Tuesday, 18 December 2007

അതെ, നമ്മുടെ മുറ്റത്ത് ആരാണ്?

പാഠ്യപദ്ധതി പരിഷ്കരണം കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാറ്റങ്ങളോട് പൊതുവെ അസിഹ്ണുത കാട്ടുകയും വേരുറച്ച ശീലങ്ങളിലും പാരമ്പര്യങ്ങളിലും വല്ലാതെ അഭിരമിക്കുകയും ചെയ്യുന്നവര്‍ ഏത് മാറ്റത്തോടും അനുകൂലമായി പ്രതികരിച്ചെന്നു വരില്ല. കുട്ടികളുടെ വിദ്യാഭ്യാസ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും.

കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്ന എന്ന ഒറ്റ പ്രചരണവാക്യം മതി ഏത് രക്ഷിതാവിന്റെയും നെഞ്ചിടിപ്പിക്കാന്‍. നെട്ടോട്ടവും നെഞ്ചത്തടിയുമായി തെരുവുണരാന്‍ ഈ പടപ്പാട്ട് ധാരാളം.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നത് വെളെളഴുത്താണ്. നമ്മുടെ മുറ്റത്ത് ആര് എന്ന പേടിപ്പിക്കുന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നു.

ഈ ചോദ്യം ആദ്യം ഉണര്‍ത്തിയത് കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ് എന്ന മറു ചോദ്യമാണ്. പിന്നാലെ മനസിലിരുന്നാരോ ഇങ്ങനെയും ചോദിച്ചു.

സ്വന്തം വിഷയത്തില്‍ ഏറ്റവും പുതിയ കാര്യം അറിഞ്ഞ് വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം എത്ര? പുതിയ ലോകത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തിന് ഏതേത് പരിശീലനങ്ങളാണ് നമ്മുടെ കലാലയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്? ഐഐടി, ഐഐഎം മേഖലകളിലെ കൊതിപ്പിക്കുന്ന ജോലി കയ്യെത്തിപ്പിടിക്കാന്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടോ? ഉത്തരങ്ങള്‍ ഒട്ടും പോസിറ്റീവല്ല.

ക്ലര്‍ക്കും, പ്യൂണും അധ്യാപകനും ഒന്നും വേണ്ടെന്നല്ല അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ചില മേഖലകള്‍ ഇപ്പോഴും സമ്പന്ന വിഭാഗങ്ങള്‍ക്ക് മാത്രം പ്രാപ്യമായ ഉയരങ്ങളില്‍ തന്നെയാണ്. എന്താണ് കാരണം? പിന്തുടര്‍ന്നു വന്ന പാഠ്യപദ്ധതിയിലെ കുറവുകള്‍ പ്രധാനകാരണമാണോ? ആണെങ്കില്‍ അവയെങ്ങനെ മാറ്റും?

മത്സരപ്പരീക്ഷകളില്‍ നിന്നും മലയാളികള്‍ പിന്തളളപ്പെടുന്നു എന്ന മുറവിളി കേട്ടു തുടങ്ങിയിട്ട് കാലം ഏറെയായി. എന്താണിതിനൊരു പരിഹാരം? പ്രധാന മേഖലകളില്‍ നിന്നും നമ്മുടെ കുട്ടികള്‍ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ decision making എന്ന പ്രക്രിയയില്‍ നിന്നു കൂടിയാണ് അവര്‍ ഒഴിവാക്കപ്പെടുന്നത്. നിലവിലുളള പാഠ്യപദ്ധതിയും അധ്യാപന സമ്പ്രദായവും പുതിയ ലോകത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കാന്‍ പ്രാപ്തമാണോ?

കൂണുപോലെ ഇന്റര്‍നാഷണല്‍ സ്ക്കൂളുകള്‍ മുളച്ചു പൊന്തുന്നുണ്ട്. ഡൂണ്‍ സ്ക്കൂള്‍, ഡെല്‍ഹി ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ എന്നിവടങ്ങളിലൊക്കെ അവലംബിക്കുന്ന സിലബസ് വേറെ, പഠനം വേറെ, അവരുടെ ലക്ഷ്യം വേറെ.

പണമുളളവന്‍ അവിടെ ചേര്‍ന്ന് പഠിക്കുന്നു.

കേന്ദ്രീയ വിദ്യാലയങ്ങളുടെ കാര്യമോ? കുട്ടി പിറന്നാല്‍ കേവിയില്‍ പ്രവേശനം നേടാന്‍ ഒരെംപിയെ എങ്ങനെ ചാക്കിലാക്കാമെന്ന് ആലോചിക്കുന്ന എത്രയോ രക്ഷിതാക്കളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കരിക്കുലമാണോ അവിടെ പഠിപ്പിക്കുന്നത്? അധ്യാപനവും അവരുടെ പരിശീലനവും നമ്മുടെ സ്ക്കൂളുകളിലേതു പോലെയാണോ? അല്ലേയല്ല.

യഥാര്‍ത്ഥത്തില്‍ രണ്ടുതരം പൗരന്മാര്‍ ഇപ്പോള്‍ തന്നെ രൂപപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സ്ക്കൂളുകളിലെ സാദാ വിദ്യാഭ്യാസം നേടി തൊഴിലില്ലാതെ അലയുന്നവരുടെയും കേന്ദ്രീയ വിദ്യാലയങ്ങള്‍ പോലെ 'അന്തസുളള'യിടങ്ങളില്‍ പഠിച്ച് തൊഴിലില്ലാതെ അലയുന്നവരുടെയും കണക്ക് ആരെങ്കിലും എന്നെങ്കിലും പ്രത്യേകം പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. അങ്ങനെ പ്രസിദ്ധീകരിച്ചാലറിയാം വ്യത്യാസം.

സ്ക്കൂള്‍, പ്രീഡിഗ്രി, ഡിഗ്രി, പിജി, പിന്നെ ട്യൂട്ടോറിയലില്‍ പഠിപ്പിക്കലും പ്യൂണ്‍ മുതല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വരെ ടെസ്റ്റെഴുത്തുമെന്നതാണ് ഒരു ശരാശരി മലയാളി വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ജാതകം.

സ്ക്കൂള്‍ കഴി‍ഞ്ഞ് ടിടിസി പഠിക്കാമായിരുന്നു. അതു നേടിയാല്‍ പ്രൈമറി സ്ക്കൂള്‍ വാധ്യാരും ആകാമായിരുന്നു. ഓര്‍ക്കുക. ഡിഗ്രി വേണ്ട, പ്രിഡിഗ്രിയും വേണ്ട, വെറും പത്താംക്ലാസും ടിടിസിയും പാസായാല്‍ ഭാവി തലമുറയെ വാര്‍ത്തെടുക്കേണ്ട സിമന്റും ചാന്തും കൂട്ടാനുളള ലൈസന്‍സായി.

വേറെയേതെങ്കിലും നാട്ടില്‍ ഏറ്റവും പ്രാധാന്യമേറിയ പ്രാഥമിക വിദ്യാഭ്യാസത്തെ ഈ വിധം ഉത്തരവാദിത്വ രഹിതമായി കൈകാര്യം ചെയ്തിട്ടുണ്ടോ എന്നറിയില്ല.

ഡിഗ്രി കഴിഞ്ഞാല്‍ ചിലര്‍ പണം കൊടുത്തും ചിലര്‍ അല്ലാതെയും ബിഎഡ് നേടും. അതും കഴിഞ്ഞാല്‍ വീണ്ടും ചിലര്‍ പണം കൊടുത്തും ഏറെ ഭാഗ്യമുളളവര്‍ ടെസ്റ്റെഴുതി വിജയിച്ചും അധ്യാപകരുമാകും. ആയിക്കഴിഞ്ഞാല്‍ സുഖമാണ്. പിന്നെ ഒന്നും പഠിക്കേണ്ട.

ഒരു ചൂരലും ടെസ്റ്റ് ബുക്കിനകത്ത് ഒളിപ്പിച്ച ഗൈഡുമുണ്ടെങ്കില്‍ ക്ലാസ് റൂം എന്ന ജര്‍മ്മനിയില്‍ ഹിറ്റ്ലറായി വാഴാം. കുട്ടികള്‍ സാറേ എന്ന് നീട്ടി വിളിച്ചു തരും.

വെളെളഴുത്തിന്റെ ലേഖനം വായിച്ചപ്പോള്‍ ചിന്തകള്‍ അടുക്കും ചിട്ടയുമില്ലാതെ മുന്നേറുകയാണ്. അതുകൊണ്ട് ആ ലേഖനത്തിന്റെ ഒരു ഭാഗം അതുപോലെ ഇവിടെ പകര്‍ത്തി ചില ചോദ്യങ്ങള്‍ ചോദിച്ച് ഇത് അവസാനിപ്പിക്കാം.

(ചുവന്ന നിറത്തിലുളളത് വെളെളഴുത്തിന്റെ ചിന്തകളാണ്. ചിന്തകള്‍ക്ക് ചുവപ്പ് പോരെങ്കില്‍ ഇനിയും കൂട്ടാം. മാരീചന്റെ ചോദ്യങ്ങള്‍ തൊട്ടുപിന്നാലെ ബ്രായ്ക്കറ്റിലും. അവയ്ക്ക് അത്ര ചുവപ്പ് പോര.)

....ഇവയാണ് പ്രശ്നമേഖലകള്‍. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല.

(ആര്‍ക്കാണ് ഇത് അപകടമായി തോന്നുന്നത്? ഇതില്‍ അപകടം തോന്നുന്നവരുടെ രാഷ്ട്രീയം പ്രത്യേകം പഠിക്കേണ്ടതല്ലേ. കുട്ടികള്‍ എങ്ങനെ പഠിക്കണം, എങ്ങനെ വളരണമെന്നാണ് ഈ അപകടങ്ങള്‍ ജ്ഞാനദൃഷ്ടിയില്‍ തിരിച്ചറിയുന്നവര്‍ വാദിക്കുന്നത്? )

എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചുകൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന ഒരു കുട്ടി ഒടുവില്‍ എന്തായി തീരും എന്നൂഹിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല. അതു കണ്ടറിയേണ്ട സംഗതിയാണ്.

(പത്തുവര്‍ഷം ഇങ്ങനെയല്ലാതെ ഇതുവരെ പഠിച്ച കുട്ടി എന്താണായത്? പഴയ പാഠ്യപദ്ധതിയില്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ കുട്ടി ഇന്നതായി മാറുമെന്ന് ഉറപ്പിച്ചു പറയാനാവുമായിരുന്നോ? പഴയ പത്തു വര്‍ഷത്തിന്റെ അവ്യക്തതയല്ലേ പുതിയ പന്ത്രണ്ടു വര്‍ഷത്തിലും ഉണ്ടാകുന്നത്. പഠനം എന്നത് മുന്‍കൂട്ടി വരച്ചിട്ട നേര്‍രേഖയില്‍ ചലിക്കുന്ന ഒന്നാണോ?)

പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം. മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് മാത്രം ഭാഷാപുസ്തകങ്ങള്‍ പോലും നിറയുന്ന അവസ്ഥയാണുണ്ടാവുക. (ഇപ്പോഴും അതുണ്ട്, പുതിയ വ്യവഹാരരൂപങ്ങള്‍ എന്ന മട്ടില്‍ സാരമില്ല എന്നു വയ്ക്കാം, എന്നാല്‍ അവകള്‍ മാത്രമായി ഭാഷാപഠനം ചുരുങ്ങുമ്പോഴോ? നമ്മുടെ സര്‍ഗാത്മക സാഹിത്യകാരന്മാരും ശൈലീവല്ലഭന്മാരും പരണത്തിരിക്കും, മുദ്രാവാക്യകവിതകളും ഉപദേശലേഖനങ്ങളുമെഴുതിയ റിപ്പോട്ടര്‍മാര്‍ എഴുത്തുകാരായി കുട്ടികളുടെ മനസ്സില്‍ പൂത്തുലയും.

(ഭാഷാപഠനം ഇതുമാത്രമായി ചുരുങ്ങുന്നുവെന്ന് ആരാണ് പറഞ്ഞത്? ഇപ്പോഴത്തെ കുട്ടികള്‍ പഠിക്കുന്ന പുസ്തകങ്ങള്‍ കണ്ട് കൊതിച്ചു പോയിട്ടുണ്ട്. ഭാഷാശേഷിയും പദസമ്പത്തുമൊക്കെ വളര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുളള എക്സെര്‍സൈസുകള്‍ (അഭ്യാസം എന്ന വാക്ക് മനപ്പൂര്‍വം ഒഴിവാക്കുന്നു) പണ്ടുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയിട്ടുണ്ട്. എന്തെല്ലാം അവസരങ്ങളും മാര്‍ഗങ്ങളുമാണ് പുതിയ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് കിട്ടുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

പഴയ അറുബോറന്‍ സ്ക്കൂള്‍ ക്ലാസുകളുടെ നിശ്ചലതയില്ല ഇന്നത്തെ ക്ലാസ് മുറികളില്‍. ഭാഷാ പഠനം ജീവസുറ്റ നിലയിലല്ലേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്വയം കവിതയെഴുതാനും പഠിച്ച കവിതയ്ക്ക് ആസ്വാദനമെഴുതാനുമൊക്കെ കിട്ടുന്ന അവസരങ്ങള്‍ പലരും നന്നായി ഉപയോഗിക്കുന്നുമുണ്ട്. പിന്നെ എവിടെയാണ് ഭാഷാപഠനം വട്ടപ്പൂജ്യമാകുന്നത്?)

‘ഭാഷാപഠനം’ ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായിട്ടുണ്ട് സ്കൂള്‍ ക്ലാസുകളില്‍. പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സോഷ്യല്‍ സയന്‍സ് (സാമൂഹിക പാഠം) പുസ്തകത്തിനും ശാസ്ത്ര പാഠപുസ്തകങ്ങള്‍ക്കും ഭാഷാപുസ്തകങ്ങള്‍ക്കും വലിയ വ്യത്യാസമില്ലാതെയാവും.

(എങ്ങനെയാണ് ഇത് ഇത്ര ഉറപ്പിച്ച് പറയാനാവുക? ഇവയെ സാധൂകരിക്കുന്ന പഠനങ്ങള്‍, മുന്‍ അനുഭവങ്ങള്‍ അങ്ങനെയൊന്നു പോലും വെളെളഴുത്ത് ചൂണ്ടിക്കാണിക്കുന്നില്ല)

സൌന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞുപോകും. (എങ്ങനെയെന്നു ഈ വിധിയില്‍? ഈ വിധം പാഠ്യപദ്ധതി പരിഷ്കരിച്ച ഏതെങ്കിലും രാജ്യങ്ങളിലോ നാട്ടിലോ സൗന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്നും ഒഴി‍ഞ്ഞു പോയിട്ടുണ്ടോ?)

ഇനിയും ചോദ്യങ്ങള്‍ ഏറെയാണ്. പുതിയ പാഠ്യപദ്ധതിക്കു പിന്നില്‍ ആരൊക്കെയോ മറ‍ഞ്ഞിരുന്ന് ചരടു വലിക്കുന്നതായി വെളെളഴുത്ത് പറയുന്നു. അവര്‍ക്ക് കൃത്യമായ അജണ്ടകളുമുണ്ടത്രേ!

ആ കണ്ടെത്തലിന് ഒരു മറുപുറമുണ്ട്. അത് ഈ ചോദ്യമാണ്.

ആരാണ് കേരളത്തിലെ പാഠ്യപദ്ധതി മാറേണ്ടെന്ന് പറയുന്നവര്‍, എന്താണ് അവരുടെ ഉദ്ദേശ്യം?

കേരളത്തിലെ കുട്ടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങളില്‍ ഭയപ്പാടില്ലാതെ പങ്കെടുക്കാന്‍ പ്രാപ്തമാകുന്നതിനെ ഭയക്കുന്നത് ആരാണ്? സ്ക്കൂള്‍, കോളെജ്, ട്യൂട്ടോറിയല്‍ കോളെജിലെ പഠിപ്പിക്കല്‍, പിഎസ്സി ടെസ്റ്റെഴുത്ത് എന്ന അജണ്ടയില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഒതുങ്ങിയാല്‍ മതിയെന്ന് വാശി പിടിക്കുന്നവരുടെ ലക്ഷ്യമെന്ത്? ആരാണ് അവര്‍ക്ക് പുറകില്‍ മറഞ്ഞിരുന്ന് ചരട് വലിക്കുന്നത്?

യഥാര്‍ത്ഥത്തില്‍ ആരാണ് ഇത്രയും കാലം നമ്മുടെ മുറ്റത്ത് ഇരുന്നത്? ലോകത്തിന്റെ വിശാലത നമ്മുടെ മുറ്റത്തിന്റെ ഇത്തിരിവെട്ടമായി വെട്ടിച്ചുരുക്കിയത് ആരാണ്?

ആരെങ്കിലും ഉത്തരം തരുമോ?

വെളെളഴുത്തിന്റെ ലേഖനം - നമ്മുടെ മുറ്റത്ത് ആരാണ്?

5 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

എന്ത്‌ മാറ്റത്തേയും എതിര്‍ത്ത്‌ തോല്‍പ്പിക്കുക എന്നത്‌ മലയാളികളുടെ പ്രത്യേകതയാണോ എന്നറിയില്ല. പക്ഷെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു സമൂഹമാണ്‌ നമ്മുടേത്‌. അത്‌ വിദ്യാഭ്യാസ കാര്യത്തിലെങ്കില്‍ പറയുകയും വേണ്ട.

എന്നൊക്കെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്ക്‌ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ വന്‍ വിവാദങ്ങള്‍ ഇവിടെ തലപൊക്കിയിട്ടുണ്ട്‌. അതിന്റെ പിന്‍തുടര്‍ച്ചയായി പുതിയ പരിഷ്ക്കാരങ്ങളോടുള്ള എതിര്‍പ്പിനേയും കാണാം

പുതിയ പാഠ്യപദ്ധതി DPEP എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ ആരംഭിച്ച പ്രശ്നങ്ങള്‍ നമുക്കിവിടെ ഓര്‍ക്കാം. DPEP എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്‌ ജസ്റ്റിസ്‌ കൃഷ്ണയ്യരായിരുന്നു. ലോകബാങ്കിന്റെ പണമാണ്‌ മൂപ്പരെ ഇതിന്റെ സമരമുഖത്തെക്ക്‌ ആകര്‍ഷിച്ചത്‌. നമ്മുടെ കുട്ടികളെ മണ്ടന്മാരാക്കാന്‍ ലോകബാങ്ക്‌ ആവിഷ്ക്കരിച്ച തന്ത്രമാണ്‌ ഇതെന്നും ഇവിടെ രണ്ട്‌ തരം പൌരന്മാരേ സൃഷ്ടിക്കാന്‍ മാത്രമേ ഈ പരിപാടി സഹായിക്കൂ എന്നും അവര്‍ പറഞ്ഞു.

ആ കാലഘട്ടത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഒരുപറ്റം രക്ഷിതാക്കള്‍ DPEP ക്കെതിരെ സമരവുമായി എത്തി. അവര്‍ മുന്നോട്ട്‌ വച്ച പോയന്റെ എന്തുകൊന്റ്‌ കേരളത്തിലെ അണ്‍-എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഇത്‌ നടപ്പിലാക്കുന്നത്‌ എന്നതായിരുന്നു.പണക്കാരുടെ മക്കള്‍ പഠിക്കുന്ന സിലബസ്‌ ഒന്ന് പാവപ്പെട്ടവന്റെ മക്കള്‍ പ്ഠിക്കുന്നത്‌ വേറോന്ന്. ഇവരുമായി ഞാന്‍ അന്ന് പുതിയ പാഠ്യപദ്ധതിക്ക്‌ വേണ്ട്‌ തര്‍ക്കിച്ചു. അപ്പോള്‍ അതിലൊരാള്‍ ആ വര്‍ഷം ഒരു പരീക്ഷക്ക്‌ ചോദിച്ച്‌ ചോദ്യം ഉയര്‍ത്തിക്കാട്ടി എന്നോട്‌ തട്ടിക്കയറി. 5 കത്തികളുടെ ചിത്രം കാണിച്ചിട്ട്‌ ഇതില്‍ ഇറച്ചി വെട്ടുകാരന്റെ കത്തിയേത്‌ എന്ന ചോദ്യമാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. കുട്ടികളെ ഇറച്ചിവെട്ടുകാരന്‍ ആക്കാന്‍ വേണ്ടിയുള്ളതാണ്‌ ഇതെന്നുപോലും അദ്ദേഹം ആരോപിച്ചു. ഇര്‍ച്ചിവെട്ടുകാരന്റെ കത്തില്‍ ഏതെന്ന് തിരിച്ചറിയുന്നതില്‍ എന്താണ്‌ തെറ്റ്‌ എന്നും അത്‌ വിദ്യാര്‍ത്ഥിയുടെ നിരീക്ഷണ പാടവം അളക്കാനുള്ള ചോദ്യമല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം 100 വീട്‌ കയറിയിട്റ്റ്‌ വരികയാണ്‌ എന്നും ഞാന്‍ മാത്രമേ ഈ ചോദ്യത്തെ ന്യായീകരിച്ചു എന്നും പറഞ്ഞു മാത്രമല്ല കുട്ടികള്‍ വീട്ടില്‍ വന്നാല്‍ പറമ്പിലേക്കും മറ്റും പോയി നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തുന്നതും മാതാപിതക്കള്‍ക്ക്‌ ഇഷ്ടപ്പെടുന്നില്ല. അവരുടെ നോട്ട്ബുക്കുകളില്‍ ചോദ്യോത്തരങ്ങള്‍ക്ക്‌ പകരം ചോദ്യങ്ങള്‍ മാത്രം കണ്ടതും സ്വയം ഉത്തരം കണ്ടെത്തണം എന്ന് കേട്ടതും ഇവരെ ചൊടിപ്പിച്ചിരുന്നു. പ്രയോഗികമായ ചില കാര്യങ്ങളെപ്പറ്റി കുര്‍ച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ ഇവര്‍ ബുദ്ധിമുട്ടി അപ്പോള്‍ ഞാന്‍ ഇതേ ചോദ്യങ്ങള്‍ കുട്ടികളോട്‌ ചോദിക്കൂ എന്ന് പറഞ്ഞപ്പോള്‍ ഇതൊന്നും അറിഞ്ഞിട്ട്‌ വലിയ കാര്യമില്ലാ എന്നായിരുന്നു ഇവരുടെ അഭിപ്രായം.

DPEP പൂര്‍ണ്ണമായും ലേണര്‍ ഓറിയന്റണ്ട്‌ പ്രോഗ്രാമാണ്‌ എന്നും അതില്‍ അധ്യാപകര്‍ക്ക്‌ പ്രത്യേകിച്ച്‌ റോള്‍ ഒന്നുമില്ലാ എന്ന് അധ്യാപകരും പ്രചരിപ്പിച്ചു. ഗൈഡ്‌ നോക്കി ചോദ്യോത്തരങ്ങള്‍ എഴുതിച്ചിരുന്ന അധ്യാപകര്‍ക്ക്‌ പുത്തന്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. പരമാവധി ഇതിനെപ്പോളിക്കാന്‍ അധ്യാപകര്‍ തങ്ങളെക്കൊണ്ടാകുന്നത്‌ ചെയ്തു. എല്ലാവരും പഴയ പാഠ്യപദ്ധതികളുടെ ഗുണങ്ങളെക്കുറിച്ച്‌ വാചാലരായി. എന്നാല്‍ വെറും ഗൈഡ്‌ ചോദ്യോത്തര പരീക്ഷ സമ്പ്രദായം നിലനിന്നിരുന്ന പഴയ പദ്ധതിയുടെ മേന്മ എന്തായിരുന്നു എന്ന് ആരും ചിന്തിച്ചതേ ഇല്ല. ഒരു സാധാരണ വിദ്യാലയത്തില്‍ എല്ലാ വിഷയങ്ങള്‍ക്ക്‌ ജയിക്കുന്നവര്‍ 25% പോലുമില്ലായിരുന്നു. സിലബസ്‌ തീര്‍ക്കുക പഠിക്കുന്ന കുട്ടികള്‍ എന്ന ഒരു ക്രീമിന്‌ വേണ്ടി പരീക്ഷയും റാങ്കുകളും പ്രഖ്യാപിക്കുക എന്നതില്‍ കവിഞ്ഞ്‌ ഒന്നും ആ പദ്ധതിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനില്ല. ടീച്ചര്‍ പറയുന്നറ്റോ ടീച്ചര്‍ ഉപയോഗിക്കുന്ന ഗൈഡിലെ വിവരങ്ങള്‍ക്കോ അപ്രമാദിത്തം കിട്ടുന്ന ഒന്ന് മാത്രമായിരുന്നു അത്‌. അങ്ങനെ കണക്ക്‌ വരെ കാണാപാഠം പഠിച്ച്‌ 10 ക്ലാസ്‌ എന്ന ഭീകരതവരെ എത്തുന്നവരില്‍ 50% ആള്‍ക്കരെ മോഡറേഷന്‍ നല്‍കി വിജയിപ്പിച്ചിരുന്ന മഹത്തര സംഭവമായിരുന്നു പഴയ പാഠ്യപദ്ധതി. കേവലം 25% ക്രിമിന്‌ വേണ്ടിയും 25% മോഡറേഷന്‍കാര്‍ക്ക്‌ വേണ്ടിയും നടത്തപ്പെട്ട്‌ ഒന്ന്. അല്ലാതെ 10 ആം ക്ലാസോട്‌ കത്തിത്തീരുന്ന 50 ശതമാനത്തെയും പിന്നെ 210 മായി 10 കടന്നു കടന്നില്ലാ എന്ന് വരുത്തുന്ന ബാക്കി കുറേ ആള്‍ക്കാരേയും സൃഷ്ടിക്കുകയെന്നതായിരുന്നു ഇവിടെ ഇതുവരെ ചെയ്തിരുന്നത്‌.

എന്നാല്‍ പുതിയ പാഠ്യപദ്ധതി കുറേക്കൂടി മികച്ച പ്രവര്‍ത്തനമാണ്‌ എന്റ അഭിപ്രായം. കാരണം അത്‌ കുറേക്കൂടി സാര്‍വത്രികമാണ്‌ എന്നത്‌ തന്നെ അതില്‍ പ്രധാനം. കേവലം 25% ക്രീമിന്‌ മാത്രം ലഭിച്ചിരുന്ന അധ്യാപക ശ്രദ്ധ താഴേത്തട്ടിലേക്ക്‌ കൂടി ലഭിക്കുന്നു. കേവലം ചോദ്യോത്തരത്തിന്‌ അപ്പുറം സ്വയം വളരാന്‍ കഴിയുന്ന രീതിയിലാണ്‌ ഇത്‌ ക്രമീകരിച്ചിരിക്കുന്നത്‌. വിദ്യാര്‍ത്ഥിയേ വെറും പാഠ്യ വിഷയത്തിലൊതുക്കാതെ സമഗ്രമായി വികസിപ്പിക്കാന്‍ ഈ സിസ്റ്റത്തിന്‌ കഴിയും. പ്രയോഗികമായ ഒരുപാട്‌ അറിവുകള്‍ നേടാനും ഇത്‌ സഹായിക്കും. പിന്നെ എന്താണ്‌ ഇവിടുത്തെ പ്രശ്നം. പഴയ ക്രീമിന്‌ നിഷ്‌പ്രയാസം ഉള്‍ക്കൊള്ളാവുന്ന സിലബസേ ഇവിടെ ഉള്ളൂ എന്നതാണ്‌. എന്നാല്‍ അത്‌ പരീക്ഷയിലേ random ചോദ്യങ്ങളെ പൂര്‍ണ്ണമായി നേരിടാന്‍ അവര്‍ക്ക്‌ കഴിയുന്നുമില്ല. ഡയരക്റ്റ്‌ ചോദ്യങ്ങള്‍ക്ക്‌ ഈസിയായി ഉത്തരം എഴുതാന്‍ കഴിയുമെങ്കിലും സ്വയം എഴുതേണ്ടി വരുന്ന പല ഉത്തരങ്ങളും അവരെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ബാക്കിയുള്ള 75% ത്തിന്‌ കുറേക്കൂടി അറിവുകള്‍ നേടാന്‍ സഹായിക്കുന്നു ( അവര്‍ക്ക്‌ A+ നേടുക എന്നത്‌ ലക്ഷ്യമല്ലാത്തതുകൊണ്ട്‌ വലിയ പ്രശ്നമില്ല.) എന്നത്‌ ഇതിന്റെ മെച്ചമായി പറയാം. ഈ പദ്ധതി അറിവ്‌ സ്വയം ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന ഒന്നായി കരുതണം എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌ പരന്ന വായനയും ഭാവന സമ്പന്നമ്മായ സമീപനങ്ങളും ഈ പാദ്ധതി വഴി പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പുരോഗതിയിലേക്ക്‌ നയിക്കും എന്നാണ്‌ എന്റെ ഉറച്ച വിശ്വാസം. എന്നാല്‍ പഴയ പദ്ധതി വഴി ലഭിച്ചിരുന്ന 25% ഷുവര്‍ വിജയങ്ങള്‍ ഇവിടെ അന്യമാകും. അത്‌ ഗുണപരമാണോ ദോഷപരമാണോ എന്ന് കാലം തെളിയിക്കേണ്ടതാണ്‌.

വെള്ളെഴുത്ത് said...

സുഹൃത്തേ,
ഞാനത് വിശദമാക്കിയതാണ്..ബോധനരീതിയെയല്ല.. പുതിയ പാഠപുസ്തകങ്ങള്‍ എങ്ങനെ വേണം എന്നു തീരുമാനിക്കുന്നത് ആര് എന്നാണ്..പഴയവ മോശമായിരുന്നതു കൊണ്ട് പുതിയത് മോശമായാല്‍ എന്താണു കുഴപ്പം എന്നാണെങ്കില്‍.. ഞാനെന്തു പറയും.. മാറ്റങ്ങളെല്ലാം നല്ലതിനു എന്നു വിചാരിക്കരുത്....തര്‍ക്കത്തിനുവേണ്ടി ഉപയോഗിക്കാന്‍ കൊള്ളാവുന്ന കായകുളം വാളാണ് ഒരു മാറ്റവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് മലയാളികള്‍ എന്നൊക്കെയുള്ള അഭിപ്രായഗതി. നിലവിലുള്ള വസ്തുനിഷ്ഠസാഹചര്യങ്ങളെ തൊടാത്ത ഒരുമാറ്റവും പെട്ടെന്ന് സ്വീകാര്യമാവില്ല. ഏകാധിപധികള്‍ക്കേ അങ്ങനെയുള്ള തീരുമാനങ്ങളെ അടിച്ചേല്‍പ്പിക്കാനാവൂ..
മറ്റൊന്ന് ഈ പരിഷ്കരണത്തിനുള്ള പണം എവിടുന്ന്?
നല്ലതാണെങ്കില്‍ നല്ലത്.. എനിക്കു മുന്‍‌വിധിയില്ല അറിഞ്ഞ കാര്യം നിങ്ങളുമായി പങ്കു വച്ചു.. എന്നെ തിരുത്താന്‍ അറിവുള്ള ഓരോരുത്തര്‍ക്കും അവകാശമുണ്ട്..ഒരു വാശിയുമില്ല..

മാരീചന്‍ said...

വെളെളഴുത്തേ,
ചര്‍ച്ച നടക്കേണ്ടത് തീര്‍ച്ചയായും നല്ലതിനു തന്നെ. മാറ്റങ്ങളെല്ലാം നല്ലതിനെന്നു കരുതുന്നത് അബദ്ധമാകുമെന്ന വാദത്തെയും അംഗീകരിക്കുന്നു.

എന്നാല്‍ ഈ മാറ്റം കൊണ്ടുണ്ടാകാവുന്ന ദോഷങ്ങള്‍ ഏതൊക്കെ?

ഭാഷാപഠനത്തിലെ പോരായ്മകളെക്കുറിച്ച് താങ്കള്‍ ചൂണ്ടിക്കാണിച്ച ദോഷങ്ങള്‍ എങ്ങനെയാണ് സാധൂകരിക്കപ്പെടുന്നത് എന്നറിയാനും കൗതുകമുണ്ടായിരുന്നു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ വിട്ടുകളഞ്ഞിരിക്കുന്നു. ബോധപൂര്‍വമല്ലെന്ന് കരുതട്ടെ.

ഇതാണ് പുതിയ പാഠ്യപദ്ധതിയുടെ ദോഷമെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, ആ നിഗമനങ്ങളിലെത്തിച്ചേരാന്‍ ഉപയോഗിച്ച അനുഭവങ്ങളും മാതൃകകളും പഠനങ്ങളും ചൂണ്ടിക്കാട്ടേണ്ടേ. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതു പോലെ ഉത്തരവാദിത്വമുളളതാണ് അതിനെക്കുറിച്ചുളള ചര്‍ച്ചകളും.

കാടടച്ചുളള വെടിവെപ്പും മറ്റും സമൂഹത്തില്‍ സൃഷ്ടിക്കുന്നത് അനാവശ്യമായ ഭീതിയും പുകമറയുമാണ്. കുട്ടികളുടെ കാര്യത്തിലെങ്കിലും അത് ഉണ്ടാകാതിരിക്കേണ്ടേ!

പരിഷ്കരണമാണോ അതിനുളള പണമാണോ പ്രശ്നം? പഴയവ മോശമായതു കൊണ്ട് പുതിയതും മോശമായാലെന്തു കുഴപ്പം എന്നാണ് നിലപാടെന്ന ആരോപണവും ശരിയാണോ?

പുതിയത് മോശമാണെന്ന് ആരാണ് പറയുന്നത്? അങ്ങനെ പറയുന്നവര്‍ പുതിയത് പിന്നെ എങ്ങനെ വേണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്?

ചര്‍ച്ചകളും വാദങ്ങളും മുന്‍വിധിയുടെ തീര്‍ച്ചപ്പെടുത്തലുകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കാമ്പുളള ചോദ്യങ്ങളാണ് മറയ്ക്കപ്പെടുന്നു.

വെള്ളെഴുത്ത് said...

മാരീചാ, എന്റെ ഉത്തരങ്ങളല്ല, ചര്‍ച്ചയും സംവാദങ്ങളുമായിരുന്നു പ്രധാനം. ഇന്നും നമ്മുടെ സമൂഹം തന്റെ മകന്റെ/മകളുടെ സ്കൂളു തിരഞ്ഞെടുക്കുന്നതിനപ്പുറം എന്തെങ്കിലും ഗൌരവബുദ്ധി വിദ്യാഭ്യാസകാര്യത്തില്‍ വച്ചു പുലര്‍ത്തുന്നില്ല. നാടോടുമ്പോള്‍ നടുവേ..
ഒറ്റവാക്യത്തിലുള്ള ഉത്തരങ്ങളല്ല, പ്രശ്നം ഇവിടെ തീരുന്നതല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ ഇനിയും പോസ്റ്റുകള്‍ ഉണ്ടാവും. ഭാഷാപഠനത്തെപ്പറ്റി എ പി രാജഗോപാലന്‍ എഴുതിയിരുന്നു മാതൃഭൂമിയില്‍. സര്‍ക്കാര്‍ രേഖകളെല്ലാം ആധികാരികം എന്നു വിചാരിക്കേണ്ട തരം പോലെ വളച്ചൊടിക്കപ്പെട്ടുണ്ട് അവ. പിന്നെ സമര്‍പ്പണബുദ്ധിയോടെ ഇതെല്ലാം അന്വേഷിച്ചു പോകുന്ന പത്രപരവര്‍ത്തകരിലാണ് കുറച്ചെങ്കിലും ആശ്വാസം കണ്ടെത്താവുന്നത്. ഒരു പുതിയ പരിഷ്കരനത്തിനു ഇറക്കപ്പെട്ട പണം ആരുടേതെന്നു ചിന്തിക്കേണ്ടതല്ലേ ഉത്തരവാദിത്വപ്പെട്ട ജനത, പ്രത്യേകിച്ചും വിദ്യാഭ്യാസം പോലെയുള്ളൊരു മേഖലയില്‍ അതു പതിനൊന്നാം പദ്ധതി വിഹിതമാണോ ലോകബാങ്ക് വായ്പയാണൊ മറ്റേതെങ്കിലും വിദേശഫണ്ടാണോ എന്ന് ആരെങ്കിലും വ്യക്തമാക്കുന്നുണ്ടോ? (ചെലവഴിച്ചുകഴിഞ്ഞ പനവും കണക്കിലെടുക്കണം, എന്തായാലും ശമ്പളം കൊടുക്കാനോ റോഡു നന്നാക്കാനോ പോലും വഴിയില്ലാ‍തെ പൊറുതി മുട്ടുന്ന ധനകാര്യവകുപ്പ് പരീക്ഷണത്തിനുവേണ്ടി, ഖജനാവു പൊളിക്കുന്ന ചീട്ടിറക്കി കളിക്കില്ല എന്നു തീര്‍ച്ച.
ഒന്നു കൂടി ആവര്‍ത്തിക്കുന്നു എട്ടു പ്രശ്നമേഖലകള്‍ വച്ചു പാഠപുസ്തകങ്ങള്‍ തയാറാവുകയാണ് അതും ഒന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍. അതിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനായിരുന്നു എന്റെ ശ്രമം. പാഠ്യപദ്ധതി പരിഷ്കാരത്തിലേയ്ക്കല്ല.
ഈ വിഷയം ഇവിടെ നിര്‍ത്തേണ്ടതില്ല.. കിരണും താങ്കളും പറഞ്ഞകാര്യങ്ങള്‍ ഗൌഅരവത്തോടെ തന്നെയാണ് ഞാനും കാണുന്നത്. ബാക്കി ചര്‍ച്ച നമുക്ക് ഇനി വരും പോസ്റ്റുകളില്‍ തുടരാം.

സൂരജ് said...

ഈ പോസ്റ്റ് വളരെ പ്രാധാന്യമുള്ളതെങ്കിലും കാണാന്‍ ഒത്തിരി വൈകി.
മാരീചനും വെള്ളെഴുത്തും കിരണ്‍ തോമസും പറഞ്ഞത് വായിച്ചു.

ഈ പദ്ധതിയുടെ അണിയറ രാഷ്ട്രീയത്തെക്കുറിച്ച് സ്വന്തമായ ഒരു അഭിപ്രായം രൂപീകരിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. ഈ പാഠ്യപദ്ധതി എന്തുകൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ചിന്താ‍സ്വാതന്ത്ര്യമെന്തെന്ന് കാട്ടിക്കൊടുക്കുന്ന ഒന്നാണ്.

ഞാന്‍ ഒരു പ്രൈവറ്റ് കോണ്വെന്റു സ്കൂളിലാണ് പഠിച്ചതെങ്കിലും 9, 10 ക്ലാസുകളില്‍ പിന്തുടര്‍ന്നിരുന്നത് സ്റ്റേറ്റ് സിലബസ്സായിരുന്നു. അന്നത്തെ ഡോഗ്മാറ്റിക് ആയ, ബുദ്ധിക്കോ ചിന്തക്കോ യാതൊരു ഗുണവും ചെയ്യാത്ത, സ്റ്റുപ്പിഡ് പാഠപുസ്തകങ്ങളെ രസകരമായി ക്ലാസില്‍ അവതരിപ്പിക്കാന്‍ ഞങ്ങളുടെ അദ്ധ്യാപകര്‍ പെട്ടിരുന്ന പാട് ഞാനോര്‍ക്കുന്നു. അന്നവര്‍ ക്ലാസെടുക്കുമ്പോള്‍ പറഞ്ഞു പറഞ്ഞു കാടുകയറിയിരുന്ന വിഷയങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ചിന്തകളെ തീപ്പിടിപ്പിച്ചത്, അല്ലാതെ “ബുദ്ധമതപ്രചാരണത്തില്‍ അശോകന്റെ സംഭാവനയെന്ത്?” എന്ന മട്ടിലുള്ള അറുബോറന്‍ പാഠപുസ്തക ‘അഭ്യാസങ്ങളായി‘രുന്നില്ല.

ആ കാലത്തെയും അന്നത്തെ പാഠപുസ്തകങ്ങളേയും പാഠ്യരീതികളേയും വച്ചു നോക്കുമ്പോള്‍ എത്രയോ ഉന്നതവും ശാസ്ത്രീയവുമാണ് ‘ഡീപ്പീയീപ്പി‘ എന്ന് പരിഹാസച്ചുവയില്‍ വിളിക്കപ്പെടുന്ന ഇന്നത്തെ രീതി എന്ന് വയനാട്ടിലും കൊഴിക്കോടുമൊക്കെ ചില സര്‍ക്കാര്‍ സ്കൂളുകളില്‍ ക്ലാസുകളെടുക്കാന്‍ പോയപ്പോള്‍ നേരിട്ട് മനസ്സിലായി.

ഈ കുട്ടികള്‍ മൃഗശാലകളില്‍ പോയി സുവോളജി പഠിക്കുന്നു, കാര്‍ഷിക കോളെജില്‍പ്പോയി വിത്തിനങ്ങളേയും വിളകളേയും വളത്തേയും കൃഷിയേയും പറ്റി പ്രോജക്റ്റുകള്‍ തയാറാക്കുന്നു, മെഡിക്കല്‍ കോളജില്‍ വന്ന് അനാട്ടമി മ്യൂസിയം കണ്ട് റിപ്പോറ്ട്ടെഴുതുന്നു ,ഡോക്ടര്‍മാര്‍ പോലും ചോദിക്കാത്ത ചോദ്യങ്ങളാല്‍ നമ്മെ ഞെട്ടിക്കുനു, ഒരു വിനോദയാത്ര പോയാല്‍ അതിനെക്കുറിച്ച് ഡയറിയെഴുതിയും കവിതയെഴുതിയും ക്ലാസില്‍ ചാര്‍ട്ടായി തൂക്കുന്നു, പരീക്ഷകളില്‍ കവിതകള്‍ക്ക് സ്വന്തമായി (ഒരു പീറ ഗൈഡിലുമില്ലാത്ത) സ്വതന്ത്രമായി ആസ്വാദനങ്ങള്‍ എഴുതുന്നു......മസ്തിഷ്കത്തിനു തീ പിടിക്കുന്ന ആ ഒരു സ്വാതന്ത്ര്യം - ഹാ!
അതിനു വേണ്ടി ഒന്നുകൂടി സ്കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ പോലും ഇന്നു ഞാന്‍ കൊതിക്കുന്നു; ആത്മാര്‍ത്ഥമായി.