വിക്കിയെ ഒതുക്കാന്‍ ഗൂഗിളൊരുങ്ങുന്നു
പ്രധാനപ്പെട്ട വിവരങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മിക്കവാറും ആദ്യവും രണ്ടാമതും പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ വിക്കിപീഡിയയുടേതാവാം. അന്വേഷകര്‍ ആദ്യം ക്ലിക്ക് ചെയ്യുന്നതും വിക്കിയിലേയ്ക്കുളള ലിങ്കിലാവാം.
ഈ ക്ലിക്കിനെ സ്വന്തം വരുതിയിലെത്തിക്കാനുളള തന്ത്രം ഗൂഗിളിന്റെ പണിശാലയില്‍ സജ്ജമായിക്കഴിഞ്ഞു. നോള്‍ (knol) എന്ന് പേരിട്ടിരിക്കുന്ന വിക്കി മാതൃകയിലുളള എന്‍സൈക്ലോപീഡിയ ഉടന്‍ ഗൂഗിള്‍ എത്തിക്കും.
കോടിക്കണക്കിന് മനുഷ്യരുടെ തലച്ചോറിനുളളില്‍ ഉപയോഗപ്രദമായ അറിവ് ഏറെയുണ്ടെന്നും അത് പങ്കുവെയ്ക്കാന്‍ തല്പരരായവര്ക്ക് അതിനുളള സൗകര്യം ഒരുക്കുയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഗൂഗിള്‍ പറയുന്നു.
വ്യത്യസ്ത വിഷയങ്ങളില്‍ വൈദഗ്ധ്യമുളളവര്‍ക്ക് അത് എഴുതാനും തിരുത്താനുമുളള അവസരം കൊടുക്കുക എന്നതാണ് നോള്‍ എന്ന ഗൂഗിള്‍ ഉപകരണം നല്കുന്ന സേവനം. പ്രതിഫലേച്ഛയില്ലാതെ അറിവ് വിതരണം ചെയ്യുന്ന ഒരുകൂട്ടത്തിന്റെ പ്രയത്നമാണ് വിക്കിപീഡിയയുടെ സേവനത്തിനു പിന്നിലും ഉളളത്.
വിക്കിയില്‍ അംഗമാകുന്നയാള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്ന്നാല് പ്രസക്തമെന്നു തോന്നുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതാവുന്നതാണ്. ഇങ്ങനെ എഴുതുന്ന ഉളളടക്കത്തിലെ ശരിതെറ്റുകള്‍ മറ്റുളളളവര്ക്ക് ചൂണ്ടിക്കാട്ടാനും തിരുത്താനുമുളള അവസരവുമുണ്ട്.
എന്നാല്‍ പ്രധാന ലേഖനം എഴുതിയതാരെന്ന വിവരം വിക്കി നല്‍കുന്നില്ല. ഇതിനെ ഒരു പോരായ്മയായി ഉയര്‍ത്തിപ്പിടിച്ച് എഴുത്തുകാരന്റെ ആധികാരിത കൂടി തങ്ങള്‍ നല്‍കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.
ഉളളടക്കത്തിന്റെ ആധികാരികത എഴുത്തുകാരനെ അടിസ്ഥാനപ്പെടുത്തി ഉപഭോക്താവിന് നിശ്ചയിക്കാമെന്നതാണ് നോള്‍ മുന്നോട്ടുവെയ്ക്കുന്ന മേന്മ. ഒരു വെബ് പേജ് മാത്രമായിരിക്കും തങ്ങള്‍ നല്‍കുന്നതെന്ന് പറയുമ്പോഴും അത് പരമാവധി വ്യത്യസ്തമായിരിക്കുമെന്ന് ഗൂഗിള്‍ ഉറപ്പു പറയുന്നു. എഴുത്തിനും തിരുത്തലിനും നോളില്‍ സൗകര്യമുണ്ടായിരിക്കും.
പ്രത്യേക വിഷയങ്ങളില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് ബന്ധപ്പെട്ട നോള്‍ പേജിന്റെ ലങ്ക് ആദ്യം പ്രദര്‍ശിപ്പിക്കുമെന്നും ഗൂഗിള്‍ ഉറപ്പു നല്കുന്നു. ഉളളടക്കത്തില്‍ ഗൂഗിള്‍ ഒരുതരത്തിലും ഇടപെടില്ല. അതെല്ലാം എഴുത്തുകാരുടെ ഉത്തരവാദിത്വമാണെന്നാണ് കമ്പനിയുടെ നിലപാട്.
ഒരേ വിഷയത്തില്‍ തന്നെ ഒന്നിലധികം നോള്‍ പേജുകള്‍ സാധ്യമാണെന്നും ഈ തരത്തില്‍ മത്സരം ഉണ്ടാകുന്നത് ഉളളടക്കത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുമെന്നും ഗൂഗിള്‍ പറയുന്നു.
എഴുതുന്നതിന് യാതൊരു പ്രതിഫലവും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ നോള്‍ പേജില്‍ പരസ്യത്തിനുളള സൗകര്യം കമ്പനി ചെയ്യും. അതില്‍ നിന്നുളള വരുമാനം എഴുത്തുകാരുമായി പങ്കിടുകയും ചെയ്യും. പ്രസക്തമായ വിഷയങ്ങളില്‍ നന്നായി എഴുതാന്‍ കഴിയുന്നവര്‍ക്ക് പുതിയൊരു വരുമാനമാര്‍ഗമാണ് ഗൂഗിള്‍ തുറന്നിടുന്നത്. ഇവിടെ വിക്കിയെ ഗൂഗിള്‍ ബഹുദൂരം പിന്നിലാക്കിയേക്കാം.
കമന്റുകള്‍ എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ഉളളടക്കത്തില്‍ പ്രസക്തമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും മറ്റുളളവര്‍ക്ക് അവസരമുണ്ടാക്കുന്ന തരത്തിലായിരിക്കും നോളിന്റെ രൂപകല്പന. ബ്ലോഗിന്റെ ഉയര്‍ന്ന രൂപമായി നോള്‍ പ്രവര്‍ത്തിക്കും.
സാങ്കേതിക പരിശോധനകള്‍ കഴിഞ്ഞാല്‍ നോള്‍ ഉടന്‍ നെറ്റ് ഉപഭോക്താക്കളുടെ മുന്നിലെത്തും. ഉളളടക്കത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമായിരിക്കില്ലെന്നും എല്ലാ സെര്‍ച്ച് എഞ്ചിനുകള്‍ക്കും ഇവ ലഭ്യമാക്കുമെന്നും കമ്പനി അറിയിക്കുന്നു.
Encouraging people to contribute knowledge - googleblog
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
2 years ago
6 comments:
പുതിയ അറിവ്...
അഭിനന്ദനങ്ങള്‍
സ്വാഗതാര്‍ഹമായ കാര്യം തന്നെ. പോരട്ടെ, നോള്‍ അഥവാ ഗൂഗിള്പീടിക. പലതരം അറിവുകള്‍ പകര്‍ന്നു നല്‍കാനും ചികഞ്ഞെടുക്കാനുമുള്ള സൌകര്യത്തിലും ഒരു സൌഹാര്‍ദ്ദ മത്സരമുണ്ടാകുന്നത് നല്ലതല്ലേ.
ഇതിനെക്കുറിച്ച് എഴുതണമെന്ന് കരുതിയതാണ്. മാരീചന്റെ ലേഖനം കണ്ടത് കൊണ്ട് ഇനി അത് വേണമെന്നില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം വിക്കിയെ ഗൂഗിള്‍ ഒതുക്കിയില്ലെങ്കില്‍ ഗൂഗിളിനെ വിക്കിയൊതുക്കും.
1) വെബ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 60% ഗൂഗിള്‍ സെര്‍ച്ചുകളും അവസാനിക്കുന്നത് വികിപ്പീഡിയയിലാണ്.
2) വിക്കിപ്പീഡിയുടെ സെര്‍ച് എന്ജിന് ഉപയോഗിച്ചാല്‍ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഭാവിയില്‍ ഗൂഗിളിന്റെ ഉപയോഗം കുറഞ്ഞേക്കാം.
3) ഗൂഗിളിന്റ്റെ കയ്യില്‍ ആകെ ഒരു ഗൂഗ്ലിയേ ഉള്ളൂ. അതാണ് അഡ്സെന്‍സ്. എന്നാല്‍ വിക്കിപ്പീഡിയയാകട്ടെ ഗൂഗിളിനെയോ വേറെ അഡ് കച്ചവടക്കാരെയോ അടുപ്പിക്കുന്നില്ല. പുലി തിന്നുകയുമില്ല ഗൂഗിള്‍ പശുവിനെ തീറ്റിക്കുകയുമില്ല. ഇനി ആളുകളെല്ലാം വികിപ്പീടിയ സെര്‍ച് എന്‍ജിനില്‍ കട്ടന്‍ ചായ കുടിക്കാന്‍ തുടങ്ങിയാല്‍ ഗൂഗിള്‍ പെട്ടി മടക്കിക്കെട്ടിയാല് മതി.
അപ്പോള്‍ ഇതില്‍ സൌഹൃദമൊന്നുമില്ല. അള മുട്ടുമ്പോഴുള്ള ഒരു കടിയെന്ന് കരുതിയാല്‍ മതി.
ഇനി വിജ്ഞാനത്തെ കച്ചവട വത്കരിക്കണോ അതോ വികിപ്പീഡിയയെപ്പോലെ ജനകീയവത്കരിക്കണോ എന്നുള്ളത് ഒരു നൈതിക പ്രശ്നമാണ്. ഗൂഗിള്‍ 21-ആം നൂറ്റാണ്ടിന്റെ മൈക്രൊസോഫ്റ്റ് ആണെന്ന് ആരോ എപ്പോഴോ പറഞ്ഞു കാണും.
വരട്ടെ, അങ്ങിനെ വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടട്ടെ...
നല്ല ലേഖനം മാരീചാ,
ഇതേ വിഷയത്തില്‍ എര്‍ഗൊ എന്ന പത്രത്തില്‍(ദി ഹിന്ദുവിന്റെ ഫ്രീ ടാബ്ലോയ്ഡ്) ഒരു ഫുള്‍പേജ് അര്ടിക്കിള് ഉണ്ടായിരുന്നു.
വിജ്ഞാനോപകാരികളായ സംരംഭങ്ങള്‍ കൂടുതല്‍ വരുന്നത് സ്വാഗതാര്‍ഹം തന്നെ.
Post a Comment