Thursday, 31 January 2008

എന്റെ ഭര്‍ത്താവ് ചുളളിക്കാടായിരുന്നെങ്കില്‍............

പ്രശസ്ത കവി ബാലചന്ദ്രന്‍ ചുളളിക്കാടിന് അമ്പതു വയസു തികഞ്ഞ വേളയില്‍ അദ്ദേഹത്തെ സഹധര്‍മ്മിണിയും കവയിത്രിയുമായ വിജയലക്ഷ്മി മലയാള മനോരമയെ ഉപയോഗിച്ച് ചോദ്യം ചെയ്തിരുന്നു.

പ്രസ്തുത അഭിമുഖത്തെ ആസ്പദമാക്കി അനാമികയുടെ ബ്ലോഗില്‍ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. രണ്ടു ചോദ്യങ്ങളെ അധികരിച്ചാണ് അനാമിക ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. മൂലരൂപം താഴെ.

എനിക്കിഷ്ടപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതാ…

ചോദ്യം - ഞാന്‍ അടക്കമുള്ള എഴുത്തുകാര്‍ അവാര്‍ഡുകളെ ആദരിക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്തുപോരുന്നു. എന്നാല്‍, 1990ല്‍ താങ്കള്‍ ഇരുപതിനായിരം രൂപയുടെ സംസ്കൃതി ദേശീയ അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരിക്കലും ഒരവാര്‍ഡും സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ കുടുംബം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്ന കാലത്താണു താങ്കള്‍ ഇരുപതിനായിരം രൂപ വേണ്ടെന്നുവച്ചത്. വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടിയാണ് സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും സാമ്പത്തികാവശ്യങ്ങള്‍പോലും അവഗണിച്ചു താങ്കള്‍ ഇങ്ങനെയൊരു തിരസ്കാരം നടത്തിയത് എന്നു ഞാന്‍ കുറ്റപ്പെടുത്തിയാല്‍?

ഉത്തരം - അതു വളരെ ശരിയാണ്. ഒരിക്കലും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കാതെ ജീവിച്ചു മരിച്ചുപോയ ഒരെഴുത്തുകാരന്‍ എന്ന വ്യക്തിപരമായ പ്രശസ്തി കിട്ടാന്‍വേണ്ടിത്തന്നെയാണു ഞാന്‍ അവാര്‍ഡ് നിരസിച്ചത്. സമൂഹത്തിനുവേണ്ടി സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്കുള്ള സര്‍വാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നുമില്ല. കുടുംബത്തിന്റെ സാമ്പത്തികാവശ്യം പണിയെടുത്തു നിറവേറ്റും എന്നു വിചാരിച്ചു. ആ ഇരുപതിനായിരം രൂപയുടെ കാര്യം നീ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

മറ്റൊന്ന്….

ചോദ്യം - 1980 ജനുവരിയില്‍ എറണാകുളത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോല്‍സവകാലത്തു നാം പരിചയപ്പെടുമ്പോള്‍ താങ്കളും കടമ്മനിട്ട രാമകൃഷ്ണനും നന്നായി മദ്യപിച്ച അവസ്ഥയിലായിരുന്നു. പിന്നീടു ജീവിതകാലം മുഴുവന്‍ താങ്കള്‍ എന്നെക്കാളും സ്വന്തം കുഞ്ഞിനെക്കാളും സ്നേഹിച്ചിരുന്നതു മദ്യത്തെ ആയിരുന്നു. താങ്കളുടെ മദ്യാസക്തി എന്റെയും മകന്റെയും ജീവിതത്തെ നരകമാക്കി. ഞങ്ങളുടെ അവസ്ഥയോ അപേക്ഷയോ താങ്കളെ ഒരിക്കലും മദ്യപാനത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. എന്നാല്‍, 1998 ഓഗസ്റ്റില്‍ അമേരിക്കയില്‍ പോയി വന്നശേഷം താങ്കള്‍ മദ്യപിച്ചതായോ പുകവലിച്ചതായോ ഒരിക്കലും കണ്ടിട്ടില്ല. പ്രാണനെപ്പോലെ കരുതിയിരുന്ന മദ്യത്തെയും പുകയിലയെയും ഉപേക്ഷിക്കാന്‍ എങ്ങനെ കഴിഞ്ഞു?

ഉത്തരം - അമേരിക്കയില്‍വച്ച്, ഭൂമിയില്‍ കിട്ടാവുന്ന ഏതാണ്ടെല്ലാത്തരം മദ്യങ്ങളും കഴിച്ചു മടുത്തു. പുകവലിമൂലം ശ്വാസോച്ഛ്വാസംപോലും പ്രയാസമായി. ഏതുവിധത്തിലും പുകയിലയുടെയും മദ്യത്തിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടണം എന്ന കടുത്ത ആഗ്രഹമുണ്ടായി. അങ്ങനെ എല്ലാ ആത്മശക്തിയും സംഭരിച്ച് മദ്യപാനവും പുകവലിയും നിര്‍ത്തി. ഇപ്പോള്‍, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ നടുവില്‍ എത്രനേരമിരുന്നാലും യാതൊരു പ്രലോഭനവും ഇല്ല. മാന്യതയ്ക്കുവേണ്ടിയോ സാമൂഹികാംഗീകാരത്തിനുവേണ്ടിയോ അല്ല ഞാന്‍ കുടി നിര്‍ത്തിയത്. എന്റെ മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്.

വല്ലാത്ത മനുഷ്യനാണീ ചുളളിക്കാട് എന്ന് തോന്നുന്നു. ചുളളിക്കാടിനോടൊപ്പം വിജയലക്ഷ്മി കഴിഞ്ഞതെങ്ങനെ എന്നോര്‍ക്കുമ്പോള്‍ അത്ഭുതവും. എങ്ങനെ ഈ മനുഷ്യനോടൊപ്പം ഒരു കുടുംബത്തില്‍ കഴിഞ്ഞു എന്നതിനെക്കുറിച്ച് വിജയലക്ഷ്മിയെ ബാലചന്ദ്രന്‍ ഇന്റര്‍വ്യൂ ചെയ്താല്‍ എങ്ങനെയിരിക്കും എന്നുമാലോചിക്കാന്‍ പ്രേരിപ്പിക്കുന്നു ഈ അഭിമുഖം…

ചുളളിക്കാടെന്ന അരാജകനായ കവിയെക്കുറിച്ച്, ഇങ്ങനെയൊരാളോടൊപ്പം ജീവിക്കുന്ന വിജയലക്ഷ്മിയെന്ന സ്ത്രീയെക്കുറിച്ച് അവരുടെ സ്വകാര്യതയെയും വ്യക്തിത്വത്തെയും തെല്ലും പരിഹസിക്കാതെ ചര്‍ച്ച ചെയ്യാനാവുമോ നമുക്ക്….

എന്റെ ഭര്‍ത്താവ് ബാലചന്ദ്രന്‍ ചുളളിക്കാടിനെപ്പോലൊളായാല്‍…… ബ്ലോഗിലെ വിവാഹിതരും അവിവാഹിതരും സാഹിത്യപ്രേമികളുമായ വനിതകളുടെ അഭിപ്രായം എന്തായിരിക്കും? ചുളളിക്കാട് കുടിച്ചും കവിത ചൊല്ലിയും പ്രണയിച്ചും തെണ്ടിയും ആഘോഷിച്ചു തീര്‍ത്ത യൗവനത്തെക്കുറിച്ച് പുരുഷ സമൂഹം എന്തുപറയുന്നു?

അറിയാനാഗ്രഹമുണ്ട്. ആരെങ്കിലും പ്രതികരിക്കുമോ?

പുരുഷ സമൂഹത്തില്‍ പെടുന്ന മാരീചന്‍ ഇങ്ങനെ പ്രതികരിക്കുന്നു. സ്വപ്നതുല്യമായിരുന്നു ചുളളിക്കാടിന്റെ ജീവിതം. കവിത എഴുതിയും പ്രണയിച്ചും തെണ്ടിയും ചുളളിക്കാട് ആഘോഷിച്ച ജീവിതം പലര്‍ക്കുമെന്ന പോലെ മാരീചനും സ്വപ്നം കാണേനേ കഴിയൂ. അങ്ങനെ ജീവിക്കണമെങ്കില്‍ ചില്ലറ ധൈര്യമൊന്നുമല്ല വേണ്ടത്.

അങ്ങനെ ജീവിച്ചിരുന്നെങ്കില്‍ ..........

എത്രപേര്‍ക്കു വിജയലക്ഷ്മിയാകാന്‍ കഴിയുമെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ചുളളിക്കാടിന്റെ അരാജക ജീവിതത്തെക്കുറിച്ച് വായിക്കുകയോ കേള്‍ക്കുകയോ ചെയ്ത സ്ത്രീകളാണ്.

ബാലചന്ദ്രനോടൊപ്പമുളള ജീവിതയാത്രയ്ക്കിടയില്‍ വിജയലക്ഷ്മി നേരിട്ട പൊളളിക്കുന്ന അനുഭവങ്ങളെ, തങ്ങളായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്ന സാങ്കല്‍പിക ചോദ്യത്തെ നേരിട്ട് എങ്ങനെയായിരിക്കും നമ്മുടെ സ്ത്രീകള്‍ വിലയിരുത്തുക? ആലോചിക്കാന്‍ രസമുളള വിഷയം തന്നെ.

4 comments:

Richard Nasil said...

ബാലചന്ദ്രന്‍ വിവരമില്ലത്തവരുടെ കാവല്‍ക്കാരന്‍
ബാലചന്ദ്രന്‍ സമൂഹത്തിന്റെ ശത്രു..
................

ദിലീപ് വിശ്വനാഥ് said...

സ്വപ്നതുല്യമായിരുന്നു ചുളളിക്കാടിന്റെ ജീവിതം. കവിത എഴുതിയും പ്രണയിച്ചും തെണ്ടിയും ചുളളിക്കാട് ആഘോഷിച്ച ജീവിതം പലര്‍ക്കുമെന്ന പോലെ മാരീചനും സ്വപ്നം കാണേനേ കഴിയൂ. അങ്ങനെ ജീവിക്കണമെങ്കില്‍ ചില്ലറ ധൈര്യമൊന്നുമല്ല വേണ്ടത്.

ആ പ്രസ്താവനയോട് യോജിക്കുന്നില്ല. അങ്ങനെ ജീവിക്കാന്‍ ധൈര്യം വേണ്ട. ഭീരുക്കളാണ് അങ്ങനെ ജീവിക്കുന്നത്.

ശ്രീ said...

അദ്ദേഹത്തിന്റെ പത്നി സഹിച്ചതു പോലെ എല്ലാ സ്ത്രീകള്‍‌ക്കും സാധിയ്ക്കുമെന്നു തോന്നുന്നില്ല.

siva // ശിവ said...

Thanks a lot for this post...really enjoyed it..