Monday 1 March 2010

വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........

പ്രിയപ്പെട്ട വെള്ളെഴുത്തിന്,
സാംസ്ക്കാരിക വിമര്‍ശനം പലപ്പോഴും മുരടന്മാരുടെ വിവരക്കേടുകളായി അധപതിക്കുന്നുവെന്ന് പണ്ടെന്നോ കെ പി അപ്പന്‍ നീരീക്ഷിച്ചത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. "കഷ്ടിച്ച് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ ആപ്പീസുകളിലേയ്ക്ക് പറന്ന ഒരിണ്ടാസിനെക്കുറിച്ച്", ഡേവിഡ് ബീഥാമും കെവിൻ ബോയലും ചേര്‍ന്നെഴുതിയ "ജനാധിപത്യം 80 ചോദ്യങ്ങളും ഉത്തരങ്ങളും" എന്ന പുസ്തകത്തെ അധികരിച്ച് "ഉണ്ണിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ കണ്ണടവെച്ച പയ്യന്റെ ചിത്രം" സഹിതം താങ്കള്‍ എഴുതിയ പ്രതികരണം വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് കെ പി അപ്പന്റെ അഭിപ്രായമാണ്. കണ്ണട വെച്ച പയ്യന്‍. വെള്ളെഴുത്ത് എന്ന ബ്ലോഗ്. ചിത്രത്തിന്റെ തെരഞ്ഞെടുപ്പ് കലക്കിയെന്ന് ആമുഖമായി പറഞ്ഞോട്ടെ.

"വരികള്‍ക്കിടയിലിരുന്ന് പല്ലിളിക്കുന്ന ഒരു വടംവലി"യെക്കുറിച്ച് താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥ വരികള്‍ താങ്കള്‍ കണ്ടോ, പല്ലിളിയുടെ തിളക്കത്തില്‍ വരികള്‍ നേരെ ചൊവ്വേ വായിച്ചോ എന്നൊക്കെയുളള സന്ദേഹങ്ങളില്‍ നിന്നുണ്ടായ കൊടുംവ്യഥയാണ് എന്നെക്കൊണ്ട് ഈ തുറന്ന കത്തെഴുതിക്കുന്നത്. തുറന്ന കത്തുകളെഴുതാനുളള വിവേചനാധികാരത്തെക്കുറിച്ച് കിഴക്കോ പടിഞ്ഞാറോ ഉളള ആരെങ്കിലും വല്ല പുസ്തകവും എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഇനി എഴുതിയാല്‍ തന്നെ ഞാനതു വായിച്ചിട്ടുമില്ല. ഇത്തരം എടുത്തുചാട്ടങ്ങളെക്കുറിച്ച് റൂസോ, വോള്‍ട്ടയര്‍, മൊണ്ടെസ്ക്യൂ, ഫൂക്കോ, ദരീദ തുടങ്ങി കാഫ്ക മുതല്‍ സ്ലാവോജ് സിസക് വരെ വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ഗൂഗിള്‍ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതുകൊണ്ടു ഈ അവിവേകം പൊറുക്കണമെന്ന് ആമുഖമായി അപേക്ഷിക്കുന്നു. നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം. താങ്കളുടെ അറിവിലേയ്ക്കും കമന്റെഴുതുന്നവരുടെ പരിഗണനയ്ക്കും വേണ്ടി മേല്‍പടി സര്‍ക്കുലര്‍ അതേപടി ഉദ്ധരിക്കട്ടെ,
കേരള സര്‍ക്കാര്‍
പാര്‍ലമെന്ററികാര്യ (എ) വകുപ്പ്
സര്‍ക്കുലര്‍
നമ്പര്‍ 2248/എ2/09/പാ.കാ.വ തിരുവനന്തപുരം, 2010 ജനുവരി 2

വിഷയം :- സര്‍ക്കാര്‍ ജീവനക്കാര്‍ - പാര്‍ലമെന്‍റ് അംഗങ്ങളോടും നിയമസഭാ സാമാജികരോടുമുളള ഇടപെടല്‍ - ആദരവ് പ്രകടിപ്പിക്കല്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
സൂചന :- 1. 30-06-1975-ലെ 134160/എസ്.ഡി.3/74-പി ഡി നമ്പര്‍ സര്‍ക്കുലര്‍
2. 14-10-1988ലെ 14958/ഉപദേശ.സി3/02-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍
3. 30-05-2002 ലെ 5913/ഉപദേശ.സി3/02-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍
4. 19-2-2005ലെ 14948/ഉപദേശ.സി3/04-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍

നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭാ സാമാജികന്മാരും അംഗീകൃത ജനപ്രതിനിധികള്‍ എന്ന നിലയില്‍ സുപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്. ഭരണഘടനാപരമായി അവര്‍ക്ക് പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ ആരായേണ്ട ആവശ്യം അവര്‍ക്ക് ഉണ്ടാകാം. പാര്‍ലമെന്‍റ് അംഗങ്ങളും നിയമസഭാ സാമാജികരും ഉദ്യോഗസ്ഥന്മാരുമായി കൂടിക്കാഴ്ച നടത്തേണ്ടതായും വരും. ഇതോടനുബന്ധിച്ച് എംപി- എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും തമ്മിലുളള ബന്ധം ക്രമീകരിക്കുന്നതിനായി ഏതാനും അംഗീകൃത തത്ത്വങ്ങളും കീഴ്‍നടപ്പുകളും സൂചന ഒന്നിലെ സര്‍ക്കുലറിലൂടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. മേല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സൂചന 2-ലെയും 3-ലെയും സര്‍ക്കുലര്‍ മുഖേനെ വീണ്ടും പുറപ്പെടുവിച്ചിരുന്നു. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയതിനാല്‍ പാര്‍ലമെന്‍റ് അംഗങ്ങളും സംസ്ഥാന നിയമസഭാ സാമാജികരും സര്‍ക്കാര്‍ ജീവനക്കാരും തമ്മിലുളള ബന്ധത്തെ നിയന്ത്രിക്കേണ്ട തത്ത്വങ്ങളും കീഴ്‍നടപ്പുകളും ആവര്‍ത്തിച്ച് വിശദമാക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍പ്പറഞ്ഞ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുളളവയുള്‍പ്പെടെ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പാര്‍ലമെന്റ് അംഗങ്ങളോടും സംസ്ഥാന നിയമസഭാ സാമാജികരോടും ആദരവ് പ്രകടിപ്പിക്കുകയും അവര്‍ക്ക് പരമാവധി പരിഗണന നല്‍കുകയും ചെയ്യേണ്ടതാണ്. അവരോടുളള പെരുമാറ്റം എപ്പോഴും വളരെ മാന്യമായ രീതിയിലായിരിക്കണം. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികന്മാരും പറയുന്നത് ശ്രദ്ധാപൂര്‍വവും ക്ഷമയോടും കൂടി കേള്‍ക്കേണ്ടതാണ്. അവരുടെ ഭരണഘടനാപരമായിട്ടുളള പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിന് കഴിയുന്നിടത്തോളം സഹായിക്കുക എന്നത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയാണ്. ഒരംഗത്തിന്റെ അഭ്യര്‍ത്ഥനയോ നിര്‍ദ്ദേശമോ ആയി യോജിക്കാന്‍ ഒരുദ്യോഗസ്ഥന് കഴിയാതെ വരുന്ന സന്ദര്‍ഭത്തില്‍ അതിനുളള കാരണങ്ങള്‍ ആദരപൂര്‍വം അംഗത്തിന് വിശദീകരിച്ച് കൊടുക്കേണ്ടതാണ്.

എല്ലാ ഉദ്യോഗസ്ഥരും ഓരോ ദിവസവും ഏതാനും സമയം സന്ദര്‍ശകരെ കാണുന്നതിനായി മാറ്റിവെയ്ക്കേണ്ടതാണ്. ഈ സമയത്തും ഓഫീസ് സമയത്തും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ സാമാജികര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും ഓഫീസില്‍ തന്നെക്കാണാന്‍ വരുമ്പോഴും യാത്രയാക്കുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കേണ്ടതാണ്.

അതുപോലെ പൊതുപരിപാടികളില്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ എല്ലായ്പോഴും വളരെയേറെ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതും ഇക്കാര്യത്തില്‍ യാതൊരു തെറ്റിദ്ധാരണയ്ക്കും ഇടയില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. എംപി-എംഎല്‍എ-മാരുടെ പദവിയെപ്പറ്റി 23-1-1996ലെ 66938-പൊളിറ്റിക്കല്‍-1-95-ജിഎഡി നമ്പര്‍ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പുറപ്പെടുവിച്ച മുന്‍ഗണനാക്രമത്തില്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഉതുപ്രകാരം എംപിമാരെ - ആര്‍ട്ടിക്കിള്‍ 21എ-യിലും എംഎല്‍എമാരെ ആര്‍ട്ടിക്കിള്‍ 21-ബിയിലുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും നിയമസഭാ സാമാജികരില്‍ നിന്നും ലഭിക്കുന്ന കത്തുകള്‍ക്ക് അവ ലഭിച്ചതായുളള അറിയിപ്പുകള്‍ കൃത്യമായും നല്‍കേണ്ടതാണ്. അത്തരത്തിലുളള എല്ലാ കത്തുകള്‍ക്കും ശ്രദ്ധാപൂര്‍വമായ പരിഗണന നല്‍കേണ്ടതും എത്രയും വേഗത്തിലും അനുയോജ്യമായ തലത്തിലും അവയ്ക്ക് മറുപടി നല്‍കേണ്ടതുമാണ്. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും നിയമസഭാ സാമാജികരില്‍ നിന്നും ടെലിഫോണ്‍ മുഖേനെയുളള അന്വേഷണങ്ങള്‍ക്കുളള മറുപടിയും സുവ്യക്തവും ആദരപൂര്‍വവുമായിരിക്കണം. പ്രാദേശിക പ്രാധാന്യമുളള കാര്യങ്ങളുടെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും എംപിമാരും എംഎല്‍എമാരും ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഉടന്‍ ലഭ്യമായിട്ടുളളതും രഹസ്യസ്വഭാവമില്ലാത്തതുമായ വിവരങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതാണ്. സംശയമുളള സംഗതികളില്‍ അഭ്യര്‍ത്ഥന നിരസിക്കുന്നതിന് മുമ്പായി മേലധികാരികളില്‍ നിന്നുളള നിര്‍ദ്ദേശം വാങ്ങിയിരിക്കേണ്ടതാണ്.

നീലാ ഗംഗാധരന്‍
ചീഫ് സെക്രട്ടറി.

ഇതാണ് വെള്ളെഴുത്തില്‍ ആത്മരോഷമുണ്ടാക്കിയ ഇണ്ടാസിന്റെ പൂര്‍ണരൂപം. കഷ്ടിച്ച് ഒരാഴ്ച മുമ്പല്ല, മറിച്ച് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പാണ് ഇതേക്കുറിച്ച് ആദ്യ സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്ന് സൂചന ഒന്ന് തെളിയിക്കുന്നു. അടുത്തുളള വസ്തുക്കളെ നേരെ ചൊവ്വേ ഫോക്കസ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണല്ലോ വെള്ളെഴുത്തുണ്ടാകുന്നത്. "കഷ്ടിച്ച് ഒരാഴ്ച മുമ്പേ" ഇറങ്ങിയ ഇണ്ടാസിലേയ്ക്ക് സര്‍വശക്തിയുമെടുത്ത് ഒന്ന് ഫോക്കസ് ചെയ്തിരുന്നെങ്കില്‍ സൂചന ഒന്നിലെ തീയതി ശ്രദ്ധയില്‍ പെട്ടേനെ. കണ്ണടയാണെങ്കില്‍ ഉണ്ണിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ പയ്യന്റെ മൂക്കിലുമായിപ്പോയി. ഒരൊന്നര ദുര്യോഗമാണിതെന്ന് താങ്കളും സമ്മതിക്കുമെന്ന് കരുതട്ടെ.

വെള്ളെഴുത്ത് പറയുന്നതല്ല സര്‍ക്കുലറിലെ പ്രധാനകാര്യമെന്ന് അത് വായിച്ചാല്‍ ബോധ്യപ്പെടും. സര്‍ക്കുലര്‍ നേരെ ചൊവ്വെ വായിക്കാതെ " ജനാധിപത്യം 80 ചോദ്യോത്തരങ്ങള്‍" മാത്രം വായിച്ച് പ്രതികരിക്കുമ്പോഴും ഈ അബദ്ധം സംഭവിക്കാം. ശരിയാണ്. അംഗീകൃത ജനപ്രതിനിധികളോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചാണ് ഈ സര്‍ക്കുലര്‍ പ്രതിപാദിക്കുന്നത്. അപ്പോള്‍ സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എങ്ങനെയും പെരുമാറാമോ എന്ന ചോദ്യം വരും. അതൊരു വ്യാഖ്യാനം മാത്രമാണ്. "കയ്യും തലയും പുറത്തിടരുത്" എന്നെഴുതിയത് വായിച്ചിട്ട് "ബാക്കിയെല്ലാം പുറത്തിടാമോ" എന്ന് ചോദിക്കുന്നതുപോലൊരു കുസൃതി. സാംസ്ക്കാരിക വിമര്‍ശനം അതിന്മേല്‍പിടിച്ചാകുമ്പോള്‍ കെ പി അപ്പനെ സ്മരിച്ചു പോയാല്‍ കോപിക്കരുത്.

പരാമൃഷ്ട ലേഖനത്തില്‍ സുന്ദരമായ ഒട്ടേറെ വാക്യങ്ങളുണ്ട്. സീനിയോറിറ്റി തെറ്റിക്കാതെ അവ ഓരോന്നായി ഉദ്ധരിക്കാന്‍ സദയം അനുവദിച്ചാലും...

വാക്യം ഒന്ന് - ഭരണവർഗപ്രതിനിധികൾ ‘സാമാന്യ ജനത്തിൽ നിന്നും കൂടിയ പുള്ളികളായതു’കൊണ്ട് അവരോട് പെരുമാറേണ്ട രീതി അടിയന്തിരമായി തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നാർക്കോ തോന്നുകയാണ് പെട്ടെന്ന്.

"പെട്ടെന്ന്" എന്നത് സമയത്തെ സൂചിപ്പിക്കുന്ന മലയാള വാക്കാണ്. നൂറു യോജന എന്നുവെച്ചാല്‍ ഏതുവരെ പോകാമെന്ന് വലിയ തര്‍ക്കം നടക്കുന്ന കാലമായതിനാല്‍ "പെട്ടെന്ന് "എന്ന് വെള്ളെഴുത്ത് കാലം ഗണിക്കുമ്പോള്‍ ആഴ്ചകളെയും മാസങ്ങളെയും വര്‍ഷങ്ങളെയും കുറിച്ചുളള സാമാന്യജനത്തിന്റെ ധാരണകള്‍ തെറ്റിപ്പോകും. "കൂടിയ പുളളി"കള്‍ക്ക് എന്തുമാകാമല്ലോ. ഭരണവര്‍ഗത്തിലായാലും സാഹിത്യസാംസ്ക്കാരിക നിരൂപക വര്‍ഗത്തിലായാലും.

വാക്യം രണ്ട് - പതിവുപോലെ ഇക്കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാവും.

അങ്ങനെ ഉണ്ടാകരുതെന്നോ മറ്റോ റൂസോ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എങ്കിലും ഈയൊരു വാക്യത്തിന്റെ താക്കോല്‍പ്പഴുതിലൂടെ മറ്റേ അഭിപ്രായം എന്തായിരിക്കുമെന്ന് വെള്ളെഴുത്തു തന്നെ നിശ്ചയിക്കുന്നുണ്ട്. പവന് വിലയെത്രയായാലും ഈ ജനാധിപത്യ ബോധത്തില്‍ നമുക്കൊരു സ്വര്‍ണക്കീരിടം ചൂടിക്കേണ്ടതുണ്ട്. വിരുദ്ധമായ അഭിപ്രായമുളളവനെ അതു പറയാന്‍ അനുവദിക്കുകയോ, പറയുന്നതു വരെ കാത്തിരിക്കുകയോ ചെയ്യരുതെന്ന് ജനാധിപത്യത്തെക്കുറിച്ചുളള 80 ചോദ്യോത്തരങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ടാകാം. എതിരഭിപ്രായം ഇതാണെന്ന് നാം തന്നെ നിശ്ചയിച്ചാല്‍ പ്രതികരണം വേഗത്തിലാക്കാം. പ്രതികരണം 40 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന തലക്കെട്ടില്‍ വേണമെങ്കില്‍ പുസ്തകവുമെഴുതാം.

അടുത്തത് - ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നിലവിട്ട് ‘നിങ്ങളും ഞങ്ങളും’ എന്ന വിഭാഗീയതയെ ഔദ്യോഗികതലത്തിൽ സ്ഥിരീകരിക്കുന്ന ഒന്നല്ലേ ഈ ‘എഴുന്നേറ്റു നിൽ‌പ്പ്’ സർക്കുലർ? ജനസേവനത്തിൽ പങ്കാളികളാവേണ്ട രണ്ടു വിഭാഗങ്ങളിലൊന്നിനെ മേലേ കേറ്റി, അവർ തന്നെ അവതരിപ്പിക്കുന്നത് സത്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമല്ല, ആ ഇരുട്ടിൽ തങ്ങൾ മാത്രമേ ഉള്ളൂ എന്ന അധികാരപരമായ ആന്ധ്യത്തിന്റെയും കൂടി തെളിവാണ്.

ആണെങ്കില്‍ ആദ്യം കത്തിയ്ക്കേണ്ടത് ഇന്ത്യയുടെ ഭരണഘടനയാണ്. അവിടെയാണല്ലോ ജനപ്രതിനിധികളുടെ പവര്‍, പ്രിവിലേജസ് ഒക്കെ നിശ്ചയിച്ചിരിക്കുന്നത്. ഭരണഘടനയെഴുതിയവര്‍ റൂസോയുടെ വാക്യങ്ങളും 80 ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ കിട്ടുന്ന ജനാധിപത്യപ്പാക്കേജും കണ്ടിരിക്കാന്‍ വഴിയില്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ എഴുതിവെച്ചത് - In other respects, the powers, privileges and immunities of each House of Parliament, and of the members and the committees of each House, shall be such as may from time to time be defined by Parliament
by law, and, until so defined, 1[shall be those of that House and of its members and committees immediately before the coming into force of section 15 of the Constitution (Forty-fourth Amendment) Act, 1978.] നിയമസഭയുടെ കാര്യത്തിലും ഇതു തന്നെ അവസ്ഥ.

കിടിലം ഡയലോഗ് - എങ്കിലും ജനപ്രതിനിധികൾ സിനിമയിൽ കാണുന്നതുപോലെ മുന്നിൽ വന്നു നിന്ന് ശിക്ഷണാധികാരങ്ങൾ സ്വന്തം ശരീരം ഉപയോഗിച്ച് പ്രയോഗിക്കാൻ തുടങ്ങുന്നത് പുതിയകാലത്തിന്റെ ലക്ഷണമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യം പുതിയ വഴിത്തിരിവിലെത്തുകയാണ്.

"പതിവുപോലെ രണ്ടഭിപ്രായം ഉണ്ടാകാം" എന്ന് ജാമ്യമെടുത്ത ശേഷം മറ്റേ അഭിപ്രായം സ്വന്തം കൈയില്‍ നിന്ന് പറയുന്ന ആ ടെക്നിക്ക് കടമെടുക്കട്ടെ. എംപിയോ എംഎല്‍എയോ മുന്നില്‍ വന്നു നിന്നാല്‍ "പോയി രണ്ടു ദിവസം കഴിഞ്ഞിട്ടു വാ " എന്നോ, "പുറത്തിറങ്ങി നില്‍ക്ക്, ഞാന്‍ വിളിക്കാം" എന്നോ പറയുന്നതിന് വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കും അവകാശമുണ്ടാകുന്ന കാലത്താണ് യഥാര്‍ത്ഥ ജനാധിപത്യം വഴിതിരിഞ്ഞു വരുന്നത്. വല്ല വിഷയത്തിന്മേലും തഹസീല്‍ദാര്‍ക്ക് സ്ഥലം എംഎല്‍എയോ എംപിയോ അയച്ച കത്തോ നിവേദനമോ കിട്ടിയാല്‍ ‍, "നായിന്റെ മോനൊന്നും വേറെ പണിയില്ലേ"യെന്ന് നാലാള്‍ കേള്‍ക്കെയുളള ആത്മഗതത്തോടെ വലിച്ചുകീറിപ്പറത്താന്‍ ടി ഓഫീസിലെ ശിപായിയ്ക്കും ഗുമസ്തനും അവകാശമുണ്ടാകുന്നതാണ് ജനാധിപത്യം. അംഗീകൃത ജനപ്രതിനിധി ഫോണ്‍ ചെയ്താല്‍, "വെച്ചിട്ടു പോടാ പരമപോക്രീ"യെന്ന് അലറി, ഫോണ്‍ നിലത്തെറിയാന്‍ സ്ഥാപനമേലധികാരിക്ക് അവകാശമുണ്ടെന്ന തരത്തില്‍ ഓഫീസ് മാന്വലുകള്‍ തിരുത്തിയെഴുതപ്പെടുന്ന കാലത്താണ് യഥാര്‍ത്ഥ ജനാധിപത്യം മഞ്ചലേറിയെഴുന്നെള്ളുന്നത്.

കിടിലോല്‍ക്കിടിലം - കാരണവരെ കണ്ടാൽ ചെരിപ്പും പുറം കുപ്പായവും ഊരി കാണിക്കേണ്ട കാലത്തിൽ നിന്ന് മാറി ചെരിപ്പുകൾ വീടിനുള്ളിലും ഇടുന്നത് വിപ്ലവമായ ഒരു കാലത്തിൽ നമ്മളെത്തിയിരുന്നു. ഇപ്പോൾ അതു മാറി. ചെരിപ്പുകൾ ഊരി വയ്ക്കുക എന്നതാണ് മിക്ക സ്ഥലങ്ങളിലേയും ചുവരെഴുത്ത്.

ചെരുപ്പ് ഊരിവെച്ച് ഓഫീസിനകത്തേയ്ക്ക് കയറണമെന്ന കീഴ്വഴക്കം നിലവിലുണ്ടായിരുന്നത് അത്ര പഴയതല്ലാത്ത ഒരു ഭൂതകാലത്തിലാണ്. ശിപായിമാര്‍ മേലധികാരികളുടെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ ചെരുപ്പ് പുറത്തിട്ട്, മേല്‍മുണ്ടഴിച്ച് അരയില്‍ കെട്ടി കുനിഞ്ഞു നില്‍ക്കണമെന്ന കീഴ്‍വഴക്കം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ സംഘടിത ചെറുത്തുനില്‍പ്പില്‍ തിരുത്തപ്പെട്ടത് പഴമക്കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും.

ജോര്‍ വെള്ളെഴുത്തേ ജോര്‍... ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽ‌പ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു. എത്രത്തോളം അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമൂഹത്തിൽ നമുക്കുള്ള സ്വീകാര്യത.

ജനാധിപത്യത്തെക്കുറിച്ച്, ജനപ്രതിനിധികളെക്കുറിച്ചുളള ആന്ധ്യവും വ്യാധിയുമൊക്കെ വെള്ളെഴുത്തിങ്ങനെ നിര്‍ബാധം കുത്തിയിലൊലിപ്പിക്കുമ്പോള്‍ ജനാധിപത്യമെന്ന സങ്കല്‍പത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ ഉളളിലെ യഥാര്‍ത്ഥ ജനാധിപത്യ ബോധമെന്ത് എന്ന സുപ്രധാന ചോദ്യം ചോദിക്കാതെ വയ്യ. പാര്‍ലമെന്റിനും ജനപ്രതിനിധികള്‍ക്കും സവിശേഷമായ അധികാരം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്, ജനഹിതത്തിന്മേലുളള ആദരവെന്ന നിലയിലാണ്. ഒരെംപിയ്ക്കോ എംഎല്‍എയ്ക്കോ മുന്നില്‍ എഴുനേറ്റ് നില്‍ക്കുമ്പോള്‍ അയാള്‍ പ്രതിനിധീകരിക്കുന്ന പരശതം ജനങ്ങളെയാണ് താന്‍ ആദരിക്കുന്നതെന്ന ജനാധിപത്യബോധം സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടാകണം എന്നാണ് നീലാ ഗംഗാധരന്റെ സര്‍ക്കുലര്‍ വായിക്കുന്ന (റൂസോ മുതല്‍ ഡേവിഡ് ബീഥാം- കെവിൻ ബോയൽ വരെയുളളവരെ കമ്പോട് കമ്പ് വായിക്കാത്ത)വര്‍ക്ക് തോന്നുക. ജനപ്രതിനിധിയെ മാനിക്കരുതെന്ന കല്‍പനയിലൂടെ പുറത്തുവരുന്നത് ജനാധിപത്യത്തെ ഹിംസിക്കണമെന്ന പ്രത്യയശാസ്ത്രമാണ്.

വെള്ളെഴുത്തേ,

ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനോട് താങ്കള്‍ നടത്തിയ പ്രതികരണം ബാലിശവും ചരിത്രവിരുദ്ധവുമായ വെറും ജല്‍പനമാണെന്ന് ഖേദപൂര്‍വം പറയട്ടെ. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും മുന്‍വിധികളും ആത്മനിഷ്ഠമായ വിധിയെഴുത്തും അതീവ കൗശലത്തോടെ ഉപയോഗിച്ച് താങ്കള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പൊതുബോധ്യം ഭയാനകമാണ്. ശാസനകളെ പുല്ലുപോലെ ധിക്കരിക്കാനുളള സ്ക്കൂള്‍ക്കുട്ടികളുടെ ആത്മധൈര്യത്തില്‍ വിശ്വാസമുളളതു കൊണ്ട് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ഭയക്കേണ്ടതില്ല. എന്നാല്‍ റൂസോ മുതല്‍ ഡേവിഡ് ബീഥാം വരെയുളളവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ..

ഒരുപാട് ഭയത്തോടെ,
മാരീചന്‍