏകജാലകം നടപ്പിലാക്കുമ്പോള്‍ തന്നെ മാനേജ്മെന്റ് സീറ്റുകളിലും സാമുദായിക ക്വാട്ടയിലും കോഴയുള്‍പ്പെടെയുള്ള തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കെ വിദ്യാര്‍ഥി സംഘടനകളുടെയും പൊതു സമൂഹത്തിന്റെയും ജാഗ്രത്തായ നിരീക്ഷണം സുതാര്യമായ പ്രവേശനത്തിന് അനിവാര്യമാണ്.
(എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
കടപ്പാട് : മാധ്യമം ദിനപത്രം
കൂടുതല്‍ വായനയ്ക്ക്
ഏകജാലകം സത്യവും മിഥ്യയും - മാധ്യമം ലേഖനം മെയ് 15
ഏകജാലകത്തിന്റെ ശ്വാസംമുട്ടലുകള്‍
ഏകലവ്യരും ഏകജാലകവും
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
1 year ago