അപരനാമത്തിലുളള ബ്ലോഗെഴുത്തിനെക്കുറിച്ചുളള ചിന്തകളാണ് പേര് പേരക്ക തന്റെ പുതിയ പോസ്റ്റില്‍ [എം.കെ.ഹരികുമാറിന് dec14 (സ്യൂഡോ നെയിം)] ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയുടെ പ്രകോപനമാകട്ടെ, കലാകൗമുദിയിലെ കോളമിസ്റ്റ് എം കെ ഹരികുമാര്‍ തന്റെ ബ്ലോഗില്‍ പ്രകടിപ്പിച്ച ഒരഭിപ്രായവും.
പേര് മറച്ചു വെച്ച് ആണോ പെണ്ണോ എന്ന് നിശ്ചയമില്ലാതെ എഴുതുന്നവര്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് ഹരികുമാര്‍ നിരീക്ഷിക്കുന്നത്.
അഭിപ്രായം പറയുന്നത് ആണോ പെണ്ണോ എന്നു നോക്കിയാണോ ഹരികുമാര്‍ നിരൂപിക്കുന്നതെന്ന് നമുക്കറിയില്ല. ആധുനിക സാഹിത്യ നിരൂപണത്തിന്റെ അടിസ്ഥാനം എഴുത്തിന്റെ കര്‍ത്താവ് സ്ത്രീയോ പുരുഷനോ എന്ന തിരിച്ചറിവാണോ എന്നും അറിയില്ല. അതൊക്കെ ഹരികുമാറിന്റെ മാത്രം തലവേദനകളാണ്.
എഴുതിയത് ആണോ പെണ്ണോ എന്ന് നിശ്ചയിച്ചറിഞ്ഞിട്ട് അദ്ദേഹം വായിക്കുകയും നിരൂപണം ചെയ്യുകയും ചെയ്താല്‍ മതിയെന്ന് നമുക്ക് മറുപടി പറയാം. അത് അദ്ദേഹത്തിന്റെ സൗകര്യം. മലയാള സാഹിത്യ രംഗത്തോ ബ്ലോഗിലോ ഹരികുമാറിന്റെ നിരൂപണത്താങ്ങ് ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്നും തോന്നുന്നില്ല.
പേരക്കയുടെ ലേഖനത്തില്‍ പറയുന്ന ചില അഭിപ്രായങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വേറെ ചില പ്രശ്നങ്ങളുമുണ്ടെന്ന് മറന്നുകൂട.
പേരക്കയുടെ ലേഖനത്തിലെ ഒരു ഖണ്ഡികയാണ് താഴെ.
വിഷയവുമായി ബന്ധപ്പെട്ട ഒരു artistic identity ഉണ്ടാക്കാനും ചിലര്‍ അപരനാമങ്ങള്‍ ഉപയോഗിച്ചേക്കാം. കലയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗര്‍ മുരളി എന്ന പേരിനു പകരം ചിത്രകാരന് എന്ന പേരും, സാഹിത്യവിമര്‍ശനത്തിന് സുയോധനന് എന്ന പേരും സ്വീകരിക്കുന്നതിനു കാരണമിതായിരിക്കാം. (വേറെയുമാകാം)
ചിത്രകാരന് എന്ന ബ്ലോഗറും സുയോധനന് എന്ന ബ്ലോഗറും ഒന്നാണെന്ന് പേരക്ക വെളിപ്പെടുത്തുന്നു ഇവിടെ. (ശരിയാണോ അല്ലയോ എന്ന് കണ്ടുപിടിക്കാനുളള സാങ്കേതിക ജ്ഞാനമൊന്നും മാരീചനില്ല. പേരക്കയെഴുതിയത് ശരിയെന്ന അര്‍ത്ഥത്തിലാണ് ശേഷമുളള വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. ശരിയല്ലെങ്കില്‍ അതിന് യാതൊരു പ്രസക്തിയുമില്ല)
ഈയെഴുതിയത് ശരിയാണെങ്കില്‍ ചിത്രകാരന്, വണ്‍ സ്വാലോ, മുടിയനായ പുത്രന് - ഒരേ ഭാവത്തിന്റെ പഠനം എന്ന പോസ്റ്റെഴുതിയതും ചിത്രകാരനാണെന്നു വരുന്നു.
അതില്‍ ചിത്രകാരനെ ആത്മവിശ്വാസക്കുറവുളള ആളായാണ് സുയോധനന് വിശേഷിപ്പിക്കുന്നത്. തന്റെ വിശദീകരണവുമായി ചിത്രകാരന് തന്നെ എത്തുന്നുമുണ്ട്. ഏത് അളവുകോലുപയോഗിച്ചാണ് ചിത്രകാരനെ ആത്മവിശ്വാസക്കുറവുളളയാള് എന്ന് വിശേഷിപ്പച്ചത് എന്ന ചോദ്യവും പലരും ഉന്നയിച്ചു. (എന്നെ എനിക്കല്ലാതെ പിന്നെ തനിക്കാണോ നന്നായി അറിയാവുന്നത് എന്നാലോചിച്ച് ചിത്രകാരന് ഊറിച്ചിരിച്ചിട്ടുണ്ടാകും, ഇതു രണ്ടും ഒരാളാണെങ്കില്‍!)
ചിത്രകാരനും സുയോധനനും ഒരാളാണെങ്കില്‍, ഇത് തട്ടിപ്പല്ലേ! (തട്ടിപ്പിനെക്കാള്‍ തമാശയായി കാണാനാണ് എനിക്കിഷ്ടം). എങ്കിലും ആ സംവാദത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ കബളിപ്പിച്ചു എന്നതാണ് ആകെത്തുക. ചിലര്‍ ഇതൊരു തമാശയായി കണക്കാക്കുമ്പോള്‍ മറ്റുളളവര്‍ക്ക് അത് അവഹേളനമായും അനുഭവപ്പെടാം.
(ദ്വിജേന്ദ്രനാഥ ടാഗോര്‍ എന്ന പേരില്‍ തന്നെ സ്വയം വധിച്ച് രസികന്‍ എന്ന വിനോദമാസികയില്‍ സാക്ഷാല്‍ ഇ വി കൃഷ്ണപിളള വ്യക്തിചിത്രമെഴുതിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും കഥക്കൂട്ടില്‍ തോമസ് ജേക്കബ് സരസമായി വിവരിച്ചിട്ടുണ്ട്. ബ്ലോഗിലെ ഒരു ഇ വിയായി ചിത്രകാരന് അത്തരം ചില നമ്പരുകള്‍ ഇറക്കുന്നുവെങ്കില്‍ നാം അത് ആസ്വദിക്കുക തന്നെ വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായം)
വിഷയത്തിലേക്ക് വരാം. അപ്പോള്‍ എഴുതിയതാര് എന്നറിയണമെന്ന ഹരികുമാറിന്റെ വാദം അത്രയെളുപ്പം തളളിക്കളയാവുന്ന ഒന്നാണോ? ഏത് പേരില്‍ ബ്ലോഗണമെന്ന് നിശ്ചയിക്കാനുളള അവകാശം ആ ബ്ലോഗര്‍ക്ക് മാത്രമാണെന്ന് കമന്റെഴുതിയ പലരും അഭിപ്രായം പറയുന്നു. അതേ അഭിപ്രായം തന്നെയാണ് എനിക്കുമുളളത്.
പേര് മറന്ന് ഉന്നയിക്കുന്ന അഭിപ്രായങ്ങളും സ്വീകരിക്കുന്ന നിലപാടും ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് നമുക്ക് പറയാം. പേരക്ക ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്ന വക്കാരിയുടെ അഭിപ്രായം പൊതുവേ ബ്ലോഗര്‍മാര്‍ ശരിവെയ്ക്കുകയും ചെയ്യും. എന്നാല്‍....
മേല്‍ സൂചിപ്പിച്ചതു പോലുളള സംഭവങ്ങളില്‍ കബളിപ്പിക്കലിന്റെ ലാഞ്ചനയുണ്ടെന്ന് ആരെങ്കിലും ധരിച്ചാല്‍ കുറ്റം പറയാനാവുമോ?
ആളറിഞ്ഞു മാത്രമേ താന്‍ പ്രതികരിക്കൂ എന്ന ഹരികുമാറിന്റെ നിലപാടില്‍, അദ്ദേഹത്തിന്റെ കാര്യത്തിലെങ്കിലും അല്പം കാര്യമില്ലേ!
ആ നിലയ്ക്കും ചര്‍ച്ച വികസിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
ചിത്രകാരനും സുയോധനനും ഒരേ ആളാണ് എന്ന പേരക്കയുടെ പ്രസ്താവന സത്യമാണെന്ന് വിശ്വസിച്ചാണ് (തെളിവുകളൊന്നുമില്ലെങ്കിലും) ഇത്രയും എഴുതിയത്. അത് അങ്ങനെയല്ലെങ്കില്‍ പ്രസ്തുത ഖണ്ഡിക ആ പോസ്റ്റില്‍ നിന്നും പേരക്ക ഒഴിവാക്കുമെന്ന് കരുതുന്നു. വഴിയേ ഈ പോസ്റ്റും.
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
2 years ago
21 comments:
മാഷേ, ചിത്രകാരനും സുയോധനനും ഒരാളല്ല. സുയോധനന് ഞാനാണ് (സിമി). ബ്ലോഗില്‍ ഒരുപാടുപേര്‍ക്ക് അതറിയാവുന്നതാണ്. അത് പേരക്കയോട് ഒരവസരത്തില്‍ ഇ-മെയില്‍ വഴി വെളിപ്പെടുത്തിയിട്ടും ഉണ്ട്.
സ്നേഹത്തോടെ,
സിമി.
മാഷേ, ചിത്രകാരനും സുയോധനനും ഒരാളല്ല. സുയോധനന് ഞാനാണ് (സിമി). ബ്ലോഗില്‍ ഒരുപാടുപേര്‍ക്ക് അതറിയാവുന്നതാണ്. അത് പേരക്കയോട് ഒരവസരത്തില്‍ ഇ-മെയില്‍ വഴി വെളിപ്പെടുത്തിയിട്ടും ഉണ്ട്.
സ്നേഹത്തോടെ,
സിമി.
"മേല്‍ സൂചിപ്പിച്ചതു പോലുളള സംഭവങ്ങളില്‍ കബളിപ്പിക്കലിന്റെ ലാഞ്ചനയുണ്ടെന്ന് ആരെങ്കിലും ധരിച്ചാല്‍ കുറ്റം പറയാനാവുമോ?
ആളറിഞ്ഞു മാത്രമേ താന്‍ പ്രതികരിക്കൂ എന്ന ഹരികുമാറിന്റെ നിലപാടില്‍, അദ്ദേഹത്തിന്റെ കാര്യത്തിലെങ്കിലും അല്പം കാര്യമില്ലേ!"
- ഇതില്‍ എന്താണു കാര്യം. സിമി നസ്രത്ത് എന്നും വത്സല എന്നും രണ്ട് ബ്ലോഗുകളും രണ്ട് അഡ്രസുകളും രണ്ട് ഫോട്ടോകളും രണ്ട് ഇ-മെയില്‍ വിലാസങ്ങളും ഒക്കെ കൊടുത്താലും ഒരിക്കലും ഹരികുമാറിനു ആളറിയാന്‍ പറ്റില്ല. ഇവിടെ ഐഡന്റിറ്റി ഒരു വിഷയമല്ല.
ഹരികുമാറിന്റെ പ്രശ്നം ആളുകള്‍ അദ്ദേഹത്തെ ഖണ്ഢിക്കുന്നു, വിമര്‍ശിക്കുന്നു എന്നതാണ്. നസീറാണ് ഏറ്റവും വലിയ നടന് എന്ന പോസ്റ്റിനുള്ള ചര്‍ച്ച നോക്കൂ. കലാകൌമുദി പോലെ ഏകദിശയിലുള്ള ഒരു സംവേദന മാദ്ധ്യമത്തില്‍ ഇത്തരം വിമര്‍ശനം വരുന്നില്ല. പ്രത്യേകിച്ചും വിമര്‍ശകനു വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നില്ല. ഇവിടെ അതല്ല കഥ. ഈ വിമര്‍ശനവും ആളുകള്‍ക്ക് തന്റെ എഴുത്ത് ഇഷ്ടപ്പെടാത്തതും ഹരികുമാറിനു സഹിക്കുന്നില്ല. ചുരുക്കം പറഞ്ഞാല്‍ inflated ego കൊണ്ട് എഴുതുന്ന കാര്യങ്ങള്‍ വായിക്കാന്‍ തോന്നാതെയായി വരുന്നു.
കബളിപ്പിക്കുന്നോ ഇല്ലയോ എന്നത് വ്യക്തിവിശ്വാസത്തിന്റെയും integrity-യുടെയും പ്രശ്നമാണ്. അത്തരം ഒരു വിശ്വാസം ബ്ലോഗ് എന്ന മാദ്ധ്യമം ആവശ്യപ്പെടുന്നില്ല. മാസങ്ങളോളം ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യുന്ന കൂട്ടുകാരോട് ജോലി എന്താണെന്നു ഞാന്‍ ചോദിക്കാറില്ല. മലയാളം വിക്കിപീഡിയയില്‍ ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ട് ഒരു ഡീവിയേഷന്‍ എന്ന നിലയിലാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്. അവിടെ ഐഡന്റിറ്റി ചോദിക്കുന്നത് ബ്ലോക്ക് ചെയ്യപ്പെടാവുന്ന കുറ്റമാണ്. എനിക്കു ഇഷ്ടമുള്ള പല ബ്ലോഗുകളും - മുടിയനായ പുത്രന്, വണ്‍ സ്വാലോ തുടങ്ങിയവ - ഞാന്‍ വായിക്കുന്നത് വ്യക്തിബന്ധത്തിന്റെ പേരിലല്ല. അവയുടെ ഉള്ളടക്കത്തിന്റെ പേരിലാണ്. ബ്ലോഗില്‍ വരുന്നത് പെണ്ണുകാണാനല്ല. മാരീചന്റെ പോസ്റ്റുകള്‍ നല്ലതായിരിക്കുന്നിടത്തോളം ഞാന്‍ വായിക്കും. മാരീചന്റെ ജാതകം ഞാന്‍ അതിനുവേണ്ടി തപ്പില്ല.
മാരീചന്,ചിത്രകാരന്, സുയോധനന് എന്നിവര്‍ രണ്ടും രണ്ടു പേരാണെന്ന് എനിക്കറിയാമായിരുന്നു.അങ്ങനെ മാരീചന് വായിക്കുമെന്ന് കരുതിയിരുന്നില്ല. എന്റെ എഴുത്തില്‍ വന്ന പിശകാണ്. തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കുന്നു. പിന്നെ ഇതില്‍ കബളിപ്പിക്കലിന്റെ കാര്യമൊന്നുമില്ല. ശശി എന്ന ബ്ലോഗര്‍ പ്രശസ്തനായ വേറൊരു ബ്ലോഗ്ഗറാറാണെന്നാണ് എനിക്കു തോന്നുന്നത്. എന്നു വെച്ച് അദ്ദേഹത്തിന്റെ ആക്ഷേപ ഹാസ്യം ഞാന്‍ ആസ്വദിക്കാതിരിക്കുന്നതെന്തിന്??
ഞാന്‍ ഈ കമന്റ് ഡിലീറ്റ് ചെയ്തതാണല്ലോ. ശശിയും ഞാനാണ്. എന്നാല്‍ ഗുപ്തന്, റഷ്യക്കാരന് എന്നിവയൊന്നും ഞാനല്ല. (അങ്ങനെയും സംസാരം കേട്ടു) എനിക്കു ഈ മൂന്നു ബ്ലോഗുകളേയുള്ളൂ :-)
പേര് വെയ്ക്കണോ വേണ്ടയോ എന്നത് വ്യക്തിസ്വാതന്ത്യത്തില്‍ പെടുന്ന കാര്യമല്ലേ. ഒരുവന് (ഒരുവള്‍ക്ക്) സ്വന്തം പേരിടാനുള്ള സ്വാതന്ത്യം ഇല്ലെന്നറിയാമല്ലോ. അവരവരുടെ മാതാപിതാക്കളുടെ കുത്തകയാണത്. ഇനി ബ്ലോഗില്‍ പേര് പറയണോ ഫുള്‍ ഡിറ്റേയില്‍സ് വേണോ എന്നത് അവനവന്റെ സ്വകാര്യത മാത്രം. എഴുതി പോസറ്റുന്നതില് കഴമ്പുണ്ടോ കൊള്ളാമോ എന്നല്ലേ നോക്കേണ്ടത്. എനിക്കുതോന്നിയതിങ്ങനെയാണ്.
പേരയ്ക്ക എഴുതിയത് വായിച്ചുവന്നപ്പോളുണ്ടായൊരിണ്ടലാണ് പ്രശ്നമെന്ന് തോന്നുന്നു.
വിഷയവുമായി ബന്ധപ്പെട്ട ഒരു artistic identity ഉണ്ടാക്കാനും ചിലര്‍ അപരനാമങ്ങള്‍ ഉപയോഗിച്ചേക്കാം. കലയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗര്‍ മുരളി എന്ന പേരിനു പകരം ചിത്രകാരന് എന്ന പേരും, വിമര്‍ശനവുമായി ബന്ധപ്പെട്ട ഒരു ബ്ലോഗര്‍ കോദണ്ഡരാമന് എന്ന പേരിനുപകരം സാഹിത്യവിമര്‍ശനത്തിന് സുയോധനന് എന്ന പേരും സ്വീകരിക്കുന്നതിനു കാരണമിതായിരിക്കാം. (വേറെയുമാകാം) .
ബോള്ഡിലുള്ളത് ബോള്‍ഡായിട്ട് പറയുമ്പോള്‍ ആ കണ്ഫ്യൂഷം ഇല്ലാതാവും. (ഇനി സിമിയുടെ യഥാര്‍ത്ഥനാമം കോദണ്ഡരാമന് എന്നാണ് എന്ന് ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍ ഞാന്‍ കരയും) :)
ബ്ലോഗ് എന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളും മനസ്സിലാക്കിയാല്‍ പേര് വേണം, ഫോട്ടോ വേണം എന്നുള്ള ആവശ്യങ്ങളൊക്കെ താനേ ഇല്ലാതായിക്കൊള്ളും എന്നാണ് തോന്നുന്നത്. ഫോട്ടോയോ പേരോ ഈമെയിലോ ഒന്നും ഒരു ബ്ലോഗറുടെ യഥാര്‍ത്ഥ ഐഡിന്റിറ്റിയുടെ ശരിയായ തെളിവുകളാവണമെന്നില്ലല്ലൊ. ധീരതയ്ക്കുള്ള നോബല്‍ സമ്മാനത്തിനുവേണ്ടിയുള്ള മത്സരവുമല്ല ബ്ലോഗിംഗെന്നതിനാല് പേര് വെച്ചെഴുതുന്നയാള് കൂടുതല്‍ ധൈര്യശാലി എന്ന വാദത്തിലും വലിയ കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. അതെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ധൈര്യശാലികള്‍ ധൈര്യശാലികളുമായേ ഇടപെടൂ എന്നതും വ്യക്തിപരം. ചിലപ്പോള്‍ ബ്ലോഗിന്റെ സാധ്യതകള്‍ കുറച്ചുകൂടി മെച്ചമായി ഉപയോഗിക്കുന്നതില്‍ നിന്നും യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നമ്മളെ തടയുകയും ചെയ്തേക്കാം. എല്ലാം നമ്മുടെ ഉദ്ദേശശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
യഥാര്‍ത്ഥ ഐഡിന്റിറ്റി എനിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ അവര്‍ ബ്ലോഗില്‍ പറയുന്നതിന് ഞാന്‍ ചെവി കൊടുക്കൂ എന്നോ അങ്ങിനെയുള്ളവര്‍ മാത്രം എന്റെ ബ്ലോഗില്‍ വന്നാല്‍ മതി എന്നോ ഒക്കെ ഒരു ബ്ലോഗര്‍ക്ക് തീരുമാനിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടല്ലോ. ആരെയെങ്കിലും വഞ്ചിക്കണോ പറ്റിക്കണോ എന്നതും അതാതു ബ്ലോഗര്‍മാരുടെ തീരുമാനം. ഏതെങ്കിലും ബ്ലോഗര്‍ ഏതെങ്കിലും രീതിയില്‍ അതൊക്കെ ചെയ്താല്‍ ചെയ്തു എന്ന് മാത്രം. എങ്ങിനെ പ്രതികരിക്കണം എന്നത് മറ്റുള്ളവരുടെ തീരുമാനം. ഒന്നും നിയമലംഘനമോ അതുപോലുള്ള കാര്യങ്ങളോ അല്ലെങ്കില്‍ പിന്നെ ആ രീതിയിലുള്ള പ്രശ്നവുമില്ല. ബ്ലോഗ് വഴി വിവാഹ വാഗ്ദാനം നല്കി അവസാനം വഞ്ചിച്ചാല്‍ പ്രശ്നം പോലീസില്‍. നാലുകോടി രൂപാ ബ്ലോഗുവഴി തട്ടിയെടുത്താല്‍ അതും പിന്നെ പോലീസ് കേസ്. അതെല്ലാം പിന്നെ ബ്ലോഗിനു പുറത്തുള്ള കാര്യങ്ങള്‍.
എന്തെങ്കിലുമൊക്കെ നിബന്ധനയുടെയോ ഗൈഡ് ലൈനുകളുടെയോ അടിസ്ഥാനത്തില്‍ പോകേണ്ടതല്ല ബ്ലോഗിംഗ് എന്നതാണ് എന്റെ ഈ പ്രായത്തിലുള്ള അഭിപ്രായം. സഭ്യവും നിയമാനുസൃതവുമായി (ആ വാക്കുകള്‍ക്ക് എന്നെന്നും കടപ്പാക്കട ദേവേട്ടന്) ബ്ലോഗിയാല് പിന്നെ ഒന്നുകൂടി ധൈര്യമായി ബ്ലോഗാമെന്ന കാര്യവുമുണ്ട് ബോണസ്സായി.
സിമീ, സുയോധനന്, ശശി.. ഒക്കെ വ്യത്യസ്തരായ ആളുകള്‍ എന്ന നിലയിലാണ് ആസ്വദിച്ചു വന്നിരുന്നത്.. അതു പൊളിക്കേണ്ടിയിരുന്നില്ല.
"പേരു് പേരക്ക"യുടെ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു. സുയോധനനും ചിത്രകാരനും വ്യത്യസ്തരാണെന്നു് അറിയാമായിരുന്നതുകൊണ്ടു് ആ ഭാഗം എനിക്കൊരു തലവേദന ആയിരുന്നില്ല.
ഏതെങ്കിലും ഒരു പെണ്‍നാമവും, പെണ്ഫോട്ടോയും കൊടുത്തു് ബ്ലോഗ് തുടങ്ങാന്‍ ഏതു് ആണിനും (നേരേമറിച്ചും!) കഴിയുമെന്നതിനാല്‍ ബ്ലോഗറുടെ ശരിയായ identity എന്നാളും അജ്ഞാതമായി സൂക്ഷിക്കാന്‍ വേണമെങ്കില്‍ ആര്‍ക്കും കഴിയും. അതുകൊണ്ടുതന്നെ ഒരു ബ്ലോഗറുടെ identity ആവശ്യപ്പെടുന്നതു് അര്‍ത്ഥശൂന്യമാണെന്നു് തോന്നുന്നു.
സിമി പറഞ്ഞതുപോലെ ഞാന്‍ ബ്ലോഗില്‍ വരുന്നതു് പെണ്ണുകാണാനല്ല. എനിക്കു് പറയാനുള്ള കാര്യങ്ങള്‍ ഏതെങ്കിലും "പത്രാധിപരുടെ" ഔദാര്യത്തിനു് കാത്തുനില്‍ക്കാതെ, ഏതെങ്കിലും "വല്യേട്ടന്മാരുടെ" നീതിശാസ്ത്രങ്ങളുടെ സങ്കുചിതചട്ടക്കൂട്ടിലൊതുങ്ങാതെ സ്വതന്ത്രമായി തുറന്നു് പറയാനും, അതേ രീതിയില്‍ ചിന്തിക്കുന്ന മറ്റുള്ളവര്‍ എഴുതുന്നതു് വായിക്കാനും കഴിയുന്നു എന്നതാണു് ബ്ലോഗ് എന്ന മാധ്യമത്തില്‍ ഞാന്‍ വിലമതിക്കുന്നതു്.
ആരെഴുതുന്നു എന്നതിനേക്കാള്‍ എന്തെഴുതുന്നു എന്നതാണു് എന്തു് വായിക്കണം എന്ന എന്റെ തീരുമാനങ്ങള്‍ക്കു് മാനദണ്ഡമാവുന്നതു്. എന്റെ തീരുമാനങ്ങള്‍ എന്റേതു് മാത്രമായിരിക്കുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടവും.
നല്ല ചര്‍ച്ചകള്‍ തുടരുക
ആരായാലും നല്ലത് എഴുതിയാല്‍ ഞാന്‍ വായിക്കും
സിമി,
മുഖം മൂടി വലിച്ചു കീറേണ്ടിയിരുന്നില്ല
മൂന്നും ഞങ്ങള്‍ ആസ്വദിച്ച് വായിച്ചിരുന്നവയാണ്
നാടോടി ബഹറിന്‍
അയ്യോ സിമീ,കൊടും ചതിയായിപ്പോയി!എന്തിനീ കൊടും കൈ ചെയ്തു? എല്ലാ ത്രില്ലും കളഞ്ഞു. ഏതായാലും ബ്ലോഗിങ്ങിന്റെ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിച്ചത് സിമി തന്നെ! ഇതു തന്നെയാണ് ഞാനും പറയാന്‍ ശ്രമിച്ചത്.
സിമിക്ക്
അപരനാമങ്ങളില്‍ എഴുതുന്നതിന്റെ നീതിയോ നീതികേടോ അല്ല ഇവിടുത്തെ വിഷയമെന്ന് പറയട്ടെ. ഹരികുമാറിന്റെ തലവേദനകളുമല്ല.
സിമിക്ക് തന്നെ മൂന്നു ബ്ലോഗുകള്‍ ഉണ്ടെന്ന് പറയുന്നു. ദുര്യോധനന് എന്ന പേരില്‍ സിമിയുടെ കഥകള്‍ അവലോകനം ചെയ്യുകയും വിമര്‍ശിക്കുകയും പ്രകോപനപരമായ കമന്റുകള്‍ അതിന് അനുബന്ധമായി ശശി എന്ന പേരില്‍ എഴുതുകയും ചെയ്താല്‍ , മറ്റു വായനക്കാര്‍ അതെങ്ങനെ തിരിച്ചറിയും എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്.
(പേരക്കയുടെ പോസ്റ്റിലെ ആ ഖണ്ഡിക ഉണ്ടാക്കിയ ആശയക്കുഴപ്പം തന്നെയാണത്. ചിത്രകാരനും സുയോധനനും ഒരാളല്ല എന്ന് വ്യക്തമായ സ്ഥിതിക്ക് ഈ പോസ്റ്റില്‍ സൂചിപ്പിച്ച വിഷയത്തിന് തീര്‍ച്ചയായും പ്രസക്തിയില്ല)..
ദുര്യോധനനും സിമിയും ഒരാളാണെന്ന കാര്യം വെളിപ്പെടുത്തേണ്ടിയിരുന്നില്ല. എഴുതുന്നതാരാണെന്നറിയാതെ വായിക്കുന്നതിനും ഒരു ഹരമുണ്ടെന്നത് ബ്ലോഗ് വായനയുടെ മറ്റൊരു നേട്ടം.
എഴുത്തിന്റെ ഉളളടക്കം മാത്രമേ മാരീചനും നോക്കാറുളളൂ.
ഇതു സംബന്ധിച്ച് പേരക്കയുടെയും വക്കാരിയുടേയും ഏറനാടന്റെയും സി കെ ബാബുവിന്റെയും വെളെളഴുത്തിന്റെയും അഭിപ്രായങ്ങള്‍ തന്നെയാണ് മാരീചനുമുളളത്. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നാടോടിക്കും ഒരു അപരനാമ നന്ദി!
പലര്‍ക്കും ഹരം പകര്‍ന്നിരുന്ന ഒരു രഹസ്യം വെളിപ്പെട്ടു കിടക്കുന്ന പോസ്റ്റാണിത്. ഇതപ്പാടെ ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ച് ഇവിടെ കമന്റിയവരുടെ അഭിപ്രായം ആരായുന്നു. എന്തിനും തയ്യാറാണ്.
മാരീചന്,
ഡിക്റ്ററ്റീവ് കഥകളെഴുതുന്ന ആള്‍ക്ക് ബാറ്റണ്‍ ബോസ് എന്ന പേരാണ് നിഷ്കളങ്കന് പിള്ള എന്ന പേരിനേക്കാള്‍ കൂടുതലിണങ്ങുകയും വായനക്കാരെ കിട്ടുകയും ചെയ്യുക എന്ന മാര്‍കറ്റിങ് തന്ത്രം സൂചിപ്പിക്കാനാണ് ഞാന്‍ അങ്ങനെയെഴുതിയത്.ഉദ്ദേശിച്ചതൊന്ന്, പറഞ്ഞു വന്നപ്പോള്‍ മറ്റൊന്നായി. പക്ഷേ, മറ്റൊരു തരത്തില്‍ താങ്കള്‍ ചോദിച്ച് ചോദ്യത്തിന് ഉത്തരവും കിട്ടി.പിന്നെ, എന്റെ അഭിപ്രായം ആ രഹസ്യം രഹസ്യമായി തന്നെയിരിക്കണമെന്നാണ്, സിമിയോട് കൂടെ ചോദിച്ച് ആ ഭാഗങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്?
മാരീചാ,സാഹിത്യ നിരൂപണ പോസ്റ്റുകള്‍ ഇട്ടുതുടങ്ങിയപ്പോള് പലരും തമാശയായും കാര്യമായും പറഞ്ഞു, സിമിയുടെ കഥകള്‍ നിരൂപണം ചെയ്യണം എന്ന് :-)
അതല്ല വിഷയം. നിത്യജീവിതത്തിലും ഇതു തന്നെ സംഭവിക്കാമല്ലൊ. സാഹിത്യരചനയെ തൊഴിലല്ലാതെ കാണുന്ന ഒരാള്‍ക്ക് അയാളുടെ ഐഡന്റിറ്റി ഒളിച്ചുവെച്ചുകൊണ്ട് ആനുകാലികങ്ങളിലും എഴുതാന്‍ കഴിയും. തിരിച്ച് ചെക്ക് അയയ്ക്കാനുള്ള അഡ്രസ് കൊടുക്കാതെ ഇരുന്നാല്‍ മതി.
ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ ഗ്രാഫിറ്റി ചിത്രകാരനാണ് ബാങ്ക്സി. പുള്ളി ആരാണെന്ന് ആര്‍ക്കും ഇതുവരെ അറിയില്ല. അതുതന്നെയാവാം പുള്ളിയുടെ ഏറ്റവും വലിയ ആകര്‍ഷകതയും. (ബാങ്ക്സിയുടെ ചുവര് ചിത്രങ്ങള്‍ ഇവിടെയുണ്ട്)
പോസ്റ്റ് ഇങ്ങനെ കിടന്നാലും എനിക്കു പരാതിയില്ല.
സ്നേഹത്തോടെ,
സിമി.
എന്നാല്‍ ശരി ഞാന്‍ ഒരു ബ്ലോഗ് ഗൈഡ് ലൈന്‍ തരാം. ആ ലൈനിന്റെ അരിക് പറ്റിയങ്ങ് പോയാല്‍ മതി :)
ഇട്ട ഒരൊറ്റ പോസ്റ്റും ഡിലീറ്റ് ചെയ്യമാട്ടേന്‍... ശുട്ടിടുവേന്‍... :)
(ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കുന്നവനല്ലിയോ ബ്ലോഗ് ചെയ്യുന്ന ബ്ലോഗര്‍. സ്വന്തം ബ്ലോഗിലെ സീയീയയ്യോയും പ്യൂണും എല്ലാം അതിന്റെ ഉടമ മാത്രം. എല്ലാം കൂടി എടുത്ത് തോട്ടില്‍ കളഞ്ഞാലും തോട്ടില്‍ നിന്ന് കോരിയെടുത്ത് പിന്നെയുമിട്ടാലും ആരോടും സമാധാനം പറയേണ്ടല്ലോ). :)
പേര്, നാള്, ദേശം, ലിംഗം എന്നിവയിലല്ല എന്ത് എഴുതുന്നു എന്നതിലാണ് കാര്യം. എത്രയോ എഴുത്തുകാര്‍ സ്വന്തം പേരു മറച്ചു വച്ച് തൂലികാനാമത്തില്‍ എഴുതുന്നു? പിന്നെ ഒരാള്‍ പല പേരുകളില്‍ സ്വന്തം രചനകളെ തന്നെ നിരൂപണം ചെയ്യുക എന്ന സാഹസത്തിനൊരുങ്ങുകയാണെങ്കില് അതു തീരെ തരം താണതാണെന്നേ പറയാന്‍ പറ്റു.
വക്കാരിക്കു് അനുകൂലമായി ഒരു പാര! മാരീചന്റെ ബ്ലോഗ്, മാരീചന്റെ പോസ്റ്റ്, ഡിലീറ്റണോ വേണ്ടയോ? - മാരീചന്റെ ഇഷ്ടം! അതില്‍ ഇടപെടാന്‍ മറ്റുള്ളോരെന്താ പര്‍ട്ടി സെക്രട്ടറിമാരോ?
പാരകളുടെ ബ്രഹ്മദേവന് ഏത് പാരയേല്ക്കും, ബാബൂ. ഈ നമ്പരില്‍ വക്കാരി വീഴില്ലെന്നുറപ്പ്.
അതുകൊണ്ടല്ലേ വക്കാരിക്കു് "അനുകൂലമായി" പാര വച്ചു് "പാര്ട്ടിസെക്രട്ടറിമാരില്" നിന്നും ഒഴിവാക്കിയതു്! അല്ലാഞ്ഞാല്‍ വക്കാരി എന്നെ വെറുതെ വിടുമോ? :)
Post a Comment