Thursday, 15 May 2008

ഏകജാലകം: സത്യവും മിഥ്യയും

(ഏകജാലക പ്രവേശന സംവിധാനത്തെക്കുറിച്ച് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ് മുന്‍ ഡയറക്ടര്‍ വി കാര്‍ത്തികേയന്‍ നായര്‍ മെയ് 15 ന് മാധ്യമം പത്രത്തില്‍ എഴുതിയ ലേഖനം)

ഏകജാലകം: സത്യവും മിഥ്യയും

വി. കാര്‍ത്തികേയന്‍നായര്‍

കഴിഞ്ഞ അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഏകജാലക പ്രവേശനരീതി ഈ വര്‍ഷം കേരളമാകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. അതില്‍ ശക്തിയായി പ്രതിഷേധിച്ച് ചില മാനേജ്മെന്റുകളും, മതസാമുദായിക നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. പ്രതിഷേധക്കാരെക്കാള്‍ വളരെക്കൂടുതലാണ് അനുകൂലിക്കുന്നവര്‍ എന്നതാണ് വാസ്തവം. തിരുവനന്തപുരത്തെ അനുഭവത്തില്‍നിന്നു മനസ്സിലാകുന്നത് ഇത് ഭൂരിപക്ഷത്തിനും ഗുണകരമാണെന്നാണ്.

ഇതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്: വീട്ടില്‍നിന്ന് അകലെ കുട്ടികള്‍ പ്രവേശനംകിട്ടി പോകാന്‍ നിര്‍ബന്ധിതരാകുന്നു, പഠിച്ച സ്കൂളില്‍തന്നെ തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നു, മുന്‍ഗണനാക്രമമനുസരിച്ച് കുട്ടികള്‍ മാറിപ്പോകുന്നതിനാല്‍ അക്കാദമികമായ പ്രയാസങ്ങളുണ്ടാകുന്നു, പ്രവേശനം അനന്തമായി നീളുന്നു, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥി പ്രവേശനം മാനേജര്‍മാരുടെ അവകാശമാണ്്.

എന്താണ് ഏകജാലകം?
ഏകജാലകപ്രവേശനം എന്ന പദപ്രയോഗം തെറ്റിദ്ധാരണക്കിടയാക്കിയിട്ടുണ്ട് എന്നുതോന്നുന്നു. വാസ്തവത്തില്‍ ഇതിന്റെ പേര് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് എന്നാണ്. ഇതിന് തയാറാക്കിയ പ്രോജക്ടിന്റെ പേര് ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോഗ്രാം (എച്ച്.എസ്.സി.എ.പി) എന്നാണ്. പ്രൊഫഷനല്‍ കോഴ്സുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷാകമീഷണര്‍ കേന്ദ്രീകൃത അലോട്ട്മെന്റ് നടത്തുന്നതുപോലെ ഹയര്‍ സെക്കന്‍ഡറി പ്രവേശനവും കേന്ദ്രീകൃതമായി നടത്തുന്നുവെന്നേയുള്ളൂ. ജില്ല കേന്ദ്രീകരിച്ചാണ് പ്രവേശന അലോട്ട്മെന്റ് നടത്തുന്നത്. വിദ്യാര്‍ഥി ഒരു ജില്ലയില്‍ ഒരു അപേക്ഷ കൊടുത്താല്‍ മതി. അറുപത് സ്കൂളോ ബാച്ചോ മുന്‍ഗണനാക്രമമനുസരിച്ച് രേഖപ്പെടുത്താന്‍ അപേക്ഷാഫോറത്തില്‍ വ്യവസ്ഥയുണ്ട്. ഒരു അപേക്ഷക്ക് പത്തുരൂപയാണ് വില. കുട്ടിയുടെ അപേക്ഷ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ പരിശോധിച്ച് അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യമായ സമയം നല്‍കുന്നു.

തിരുത്തു വരുത്തിയശേഷം സ്കൂള്‍ തിരിച്ച് പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കുന്നു. അതോടൊപ്പം ഓരോ കുട്ടിയുടെയും പ്രവേശനസാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കുന്നു. അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഓരോരുത്തര്‍ക്കും എവിടെ എപ്പോള്‍ പ്രവേശനം കിട്ടുമെന്ന് വെബ്സൈറ്റിലൂടെ അറിയാനും പറ്റുന്നു. ഇത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും സൌകര്യപ്രദമാണ്; സുതാര്യമാണ്.

മുന്‍ഗണനാക്രമമനുസരിച്ച് ഇഷ്ടപ്പെട്ട സ്കൂള്‍ കിട്ടുന്നതുവരെ വിദ്യാര്‍ഥിക്ക് സ്കൂള്‍ മാറാന്‍ അവസരമുണ്ട്.

അന്തിമമായി പ്രവേശനം തീരുമാനിക്കുന്ന സമയത്ത് സ്കൂളില്‍ ഫീസടച്ചാല്‍ മതി. ഒരിക്കല്‍ ഫീസടച്ചശേഷം മുന്‍ഗണനാക്രമമനുസരിച്ച് സ്കൂള്‍ മാറുകയാണെങ്കില്‍ പുതിയ സ്കൂളില്‍ ഫീസടക്കേണ്ടതില്ല. മുമ്പ് അടച്ച ഫീസ് വകവെച്ചുകൊടുക്കും. പ്രവേശനം അവസാനിക്കുന്ന സമയത്ത് ഏതെങ്കിലും സ്കൂളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ അവ നികത്തുന്നതിനും ഈ സമ്പ്രദായം അവസരമൊരുക്കുന്നു. പ്രവേശനം ലഭിക്കാത്തവരുടെ നീണ്ടനിര നില്‍ക്കുമ്പോള്‍ മറ്റു ചില സ്ഥലങ്ങളില്‍ ധാരാളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന നിലവിലെ സ്ഥിതിക്ക് പരിഹാരം കാണാന്‍ ഏകജാലക രീതിയിലൂടെ കഴിയുന്നു.

കഴിഞ്ഞ അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ ഏകജാലകപ്രവേശനരീതി വിജയകരമായിരുന്നു. അതിനുമുന്നോടിയായി അധ്യാപകസംഘടനാ പ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്ക് അനുവദിച്ച കമ്യൂണിറ്റി^മാനേജ്മെന്റ് സീറ്റുകള്‍ നികത്താന്‍ അവര്‍ക്കുതന്നെ അധികാരമുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത സീറ്റുകളിലേക്ക് പട്ടികതയാറാക്കുമ്പോള്‍ മാനദണ്ഡം വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എങ്കിലും അത്തരമൊരു പരിശോധന സര്‍ക്കാര്‍ നടത്തിയില്ല.

തിരുവനന്തപുരം ജില്ലയിലെ 177സര്‍ക്കാര്‍^എയ്ഡഡ് സ്കൂളുകളിലെ 23000ല്‍ പരം സീറ്റുകളിലേക്കാണ് കേന്ദ്രീകൃത പ്രവേശനം നടത്തിയത്. ആദ്യ രണ്ട് അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 80 ശതമാനം സീറ്റുകളും നികത്തപ്പെട്ടിരുന്നു. 'സേ' പരീക്ഷാ വിജയികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കി. ഒഴിഞ്ഞുകിടന്ന പട്ടികജാതി ^വര്‍ഗ സീറ്റുകളിലേക്ക് പ്രത്യേകം അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടയില്‍ ഒഴിവുണ്ടായിരുന്ന സീറ്റുകളും പൊതുസീറ്റാക്കിമാറ്റി. അങ്ങനെ അവസാനഘട്ടം അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭിക്കുന്ന സ്ഥിതിവന്നു.

എങ്കിലും ചില തെറ്റുകള്‍ പറയേണ്ടതുണ്ട്. അത് കുട്ടികള്‍ അപേക്ഷ പൂരിപ്പിച്ചപ്പോള്‍ തെറ്റുസംഭവിച്ചതുകൊണ്ടുണ്ടായതാണ്. അപേക്ഷയില്‍ സ്കൂളിലെ പേരിനൊപ്പം കോഡ് നമ്പറും എഴുതണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ശ്രദ്ധക്കുറവുമൂലം കോഡ്നമ്പര്‍ എഴുതിയപ്പോള്‍ തെറ്റുപറ്റി. ഉദാഹരണത്തിന് നെയ്യാറ്റിന്‍കര താലൂക്കിലെ കുളത്തൂര്‍സ്കൂളില്‍ അപേക്ഷകൊടുത്ത കുട്ടിക്ക് തിരുവനന്തപുരം താലൂക്കിലെ അതേപേരുള്ള സ്കൂളിലാണ് പ്രവേശനം കിട്ടിയത്. നമ്പര്‍ എഴുതിയതിലെ തെറ്റാണ്. കൂടുതല്‍ ശ്രദ്ധചെലുത്തിയാല്‍ തെറ്റൊഴിവാക്കാവുന്നതേയുള്ളൂ.

ആക്ഷേപത്തില്‍ കഴമ്പുണ്ടോ?
മറ്റു രംഗങ്ങളിലെന്നപോലെ ഹയര്‍സെക്കന്‍ഡറിയിലും മൂന്നുതരം സ്കൂളുകളാണുള്ളത്^ സര്‍ക്കാര്‍, എയ്ഡഡ്്, അണ്‍എയ്ഡഡ്. അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി^മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ അവശേഷിക്കുന്ന സീറ്റുകളിലേക്കും സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സാമുദായിക സംവരണതത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രവേശനം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത്തരത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അവകാശമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നത് സംസ്ഥാന ഖജനാവില്‍ നിന്നാണ്. അവരെ നിയമിക്കുന്നത് മാനേജര്‍മാരും. ശമ്പളത്തിന് പുറമെ വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കാശും സര്‍ക്കാറില്‍നിന്ന് മാനേജര്‍മാര്‍ പറ്റുന്നുണ്ട്. ഇക്കാരണങ്ങളാലാണ് വിദ്യാര്‍ഥിപ്രവേശനത്തില്‍ യോഗ്യതയും അര്‍ഹതയും അനുസരിച്ച് പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അധികാരം സിദ്ധിക്കുന്നത്. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ ഇടപെടാത്തതിന്റെ കാരണവും അതുതന്നെ.

മാനേജര്‍മാര്‍ക്ക് കുറെ സീറ്റുകള്‍ സംവരണം ചെയ്തുകിട്ടിയതിന് ചരിത്രപരമായ ചില സാഹചര്യങ്ങളുണ്ട്. പിന്നാക്ക^ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളാണെങ്കില്‍ 20 ശതമാനം കമ്യൂണിറ്റി സീറ്റും 20 ശതമാനം മാനേജ്മെന്റുമാണ്. ആ പദവി ഇല്ലാത്ത മാനേജര്‍മാര്‍ നടത്തുന്ന സ്കൂളുകളില്‍ 10 ശതമാനം കമ്യൂണിറ്റി സീറ്റും 20 ശതമാനം മാനേജ്മെന്റ് സീറ്റുമാണ്.

ഈ അനുപാതത്തിലുള്ള വീതംവെപ്പ് ഉണ്ടായത് 1996ല്‍ പ്രീഡിഗ്രി കോളജുകളില്‍നിന്നു വേര്‍പ്പെടുത്തിയതോടെയാണ്. കോളജുകളില്‍നിന്നു പ്രീഡിഗ്രികോഴ്സ്് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റിയത് ദേശീയ വിദ്യാഭ്യാസനയമനുസരിച്ചാണ്. എയ്ഡഡ് കോളജുകളില്‍ നിലനിന്നിരുന്ന പ്രിഡിഗ്രി ബാച്ചുകള്‍ക്ക് തത്തുല്യമായി ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അതേ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. അങ്ങനെ ബാച്ചുകള്‍ അനുവദിച്ചശേഷവും കോളജുകളില്‍ അധ്യാപകന്‍ അധികം വന്നെങ്കില്‍ അവരെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മാറ്റി നിയമിച്ചു. അത്തരത്തിലുള്ള വളരെയധികം അധ്യാപകര്‍ ഇപ്പോഴും സര്‍ക്കാര്‍ സ്കൂളുകളില്‍ തുടരുന്നു.

മാനേജ്മെന്റ്^കമ്യൂണിറ്റി സീറ്റുള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത് പ്രിന്‍സിപ്പല്‍മാരാണ്. സര്‍ക്കാറിന്റെ പ്രതിനിധിയാണ് പ്രിന്‍സിപ്പല്‍. ഏതുസീറ്റിലേക്കായാലും പ്രവേശനത്തില്‍ ക്രമക്കേടുണ്ടായാല്‍ അച്ചടക്കനടപടിക്ക് വിധേയരാവുന്നത് പ്രിന്‍സിപ്പല്‍മാരാണ്. 2006^07 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളില്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ ഒരു വിദ്യാര്‍ഥി എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റയാളാണെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. മാനേജറുടെ ശിപാര്‍ശപ്രകാരം പ്രിന്‍സിപ്പലാണ് പ്രവേശനം നല്‍കിയത്. ക്രമക്കേട് കണ്ടെത്തിയതിനാല്‍ പ്രിന്‍സിപ്പലിനെ സസ്പെന്റുചെയ്തു. അഡ്മിഷന്‍ കമ്മിറ്റിയിലെ അധ്യാപകരോട് വിശദീകരണം ചോദിച്ചു. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നാണോ? മാനേജ്മെന്റ് സീറ്റായാല്‍ തോറ്റ കുട്ടിക്കും പ്രവേശനം കൊടുക്കാമെന്നാണോ? എല്ലാവരും തെറ്റുചെയ്യുന്നുവെന്ന് അര്‍ഥമില്ല. തെറ്റുചെയ്താല്‍ നടപടി എടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടോ എന്ന് മാത്രമേ ചോദിക്കുന്നുള്ളൂ.

ചില മാനേജര്‍മാര്‍ എയ്ഡഡ് ബാച്ചുകള്‍ക്കൊപ്പം അണ്‍എയ്ഡഡ് ബാച്ചുകള്‍ നടത്തുകയും എയ്ഡഡ് അധ്യാപകരെ കൊണ്ട് പഠിപ്പിക്കുകയും ചെയ്യുന്നു.

മുമ്പൊരിക്കല്‍ എയ്ഡഡ് ബാച്ചുകള്‍ നടത്താന്‍ അനുമതി കിട്ടിയത് അന്ന് തുടങ്ങാതെ നാലഞ്ചുവര്‍ഷത്തിനുശേഷം തുടങ്ങുന്നു. അധ്യാപകരെ നിയമിച്ച് അംഗീകാരത്തിനും ശമ്പളത്തിനുമായി ഡയറക്ടറെ സമീപിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. അനുവദിച്ച ബാച്ച് ആ വര്‍ഷം തുടങ്ങിയില്ലെങ്കില്‍ പിന്നീട് തുടങ്ങാന്‍ പ്രത്യേകാനുമതി വേണം.

കുട്ടികള്‍ക്ക് ദൂരസ്ഥലത്ത് പ്രവേശനം കിട്ടിപ്പോയി, പഠിച്ച സ്കൂളില്‍ കിട്ടിയില്ല എന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. നിലവിലുള്ള രീതിയിലും പഠിച്ച സ്കൂളില്‍തന്നെ കിട്ടണമെന്നില്ല. ദൂരെയുള്ള സ്ഥലം കുട്ടി തെരഞ്ഞെടുത്തതാണ്. ആരും അടിച്ചേല്‍പിച്ചതല്ല. പ്രവേശനം അനന്തമായി നീണ്ടില്ല. മറ്റു ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം ക്ലാസ് തുടങ്ങിയത് ജൂലൈ 23ന്. തിരുവനന്തപുരത്ത് ജൂലൈ 29ന്. മറ്റു ജില്ലകളില്‍ പ്രവേശനം അവസാനിപ്പിച്ചത് ആഗസ്റ്റ് 31ന്. തിരുവനന്തപുരത്ത് സെപ്റ്റംബര്‍ ഒമ്പതിന്. മുന്‍ഗണനാക്രമമനുസരിച്ച് കുട്ടികള്‍ക്ക് മാറിപ്പോകാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുന്നത് ശരിയോ? മാനേജര്‍മാരുടെ അവകാശം ലംഘിക്കാന്‍ പാടില്ല; വിദ്യാര്‍ഥിയുടേത് നിഷേധിക്കാം എന്നാണോ?

എന്താണ് മേന്മകള്‍?
മുമ്പ് അപേക്ഷിക്കുന്ന ഓരോ സ്കൂളിലും പത്തുരൂപ വീതം അപേക്ഷഫോറത്തിന്റെ വിലയായി നല്‍കണം. പല മാനേജര്‍മാരും അതിന്റെ പലമടങ്ങ് വാങ്ങിയതായി ആക്ഷേപമുണ്ട്. ഏകജാലക രീതിയില്‍ പത്തുരൂപയുടെ അപേക്ഷയിന്മേല്‍ അറുപതു സ്കൂളുകളില്‍ അപേക്ഷിക്കാം.

ഒരേദിവസം ഒരേസമയത്ത് പലസ്കൂളുകളില്‍ പ്രവേശനത്തിനായി കാത്തുകെട്ടി കിടക്കേണ്ട അവസ്ഥ, തന്മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കം എന്നിവക്ക് അറുതി. എവിടെ പ്രവേശനം കിട്ടുമെന്ന് വീട്ടിലിരുന്ന് അറിയാന്‍ പറ്റും.

യോഗ്യതയും അര്‍ഹതയുമനുസരിച്ച് പ്രവേശനം. സാമ്പത്തികമടക്കമുള്ള മറ്റു പരിഗണനകള്‍ ഇല്ല. സംവരണ തത്ത്വങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നു. മുന്‍ഗണനാക്രമമനുസരിച്ച് ബാച്ചും സ്കൂളും മാറാന്‍ അവസരം. കുട്ടിയുടെ അവകാശം പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നു.

അവകാശവും കടമയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്ന് നിലനില്‍ക്കില്ല.

പൌരന്റെ അവകാശം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അര്‍ഹതയും യോഗ്യതയുമനുസരിച്ച് പ്രവേശനം ലഭിക്കാന്‍ വിദ്യാര്‍ഥിക്ക് അവകാശമുണ്ട്. അത് സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഏകജാലക സംവിധാനത്തിലൂടെ ആ ബാധ്യത സര്‍ക്കാര്‍ നിറവേറ്റുകയാണ്.

(ഹയര്‍സെക്കന്‍ഡറി മുന്‍ഡയറക്ടറാണ് ലേഖകന്‍)
കടപ്പാട്: മാധ്യമം ദിനപത്രം

9 comments:

മാരീചന്‍‍ said...

ഏകജാലക പ്രവേശന സംവിധാനത്തെക്കുറിച്ച് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ് മുന്‍ ഡയറക്ടര്‍ വി കാര്‍ത്തികേയന്‍ നായര്‍ മെയ് 15 ന് മാധ്യമം പത്രത്തില്‍ എഴുതിയ ലേഖനം നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്. പ്രവേശന പദ്ധതിയെക്കുറിച്ച് നികൃഷ്ടമായ പ്രചരണം നിര്‍ബാധം നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

Radheyan said...

ഞാന്‍ ഇത് ഇന്ന് പോസ്റ്റ് ചെയ്തിരുന്നു. ഏകജാലകത്തില്‍ കഴയ്ക്കുന്നവര്‍ എന്ന പേരില്‍ ഈ ലിങ്ക് കൊടുത്തിരുന്നു.

മാരീചന്‍‍ said...

ഒളിയമ്പിലെ ലേഖനത്തില്‍ ലിങ്ക് നല്‍കാനാണ് ഞാനും ആദ്യം ആലോചിച്ചത്. എന്നാല്‍ ആര്‍ക്കൈവ് ആകുന്നതോടെ ആ ലിങ്ക് മാറുമോ എന്ന് നിശ്ചയമില്ലാത്തതിനാല്‍ ലേഖനം പകര്‍ത്തി ഇവിടെ നല്‍കിയതാണ്. ഏകജാലക സംവിധാനത്തെക്കുറിച്ച് വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ ഇനിയും വായിക്കാനായിട്ടില്ല എന്നത് കഷ്ടം തന്നെ.

Radheyan said...

ഒരു അച്ചന്‍ തച്ചിനു ഈ വിഷയങ്ങള്‍ ബ്ലോഗുന്നുണ്ട്.ഒരസല്‍ കാളകൂടം ലൈന്‍

നാടോടിക്കാറ്റില്‍ പവനായിയെ കാണുമ്പോള്‍ ശ്രീനിവാസന്‍ ലാലിനോട് ചോദിച്ച ചോദ്യമാണ് എനിക്ക് ഓര്‍മ്മ വരുന്നത്.

ദാസാ ഇവനേതാ ഈ അലവലാതി.

vasanth said...

ഏകജാലകം സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. മാധ്യമത്തിലെ ലേഖനം പത്രത്തില്‍നിന്നു തന്നെ വായിച്ചിരുന്നു. വളരെ വ്യക്തവും ലളിതവുമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. അത്‌ ഇവിടെ പോസ്റ്റിയതും നന്നായി.

രാധേയന്‍....
നിങ്ങള്‍ പറഞ്ഞ അച്ചനോ അദ്ദേഹത്തിന്റെ സില്‍ബന്തിയോ ആണ്‌ ഞാനെന്ന്‌ തെറ്റിധരിക്കേണ്ട.
സ്വന്തം അഭിപ്രായമോ എതിര്‍വാദമോ ഒക്ക പറയാം. അതിന്‌ അല്‍പ്പം മൂര്‍ച്ച കൂടിയാലും തെറ്റില്ല. പക്ഷെ, അതുകൊണ്ടരിശം തീരാഞ്ഞിട്ട്‌ അലവലാതിയെന്നും ആളുകളെ വിളിക്കുന്നത്‌ അല്‍പ്പം അതിരുകടന്ന ഇടപാടാണ്‌.
വൈദിക വിദ്യാര്‍ഥിയായതുകൊണ്ട്‌ അങ്ങേരെ ബഹുമാനിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ബൂലോകത്തെ മറ്റ്‌ എല്ലാവരെയും പോലെ കരുതാമല്ലോ.
ബ്ലോഗില്‍ ആര്‍ക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
അച്ചന്‍മാര്‍ക്കോ വൈദിക വിദ്യാര്‍ഥികള്‍ക്കോ സ്വാമിമാര്‍ക്കോ ഒക്കെ ബ്ലോഗില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ളതായി എനിക്ക്‌ അറിവില്ല.

പാമരന്‍ said...

നല്ല ലേഖനം. കുറേ സംശയങ്ങള്‍ തീര്‍ന്നുകിട്ടി. മാരീചനു നന്ദി.

Ramachandran said...

മാരീചന്‍
നന്ദി
രാധേയന്‍ പറഞ്ഞതിന്റെ സ്പിരിറ്റിനോടും
വസന്തിന്റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം വേണമെന്ന വാദത്തോടും യോജിക്കുന്നു.
:)
പക്ഷെ ആ ബ്ലോഗില്‍ ഒരു കൌണ്ട് ഡൌണ്‍ മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് മന്ത്രിസ്സഭയിലെ മന്ത്രിമാര്‍ കോമാളികളാണോ മണ്ടന്മാരാണോ എന് സര്‍വെയും നടത്തുന്നുണ്ട്.ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധവിഷമാണ് തന്നെപ്പോലെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ കടപ്പെട്ടവന്‍ പ്രചരിപ്പികുന്നത്.
അതുകൊണ്ട് രാധേയന്‍ പറഞ്ഞതും ന്യായീകരിക്കാം എന്നു തോന്നുനു.

:)

ഈയിടെ എനിക്ക് വക്കാരി പിടിപെട്ടു തുടങ്ങിയോ എന്നു സംശയം.

:)

മാരീചന്‍‍ said...

ആന്‍ഡ്രൂസ് താഴത്തിലാണോ മാര്‍ പവ്വത്തിലാണോ ഏറ്റവും വലിയ വിഡ്ഢിയെന്നൊരു ബദല്‍ പോള്‍ സംഘടിപ്പിച്ച് പരിഹരിക്കാവുന്ന വിഷയമല്ലേയുളളൂ രാമചന്ദ്രാ....

ബഷീര്‍ വെള്ളറക്കാട്‌ said...

അച്ചന്റെ പോസ്റ്റില്‍ ഞാനു കമന്റ്‌ ഇട്ടിരുന്നു.
against his veiw..

ഓരോരുത്തര്‍ക്കും അവരവരുടെതായ അഭിപ്രായം പറയാനും അതിന്റെ ന്യായാന്യായങ്ങള്‍ അവതരിപ്പിക്കാനു അവകാശമുണ്ടായിരിക്കെ.. തന്റെ ആദര്‍ശത്തിനും ആശയത്തിനും രാഷ്ട്രീയത്തിനും ഏതിരായി ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവരെ അടച്ച്‌ ആക്ഷേപിക്കുന്ന പ്രവണത ആര്‍ക്കും നല്ലതല്ല (അച്ചനും )..

ആശയങ്ങള്‍ക്കെതിര്‍ പറയുന്നവരെ യാഥാസ്ഥികനും തീവ്രവാദിയും അലവലാതിയുമായി മുദ്രകുത്തുന്നത്‌ സ്വന്തം വ്യക്തിത്വത്തിനു മങ്ങലേല്‍പിക്കാനേ ഉപകരിക്കൂ..