Friday, 28 March 2008

നെല്‍കൃഷി, പെരുമഴ, കുട്ടനാട്, പിന്നെ ജോജുവും

അടുത്തിടെ വായിച്ചതില്‍ ഏറ്റവും നല്ലൊരു ബ്ലോഗ് രചനയായിരുന്നു ജോജുവിന്റെ വാനം നോക്കികളും കേരള രാഷ്ട്രീയവും എന്ന പോസ്റ്റ്. വിശദമായ ഒരു കമന്റ് ജോജുവിന്റെ പോസ്റ്റില്‍ ചാര്‍ത്തണമെന്ന് കരുതിയെങ്കിലും നടന്നില്ല.

നല്ലൊരു രചനയെന്നൊരഭിനന്ദനം എഴുതിത്തൂക്കിയിട്ട് സ്ഥലം വിട്ടു. പിന്നെ ഒരഞ്ചാറു ദിവസം കഴി‍ഞ്ഞാണ് സംഗതി എന്തായെന്ന് നോക്കുന്നത്. നോക്കിയപ്പോഴോ. രാമചന്ദ്രനും ജോജുവും സാജനും മത്തായിയുമൊക്കെ അണി നിരന്ന് പൊരിഞ്ഞ അടി. അതിനിടയില്‍ ജോജുവിന്റെ വക ഒരു കുനുഷ്ടു ചോദ്യവും.

രാമചന്ദ്രാ,

വെറുതെ ഒരു സംശയം ചോദിച്ചോട്ടെ, വിശദമായ കമന്റിടാമെന്നു പറഞ്ഞു പോയ മാരീചനാണോ ഈ വേഷം മാറി വന്ന രാമചന്ദ്രന്‍??!!

അവനല്ലിവനെന്ന് രാമചന്ദ്രന്‍ വെളിപ്പെടുത്തിയതോടെ ആ പ്രശ്നം അവിടെ തീര്‍ന്നു.

പറഞ്ഞു വന്നത്, ജോജുവിന്റെ ലേഖനത്തിന്റെ ഉന്നമാണ്. വിഷയം കുട്ടനാടും നെല്‍കൃഷിയുമാകുമ്പോള്‍ പ്രതിസ്ഥാനത്ത് കെഎസ്‍കെടിയുവിനും സിപിഎമ്മിനും വരാതെ വയ്യ. ഈ കുറിപ്പിന്റെ ഉദ്ദേശം കെഎസ്‍കെടിയുവോ സിപിഎമ്മോ അല്ല. എന്നാല്‍ കെഎസ്‍കെടിയുക്കാരും സിപിഎമ്മുകാരും ഈ പോസ്റ്റൊന്നു വായിക്കുന്നതു കൊണ്ട് കുഴപ്പമൊന്നും വരികയുമില്ല.

കണ്ണും കാതും തുറന്നു പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് ഈ ലേഖനം വായിച്ചാല്‍ നമുക്ക് പിടികിട്ടും. സര്‍ക്കാരും കൃഷി വകുപ്പും അതുമായി ബന്ധപ്പെട്ട മറ്റനേകം ഏര്‍പ്പാടുകളും ചെയ്യേണ്ടതു പലതും ചെയ്യുന്നില്ലെന്നും അരുതാത്തത് പലതും ചെയ്യുന്നുണ്ടെന്നും നമുക്കൊരു പുതിയ അറിവല്ല.

എന്നാല്‍ ആ അറിവിന്റെ പേരില്‍ പരസ്പരം കലഹിച്ചതു കൊണ്ടോ കുറ്റപ്പെടുത്തിയതു കൊണ്ടോ ഒന്നും മാറാനും പോകുന്നില്ല. വേണ്ടത് ഒരു പുതിയ സംസ്ക്കാരവും പ്രവര്‍ത്തന രീതിയുമാണ്.

കുട്ടനാട്ടിലെ കെഎസ്‍കെടിയു നേതാവ്, കാലാവസ്ഥയുടെ ചതികളെക്കുറിച്ചും ബോധവാനായിരിക്കേണ്ടേ? സാമ്രാജ്യത്വത്തിന്റെയും ആഗോളീകരണത്തിന്റെയും കടന്നാക്രമണങ്ങളെ സഖാവ് ഒരുവിധത്തില്‍ ചെറുത്തു വരുന്നതിനിടയില്‍ കാലാവസ്ഥയുടെ കാര്യം കൂടി നോക്കാനാകുമോ ചേട്ടാ എന്നു ചോദിക്കരുത്. പുതിയ പോരാട്ടങ്ങളിലും സമരമുഖങ്ങളിലും അറിവാണ് ഏറ്റവും വലിയ ആയുധം. വാരിക്കുന്തവും വടിവാളുമല്ല.

കം ടു ദി പോയിന്റ്. കുട്ടനാട്ടിലെ പാടശേഖരന്മാരുടെ ഉടയോന്മാരെ കെഎസ്‍കെടിയു നേതാവ് ഇപ്രകാരം അഭിസംബോധന ചെയ്യുന്നുവെന്ന് വെയ്ക്കുക. മാര്‍ച്ച് 10നും 15നും ഇടയ്ക്കാണ് ഈ കലാപരിപാടി നടന്നതെന്നും വെയ്ക്കുക.

"പ്രിയപ്പെട്ട പാടമുടമേ, തമിഴ്‍നാട്ടില്‍ നിന്ന് മഴ പതിയെ നമ്മുടെ നാട്ടിലേയ്ക്ക് വരികയാണ്. സംഗതി ഇക്കുറി അല്‍പം പ്രശ്നമാകുന്ന ചേലാണ്. പാടം കൊയ്യാതിരുന്നാല്‍ കനത്ത മഴയത്ത് കൃഷി നാശമാണ് ഫലം. അടിയന്തരമായി കൊയ്യണമല്ലോ".

പാടശേഖര സമിതിയുടെ തീര്‍പ്പനുസരിച്ച് തൊഴിലാളികള്‍ ഉളളയിടത്ത് തൊഴിലാളികളും അതില്ലാത്തടത്ത് യന്ത്രങ്ങളും കൊയ്ത്തിനിറങ്ങുമല്ലോ. വേണ്ടത്ര തൊഴിലാളികള്‍ ഇല്ലെന്നാണ് പരാതി. വരുന്ന മഴയെക്കരുതി വിള കൊയ്യല്‍ കേന്ദ്രീകൃതമായി ആസൂത്രണം ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടില്ലേ. പല ഘട്ടങ്ങളില്‍ കൊയ്ത്തു നടക്കുമ്പോഴാണല്ലോ തൊഴിലാളികള്‍ പ്രശ്നമുണ്ടാക്കാന്‍ വരിക.

തൊഴിലാളികള്‍ക്ക് പണിയില്ലാതിരിക്കുകയും യന്ത്രങ്ങള്‍ കൊയ്ത്തു നടത്തുകയും ചെയ്യുന്ന കലാപരിപാടിയാണ് അറിഞ്ഞിടത്തോളം കുട്ടനാട്ടിലെ പ്രശ്നം. വേണ്ടത്ര കൊയ്ത്തുകാരില്ലെന്ന് പരാതിയുമുണ്ട്. അപ്പോള്‍ കൊയ്യല്‍ ഒരേ കാലത്ത് നന്നാലോ.

"ഇന്ന് ഞങ്ങള്‍ക്ക് മറ്റേപ്പാടം കൊയ്യാനുണ്ട് . നിങ്ങള്‍ യന്ത്രത്തെ വിളിക്കൂ" എന്ന് തൊഴിലാളി തന്നെ പറയില്ലേ. "ഇന്നവിടെ, നാളെയിവിടെ" എന്നു പറഞ്ഞാല്‍ തമിഴ്‍നാടില്‍ നിന്നൊരു കൊടും മഴ തിരിച്ചിട്ടുണ്ട് എന്നാണല്ലോ നിങ്ങളുടെ നേതാവ് പറഞ്ഞത് എന്ന് തിരിച്ചു ചോദിച്ചു കൂടെ?

അതിനുളള സാധ്യതയല്ലേ ഇല്ലാതായത്? എല്ലാവരെയും അറിയിച്ചാണ് മഴ വന്നത്. കോടികളുടെ മുടക്കുമുതലില്‍ ആകാശത്ത് കറങ്ങിക്കളിക്കുന്ന ഉപഗ്രഹന്മാരുടെ കണ്ണു വെട്ടിച്ച് ഒരു മഴത്തുളളി പോലും താഴെ വീഴില്ല. പിന്നെയല്ലേ പേമാരിയും ചുഴലിക്കാറ്റും. അപ്പോള്‍ മഴ ചതിച്ചു എന്ന വാദം പ്രഥമദൃഷ്ട്യാ തന്നെ തള്ളേണ്ടി വരും.

മഴ വരുന്നു എന്ന് പറയേണ്ടവര്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും എന്തെടുക്കുകയായിരുന്നു എന്നത് പ്രസക്തമായ ചോദ്യമല്ലേ? ആ ചോദ്യമാണ് ജോജു ചോദിച്ചത്. ഇനിയെങ്കിലും മഴ വരുമ്പോള്‍ ഇങ്ങനെയിരുന്നാല്‍ പോര എന്നാണ് ഏറ്റവും ലളിതമായി വിവരിച്ചാല്‍ വാനം നോക്കികളും കുറെ രാഷ്ട്രീയക്കാരും എന്ന പോസ്റ്റിന്റെ കാമ്പ്.

പഴയ കമ്പ്യൂട്ടര്‍ സമരവും ട്രാക്ടര്‍ സമരവുമൊക്കെ ക്ഷീരബലപോലെ ആവര്‍ത്തിച്ചാല്‍ എന്തുളളൂ നേട്ടം. വീണിട്ടല്ലേ നടക്കാന്‍ പഠിക്കുന്നത്? പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഒരു സ്വഭാവം, ഭരിക്കാന്‍ കയറുമ്പോല്‍ വേറൊരു സ്വഭാവം എന്ന രീതി സിപിഎമ്മിന് മാത്രമാണോ സ്വന്തം?

കുട്ടനാട്ടില്‍ കുറച്ച് കര്‍ഷകത്തൊഴിലാളികള്‍ അവശേഷിക്കുന്നുണ്ട്. അവര്‍ക്ക് പണി ഉറപ്പാക്കുക എന്നത് കെഎസ്‍‍കെടിയുവിന്റെ കടമയാണ്. ആ തൊഴിലാളികളും തീര്‍ന്നു കിട്ടിയാല്‍ പിന്നെ സംഘടന പിരിച്ചു വിടേണ്ടി വരും എന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

തൊഴിലാളികളും മനുഷ്യരാണ്. കൃഷി ചെയ്യുന്നവരും മനുഷ്യരാണ്. സംഘടനാ നേതാക്കളും അവരെ എതിര്‍ക്കുന്നവരും മനുഷ്യരാണ്. അവരുടെ ഈഗോയും വെല്ലുവിളിയും കാരണം നശിച്ചു പോയത് എത്രയോ ആമാശയങ്ങളെ സ്വപ്നം കണ്ട് വളര്‍ന്ന് വിളഞ്ഞ നെല്‍മണികളും.

അതിന്റെ ആവശ്യമെന്ത്? വിളഞ്ഞ നെല്ല് നശിക്കാതെ കൊയ്യുക എന്നത് ഒരു ലക്ഷ്യമാകണം. മുതലാളിക്കും, തൊഴിലാളിക്കും, നേതാവിനും എതിരാളിക്കും. കാരണം ആ നെല്ലില്‍ നിന്നാണ് ഇവരുടെയൊക്കെ എല്ലാ തരവഴിക്കുമുളള ഊര്‍ജം കിട്ടേണ്ടത്.

അതിനാല്‍ കുട്ടനാട്ടിലെന്നല്ല, എവിടെയുമുളള കര്‍ഷക, കര്‍ഷകത്തൊഴിലാളി നേതാക്കള്‍ കാലാവസ്ഥയെക്കുറിച്ച് കൃത്യമായ ബോധമുളളവരാകട്ടെ. കുഴഞ്ഞു പോയ പ്രശ്നങ്ങളെ വീണ്ടും ചവിട്ടിക്കുഴച്ച് വൃത്തികേടാക്കുന്നവന്‍ മാത്രമല്ല, നേതാവ്. അവന്‍ മുന്നറിയിപ്പ് നല്‍കുന്നവനുമാകണം.

അങ്ങനെ ചെയ്യാന്‍ കഴിയുന്നവനെ നാട് ബഹുമാനിക്കും, രാഷ്ട്രീയ ഭേദമെന്യെ. വാനം നോക്കികളും കുറെ രാഷ്ട്രീയക്കാരും എന്ന പോസ്റ്റ് ചടുലമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്കുളള കൈചൂണ്ടിയാകട്ടെ!

Friday, 14 March 2008

കണ്ണൂര്‍ സംഭവങ്ങളെക്കുറിച്ച്

കണ്ണൂരിലെ പൈശാചികമായ കൊലയുത്സവത്തെക്കുറിച്ചുളള ലേഖനങ്ങളുടെ ലിങ്കുകള്‍.

തലശ്ശേരിയിലെ ഗോവും ശ്വാവും ഗോവിന്ദനും - നിത്യായനം, നിത്യന്‍

ചെന്നായ്ക്കള്‍ ചെന്നായ്ക്കള്‍ അഥവാ പട്ടിണിമരണം
- സെബിന്‍ എബ്രഹാം ജേക്കബ്, ഇളംതിണ്ണ

രക്തം കൊണ്ടെഴുതുന്ന രാഷ്ട്രീയ ചിത്രങ്ങള്‍ - നമത് വാഴ്വും കാലം

കണ്ണൂര്‍ കലാപം , യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്
- നകുലന്‍, മാധ്യമ സിന്‍ഡിക്കേറ്റ്

വില്‍ക്കാനുണ്ട് ഒരു ജില്ല - രാജീവ് ചേലനാട്ട്

കൊല്ലുന്നതിനും വേണം ഒരന്തസ് - ഒളിയമ്പുകള്‍, മാരീചന്‍