Sunday, 28 September 2008

മറുപടി - അവസാന ഭാഗം

വിശുദ്ധ പശുക്കളുടെ അകിടും തേടി എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രനും മറ്റു ബ്ലോഗര്മാരും ഉയര്ത്തിയ വിമര്ശങ്ങളോടുളള മറുപടിയുടെ മൂന്നാം ഭാഗം.

സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘം..

ഈ വിമര്‍ശനങ്ങള്‍ സിപിഎമ്മിനു വേണ്ടി ഉയര്‍ന്നതാണെന്നും സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘം ബ്ലോഗില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമൊക്കെയുളള ആരോപണങ്ങളും കൂട്ടത്തില്‍ പലരും ഉന്നയിച്ചു കണ്ടു.

ഇക്കഴിഞ്ഞതിന് മുന്നേ നടന്ന സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആ പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിനു വേണ്ടി നീചമായ മാധ്യമ ക്വട്ടേഷന്‍ നടത്തിയത് ആരാണെന്ന് അക്കാലത്തെ വാര്‍ത്തകള്‍ ഓര്‍മ്മയുളളവര്‍ക്ക് അറിയാം. വാര്‍ത്തകളും വിശകലനങ്ങളും ഉദ്ധരിച്ച് അത് വ്യക്തമാക്കാന്‍ പോയാല്‍ ഒന്നോ രണ്ടോ പോസ്റ്റുകളില്‍ നില്‍ക്കുകയുമില്ല.

പഥികന്റെ വകയായുളള രാഷ്ട്രീയ ക്വട്ടേഷന്റെ അവസ്ഥയും നമ്മള്‍ കണ്ടു. സ്വാഭാവികമായും രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ ഗ്രൂപ്പിനോ വേണ്ടിയൊക്കെ രാഷ്ട്രീയ ക്വട്ടേഷനുകള്‍ ഏറ്റെടുത്തു നടത്തുന്നവര്‍, എല്ലാ എതിരഭിപ്രായങ്ങളെയും ആ നിലയില്‍ കാണാന്‍ ശ്രമിക്കുക സ്വാഭാവികം.

ബ്ലോഗ് പോസ്റ്റുകളിലോ കമന്റുകളിലോ ഒക്കെ തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ആശയ പ്രചരണം നടത്തുന്നത് ആരെങ്കിലും നിരോധിച്ചിട്ടുണ്ടോ എന്നറിയില്ല. വര്‍ഗീയ സംഘപരിവാറുകാറിനെയും കത്തോലിക്കാ സഭയെയുമൊക്കെ ന്യായീകരിച്ചും പിന്തുണച്ചും ബ്ലോഗര്‍മാര്‍ ഉണ്ടാകാമെങ്കില്‍ സിപിഎമ്മുകാര്‍ക്കും ആകാം. അതുകൊണ്ട്, സിപിഎമ്മുകാര്‍ ഇതാ ബ്ലോഗിലേയ്ക്കു വരുന്നേയെന്ന നിലവിളിയില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

അതിനെച്ചൊല്ലി ആരെങ്കിലും പുലര്‍ത്തുന്ന അസഹിഷ്ണുത കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന ധാരണയും ഇതെഴുതുന്നയാള്‍ക്കില്ല.

സിപിഎമ്മിനും ഇടതുപക്ഷഭരണത്തിനുമെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ചിട്ടുളള ഒരു ബ്ലോഗറെന്ന നിലയില്‍ പറയട്ടെ, സിപിഎമ്മുകാര്‍ സംഘടിതമായോ അല്ലാതെയോ ബ്ലോഗില്‍ വരുന്നതിനെച്ചൊല്ലി എനിക്കൊരു ഭീതിയുമില്ല. കോണ്‍ഗ്രസുകാരോ ആര്‍എസ്എസുകാരോ മുസ്ലിംലീഗുകാരോ ഒക്കെ കടന്നു വരികയും അവര്‍ക്ക് പറയാനുളള കാര്യങ്ങള്‍ ശക്തമായി അവതരിപ്പിക്കുകയും ചെയ്യുമ്പോഴാണ് രാഷ്ട്രീയ സംവാദം അതിന്റെ പാരമ്യത്തിലെത്തുന്നത്.

സൂര്യനു താഴെയുളള എല്ലാ കാര്യങ്ങളെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ യോഗ്യതയുളളവര്‍ തങ്ങളാണെന്ന് നടിക്കുന്ന 'പ്രഖ്യാപിത നിഷ്പക്ഷ സ്വാതന്ത്ര്യവാദി' ബ്ലോഗര്‍മാരെക്കാള്‍ സഹിഷ്ണുത, രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ പുലര്‍ത്തുന്നുണ്ടെന്നാണ് ഇതുവരെയുളള ബ്ലോഗ് അനുഭവത്തില്‍ നിന്ന് ബോധ്യമായത്. (അതെന്റെ അഭിപ്രായം. ഇനി, അതിന്മേല്‍ ചാടിക്കടിച്ചിട്ട് കാര്യമൊന്നുമില്ല)

ഏതെങ്കിലും പ്രശ്നത്തില്‍ സിപിഎമ്മിനെയോ ഉമ്മന്‍ചാണ്ടിയെയോ എല്‍ കെ അദ്വാനിയെയോ അനുകൂലിക്കേണ്ടി വന്നാല്‍, വായനക്കാര്‍ക്കെന്തു തോന്നും, എന്റെ നിഷ്പക്ഷ മുഖംമൂടി അഴിഞ്ഞു പോകുമോ, എന്നൊക്കെയുളള ചിന്തകളാല്‍ അത് മൂടിവെയ്ക്കാന്‍ തയ്യാറുമല്ല. നിഷ്പക്ഷതയുടെ മുഖംമൂടി അഴിയാതിരിക്കാന്‍ അഭിപ്രായങ്ങളെ ബലികൊടുക്കേണ്ടി വരുന്നത് ഭീരുത്തമാണ് എന്ന കടത്തുകാരന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു.

ലേഖകന്റെ അഭിപ്രായമാണ് ബ്ലോഗിലെഴുതുന്നത്. പൊട്ടത്തെറ്റോ, മണ്ടത്തരമോ, യുക്തിഹീനമോ, തല്ലുകൊളളിത്തരമോ, അധാര്‍മ്മികമോ, ചിന്താശൂന്യമോ, ആശയപ്പാപ്പരത്തമോ, ആഭാസമോ, അഭ്യാസമോ ഒക്കെ ആയി വിലയിരുത്തപ്പെടുമെന്നു കരുതി സ്വന്തം അഭിപ്രായവും നിലപാടും പറയാതിരിക്കുന്നതെങ്ങനെ? വസ്തുത(fact)യ്ക്കു മേല്‍ ഓരോരുത്തരും രൂപപ്പെടുത്തുന്ന അഭിപ്രായം (opinion) ഒരുപോലെ ആയിരിക്കണമെന്നില്ലെന്നത് ജനാധിപത്യസമൂഹത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമായി ഈയുളളവന്‍ കാണുന്നു.

അനോണിമിറ്റിയെക്കുറിച്ച് ...........

അനോണിമസ് കമന്റുകള്‍ മാരീചന്റെ ബ്ലോഗുകളില്‍ അനുവദിക്കാത്തതിനെക്കുറിച്ചും പലരും വിമര്‍ശനമുന്നയിച്ചു കണ്ടു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്നതു കൊണ്ടല്ലെന്ന് വിനയപൂര്‍വം അറിയിക്കട്ടെ.

ഏറെ മെനക്കെട്ടിട്ടാണ് ഒരു പോസ്റ്റ് എഴുതുന്നത്. സമയവും ഊര്‍ജവും ഒരുപാട് ചെലവിടേണ്ടി വരുന്ന പണിയാണ് സുദീര്‍ഘമായ ലേഖനങ്ങള്‍. അവയോട് പ്രതികരിക്കുന്നവരും അല്‍പ സ്വല്‍പം മെനക്കെടുന്നത് നല്ലതു തന്നെയാണ്. എത്രയോ സമയമെടുത്ത് തയ്യാറാക്കുന്ന പോസ്റ്റില്‍ ഒന്നോ രണ്ടോ സെക്കന്റുകള്‍ക്കുളളില്‍ തെറിയെഴുതിയിടണം എന്ന ആഗ്രഹം ലളിതമായി പറഞ്ഞാല്‍, അതിമോഹമാണ്.

അതിനു വേണ്ടി തരാതരം പോലെ ഐഡികള്‍ സൃഷ്ടിക്കാനുളള അവസരം കാല്‍ക്കാശിന്റെ ചെലവില്ലാതെ ബ്ലോഗര്‍ നല്‍കുന്നുണ്ട്. This blog does not allow anonymous comments എന്ന മുന്നറിയിപ്പു പോലെ തന്നെയാണ് Profile Not Available എന്നതും. ആ സൗകര്യം ഉപയോഗിക്കുക. (പ്രമുഖനായ ബ്ലോഗറോട് മാത്രമായി ഒരു സ്വകാര്യം... പൊന്നു ചേട്ടാ.. മറ്റേ ഔസേപ്പ് ഞാനല്ല. അങ്ങനെ കരുതി ഇവിടെ കിടന്ന് കാണിച്ച സര്‍ക്കസ് നന്നായി ആസ്വദിച്ചു. ഇനിയും വരുമല്ലോ!!)

ഇനി, അനോണികളുടെ അഭിപ്രായങ്ങളോട് ലേഖകനോ മറ്റ് വായനക്കാരോ പ്രതികരിക്കുമ്പോള്‍ താഴെ പറയും പ്രകാരം ഒരു പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ട്.

ഒന്നാമത്തെ അനോണി പ്രകടിപ്പിച്ച അഭിപ്രായത്തോട് രണ്ടാമത്തെ അനോണി പ്രതികരിച്ച രീതിയെ മൂന്നാമത്തെ അനോണി ചോദ്യം ചെയ്തത് നാലാമത്തെ അനോണിക്ക് രസിക്കാത്തതിനു കാരണം അഞ്ചാമത്തെ അനോണി ചൂണ്ടിക്കാട്ടുന്നതിനോട് ആറാമത്തെ അനോണി വിയോജിക്കുന്നത് ശരിയല്ലെന്നോ മറ്റോ മറുപടിയെഴുതേണ്ടി വന്നാല്‍ വായിക്കുന്നവര്‍ കുഴഞ്ഞു പോവുകയേ ഉളളൂ...

അഭിസംബോധന ചെയ്യാന്‍ ഒരു പേരുണ്ടാകുന്നത് നല്ലതാണെന്ന ചിന്തയും അനോണിമസ് കമന്റുകള്‍ വിലക്കുന്നതിനു പിന്നിലുണ്ട്.

ഇനി, ഊരും പേരും വ്യക്തമാക്കാതെ എന്തെങ്കിലും എഴുതിക്കൂട്ടുന്നത് നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുളള ഉപാധിയാണ് എന്ന മട്ടിലും ഒരു വിമര്‍ശനം കണ്ടു. കളള മെയില്‍ ഐഡിയുണ്ടാക്കി വധഭീഷണി മുഴക്കുന്നവരെ മണിക്കൂറുകള്‍ക്കകം തപ്പിയെടുക്കുന്ന മിടുക്കാന്‍മാര്‍ സൈബര്‍ സെല്ലില്‍ ഉളള നാട്ടില്‍ തന്നെയാണ് നാം ജീവിക്കുന്നത്.

പോസ്റ്റ് തിരുത്തിയാലോ, അപ്പാടെ ഡിലീറ്റ് ചെയ്താലോ അതിന്റെ പൂര്‍ണരൂപം ഒറിജിനല്‍ യുആര്‍എല്ലോടെ ഗൂഗിളില്‍ നിന്ന് പൊക്കിയെടുക്കാന്‍ ഒരു സാങ്കേതിക വൈദഗ്ധ്യവും വേണ്ടതാനും. അതുകൊണ്ട് അപകീര്‍ത്തിപരമായ കാര്യങ്ങള്‍ കളളപ്പേരില്‍ പോസ്റ്റു ചെയ്യുകയും വിവാദമാകുമ്പോള്‍ ഡിലീറ്റ് ചെയ്ത് രക്ഷപെടാമെന്ന് കരുതുകയും ചെയ്യുന്നത് അബദ്ധധാരണയാണ്. ആര്‍ക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല.

പത്രങ്ങളിലും രാഷ്ട്രീയ ആക്ഷേപ ഹാസ്യകോളം കൈകാര്യം ചെയ്യുന്നവര്‍ പലരും തൂലികാനാമങ്ങളാണ് ഉപയോഗിക്കുന്നത്. പണ്ട് മലയാള മനോരമയില്‍ ശ്രീലന്‍ എന്ന പേരില്‍ ആഴ്ചക്കുറിപ്പുകള്‍ എഴുതിയിരുന്നത് ആരാണെന്ന് ഇഎംഎസ് ഉള്‍പ്പെടെയുളളവര്‍ അത്ഭൂതം കൂറിയതിനെക്കുറിച്ച് കെ ആര്‍ ചുമ്മാറിന്റെ സ്മരണികയില്‍ തോമസ് ജേക്കബ് അനുസ്മരിക്കുന്നുണ്ട്. ഇന്ദ്രനോ, ശതമന്യുവോ, വിമതനോ, പാര്‍ത്ഥനോ, ശുക്രനോ ഒക്കെ ആരാണെന്ന് അറിഞ്ഞുകൊണ്ടല്ല ഭൂരിപക്ഷം വായനക്കാരും അവരുടെ സറ്റയര്‍ കോളം വായിക്കുന്നത്.

ഫാന്‍സ് ക്ലബിനെക്കുറിച്ച്......................

മാരീചന്റെ ബ്ലോഗില്‍ സ്വന്തം അഭിപ്രായം എഴുതിയിട്ട വകയില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന ബ്ലോഗര്‍മാരാണ് മൂര്‍ത്തിയും കിരണും ഡോ. സൂരജും.

ആദ്യത്തെ മുര്‍ഡോക്ക് പോസ്റ്റിനോട് തീര്‍ത്തും വിയോജിച്ചു കൊണ്ടും, ചര്‍ച്ച നടക്കേണ്ടത് ഈ രീതിയിലല്ലെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടിയിരുന്നു. തികഞ്ഞ മര്യാദയോടും അതിലേറെ പ്രതിപക്ഷ ബഹുമാനത്തോടും കൂടി ബ്ലോഗുകളില്‍ ഇടപെടുന്ന മൂര്‍ത്തിയെ കൊത്തിക്കീറിയത് അത്ഭൂതത്തിന് വക നല്‍കുന്നു. ലവനെ അനുകൂലിച്ചാല്‍ ശരിപ്പെടുത്തുമെന്നൊരു മുന്നറിയിപ്പും പല ബ്ലോഗര്‍മാരും നല്‍കാന്‍ ശ്രമിച്ചോയെന്നും സംശയം.

വ്യക്തിഹത്യയെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും വിലപിക്കുന്നവര്‍ എത്രയും വേഗം ആത്മപരിശോധനയ്ക്ക് വിധേയമാകേണ്ടവരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മൂര്‍ത്തിയ്ക്കുണ്ടായ ദുരനുഭവം. എന്‍ പി രാജേന്ദ്രന് അബദ്ധം മനസിലായിട്ടുണ്ട്. എന്നാലും തനിക്കുണ്ടായ മാനഹാനിയ്ക്ക് ആരു സമാധാനം പറയും എന്ന മൂര്‍ത്തിയുടെ വിലാപം ഇതുവരെയും പതിച്ചത് ബധിര കര്‍ണങ്ങളില്‍ തന്നെ. ദുരനുഭവം നേരിടുന്ന മൂര്‍ത്തിയാണ് ദുര്‍മൂര്‍ത്തിയെന്ന് പുതിയ വ്യാഖ്യാനമുണ്ടെങ്കില്‍ ഒന്നും പറയാനുമില്ല.

രണ്ടാം പ്രതി കിരണ്‍ തോമസാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ ഊര്‍ജസ്വലമായ ചര്‍ച്ച നടക്കുന്ന ബ്ലോഗ് എന്നതരത്തിലാണ് കിരണിന്റെ ബ്ലോഗ് ബൂലോഗത്ത് ശ്രദ്ധേയമായത്. പത്ര വാര്‍ത്തകളെയും സംഭവങ്ങളെയും സ്വന്തം യുക്തിചിന്തകൊണ്ട് കീറിപ്പിളര്‍ന്ന് ചര്‍ച്ചയ്ക്കു വെയ്ക്കുന്ന ആ ബ്ലോഗ്, ജനാധിപത്യ സംവാദങ്ങളുടെ സുജനമര്യാദയത്രയും പാലിക്കുന്ന ഒരു ചര്‍ച്ചാ വേദിയാണ്.

കിരണിന്റെ ഇടപെടലുകള്‍ തീരെയും സുഖിക്കാത്തവര്‍ ബൂലോഗത്തിന്റെ കോണുകളിലുണ്ടെന്ന് ഈ ചര്‍ച്ചയിലുയര്‍ന്ന ചില കമന്റുകള്‍ സൂചിപ്പിക്കുന്നു. മാരീചന്റെ ബ്ലോഗില്‍ വീണ ചില അഭിനന്ദന കമന്റുകളുടെ പേരില്‍ ആ ബ്ലോഗറെയും ചിലര്‍ വെറുതെ വിട്ടില്ല. തേളും തേരട്ടയുമൊക്കെ വിഷം തീണ്ടാനിരിക്കുന്നുവെന്ന് കരുതി കിരണിന് ബ്ലോഗിലെ ഇടപെടലുകളില്‍ നിന്ന് പിന്തിരിയാനാവില്ലല്ലോ... ചെവിതോണ്ടിയും പല്ലുകുത്തിയുമൊന്നും മാരകായുധങ്ങളായി ആരും കണക്കാക്കുകയില്ലെന്ന് ഏതോ ചാനല്‍ ചര്‍ച്ചയില്‍ സര്‍വശ്രീ പീതാംബരക്കുറുപ്പ് പറ‍ഞ്ഞത് കിരണ്‍ തോമസിനും ധൈര്യം നല്‍കട്ടെ.

അടുത്ത പ്രതി ഡോ. സൂരജ് രാജനാണ്. സൂരജ് മാരീചന്റെ ആരാധകനാണോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ, മാരീചന്‍ സൂരജിന്റെ ഒരു ആരാധകനാണ്.

വളളിനിക്കറിട്ട ചെക്കനെന്നാണ് ഒരു സഹൃദയന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു കളഞ്ഞത്. പല വിഷയങ്ങളിലും സൂരജിനുളള സാമാന്യത്തില്‍ കവിഞ്ഞ ധാരണയും അത് പ്രകടിപ്പിക്കാനുപയോഗിക്കുന്ന അത്യന്തം ലളിതമായ ഭാഷയും ഒരുമാതിരി ബോധമുളള ആരിലും ആദരവുണ്ടാക്കും. പിന്നെ സ്വന്തം അഭിപ്രായം ഏതുതരത്തില്‍ പ്രകടിപ്പിക്കണമെന്ന് സൂരജാണ് തീരുമാനിക്കേണ്ടത്. ബൂലോഗ മോറല്‍ പോലീസ് ഏമാന്മാരുടെ തിട്ടൂരങ്ങള്‍ തളളണോ കൊളളണോ എന്ന് അദ്ദേഹം നിശ്ചയിക്കട്ടെ. ആളുന്ന അസൂയയുടെ കൂരിരിളിലിരുന്ന് കൂവിത്തിമിര്‍ക്കുന്ന ഊളന്മാര്‍ അവജ്ഞ പോലും അര്‍ഹിക്കുന്നില്ലെന്ന് മാത്രം ഇവിടെ പറയുന്നു.

ബ്ലോഗര്‍മാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് ഒരു പൊതു പ്രതികരണം.....

വിമര്‍ശകരും എന്‍പി രാജേന്ദ്രനും ചൂണ്ടിക്കാട്ടിയ ഒരു കാര്യം തീര്‍ച്ചയായും അംഗീകരിക്കുന്നു. പോസ്റ്റുകള്‍ക്ക് ആധാരമായ റഫറന്‍സ് തീര്‍ച്ചയായും നല്‍കുന്നതാണ്.

പത്രവാര്‍ത്തകള്‍ പലപ്പോഴും അതേപടി ഉദ്ധരിച്ചു ചേര്‍ക്കാന്‍ കഴിയാതെ വരും. മാത്രമല്ല, പത്രവാര്‍ത്തകളുടെ ലിങ്ക് നല്‍കുന്നത് പ്രായോഗികവുമല്ല. ആ ലിങ്കില്‍ പിന്നീട് വാര്‍ത്തയുണ്ടാവണമെന്ന് ഒരു നിശ്ചയവുമില്ല. ആര്‍ക്കൈവ് ലിങ്കിന്റെയും അവസ്ഥ അതു തന്നെയാണ്.

അതിനാല്‍ ഒളിയമ്പുകള്‍ വഴിയുളള പ്രതികരണത്തിന് ആധാരമാക്കുന്ന പത്രവാര്‍ത്തകളെ പ്രത്യേക ബ്ലോഗില്‍ ആര്‍ക്കൈവ് ചെയ്ത് ഇനി മുതല്‍ റഫറന്‍സ് ലിങ്ക് നല്‍കുന്നതാണ്. പത്രത്തിന്റെ യുആര്‍എല്ലും ഒപ്പം നല്‍കാം. പത്രത്തിന്റെ ലിങ്ക് പിന്നീട് ചത്തുപോയാല്‍, മാരീചന്‍ ഉത്തരവാദിയല്ല. പൊതു ആവശ്യത്തിനായി ഒരു ആര്‍ക്കൈവ് ഉണ്ടാക്കുന്നത് കോപ്പി റൈറ്റ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് കരുതുന്നു.

ദേശാഭിമാനിയിലെ വാര്‍ത്തയും കൊണ്ടാണോ ഇയാള്‍ ഈ സര്‍ക്കസൊക്കെ കാണിച്ചത് എന്ന വിമര്‍ശനം ഉണ്ടാകുമെന്ന് ധരിക്കാതെയാണ് ആ വാര്‍ത്തകള്‍ നല്‍കിയതെന്ന് കരുതിയവര്‍ക്ക് തെറ്റി.

പാര്‍ട്ടി പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് ഒരു മുന്‍വിധിയും ഈ ലേഖകനില്ല. ദേശാഭിമാനിയോ വീക്ഷണമോ ജന്മഭൂമിയോ ജനയുഗമോ പൂര്‍ണമായും അവഗണിക്കേണ്ട പത്രങ്ങളാണെന്നോ അതിലൊക്കെ വരുന്ന വാര്‍ത്തകളൊന്നും സത്യമല്ലെന്നോ കരുതുന്നുമില്ല. മാനനഷ്ടക്കേസുണ്ടായാല്‍ പാര്‍ട്ടി പത്രത്തിന് ഒരു നിയമം, പാര്‍ട്ടിയില്ലാത്ത പത്രത്തിന് വേറൊരു നിയമം എന്ന അവസ്ഥയുമില്ല. എല്ലാ പത്രത്തിനും ഒരേ നിയമം തന്നെയാണ് ബാധകം.

പരാമര്‍ശിതമായ ദേശാഭിമാനി പരമ്പരയുടെ യഥാര്‍ത്ഥ ഉറവിടം മാതൃഭൂമിയുടെ ഉളളില്‍ തന്നെയാണെന്ന് അല്‍പം ബോധമുളളവര്‍ക്കൊക്കെ ഊഹിക്കാവുന്നതേയുളളൂ. അതുതന്നെയാണ് ആ പരമ്പരയുടെ വിശ്വാസ്യതയും.

ആ പരമ്പരയ്ക്കെതിരെ മാതൃഭൂമി ഒരു വിമര്‍ശനവും ഉയര്‍ത്തിയില്ലെന്നതും ശരിയല്ല. വീരേന്ദ്രകുമാറിന്റെ പെങ്ങള്‍ മരിച്ചുപോയെന്ന് തെറ്റായി പരമ്പരയില്‍ പരാമര്‍ശിച്ചതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റോ ഇന്ത്യാ വിഷനോ ഒക്കെ അതിനെക്കുറിച്ച് ന്യൂസ് അവറില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. പരമ്പരയിലെ ഒരു പരാമര്‍ശത്തിനോടു മാത്രം രൂക്ഷമായി പ്രതികരിക്കുകയും മറ്റേതിനോടൊന്നും ഒരു പ്രതികരണവും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് പലരും പലതരത്തിലാണ് വിലയിരുത്തുന്നത് എന്നുമാത്രം പറയട്ടെ.

പാര്‍ട്ടി പത്രങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ വാര്‍ത്തകള്‍ ചമയ്ക്കാറുണ്ടെന്നത് ശരി. എന്നാല്‍ ആ വാര്‍ത്തകളിലൂടെ പലപ്പോഴും പല വിവരങ്ങളും പുറത്തു ചാടും.

രാജീവ് ഗാന്ധി ബയോടെക്‍നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ നിയമന വിവാദത്തെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്റെ മകള്‍ ആശയുടെ പത്ത്, പ്രീഡിഗ്രി, ഡിഗ്രി ക്ലാസുകളിലെ മാര്‍ക്ക്‍ലിസ്റ്റ് പ്രസിദ്ധീകരിച്ചത് വീക്ഷണം പത്രമാണ്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ആശയുടെ മാര്‍ക്ക്‍ലിസ്റ്റ് കോണ്‍ഗ്രസ് മുഖപത്രത്തിന് വ്യാജമായി സൃഷ്ടിക്കാനാവില്ല. മറ്റേതെങ്കിലും ആശയുടെ മാര്‍ക്ക്‍ലിസ്റ്റ് വെച്ച് കളളക്കളി കളിക്കാനുമാകില്ല. വാര്‍ത്തയുടെ രാഷ്ട്രീയം എത്ര അരിച്ചു മാറ്റിയാലും അത് വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങളെ അവഗണിക്കാനാവില്ലെന്ന് സാരം.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സുഭാഷ് ചന്ദ്രബോസിനെയും ഐഎന്‍എയെയും അതിരൂക്ഷമായി വിമര്‍ശിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ബോസിന്റെ സ്മരണിക പുറത്തിറക്കി ആദരിക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ 1942കാലത്തെ ദേശാഭിമാനി വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി രസകരമായ ഒരു ലേഖനം ആര്‍എസ്എസ് മുഖപത്രമായ കേസരി പ്രസിദ്ധീകരിച്ചത് കോളെജ് കാലത്ത് വായിച്ചിരുന്നു. കേസരിയിലാണ് പ്രത്യക്ഷപ്പെട്ടത് എന്നു കരുതി ആ വിവരങ്ങള്‍ വിവരങ്ങളല്ലാതാകുമോ?

വാര്‍ത്തയില്‍ നിന്ന് വിവരങ്ങള്‍ അരിച്ചെടുക്കാന്‍ ഓരോരുത്തരും സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഓരോന്നാണ്. സ്വന്തം രാഷ്ട്രീയം, മുന്‍വിധികള്‍, അനുഭവം, യുക്തിബോധം, അറിവ് എന്നിവയൊക്കെ അനുസരിച്ച് വ്യക്തികള്‍ക്ക് ഓരോരോ നിലപാട് സ്വാഭാവികമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നതും സ്വാഭാവികം.

മാതൃഭൂമി സംബന്ധിച്ച ആദ്യ പോസ്റ്റില്‍ ദേശാഭിമാനിയുടെ ഉറവിടം വ്യക്തമാക്കിയിരുന്നെങ്കില്‍ കുറച്ചു പേര്‍ അത് വായിക്കുകയില്ലായിരുന്നു എന്ന സത്യം അവശേഷിക്കുന്നു. റഫറന്‍സ് വ്യക്തമാക്കാത്തതിന് അവരോട് ഖേദം പ്രകടിപ്പിക്കുന്നു. ഒരു ഫില്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനി റഫറന്‍സ് അവിടെ പ്രവര്‍ത്തിക്കുന്നത് തടഞ്ഞത് ശരിയായില്ലെന്ന് ബാലന്‍ എന്ന ബ്ലോഗര്‍ പ്രകടിപ്പിച്ച അഭിപ്രായം ഉള്‍ക്കൊളളുന്നു.

പാര്‍ട്ടി പത്രങ്ങളിലെ വാര്‍ത്തകളോട് ബാലനുളള സമീപനമല്ല, മാരീചനുളളതെങ്കിലും അദ്ദേഹം ചൂണ്ടിക്കാട്ടിയ വസ്തുത അംഗീകരിക്കുന്നു.

ഈ ബ്ലോഗ് കുറേപ്പേരുടെയെങ്കിലും അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്നുവെന്ന മട്ടില്‍ ചില കമന്റുകളും കണ്ടിരുന്നു. അല്‍പം കടുത്ത പരിഹാസമായിപ്പോയെന്നേ പറയുന്നുളളൂ.
കുതിരവട്ടത്തെ ടാറിളകിയ കുഴി പോയിട്ട്, നടി ജോമോളുടെ നുണക്കുഴിയുടെ വലിപ്പം പോലുമില്ലാത്ത ഈ ബ്ലോഗിനെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞാല്‍ പാപം കിട്ടും.

അങ്ങനെയൊരെണ്ണം ചിലരുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്നുവെന്നൊക്കെ കണ്ണുമടച്ച് പരിഹസിക്കുന്നത് കേട്ട് ലേഖകന്‍ നെഞ്ചുവേദന വന്ന് അന്തരിച്ചാല്‍ ആരു സമാധാനം പറയും...? ഡോ. സൂരജ് തന്നെ പോസ്റ്റുമാര്‍ട്ടം ചെയ്താലും സത്യം തെളിയാന്‍ സാധ്യതയുണ്ടോ...? ആലോചിച്ചിട്ട് ഒരു പിടിയുമില്ല.

വിവാദത്തില്‍ നിന്ന് പഠിച്ചത്...

ആരും എഡിറ്റ് ചെയ്യാനില്ലെന്നത് നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുന്നുവെന്ന് എന്‍ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് തുറന്ന മനസോടെ ഉള്‍ക്കൊളളുന്നു. പ്രശസ്തനും പരിചയ സമ്പന്നനുമായ പത്രപ്രവര്‍ത്തകന്‍, പ്രസാധന സംബന്ധമായി ഉന്നയിക്കുന്ന കടുത്ത വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കുന്ന നിര്‍ദ്ദേശങ്ങളും അതേ സ്പിരിട്ടില്‍ തന്നെ സ്വീകരിക്കാന്‍ ഒരു വൈഷമ്യവുമില്ല.

അവനവന്‍ എഡിറ്ററാകുകയും സ്വയം ഒരു പെരുമാറ്റ സംഹിത പാലിക്കുകയും വേണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കുന്നു. ശൈശവാവസ്ഥ താണ്ടാന്‍ വെമ്പുന്ന മലയാളം ബ്ലോഗിംഗില്‍ എന്‍ പി രാജേന്ദ്രനെപ്പോലുളളവര്‍ കൂടുതല്‍ സമയം ചെലവിടാന്‍ തയ്യാറാകുന്നതും സ്വാഗതാര്‍ഹം തന്നെ.

വിയോജിപ്പുകളും എതിരഭിപ്രായങ്ങളും ശക്തമായി അവതരിപ്പിക്കുമ്പോള്‍ തന്നെ, അതിലേയ്ക്ക് എത്തിച്ചേരാന്‍ സ്വീകരിച്ച വഴിയും വായനക്കാരെ അറിയിക്കേണ്ടത് ലേഖകന്റെ ബാധ്യതയാണ്. ആ വിധത്തിലുളള വിമര്‍ശനങ്ങളും സ്വീകാര്യം തന്നെ.

ഇതുവരെ വെളിപ്പെടാത്ത തീക്ഷ്ണമായ വിയോജിപ്പുകള്‍ ഈ ബ്ലോഗിനെ സംബന്ധിച്ച് നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയാനും ചില കമന്റുകള്‍ ഉപകരിച്ചിട്ടുണ്ട്. ചിലതിനൊന്നും ചികിത്സയില്ലെങ്കിലും ക്രിയാത്മകമായത് തീര്‍ച്ചയായും സ്വീകരിക്കപ്പെടുമെന്നും ഉറപ്പു നല്‍കുന്നു.

വായിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും നന്ദി...

ഈ വിഷയത്തില്‍ പ്രത്യക്ഷപ്പെട്ട ശ്രദ്ധേയമായ ബ്ലോഗ് ലേഖനങ്ങളുടെ ലിങ്ക് ചുവടെ

ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ല - എന്‍ പി ചന്ദ്രശേഖരന്‍
മര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റും - മാരീചന്‍
മാധ്യമരംഗത്തെ വിദേശാധിപത്യം - ദേശാഭിമാനി മുഖപ്രസംഗം
മാധ്യമ ഭീമന്റെ വരവ് - എന്‍ പി രാജേന്ദ്രന്‍
മര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി - എന്‍ പി രാജേന്ദ്രന്‍
ഭോഷന്മാരുടെ തലയണ - ശതമന്യു
വിശുദ്ധ പശുക്കളുടെ അകിടും തേടി - മാരീചന്‍
അക്രമം, അനീതി - നേര്‍ക്കു നേര്‍
ശ്രീ രാജേന്ദ്രന്റെ ശ്രദ്ധയ്ക്ക് - പത്രധര്‍മ്മം
മര്‍ഡോക്കും മാരീചനും മൂര്‍ത്തിയും ശേഷം മഹാന്മാരും - എന്‍ പി രാജേന്ദ്രന്‍
മര്‍ഡോക്ക്...മുര്‍ഡോക്ക്.. മഴഡോക്ക്....
മര്‍ഡോക്കും മാരീചനും - എന്‍ പി രാജേന്ദ്രന്‍
എന്‍ പി രാജേന്ദ്രന് ആദരവോടെ - മാരീചന്‍
എന്‍പിആറിന് മറുപടി - രണ്ടാം ഭാഗം
എന്‍ പി ആര്‍ സിന്ദാബാദ് - കലാവതി
ഗട്ടറില്‍ വീണ തിമിംഗലം - അനോണി ആന്റണി

15 comments:

മാരീചന്‍ said...

ഇതുവരെ വെളിപ്പെടാത്ത തീക്ഷ്ണമായ വിയോജിപ്പുകള്‍ മാരീചന്റെ ബ്ലോഗിനെ സംബന്ധിച്ച് നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയാനും ചില കമന്റുകള്‍ ഉപകരിച്ചിട്ടുണ്ട്. ചിലതിനൊന്നും ചികിത്സയില്ലെങ്കിലും ക്രിയാത്മകമായത് തീര്‍ച്ചയായും സ്വീകരിക്കപ്പെടുമെന്നും ഉറപ്പു നല്‍കുന്നു.

വായിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും നന്ദി...

പ്രമുഖ ബ്ലോഗര്‍ (ഹിഹിഹി) said...

ലത് നേരത്തേ പറഞ്ഞാ പോരാരുന്നാ.. :)) ഹെയ് ചുമ്മാ..

ബൈ ദ വേ.. എനിക്ക് പറയാനുള്ളത് ഞാന്‍ നേരേ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. ബാക്കിയൊക്കെ ചുമ്മാ കളിതമാശാണ്. അതുകൊണ്ടുതന്നെയാണ് അപ്പുറമുമിപ്പുറം ചാടിയതും. ബൈ.

മാരീചന്‍‍ said...

ഇത് ഏതുവരെ പോകുമെന്ന് അറിയണമല്ലോ...

അനൂപ് തിരുവല്ല said...

:)

Neeraj said...

ഹാവൂ... എന്തൊരു പക്വത.
മര്‍ഡോകിനെ പിടിച്ച്‌ വി.എസ്സിനെ ചവിട്ടി
പിന്നെ, ഇന്ദ്രന്‍മാരെ പിടിച്ച്‌ മാതൃഭൂമിയെ....
അങ്ങിനെയങ്ങിനെ പടയാളി പുരുഷന്‍മാര്‍
ഫാരിസിനെ നക്ഷത്രതിളക്കമുള്ളതാക്കി,
ദേശാഭിമാനിയെ സത്യസന്ധതയുടെ സാക്ഷിപത്രമാക്കി.
നാലൂം കൂടിയ മുക്കിലെ പരദൂഷണ പറച്ചിലുകാരുടെ വേദി പോലെ,
സി.പി.എം. കടത്തിണ്ണപോലെ മലയാളം ബ്ലോഗിനെ കുറേദിവസം
ഇടിച്ചു താഴ്‌ത്തികെട്ടി.

Neeraj said...

ഹാവൂ... എന്തൊരു പക്വത.
മര്‍ഡോകിനെ പിടിച്ച്‌ വി.എസ്സിനെ ചവിട്ടി
പിന്നെ, ഇന്ദ്രന്‍മാരെ പിടിച്ച്‌ മാതൃഭൂമിയെ....
അങ്ങിനെയങ്ങിനെ പടയാളി പുരുഷന്‍മാര്‍
ഫാരിസിനെ നക്ഷത്രതിളക്കമുള്ളതാക്കി,
ദേശാഭിമാനിയെ സത്യസന്ധതയുടെ സാക്ഷിപത്രമാക്കി.
നാലൂം കൂടിയ മുക്കിലെ പരദൂഷണ പറച്ചിലുകാരുടെ വേദി പോലെ,
സി.പി.എം. കടത്തിണ്ണപോലെ മലയാളം ബ്ലോഗിനെ കുറേദിവസം
ഇടിച്ചു താഴ്‌ത്തികെട്ടി.

സൂരജ് :: suraj said...

വിഷയത്തെ ‘പുലപ്പാട്ട്/ദേശാഭിമാനി’യില്‍ നിന്ന് വീണ്ടും ട്രാക്കില്‍ കൊണ്ടുവന്നതിനു നന്ദി മാരീചരേ.

PS: പ്രമുഖ ബ്ലോഗറേ...ആ ‘ഷെമി’ കണ്ടപ്പഴേ തോന്നി...കള്ളാ... ;)


- പത്തുപൈസ കുറവുള്ള നിക്കറാംബരന്‍

അന്യന്‍ said...

കടത്തിണ്ണയിലെ ചര്‍ച്ച അത്ര മോശമൊന്നുമല്ല നീരജേ. അവിടെ ഇതുവരെ പോയിട്ടുണ്ടാകില്ല അല്ലേ....അനുഭവക്കുറവാണ്. സാരമില്ല.

കടത്തിണ്ണയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് 'ഇടിച്ചുതാഴ്ത്തലാണെന്ന്' തോന്നുന്നുണ്ടെങ്കില്‍ അങ്ങാട്ട് ചെവികൊടുക്കാതിരുന്നാല്‍ പോരേ? ഒരു മാരീചന്റെ ബ്ളോഗാണ് മലയാളം ബ്ളോഗിന്റെ ആകെ കളിക്കളമെന്ന് തോന്നുന്നതും കുട്ടിത്തം തന്നെ.

മാരീചാ,
എല്ലാ ശൈലിയും വഴങ്ങുന്നുണ്ട്. താങ്കളുടെ രാഷ്ട്രീയ നിലപാടുകളില്‍ ചിലതിനോട് വിയോജിപ്പുണ്ടെങ്കിലും ഫയര്‍ കലക്കന്‍. കീപ്പിറ്റപ്പ്...............

മൂര്‍ത്തി said...

ഇത് നന്നായി മാരീചരേ.

മാധ്യമങ്ങളിലെ വിദേശ നിക്ഷേപം, മുര്‍ദ്ദോക്ക് ഒക്കെ സീരിയസ് ആയി ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഒരു തുടക്കവുമാകട്ടെ ഇത്...

അപ്പോ അടുത്ത പോസ്റ്റ് എപ്പോ?

karamban said...

വെബ്ദുനിയ/യാഹൂ കോപ്പിയടി...

ഹരികുമാരന്‍ എന്ന വിവരദോഷി...

ബൂലോകരുടെ ‘പത്രക്കണി’ ഇങ്ങനെ ആയതിന് മലയാളരാജ്യത്തിലെ പത്രക്കാരെല്ലാം എന്തുപിഴച്ചു!

എല്ലാ പത്രക്കാരും(ബെര്‍ളിയെ & സുനീഷിനെ വിട്ടേരെ - അത് ബൂലോകജന്മം ആയിട്ടേ എല്ലാരും കരുതുന്നുള്ളൂ)
ഹരികുമാരന്മാര്‍ ആണെന്ന് ഒരു ചിന്ത ഇവിടെ വേരുറപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു.

അപ്പൊപ്പിന്നെ ഇന്ദ്രനോ ദേവേന്ദ്രനോ... ആരായാലും എതിര്‍ക്കുകതന്നെ!

അതുകൊണ്ടുതന്നെ ഇന്ദ്ര-മാരീച സംവാദത്തില്‍ ബൂലോകത്ത്ന്റെ ചായ്‌വ് മാരീചനോടായത് സ്വാഭാവികം.

പക്ഷെ ഇന്ദ്രന്‍ തന്റെ പക്വമായ മറുപടിയിലും മാരീചന്റെ എരിവും പുളിയുമുള്ള മറുപടിയിലും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിക്കാന്‍ മറന്നില്ല! അത് ബൂലോകത്ത് ഒരു അതിശയമായിരുന്നു!
ഇന്ദ്രന്റെ മറുപടി
അദ്ദേഹത്തെ ബഹുമാന്യനാക്കുന്നു(അറ്റ്ലീസ്റ്റ് എന്റെ മുന്‍പില്‍), അതുപോലെ തന്നെ മാരിചന്റെ ക്ഷമപറച്ചിലും!

അപ്പോഴാണ് ഇടയില്‍ക്കേറിയ ‘നേര്‍ക്ക്നേര്‍’ കാണിച്ച ചെറ്റത്തരം.
അതിനെക്കുറിച്ച് ഇതിന് മുന്‍പ് പറഞ്ഞത് ഇനിയും ഇവിടെ ആവര്‍ത്തിക്കുന്നില്ല.

ആളുന്ന അസൂയയുടെ കൂരിരിളിലിരുന്ന് കൂവിത്തിമിര്‍ക്കുന്ന ഊളന്മാര്‍

ഈപ്പറഞ്ഞ ഊളന്മാരില്‍ ഞാനുമുണ്ടെന്നു കരുതുന്നു. അതുകൊണ്ട് അല്പം കൂടിപ്പറയാം!

എനിക്ക് മൂന്നുതരം ആള്‍ക്കാരോട് അസൂയയുണ്ട്.

1. എന്റെ പ്രൊഫഷണില്‍ എന്നെക്കാളും നന്നായിട്ട് പെര്‍ഫോം ചെയ്യുന്നവമ്മാരോട്,

2. ഗായകരോട്(കിരണ്‍സാണ് ഒന്നാംനമ്പര്‍ അസൂയാപാത്രം),

3. റ്റീടോട്ടലര്‍ കം പഞ്ചാര ഭര്‍ത്താക്കന്മാരോട്...

തീര്‍ന്നു.

സൂരജിന്റെയും എന്റെയും പ്രൊഫഷണ്‍ മോരും മുതിരയും പോലെ.

പാട്ടുപാടുന്നത് ഞാന്‍ കേട്ടിട്ടില്ല!

പിന്നെ മൂന്നാമത്തെതില്‍ അങ്ങേരെ കണ്ടിട്ടുപോലുമില്ല(സൂരജെ, കള്ളുകുടിക്കുമെങ്കില്‍ സന്തോഷം. കാലിഫോര്‍ണിയക്ക് വന്നാല്‍ കൂടാം).

ഇനി ബ്ലോഗ് സീരിയെസായിട്ടെടുക്കുമ്പോള്‍ പറയാം അങ്ങേരോട് അസൂയതോന്നുന്നുണ്ടോയെന്ന്!

റോബി said...

കുതിരവട്ടത്തെ ടാറിളകിയ കുഴി പോയിട്ട്, നടി ജോമോളുടെ നുണക്കുഴിയുടെ വലിപ്പം പോലുമില്ലാത്ത ഈ ബ്ലോഗിനെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞാല്‍ പാപം കിട്ടും.

എവിടുന്നാ മനുഷ്യാ ഈ ഉപമയെല്ലാം പൊക്കിയെടുക്കുന്നത്...:)

harikkuttan said...

മര്‍ഡോക്കും അയാളുടെ ശിങ്കിടികളും കേരളത്തില്‍ വരുന്നത്‌ കമ്മ്യൂണിസം തകര്‍ക്കാനാണെന്ന്‌ വിശ്വസിക്കാന്‍ പിണറായിയുടെ കോണകത്തിന്റെ ചരടുപോലും തയ്യാറാവുമെന്നു തോന്നുന്നില്ല. ഇന്നത്തെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടി ഒരു സാമ്രാജ്യത്യ ശക്തിക്കും ഭീഷണിയല്ല എന്ന്‌ സഖാക്കളുടെ കൈരളി ടി വി ശ്രദ്ധിച്ചാല്‍ അറിയാം. പാര്‍ട്ടിക്കു ഭീഷണി പാര്‍ട്ടി തന്നെയാണ്‌. സഖാവേ അതുകൊണ്ട്‌ ആദ്യം പാര്‍ട്ടി നന്നാക്ക്‌. സായിപ്പ്‌ പടച്ചു വിട്ട രണ്ടാം സാമ്രാജ്യത്വ പ്രസ്ഥാനം അതായത്‌ കള്‍ച്ചറല്‍ ഇംപീരിയലിസം എത്രത്തോളം ചാനലനെ ആക്രമിച്ചിരിക്കുന്നു എന്നറിയാന്‍ സഖാക്കളുടെ സ്വന്തം ചാനല്‍ ഒരു അര മണിക്കൂര്‍ കണ്ടാല്‍ മതി. ഒരു വിജനതയുടെ ആത്മാവിഷ്‌കാരം.
തങ്ങള്‍ക്ക്‌ കിടക്കാനും കൃഷിയിറക്കാനും ഭൂമി തന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാടിന്റെ പേരിലാണ്‌ ഇന്നത്തെ സി പി എമ്മിന്‌ വോട്ടു കിട്ടുന്നത്‌ എന്നത്‌ ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ? അനു ദിനം കൂടിക്കുടി വരുന്ന പാര്‍ട്ടിയുടെ ചീഞ്ഞു നാറ്റം അറിയാത്തതുകൊണ്ടോ ആ മണം പിടിക്കാന്‍ സമയമില്ലാത്തതുകൊണ്ടോ ആണ്‌ വോട്ടുബാങ്ക്‌ നിറയുന്നത്‌. അല്ലാതെ വേഷപ്രഛന്നനായും അല്ലാതെയും നാടുനന്നാക്കാനിറങ്ങിയ പി രാജീവിന്റെയും വല്ല്യമുതലാളി പിണറായിയുടെയും സ്ഥാനത്തും അസ്ഥാനത്തുമുള്ള പോര്‍ വിളികൊണ്ടല്ല. മുണ്ടു മുറുക്കിയുടുത്തു വിശപ്പുമാറ്റുന്ന നിരവധി പേരുണ്ടു സഖാവേ ഇന്നും നിങ്ങളുടെ പാര്‍ട്ടിയില്‍ . പാര്‍ട്ടിമെമ്പര്‍ മാര്‍ കൂടിയായ അവര്‍ അരപ്പട്ടിണിയിലാണെങ്കിലും ഇന്നും തരുന്നുണ്ട്‌ പാര്‍ട്ടിക്ക്‌ ലെവിയായി അത്ര വലുതല്ലാത തുക. പാര്‍ട്ടിയുടെ അമ്യൂസ്‌മെന്റ്‌ പാര്‍ക്കില്‍ 250 രൂപ കൊടുക്കണ്ടെ ഒരാള്‍ക്ക്‌ അകത്തു കയറാന്‍. ഇതടക്കമുള്ള പാര്‍ട്ടിബിസിനസുകളില്‍ നിന്നു കിട്ടുന്ന കാശിന്റെ എന്തെങ്കിലും ഒരു ലാഭം നിങ്ങള്‍ പാര്‍ട്ടിമെമ്പര്‍മാരായ മേല്‌പറഞ്ഞവര്‍ക്ക്‌ തിരിച്ചു നല്‍കുന്നുണ്ടോ? ആദ്യം പാവങ്ങളുടെ മടിക്കുത്തിനു പിടിച്ച്‌ കാശുവാങ്ങുന്നത്‌ നിര്‍ത്തുക അല്ലെങ്കില്‍ പാര്‍ട്ടിയുടെ വ്യവസായ സംരംഭങ്ങള്‍പൂട്ടിക്കെട്ടുക. എന്നിട്ടുമതി ചൂഷണത്തെകുറിച്ച്‌ സംസാരിക്കാന്‍. പിണറായി സഖാവ്‌ മൂളിയാല്‍ കുരക്കാന്‍ ഒരുപാടെണ്ണം ഇറങ്ങിയിട്ടുണ്ടല്ലോ നായായും നരനായും ഒക്കെ.
തോമസ്‌ ഐസക്കിന്റെ നിര്‍ദ്ദേശം പോലെ ഇന്റര്‍നെറ്റിലും പാര്‍ട്ടിയുട വ്യവസായ നയങ്ങള്‍ക്ക്‌ മറയാവാന്‍ മാരീചനെന്നും മറ്റുമുള്ള കള്ളപ്പേരില്‍ അവതരിക്കേണ്ട ആവശ്യമില്ല. ചങ്കുറപ്പുള്ളവനും പോലീസ്‌ പീഡനത്തില്‍ വാരിയെല്ലും ചങ്കും തകര്‍ന്ന സഖാവ്‌ രാജീവാണ്‌ മാരീചനെങ്കില്‍ ഐഡന്റിറ്റി വെളിപ്പെടുത്തണം. കുളിമുറിയുടെ സ്വകാര്യതയില്‍ വൃത്തികേടെഴുതിപിടിപ്പിക്കാന്‍ ആര്‍ക്കും കഴിയും. അതില്‍ നല്ല അഛനുമമ്മക്കും പിറന്ന സഖാക്കളുണ്ടാകരുത്‌.

മാരീചന്‍‍ said...

കലക്കി, ഹരിക്കുട്ടാ, കലക്കി.. ഇനിയും വരുമല്ലോ..

കിടിലന്‍ said...
This comment has been removed by the author.
കിടിലന്‍ said...

മോനേ മനോജേ... ഫാരീസിന്‌ എഡിറ്റോറിയല്‍ എഴുതിക്കൊടുത്ത്‌ നല്ല പരിചയമുള്ള ആളല്ലേ .... ഹ ഹ ഹ ഹ. സ്വന്തം പേരില്‍ തന്നെ എഴുതിക്കൂടേ... വാര്‍ത്തയില്‍ൃ ചാന്‍സ്‌ ഇല്ലേ.. സഖാവേ. പി മനോജേ. ഹ ഹ ഹ ഹ

കാലം സാക്ഷി ചരിത്രം സാക്ഷി. രക്തസാക്ഷികുടീരം സാക്ഷി.