Wednesday, 6 February 2008

"മാരീചന്‍ പരമ പോക്രി"

ഇങ്ങനെയൊരു തലക്കെട്ടിന്റെ സാംഗിത്യം വഴിയെ മനസിലാകും.

തലയ്ക്കു സ്ഥിരതയില്ലാത്ത ഒരാള്‍ നാല്‍ക്കവലയില്‍ സാമാന്യം മദ്യലഹരിയുടെ അകമ്പടിയോടെ ദിനവും തെറി വിളി പതിവാക്കുന്നു എന്നു കരുതുക. ഉടുമുണ്ട് അഴിച്ച് തലയില്‍ കെട്ടി, വരുന്നവരെയും പോകുന്നവരെയും അസഭ്യത്തില്‍ കുളിപ്പിക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ മിക്കവാറും നാട്ടിന്‍പുറങ്ങളില്‍ സാധാരണയാണ്.

അവര്‍ ആരെയും തെറിവിളിക്കും. എന്തുവൃത്തികേടും പറയും. ചിലപ്പോഴൊക്കെ വല്ലവനുമെടുത്തിട്ട് ചളുക്കിയെന്നും വരും.

അങ്ങനെയൊരാള്‍ ഇതേ മാനസികാവസ്ഥയോടെ ഒരു ദിനം ഒരാളെ വല്ലാതെ പുകഴ്ത്തുന്നു എന്നു ധരിക്കുക. എന്തായിരിക്കും പുകഴ്ത്തപ്പെടുന്നവന്റെ മാനസികാവസ്ഥ? സമൂഹത്തില്‍, സുഹൃത്തുക്കളുടെ ഇടയില്‍? വല്ലാത്ത നാണിച്ചു ചൂളിപ്പോകും ഈ പുകഴ്ത്തലിനിരയാകുന്നയാള്‍. അപമാന ഭാരത്താല്‍ തല പെരുത്ത് ആത്മഹത്യ ചെയ്യാനും ഈ പുകഴ്ത്തല്‍ മതി.

ചുരുക്കത്തില്‍ നമ്മെ തെറി പറയുന്നവന്റെയും പുകഴ്ത്തുന്നവന്റെയും മാനസിക നിലയെക്കുറിച്ച് നമുക്കുളള ധാരണയാണ്, അത് കേട്ട് ഞരമ്പു വലിയണോ കോരിത്തരിക്കണോ എന്ന് തീരുമാനിക്കുന്നതിലെ ഘടകം. മാനസിക നില തെറ്റിയവന്റെ തെറിവിളി നമ്മില്‍ പ്രത്യേകിച്ച് പ്രതികരണങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും അവന്റെ പുകഴ്ത്തല്‍ നമുക്കൊരു ഷോക്കായി തീരാം. ഒരു വേള നമ്മുടെ വ്യക്തിത്വത്തിലേല്‍ക്കുന്ന കനത്ത ആഘാതമായിരിക്കും ആ പുകഴ്ത്തല്‍.

മാരീചന്‍ പരമ പോക്രിയെന്ന് ആരാണ് പറയുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ആ അവഹേളനം മനസിലുണ്ടാക്കുന്ന ആഘാതവും.

ഈയൊരു മാനസികാവസ്ഥയില്‍ നിന്നാണ് എം കെ ഹരികുമാര്‍, കലാകൗമുദിയില്‍ ബ്ലോഗിംഗിനെക്കുറിച്ചെഴുതിയതിനെ കാണുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച പലരെയും പോലെ ഹരികുമാറിന്റെ എഴുത്തോ ആശയങ്ങളോ ഈയുളളവനും ഇഷ്ടമേയല്ല. (എന്നുവെച്ച് ഹരികുമാര്‍ എഴുതരുതെന്നോ, ഹരികുമാര്‍ എഴുതിയത് കലാകൗമുദി പ്രസിദ്ധീകരിക്കരുതെന്നോ ഒന്നും കല്‍പ്പിക്കാനോ ആഗ്രഹിക്കാനോ ആളുമല്ല).

ബ്ലോഗുകളെക്കുറിച്ച് ഹരികുമാര്‍ നല്ലതെന്തെങ്കിലും എഴുതിയിരുന്നെങ്കില്‍, സകല ബ്ലോഗുടമകളും ബ്ലോഗും പൂട്ടി വേറെ വല്ല പണിക്കും പോകേണ്ടി വന്നേനെ. കാരണം ഹരികുമാറിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് ഒന്നുകൊണ്ടു മാത്രം കലാകൗമുദിയുടെ കുറേയേറെ വായനക്കാരുടെ കണ്ണില്‍ ബ്ലോഗുകളെക്കുറിച്ച് മോശമായ ധാരണ ഉണ്ടാകുമായിരുന്നു.

ബ്ലോഗുകളെക്കുറിച്ച് കലാകൗമുദിയില്‍ എം കെ ഹരികുമാര്‍ മോശമായി എഴുതിയതു കൊണ്ട് എന്തെങ്കിലും അപകീര്‍ത്തി ബ്ലോഗുകള്‍ക്കുണ്ടാകും എന്ന് ധരിക്കുന്നില്ല. കാരണം, ഹരികുമാറിനോ ഹരികുമാറിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കലാകൗമുദിക്കോ കേരളീയ വായനാ സമൂഹത്തില്‍ എന്തെങ്കിലും ക്രെഡിബിലിറ്റി ഉണ്ടെന്ന വിശ്വാസം ഇല്ലെന്നതു തന്നെ.

ഹരികുമാര്‍ എഴുതുന്ന ചവറുകള്‍ പ്രസിദ്ധീകരിക്കുന്ന എഡിറ്ററെയും ഓര്‍ത്ത് സഹതാപമേയുളളൂ.

വിവാദ കുറിപ്പില്‍ ഹരികുമാര്‍ മോശമായി പരാമര്‍ശിച്ച ലാപുട, കുഴൂര്‍ വില്‍സണ്‍ എന്നിവര്‍ ഭാഗ്യവാന്മാരാണ്. കാരണം, മോശക്കാരനാണ് എന്ന് ഹരികുമാര്‍ പ്രഖ്യാപിച്ച ഒറ്റക്കാരണത്താല്‍ ഇവരെക്കുറിച്ച് വായനക്കാര്‍ നല്ലതേ കരുതൂ. കൂടുതല്‍ എന്തെങ്കിലും അറിയണമെന്ന് കരുതി ബ്ലോഗുകളിലേയ്ക്ക് കടന്നു വരുന്നവര്‍ക്കും ഇവരെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ടാക്കാന്‍ തടസമേതുമില്ല.

കുഴൂര്‍ വില്‍സണ്‍ യഥാര്‍ത്ഥത്തില്‍ നാണിക്കേണ്ടത് ആ അവതാരികയെ ഓര്‍ത്താണ്. അതു വായിച്ചു നാണിച്ചു ചൂളുകയേ വില്‍സണ് ഇനി ചെയ്യാനുളളൂ. എന്നാല്‍ കലാകൗമുദിയില്‍ ഹരികുമാറിന്റേതായി പ്രത്യക്ഷപ്പെട്ട ആ നെഗറ്റീവ് പരാമര്‍ശത്തിന്റെ പേരില്‍ അഭിമാനത്തിനും വകയുണ്ട്.

ഇന്റര്‍നെറ്റ് വ്യാപകമാകുന്നതോടെ ഓണ്‍ലൈന്‍ ക്രെഡിബിലിറ്റി വളരെ പ്രധാനമായി മാറുകയാണ്. നാളത്തെ കല്യാണാലോചനകളില്‍ പോലും ഓണ്‍ലൈന്‍ ക്രെഡിബിലിറ്റി ഒരു പ്രശ്നമായേക്കാം. എം കെ ഹരികുമാര്‍ എന്നെഴുതി ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നവര്‍ക്ക് മുന്നില്‍ സ്വന്തം വ്യക്തിത്വവും പരിമിതികളും ഇത്ര വേഗം വെളിപ്പെടുത്തിയ വേറൊരു ബ്ലോഗറോ എഴുത്തുകാരനോ ഉണ്ടോ എന്ന് സംശയമുണ്ട്.

അതിനാല്‍, ഹരികുമാറിന്റെ അവഹേളനമേറ്റവര്‍ അഭിമാനിക്കുക. അഭിനന്ദനങ്ങളേറ്റവര്‍ എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കട്ടെ. നമ്മുടെ ഊര്‍ജവും സമയവും വിലപ്പെട്ടതായതിനാല്‍ എത്രയും വേഗം ഹരികുമാര്‍ ഫോബിയ അവസാനിപ്പിക്കാം.

ഈ വിഷയത്തിലെ മറ്റു രണ്ടു പോസ്റ്റുകള്‍ ഇവിടെ
ബൂലോകത്തു നിന്ന് കലാകൗമുദിക്ക് ഖേദപൂര്‍വം - അഞ്ചല്‍കാരന്‍
ഞാന്‍ പ്രതിഷേധിക്കുന്നു - ഉമേഷ്


3 comments:

simy nazareth said...

:) agreed.

N.J Joju said...

ഇതാണ് പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ്ങ്.......

Rafeeq said...

:-)