വിശുദ്ധ പശുക്കളുടെ അകിടും തേടി എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ മാരീചനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കുളള മറുപടിയാണ് ഇത്.. (ഒന്നാം ഭാഗം)
1. ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും
എന്‍ പി ആറിന്റെ ലേഖനത്തില്‍ നിന്ന്...........മാതൃഭൂമിക്കാര്‍ ഉണ്ടാക്കിയ ഒച്ചയും ബഹളവും കേട്ട് പേടിച്ചുപോയതല്ല ടൈംസ് ഓഫ് ഇന്ത്യ. ഓഹരിക്കൈമാറ്റം മാതൃഭുമി ജനറല്‍ബോഡി അംഗീകരിച്ചാലേ രജിസ്റ്ററില്‍ രേഖപ്പെടുത്തൂ എന്ന് കമ്പനിയുടെ ആര്‍ട്ടിക്ക്‌ള്‍ ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തിയതുകൊണ്ടാണ് വില്‌പന നടക്കാതെ പോയത്. അതിന് ബഹളമുണ്ടാക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല.
വില്‍പന നടന്നില്ല എന്ന് പറയുന്നത് ശരിയാണോ? നാലപ്പാടിന്റെ ഓഹരികള്‍ ടൈംസ് ഓഫ് ഇന്ത്യ വാങ്ങി. ആ ഓഹരി എം വി ശ്രേയാംസ് കുമാറിന്റെ പേരിലേയ്ക്ക് തിരികെ വാങ്ങിയത് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്നു തന്നെയാണ്. നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വിറ്റ ഓഹരികള്‍ മുഴുവനായും മാതൃഭൂമിയിലെ ഒരു ഗ്രൂപ്പിന്റെ കൈവശമാണ് എത്തിയത്.
2. മാതൃഭൂമിക്കെതിരായ കോഴിക്കോട്ടെ ഒരു മാനനഷ്ടക്കേസ്സിന്റെ വിധി മാരീചന്‍ വിസ്‌തരിക്കുന്നുണ്ട്. സറ്റാഫും അല്ലാത്തതുമായ നൂറുകണക്കിന് ലേഖകരുള്ള സ്ഥാപനമാണ് മാതൃഭൂമി. ചിലപ്പോഴെല്ലാം മാനനഷ്ടക്കേസ്സുകളില്‍ ശിക്ഷിക്കപ്പെടുമെന്നത് പത്രപ്രവര്‍ത്തനത്തിലെ ഒരു പ്രൊഫഷണല്‍ റിസ്‌കാണ്.
ഒരു പത്രപ്രവര്‍ത്തകന് തന്റെ തൊഴിലിനിടെ സംഭവിച്ച അബദ്ധമല്ല, പഥികന്റെ റിപ്പോര്‍ട്ട്..
ഒരാളെ അപമാനിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ചമച്ചതാണ് അത്. പത്രമുടമയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് ദേശാഭിമാനി തന്നെ പറയട്ടെ..
2007 ജൂലൈ 16ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരമ്പരയിലെ ഭാഗം വായനക്കാര്‍ക്കു വേണ്ടി അപ്പാടെ പ്രസിദ്ധീകരിക്കുന്നു.
നഗരമാതാവിനെ അവഹേളിച്ചു; മാപ്പിരന്ന് തടിതപ്പി
"കാമമെന്നാല്‍ സംസ്കൃതത്തില്‍ മാമ്പഴം എന്നും അര്‍ഥമുണ്ട് യുവര്‍ ഓണര്‍''- കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് മുമ്പാകെ 2002ല്‍ ഒരഭിഭാഷകന്‍ ഉയര്‍ത്തിയ വാദമാണിത്. കോടതിമുറിയില്‍ ചിരി പടര്‍ന്നു. മജിസ്ട്രേട്ടിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല.
മാനനഷ്ടക്കേസില്‍ മാതൃഭൂമിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് കാമത്തിന്റെ അര്‍ഥം ചികഞ്ഞ് കോടതിയില്‍ പരിഹാസ്യനായത്. വിചാരണയ്ക്കൊടുവില്‍ മജിസ്ട്രേട്ട് രമേഷ്ഭായ് മാതൃഭൂമി പത്രാധിപരെയും പ്രിന്റര്‍ ആന്‍ഡ് പബ്ളിഷറെയും ആറുമാസം തടവിനു ശിക്ഷിച്ചു. വിധിയില്‍ കോടതി ഇങ്ങനെ പരാമര്‍ശിച്ചു: "ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദിനപത്രമാണെങ്കിലും ഇന്ന് അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വളരെ മോശമായാണ് പംക്തിയില്‍ കാര്യങ്ങള്‍ പറഞ്ഞത്.''
കോഴിക്കോട് മേയറായിരുന്ന എ കെ പ്രേമജമാണ് മാതൃഭൂമിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. 'മാതൃസങ്കല്‍പ്പം ഇങ്ങിനെ' എന്ന തലക്കെട്ടില്‍ 1998 ഏപ്രില്‍ 12ന് പത്രത്തില്‍ വന്ന മഞ്ഞയെഴുത്തില്‍ മനംനൊന്താണ് പ്രേമജം കോടതിയിലെത്തിയത്. 'മാനാഞ്ചിറയ്ക്കു ചുറ്റും' എന്ന പംക്തിയില്‍ 'പഥികന്‍' എന്ന തൂലികാനാമക്കാരനാണ് നഗരമാതാവും പാര്‍ലമെന്റംഗവുമായിരുന്ന സ്ത്രീയെ അതിഹീനമായി ആക്രമിച്ചത്.
പഥികന്റെ പ്രകോപനത്തിന് കാരണമെന്തായിരുന്നുവെന്നോ. മാതൃഭൂമിയുടെ ഭൂമികൈയേറ്റം മേയര്‍ എന്ന നിലയില്‍ പ്രേമജം തടഞ്ഞുവെന്നത്. കോഴിക്കോട് മിനി ബൈപാസ് റോഡില്‍ മിംസ് ആശുപത്രിക്കടുത്ത് മാതൃഭൂമിക്കു സ്ഥലമുണ്ട്. ഇതിനടുത്ത് പരിസരവാസികളുടെ ആശ്രയമായ എരവത്തുകുന്ന് തോട് മതില്‍കെട്ടി സ്വന്തം വളപ്പിലാക്കാന്‍ മാതൃഭൂമി ശ്രമിച്ചു. നാട്ടുകാര്‍ പ്രക്ഷോഭമുണ്ടാക്കി. സ്ഥലം വാര്‍ഡ് കൌണ്‍സിലര്‍കൂടിയായ മേയര്‍ വന്ന് മതില്‍കെട്ടല്‍ തടഞ്ഞു.
സ്ഥലത്തിന് ചുറ്റുമതില്‍ കെട്ടാന്‍ മാതൃഭൂമി കോര്‍പറേഷനോട് അനുമതി ചോദിച്ചിരുന്നു. അനുമതി ലഭിക്കുംമുമ്പാണ് പ്രകൃതിദത്ത ജലസ്രോതസ്സ് സ്വന്തമാക്കാന്‍ ഒന്ന് തുനിഞ്ഞുനോക്കിയത്. പക്ഷേ പാളിപ്പോയി.
ഇതിന് മേയറോടുള്ള ക്ഷോഭം പത്രാധിപ പഥികന്‍ തീര്‍ത്തത് തെറിയെഴുത്തിലൂടെയായിരുന്നു. മാതൃസങ്കല്‍പ്പത്തെക്കുറിച്ച് മാതൃഭൂമി അടിച്ച പിതൃശൂന്യമായ എഴുത്ത് ഇവിടെ ഉദ്ധരിക്കാന്‍ പ്രയാസം. ദേശീയപത്രത്തിന്റെ പത്രാധിപര്‍ക്ക് ആറുമാസം തടവുശിക്ഷ വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ച കാമമെഴുത്ത്.
വിധിക്കെതിരെ മാതൃഭൂമി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കി. ആന്റണി ഭരണത്തില്‍ അഡ്വക്കറ്റ് ജനറലായ പ്രമുഖ ക്രിമിനല്‍ വക്കീലാണ് പത്രത്തിനുവേണ്ടി ജില്ലാ കോടതിയില്‍ വാദിച്ചത്. എന്നിട്ടും കേസ് തോല്‍ക്കുമെന്ന സ്ഥിതിയായി. വാദമുഖങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. കാമത്തിന് പുതിയ അര്‍ഥം തിരഞ്ഞിട്ടും കാര്യമില്ലെന്നായി. ജയിലിലേക്കുള്ള വഴി തുറന്നുതന്നെ കിടന്നു.
ബേജാറായ പത്രാധിപരും മുതലാളിയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ എ കെ പ്രേമജത്തോട് താണുകേണപേക്ഷിച്ചു. കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച ടീച്ചര്‍ക്ക് ആരെയും ദ്രോഹിക്കണമെന്നില്ലായിരുന്നു. പത്രപ്രവര്‍ത്തനത്തിലെ മര്യാദകേട് ജനങ്ങളെ അറിയിക്കണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ.
ഒന്നാംപേജില്‍ ഖേദം പ്രകടിപ്പിച്ച് കുറിപ്പ് നല്‍കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. 2004 ഡിസംബര്‍ മൂന്നിന് പത്രം ഖേദം പ്രകടിപ്പിച്ച് ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചു. ഒരു എഡിഷനിലല്ല, 58 എഡിഷനുകളില്‍. ഈ 58 എഡിഷനുകളുടെയും കോപ്പി കോടതിയില്‍ സമര്‍പ്പിച്ച് നിര്‍വ്യാജം മാപ്പപേക്ഷിച്ചു. മാപ്പപേക്ഷ പരിഗണിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മാതൃഭൂമി പത്രാധിപരെയും പ്രിന്റര്‍ ആന്‍ഡ് പബ്ളിഷറെയും വെറുതെവിട്ടു.
2004 ഡിസംബര്‍ മൂന്നിന്റെ മാതൃഭൂമി പത്രത്തില്‍ ഇങ്ങനെ കാണാം. "ഖേദപ്രകടനം- മാതൃഭൂമി ദിനപത്രത്തില്‍ മാതൃസങ്കല്‍പ്പം ഇങ്ങിനെയും എന്ന തലക്കെട്ടില്‍ മാനാഞ്ചിറയ്ക്കു ചുറ്റും എന്ന പംക്തിയില്‍ 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായിരുന്ന പ്രൊഫ. എ കെ പ്രേമജത്തെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകള്‍ക്കു നിരക്കാത്തതും അവര്‍ക്ക് അപകീര്‍ത്തികരവുമായതിനാല്‍ അത് പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു -പത്രാധിപര്‍.''
"കൈയില്‍ കാശും പത്രവുമുണ്ടെങ്കില്‍ എന്തുമാവാമെന്ന പരാക്രമം സ്ത്രീകളോട് വേണ്ട''-പ്രേമജം ദേശാഭിമാനിയോട് പറഞ്ഞു.
മാരീചന്റെ ലേഖനത്തിലുളളതിന്റെ ആയിരത്തിലൊന്ന് അപകീര്‍ത്തിയില്ലെന്ന് എന്‍ പി രാജേന്ദ്രന്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഈ ലേഖനം പരാമര്‍ശിക്കുന്നത്. എന്‍ കെ പ്രേമജത്തിന്റെ അനുമതിയുണ്ടെങ്കില്‍ മാതൃഭൂമിയുടെ അന്നത്തെ ലേഖനവും ഇവിടെ പ്രസിദ്ധീകരിക്കാം. വായനക്കാര്‍ക്ക് തീരുമാനിക്കാം, ഏതിലാണ് അപകീര്‍ത്തിയുടെ തോത് കൂടുതലെന്ന്..
3. ഇതിനോട് ചേര്‍ത്തു വെച്ച് മറുപടി പറയേണ്ട മറ്റൊരു പരാമര്‍ശമുണ്ട് എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍..
ലേഖകന്‍ ഇങ്ങനെ പറയുന്നു.......മിക്ക ബ്‌ളോഗര്‍മാര്‍ക്കും പക്ഷേ അത്തരമൊരു പ്രശ്‌നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത് മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്‍!...
ഇഷ്ടമില്ലാത്ത അഭിപ്രായങ്ങളും കമന്റുകളും എഴുതുന്ന ബ്ലോഗര്‍മാരെ തന്തയില്ലാത്തവരെന്ന് മുദ്രകുത്തിയാല്‍ കിട്ടുന്ന മാനസിക സംതൃപ്തിയില്‍ പരാതിയൊന്നുമില്ല, സാര്‍. അങ്ങ് പറഞ്ഞതു പോലെ പലര്‍ക്കും പല സംസ്ക്കാരം. (ബ്ലോഗ് ഐഡി തുടങ്ങാന്‍ പാസ്‍പോര്‍ട്ടും റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊന്നും വേണ്ട. അതിന്റെ സാങ്കേതികതയെയും നിയമവശത്തെയും കുറിച്ച് പിന്നീട്..)
കാലുഷ്യത്തിന്റെ വിഷം പുരണ്ട മേല്‍ വരികള്‍ പല്ലിളിക്കുന്നത് പക്ഷേ, മാരീചനെ നോക്കിയല്ല. പിന്നെയോ...
ആരാണ് രാജേന്ദ്രന് സാര്‍, എന്‍ കെ പ്രേമജം എന്ന മേയറെ ആക്ഷേപിച്ച പഥികന്‍ എന്ന പത്രപ്രവര്‍ത്തക ജീവിയുടെ അച്ഛന്‍? അമ്മ? മുത്തച്ഛന്‍? മുഖമുണ്ടോ സാര്‍ പഥികന്? വിലാസമുണ്ടോ സാര്‍, പഥികന്.. പ്രശ്നം കോടതിയിലെത്തിയപ്പോള്‍ വാദം കേള്‍ക്കാനെങ്കിലും പഥികന്‍ വന്നോ സാര്‍...?
അപ്പോള്‍ അതാണ് കാര്യം.. പത്രം കയ്യിലുണ്ടെങ്കില്‍ ഏതു പേരിലും ആരെക്കുറിച്ചും എന്തുമെഴുതാം..നമുക്കു നേരെ വിമര്‍ശനത്തിന്റെ മുന നീണ്ടാല്‍ തന്തയ്ക്കും തളളയ്ക്കും മുത്തച്ഛനുമൊക്കെ വിളിക്കും... ഭേഷായിട്ടുണ്ട്..
അവിടെയും തീര്‍ന്നില്ല.
മാതൃഭൂമിയ്ക്ക് ഇഷ്ടപ്പെടാത്ത വിധി പറഞ്ഞ മജിസ്ട്രേറ്റ് രമേഷ് റായിയെ എങ്ങനെയാണ് പരിണിതപ്രജ്ഞനായ എന്‍ പി രാജേന്ദ്രന്‍ വിശേഷിപ്പിച്ചതെന്ന് കേള്‍ക്കുക..
ലേഖനത്തില്‍ നിന്ന്.....അഭിപ്രായസ്വാതന്ത്ര്യവും മാനനഷ്ടവും മാധ്യമധര്‍മവും നിയമവുമൊക്കെയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. അതൊന്നും എല്ലാ മയിസ്‌ട്രട്ടുമാര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നില്ല..
"മജിസ്ട്രേറ്റ്" എന്ന പദം "മയിസ്ട്രട്ടാ"യി രൂപം മാറിയത് അറിഞ്ഞു കൊണ്ടു വരുത്തിയ അക്ഷരപ്പിശകാവാനേ തരമുളളൂ. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മാനനഷ്ടത്തെക്കുറിച്ചും മാധ്യമ ധര്‍മ്മത്തെക്കുറിച്ചും നിയമത്തെക്കുറിച്ചുമൊക്കെ തങ്ങള്‍ പഠിച്ചു വെച്ചിരിക്കുന്നതാണ് ശരിയെന്ന് സമ്മതിച്ചു തരാത്ത ഒരു ജില്ലാ മജിസ്ട്രേട്ട് വരെ എന്‍ പി രാജേന്ദ്രന്റെ വാക് ശരമേറ്റ് പുളയുന്നു. പിന്നെയാണോ, ഒരു മാരീചന്‍...?
മാതൃഭൂമിയുള്‍പ്പെട്ട കേസില്‍ "മയിസ്ട്രേട്ടിന്" കാര്യം മനസിലാകാത്തതു കൊണ്ടാണ് എതിരായി വിധി വന്നതെന്ന് പത്രത്തിലെഴുതാമോ സാര്‍, ജയിലില്‍ കിടക്കുന്നതാരാണെന്ന് അപ്പോള്‍ പിടികിട്ടും.
(എന്‍ പി ആറിന് മറുപടി... രണ്ടാം ഭാഗം)
(എന്‍ പി ആറിന് മറുപടി... മൂന്നാം ഭാഗം)
വിശുദ്ധ പശുവിന്റെ അകിടും തേടി...
16 years ago
12 comments:
"വിശുദ്ധ പശുക്കളുടെ അകിടും തേടി" എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ മാരീചനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കുളള മറുപടിയാണ് ഇത്.. (ഒന്നാം ഭാഗം)
ഇപ്പറഞ്ഞതു നന്നായി. എന്‍. പി. രാജേന്ദ്രന്‍റെ തന്തയ്ക്കുവിളി ശുദ്ധതെമ്മാടിത്തരമാണു്. ഇരുപത്തെട്ടു കൊല്ലമായി മാതൃഭൂമിയില്‍ “കണ്ടു ജീവിക്കുന്ന” തന്നേക്കാള്‍ കേട്ടറിവു മാത്രമുള്ള മാരീചന്മാരെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യം കേട്ടപ്പോള്‍ ഓര്‍മ്മ വന്നതു് ഇതാണു്:
അനിയന്‍റെ അച്ഛന്‍ ആരാണെന്നതിനു് അമ്മ പറഞ്ഞ "കേട്ടറിവു" മതിയോ അതോ കണ്ടാലേ വിശ്വസിക്കൂ എന്നു വാശിപിടിക്കുമോ?
- അച്ഛനും അമ്മയും അപ്പൂപ്പനും ആരെന്നറിഞ്ഞിട്ടും ബ്ലോഗറായിപ്പോയ ഒരു ഹതഭാഗ്യന്‍.
വീരേന്ദ്രകുമാറിന്റെ മുത്തച്ഛനെ വരെ കുടുംബകഥക്ക് ഒരു സാംഗത്യവുമില്ലാത്തെ പോസ്റ്റിലേക്ക് വലിച്ചിഴച്ചു എന്ന പോയിന്റിലാണ് എന്‍ പി ആര്‍ ആ ബ്ലോഗര്‍മാരുടെ മുത്തച്ഛനെക്കുറിച്ചുള്ള പരാമര്‍ശം പറഞ്ഞത്. പറഞ്ഞത് സന്തോഷ് പറഞ്ഞതുപോലെ തെമ്മാടിത്തരം തന്നെയാണ്.
പക്ഷെ അതിന് മറുപടി പറയേണ്ടത് ഇങ്ങനെ തോന്നുന്നതുപോലെ തോന്നുന്ന ഇടത്ത് പോസ്റ്റില്‍ നിന്നുള്ള ഭാഗങ്ങള്‍ പരസ്പരബന്ധമില്ലാതെ വെട്ടി ഒട്ടിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചല്ല മാരീചാ.
പത്മപ്രഭാഗൌഡരുടെ അച്ഛനോ മുത്തച്ഛനോ ആല്‍ക്കെമിസ്റ്റായിരുന്ന കഥയ്ക്കൊക്കെ ഏഷ്യാനെറ്റിന്റെ കഥയുമായി എന്തുബന്ധം എന്ന് ആ പോസ്റ്റ് വായിച്ചപ്പോഴേ തോന്നിയതാണ്. വീരേന്ദ്രകുമാറിന്റെ കുടുംബകഥ വിളമ്പിയതില്‍ പകുതി ഇന്നലെ വെള്ളം തൊടാതെ വിഴുങ്ങിയിരുന്നല്ലോ. അതുകൂടെ ചേര്‍ത്തായിരുന്നു മാനനഷ്ടക്കേസിനെക്കുറിച്ചുള്ള പരാമര്‍ശം ഒക്കെ.
വീരേന്ദ്രകുമാറിനോട് വ്യക്തിവിദ്വേഷം ഉള്ളതുപോലെ തന്നെയാണ് മാരീചന്റെ ആ പോസ്റ്റ് വായിച്ചിട്ട് എനിക്ക് തോന്നിയത്. വല്ലവരുടെയും കുടുംബകഥ ബ്ലൊഗില്‍ വാരിവലിച്ചെഴുതാനുള്ള താവളം ആവരുത് അനോനിമിറ്റി. തന്തയ്ക്കുവിളി കേട്ടെങ്കില്‍ അതു ബാക്കി ബ്ലോഗേഴ്സിനുപന്കുവച്ചുകൊടുക്കാതെ മൊത്തം വാരിപ്പിടിച്ചോളൂ. കണക്കായിപ്പോയി.
ഇനി മൊത്തം വേണ്ടെങ്കില്‍ പകുതി താങ്കള്‍ക്കിവിടെ കോണകം അഴിക്കലാണ് പണി എന്നുകണ്ടുപിടിച്ച മഹാനുകൂടി കൊടുത്തേക്കൂ.
ഓഫ്. This blog does not allow anonymous comments.ഇതു അനോനിമസ് കമന്റ് അനുവദിച്ചിട്ടില്ലാത്ത എല്ലാ ബ്ലൊഗിന്റെയും കമന്റ് ബോക്സിനു താഴെ ബ്ലോഗര്‍ കൊടുക്കുന്ന സന്ദേശമാണ്.
അദ്ദേഹം മഹാനാണ്. അരുതേ , വിമര്‍ശിക്കരുതേ
എന്‍.പി.രാജേന്ദ്രനെ വെറുതെ വിടുക,അദ്ദേഹം മുതലാളിക്കു വേണ്ടി എഴുതാന്‍ ബാധ്യസ്ഥനാണ്..
ഏതു തലത്തിലേക്കാണിതു പോവുക എന്നു സംശയിച്ചു പോവുകയാണ്.
പ്രിന്റ് മീഡിയ V/S ബ്ലോഗ്ഗിങ് ആവുമോ?
മുഖ്യധാരാ മാദ്ധ്യമങ്ങളെന്നു വിളിക്കപ്പെടുന്ന പത്രങ്ങള്‍, ബ്ലോഗ്ഗിനെ കണക്കില്‍ പെടുത്തിയെന്നു കരുതാവുന്ന സ്ഥിതി ആയീ എന്നു തോന്നുന്നു.
kalavathiyum maareechanum !!
അല്ലല്ലേയ്..............മാരീചനെ സിപിഎമ്മിന്റെ തൊഴുത്തില്‍ കെട്ടാനുള്ള എന്‍ പി രാജേന്ദ്രന്റെ കളി അപാരം തന്നെ. മാരീചനെ സ്ഥിരമായി വായിക്കുന്നവര്‍ക്ക് ചിരി വരുന്നു.
മാരീചന്റെ പോസ്റ്റുകളില് ഏറ്റവും കൂടുതല് വിറ്റഴിച്ചത് സിപിഎം വിരോധമാണ്... സിപിഎം ജനറല് സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ജന്മനാട് ഏത് എന്ന ചോദ്യം വരെ അത് നീണ്ടിട്ടുണ്ട്.. എന് പി ആറ് പറയുന്ന ക്വട്ടേഷന് സംഘമോ ബ്ലോഗിലുളള ഇടതുപക്ഷക്കാരോ ആരെയും തന്തയ്ക്കു വിളിക്കാന് പോയിട്ടില്ല.. ആ ലേഖനങ്ങളൊക്കെ വായിച്ച് ഗംഭീരം, കിടിലം എന്നൊക്കെ വിളിച്ചു കൂവിയവര് തന്നെയാണ് ഇപ്പോഴും അതൊക്കെ പറയുന്നത്..
അന്ന് അതൊക്കെ വായിച്ച് കരയിലിരുന്ന് കയ്യടിച്ചവര് ഇന്ന് തങ്ങളുടെ രാഷ്ട്രീയത്തിലേയ്ക്ക് ഒളിയമ്പു നീണ്ടപ്പോള് കമ്പിയും കട്ടപ്പാരയുമായി ഇറങ്ങുന്ന കാഴ്ച വിശേഷം തന്നെ...
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു എന്‍ പി രാജേന്ദ്രന്റെ സഹായം വേണ്ടിയിരുന്നെങ്കില്‍ അയാള്‍ക്കെതിരെ 'പാര്‍ട്ടി ശമ്പളക്കാരായ ഗൂര്‍ഖകള്‍' ഖുക്രിയും നീട്ടിപ്പിടിച്ച് ഇറങ്ങുമായിരുന്നോ? പൊന്നേ, മുത്തേ എന്‍പിആറേ, രാജേട്ടാ, കാപ്പാത്തുങ്കോ എന്നു പറഞ്ഞ് പിന്നാലെ കൂടില്ലായിരുന്നോ?
രാജേന്ദ്രന്‍ തനിക്ക് നട്ടെല്ലുണ്ട് എന്ന് കരുതുമ്പോള്‍ നാട്ടിലുള്ള മറ്റുെള്ളവരെല്ലാം നട്ടെല്ലില്ലാത്തവരാണ് എന്നര്‍ത്ഥമാക്കരുത്. രാജേന്ദ്രനുള്ള അഭിപ്രായ സ്വാതന്ത്യ്രവും അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യ്രവും മറ്റുള്ളവര്‍ക്കുമുണ്ട്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തെറിവിളിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് അദ്ദേഹത്തിനുള്ളതെങ്കില്‍ അത് തുറന്നു പറയണം. അല്ലാതെ, കണ്ണില്‍ കണ്ടെവരെയെല്ലാം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഗൂര്‍ഖകളാക്കി ആളുകളിക്കുന്നത് നല്ല ഏര്‍പ്പാടല്ല.
സിപിഎമ്മിനെ രാജേന്ദ്രന്‍ എതിര്‍ക്കുമ്പോഴും മാരീചന്‍ എതിര്‍ക്കുമ്പോഴും മറുപടി പറയേണ്ടവര്‍ അതിനുമുതിരും. അവഗണിക്കത്തക്കതാണെങ്കില്‍ അതുചെയ്യും. ഇന്നയാള്‍ ഇങ്ങനെ പറഞ്ഞു എന്ന് കരഞ്ഞിട്ടോ, പറഞ്ഞവരെല്ലാം 'തന്തയില്ലാത്താവര്‍' എന്ന് പ്രാകിയിട്ടോ കാര്യമില്ല.
തനിക്കുചുറ്റും പുറംചൊറിയുന്നവരും പ്രശംസക്കാരും ഇളിയന്‍മാരുമേ ഉള്ളൂ എന്ന മാനസികാവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക് പെട്ടെന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നപ്പോഴത്തെ വിഭ്രാന്തിയാണ് രാജേന്ദ്രന്റെ പോസ്റ്റില്‍ കാണുന്നത്. അത് അങ്ങനെ നില്‍ക്കും.
ഈ കലാവതിയും മാരീചനും തമ്മില്‍ എന്താണ് ബന്ധമെന്ന് നാഥന്‍ ചോദിക്കുന്നു. ഒന്ന് അന്വേഷിക്കേണ്ടതാണല്ലോ.
എന് പി ആറിന് മറുപടി... രണ്ടാം ഭാഗം...
മറുപടിയുടെ അവസാനഭാഗം ഇവിടെ
Post a Comment