Thursday, 3 July 2008

വെള്ളെഴുത്തിന് സ്നേഹപൂര്‍വം...

(കോവാലകൃഷ്ണന്റെ ശൈലി കടമെടുത്താല്‍ ഈ ലേഖനം മനസിലാകണമെങ്കില്‍ ഇതും ഇതും ഇതും വായിക്കണം)

ഡിസംബറിന്റെ ആ ലേഖനത്തിന്റെ അവസാന വാചകത്തില്‍ നിന്ന് തുടങ്ങാം. ചില ശബ്ദങ്ങള്‍ കേട്ടാലറിയാം, തിരിഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ലെന്ന്. ഉളളുപൊളളയായ വീപ്പയുണ്ടാക്കുന്ന ശബ്ദഘോഷത്തിന്റെ ഗൗരവമല്ല, പാഠപുസ്തക വിവാദത്തെയും പാഠ്യപദ്ധതി പരിഷ്കരണത്തെയും പറ്റിയുളള ചര്‍ച്ചയ്ക്ക് എന്ന വെള്ളെഴുത്തിന്റെ നിരീക്ഷണത്തോട് യോജിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല.

ഭരണകൂടത്തെയും അധികാരം കയ്യിലുളളവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കണമെന്ന നിരീക്ഷണത്തോടും യോജിപ്പു തന്നെയാണ്. എന്നാല്‍, ഈ വിവാദമുണ്ടാക്കുന്ന സാമൂഹികവും സാസ്ക്കാരികവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നിരീക്ഷണം അവിടെയൊതുക്കി മിണ്ടാതിരുന്നാല്‍ മതിയോ?

ജീവിത സാഹചര്യവും പഠനവസ്തുവും തമ്മിലുളള വൈരുദ്ധ്യം കണക്കിലെടുക്കാനാവശ്യപ്പെട്ട് വിജു വി നായര്‍ എഴുതിയ ലേഖനവും (വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ - മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 542, പേജ് 10-14) വായിച്ചു. സാമൂഹ്യപാഠവും ചരിത്രവും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഈ വൈരുദ്ധ്യത്തെയല്ലേ എന്നും പഠിപ്പിച്ചിരുന്നത്? തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുളളവര്‍ എന്ന ആശാന്റെ കവിത പഠിപ്പിക്കുമ്പോള്‍ ജീവിതസാഹചര്യവും പഠനവസ്തുവും തമ്മില്‍ വൈരുദ്ധ്യമാണോ തന്മയീഭാവമാണോ കേരളത്തിലെ ക്ലാസ് മുറിയില്‍ തെളിയുന്നത്?

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ,
ചോദിക്കുന്നു നീര്‍നാവു വരണ്ടഹോ,
ഭീതിവേണ്ടാ തരികതെനിക്കു നീ...യെന്ന ചണ്ഡാലഭിക്ഷുകിയിലെ വരികളോട് സമാനയില്ലേ, ഏഴാം ക്ലാസിലെ മതമില്ലാത്ത ജീവന്‍ എന്ന കഥാവസ്തുവിന്. തമിഴ്‍നാട്ടിലുളള ഉത്തപുരം ഗ്രാമത്തിലെ കഥകള്‍ പത്രത്തില്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഇന്നും തിരിച്ചറിയാം, ജീവിതസാഹചര്യവും പഠനവസ്തുവും തമ്മിലുളള ബന്ധം.

(അല്‍പം ലജ്ജയോടെ പറയട്ടെ, പാഠപുസ്തകത്തിന്റെ മസ്തിഷ്കം എന്ന ലേഖനത്തിലെ അടുത്ത പാരഗ്രാഫ് എനിക്ക് തീരെ മനസിലായില്ല. മതമില്ലാത്ത ജീവന്‍ പിന്‍വലിക്കണോ, തീയിലിട്ട് കത്തിക്കണോ, അതൊഴിവാക്കി ബാക്കി പഠിപ്പിക്കണോ, അതെഴുതിയവരെ തൂക്കിലേറ്റണമോ എന്താണ് ലേഖകന്‍ ഉദ്ദേശിക്കുന്നത് എന്ന് തീരെ പിടികിട്ടിയില്ല)

പരിഷത്തിനൊഴികെ ബാക്കിയെല്ലാവര്‍ക്കും വിശ്വമാനവന്‍ എന്ന സങ്കല്‍പം കാലഹരണപ്പെട്ടതാണ് എന്ന സംശയത്തിനിടയില്ലാത്തവിധം വെള്ളെഴുത്ത് എഴുതുന്നു. (ദി സണ്‍ റൈസസ് ഇന്‍ ദി ഈസ്റ്റ് എന്നെഴുതുന്ന ലാഘവത്തോടെ). വിശ്വമാനവന്‍ വേഷം മാറി ലോക്കല്‍ മാനവനായ കഥയൊന്നുമറിയാത്ത നമ്മളെപ്പോലുളളവര്‍ തലകുലുക്കിയേ തീരൂ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ഇനിയെന്താണ് പഠിപ്പിക്കേണ്ടത് എന്നു കൂടി ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍.....

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ആകാശമുട്ടായിക്കഥ ഉദ്ധരിച്ച് ലേഖകന്‍ ചോദിക്കുന്നത്, അത് വായിച്ച് മാറാത്ത സമൂഹമാണോ ഇതു വായിച്ച് മാറാന്‍ പോകുന്നത് എന്നാണ്. അദ്ദേഹം പറയുന്ന, പ്രതികരണത്തിന്റെ സെക്കുലറായ മൂന്നാം കണ്ണ് തുറന്നു നോക്കിയാല്‍,അന്നത്തേതില്‍ നിന്ന് സമൂഹം അല്‍പവും മാറിയില്ലെന്ന നിഗമനത്തിലെത്താനാവുമോ? കേരളത്തിലെ മിശ്രവിവാഹിതരുടെ എണ്ണം പത്തു ലക്ഷത്തോളമാണെന്ന് ഈയിടെ ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഇ മെയില്‍ പറയുന്നു. തീര്‍ച്ചായും ബഷീറിന്റെ കഥവായിച്ച്, "ആ ഇനിയൊന്ന് മിശ്രവിവാഹം ചെയ്തുകളയാം" എന്ന് തീരുമാനിച്ചവരാവില്ല ഇവരൊന്നും.

എന്നാല്‍ പതിയെയെങ്കിലും അക്കൂട്ടരുടെ എണ്ണം കൂടുകയാണ്, കുറയുകയല്ല. ശബരിമലയ്ക്ക് പടിചവിട്ടുന്നവരിലും ഹജ്ജിന് വിമാനം കയറുന്നവരിലും പരുമല പളളിയില്‍ തീര്‍ത്ഥാനടത്തിനെത്തുന്നവരിലുമുണ്ടാകുന്ന വര്‍ദ്ധനയുടെ അനുപാതം തീര്‍ച്ചയായും ഇക്കൂട്ടരിലുണ്ടാകണമെന്നില്ല. എങ്കിലും അങ്ങനെയുമൊരു ജീവിതമുണ്ട് എന്ന് അംഗീകരിക്കുന്നവരുടെ എണ്ണം ബഷീറിന്റെ കഥയുണ്ടായ കാലത്തെക്കാള്‍ ഇന്ന് അധികമാണ്.

മതമില്ലാത്ത ജീവന്, ഒരു ലഘുലേഖയുടെ പ്രസക്തിയേ ഉളളൂവെന്നാണ് അടുത്ത നിരീക്ഷണം. ചങ്ങമ്പുഴയുടെ വാഴക്കുലയ്ക്കും കുമാരനാശാന്റെ ദുരവസ്ഥയ്ക്കും ലഘുലേഖയുടെ നിലവാരമേയുളളൂവെന്ന് ആസ്ഥാനവിമര്‍ശകരും പണ്ഡിതരും വിധിയെഴുതിയ കഥയൊക്കെ ഓര്‍മ്മയുളളവരില്‍ ഈ വിധിതീര്‍പ്പ് അത്ഭുതമൊന്നും ഉണ്ടാക്കുന്നില്ല. ഇങ്ങനെയുമൊരു ജീവിതമുണ്ട് എന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നതിനപ്പുറം ഒരുദ്ദേശം ആ പാഠഭാഗത്തിലുണ്ടോ? അറിയില്ല.

ഇന്ന് ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ മുഴുവന്‍ ഈ പാഠം വായിച്ച് പഠിച്ച് വളര്‍ന്ന് മിശ്രവിവാഹിതരായി മതരഹിത സമൂഹം സൃഷ്ടിച്ചു കളയുമെന്ന് മൂഢസ്വപ്നം കാണുന്നവരാണ് പാഠപുസ്തകമുണ്ടാക്കിയതെന്നൊക്കെ ആരോപിച്ചാല്‍, ചിരിക്കാതെന്തു ചെയ്യും!

മതം വേണ്ട, ജാതി, വേണ്ട, ദൈവം വേണ്ട, മനുഷ്യന് എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞുവെന്ന് പാഠപുസ്തകത്തിലെഴുതിവെച്ചവര്‍, ഇതും പഠിച്ച് കുട്ടികള്‍ മതവും ജാതിയും ദൈവവും കുടഞ്ഞു കളയുമെന്ന് ധരിച്ചവരായിരുന്നോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരു വചനം പാഠപുസ്തകം വഴി പഠിപ്പിച്ചവര്‍ക്കും ഇതേ ലക്ഷ്യമായിരുന്നോ? ഒരു പ്രയോജനവുമില്ലാത്ത "ടൂളു"കളായിരുന്നു തങ്ങളുടെ വാചകങ്ങളെന്ന് തിരിച്ചറിഞ്ഞ്, അങ്ങേതോ ലോകത്തിരുന്ന് കണ്ണീര്‍വാര്‍ക്കുകയാവും നമ്മുടെ പാവം സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍!

ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലുളള എല്ലാ സ്ക്കൂളുകളുടെയും ചുവരുകളില്‍ ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സൂക്തം എഴുതി വെച്ചിട്ടുണ്ട്. പ്രവേശനം തേടി അവിടെയെത്തുന്ന കുട്ടികള്‍ക്കും പ്രവേശന ഫോമില്‍ ജാതിയെഴുതേണ്ടി വന്നിട്ടുണ്ട്. ജീവിതസാഹചര്യവും പാഠ്യവസ്തുവും അനുഭവവും തമ്മിലുളള വൈരുദ്ധ്യം മൂര്‍ച്ഛിച്ച് എത്ര കുട്ടികള്‍ ജൂണ്‍ ആദ്യവാരം ഈ കലാലയ മുറ്റങ്ങളില്‍ തളര്‍ന്നുവീണിട്ടുണ്ട്?

മതിലിലെഴുതിയ സൂക്തവും പ്രവേശന ഫോറത്തിലെ കോളവും തമ്മിലുളള പ്രത്യയശാസ്ത്ര വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഹെഡ്‍മാസ്റ്ററെയോ പ്രിന്‍സിപ്പലിനെയോ കുട്ടി തല്ലിച്ചതച്ചെന്നും നാമെങ്ങും കേട്ടിട്ടില്ല. എന്നാല്‍, ഇതേ ആശയം പാഠപുസ്തകത്തിലെ രണ്ടോ നാലോ പേജില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്, സാമ്രാജ്യത്വ ഗൂഢാലോചനയാണ്, ലഘുലേഖാവത്കരണമാണ്, പൗരോഹിത്യത്തിന്റെ ചെലവില്‍ കെട്ടിയാടുന്ന പുരോഗമന നാട്യമാണ്. കഷ്ടം.

മതമില്ലാതെ ജീവിക്കുന്നവരും മതചടങ്ങുകളോ ആചാരങ്ങളോ പിന്‍പറ്റാതെ കുട്ടികളെ വളര്‍ത്തുന്നവരും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലുണ്ട് എന്ന് ഒരേഴാം ക്ലാസുകാരന്‍ മനസിലാക്കിപ്പോകുന്നതിനെ, ഉപരിപ്ലവമായ അറിവായി ചുരുട്ടിക്കൂട്ടിയാല്‍ വെള്ളെഴുത്തിന് കിട്ടുന്ന സംതൃപ്തിയെന്ത് എന്ന് ഏത് "ക്രിട്ടിക്കല്‍ പെഡഗോഗി"ക്ക് വിശദീകരിക്കാനാവും? അതോ, നല്ല പെട കിട്ടാത്തതിന്റെ രോഗമാണോ സാര്‍, ഇത്!!

വെള്ളെഴുത്തിന്റെ ഡിസംബര്‍ ലേഖനത്തിലേയ്ക്ക് മടങ്ങിപ്പോകാം.... കുറച്ചു ഗൗരവുമുളള കാര്യമാണെന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനത്തില്‍ വിദ്യാഭ്യാസ പദ്ധതിയുടെ സമൂലമാറ്റങ്ങളുടെ ലക്ഷ്യമായി എട്ടുകാര്യങ്ങളാണ് അവിടെ ചൂണ്ടിക്കാട്ടുന്നത്. (ന്യൂനോക്തിയുടെ തൊങ്ങലുകള്‍ ചാര്‍ത്തിയതാണ് അവയില്‍ പലതുമെന്നത് മറക്കുന്നില്ല).

എട്ടാം നിരീക്ഷണത്തിനു ശേഷം എഴുതിയ ഖണ്ഡിക ഇങ്ങനെയാണ് തുടങ്ങുന്നത് .... "ചില നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റുക, പാഠപുസ്തകങ്ങളുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ചില്ലറ കളികള്‍ മാത്രം നടന്നു വന്നിരുന്ന മേഖലയാണ് പൊതുവിദ്യാഭ്യാസരംഗം. ഇവിടെ സമൂല പരിവര്‍ത്തനം വരുത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത് എന്നറിയില്ല."

കേരള വിദ്യാഭ്യാസത്തില്‍ സമൂലമായ പരിവര്‍ത്തനം നടത്തിയേ അടങ്ങൂവെന്ന വാശി വേണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ചില്ലറക്കളികള്‍ കൊണ്ട് സമാധാനിക്കേണ്ട കാര്യമേ അവിടെയുളളൂവെന്നും അദ്ദേഹം കരുതുന്നുവെന്നാണ് ഈ വാചകങ്ങളില്‍ നിന്ന് ധരിക്കേണ്ടത്. നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റിയും പാഠപുസ്തകത്തിന് വലിപ്പ വ്യത്യാസം വരുത്തിയും വെള്ളെഴുത്ത് തന്നെ ചൂണ്ടിക്കാണിച്ച എട്ടു ലക്ഷ്യങ്ങള്‍ നേടാനാവുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലേ...

തുടര്‍ന്ന് ലേഖകന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു....

"എന്നാല്‍ യഥാര്‍ത്ഥ അപകടം സ്ഥിതിചെയ്യുന്നത് പാഠപുസ്തകങ്ങള്‍ KCF 2007-ന് അനുഗുണമായി പരിഷ്കരിക്കുന്നതിലാണെന്നതാണ് സത്യം. (തിരിച്ചും പറയാം, KCF തന്നെ പാഠപുസ്തകപരിഷ്കരണത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പടച്ചതാണെന്ന്..)"

KCF 2007ന് അനുഗുണമായി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ യഥാര്‍ത്ഥ അപകടം എന്താണെന്ന് വെള്ളെഴുത്ത് വ്യക്തമാക്കുമെന്ന് കരുതി ആ ലേഖനം മുഴുവന്‍ ആവര്‍ത്തിച്ച് വായിക്കുന്നവര്‍ നിരാശരാകുകയേ ഉളളൂ...

"അപകടം" എന്ന വാക്കു് വീണ്ടും കടന്നു വരുന്നത് ഇവിടെയാണ്. "ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല".

അപകടം എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ച് ഭീതി പരത്താന്‍ ശ്രമിക്കുമ്പോഴും ആ അപകടം എന്താണെന്ന് വ്യക്തമായി സൂചിപ്പിക്കാത്തത് മനപ്പൂര്‍വമാണോ? എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചു കൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന കുട്ടി എന്തായിത്തീരുമെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ടോ എന്നും ചോദ്യമുണ്ട്. ഈ ഊഹിക്കാന്‍ കഴിയായ്മയാണോ വെള്ളെഴുത്ത് ചൂണ്ടിക്കാണിക്കുന്ന അപകടം? ആണെന്നു കരുതി വായന തുടരുകയേ നിര്‍വ്വാഹമുളളൂ

എങ്കില്‍ ഇവിടെയൊരു ചോദ്യം തിരിച്ചു ചോദിക്കേണ്ടി വരും. കുട്ടിയുടെ ഭാവി കൃത്യമായി ഊഹിക്കാന്‍ കഴിയുന്ന ഏത് പാഠ്യപദ്ധതിയാണ് ലോകത്ത് നിലവിലുളളത്? എങ്കില്‍ അത് നേരിട്ട് ഇവിടെ നടപ്പാക്കുന്നതല്ലേ ഉചിതം? അധ്യാപകര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പന്ത്രണ്ടു വര്‍ഷത്തിനപ്പുറമുളള കുട്ടിയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുമെങ്കില്‍, ആ പാഠ്യപദ്ധതി വേണം ഇവിടെ നടപ്പാക്കാനെന്ന് നമുക്കൊന്നിച്ച് ആവശ്യപ്പെടാം. അടിയന്തരമായി തെരുവിലിറങ്ങണം അതിനു വേണ്ടി. തടസമാകുന്ന സര്‍വ പാഠപുസ്തകങ്ങളും കത്തിക്കണം.

നമ്മുടെ മുറ്റത്ത് ആരാണ് എന്ന ലേഖനത്തിന്റെ ആകെത്തുക കിടന്ന് വീര്‍പ്പുമുട്ടുന്നത്, ഒരു ബ്രായ്ക്കറ്റിനുളളിലാണ്. "അതു കണ്ടറിയേണ്ട സംഗതിയാണ്. (പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം..)".

കഴിഞ്ഞ ആറേഴുമാസമായി, കൃത്യമായി പറഞ്ഞാല്‍2007 ഡിസംബര്‍ 17 മുതല്‍ ബ്രായ്ക്കറ്റില്‍ കിടന്ന് ജീവശ്വാസത്തിന് കേഴുന്ന ഈ ഭീതിജന്യമായ സത്യത്തെ, 2008 ജൂലൈ രണ്ടിനെങ്കിലും വെള്ളെഴുത്ത് മോചിപ്പിക്കുമെന്നു കരുതിയവര്‍ക്ക് വീണ്ടും നിരാശ. "ആരോ എവിടെയോ ഉളളവര്‍" ഇപ്പോഴും ആരോ എവിടെയോ ഉളളവര്‍ തന്നെ. ആളെ കണ്ടുപിടിക്കാന്‍ ഡിറ്റക്ടീവ് ഡോ. റോയിയെയിറക്കി കോട്ടയം പുഷ്പനാഥിനൊന്ന് ശ്രമിച്ചു നോക്കാവുന്നതാണ്.

പന്ത്രണ്ടു വര്‍ഷത്തിനപ്പുറമുളള കുട്ടിയുടെ ഭാവിയെക്കുറിച്ച് മറ്റാര്‍ക്കും പിടികിട്ടാത്തത് ഊഹിച്ചും പരിഷ്കരണത്തിലെ അപകടസാധ്യത മണത്തറിഞ്ഞും, പിന്നിലിരിക്കുന്ന ഏതോ ഒരദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം തളിര്‍വെറ്റിലയില്‍ തെളിയിക്കുന്ന ഈ പാഠ്യപദ്ധതീ ജ്യോതിഷം അസാമാന്യമായ സാധനയുണ്ടെങ്കിലേ കരഗതമാകൂ. എന്നാല്‍ അത്രയൊന്നും മെനക്കെടാന്‍ വയ്യാത്തവര്‍ക്ക് ആ ആയുധം ഇങ്ങനെ തിരിച്ചുപയോഗിക്കാം.

ആരോ, എവിടെയോ ഇരുന്ന് കല്‍പ്പിക്കുന്നതിനനുസരിച്ചാണ് വെള്ളെഴുത്ത് ലേഖനങ്ങളെഴുതുന്നത് എന്ന് കണ്ണുമടച്ച് ആരോപിച്ചാല്‍ മതി. തെളിവൊന്നും വേണമെന്നില്ല. കല്‍പ്പിക്കുന്നത് ആരെന്ന് പറയുകയേ വേണ്ട. എവിടെയിരുന്ന് എന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കണം.

ഉത്തരവാദിത്തരഹിതമായ നിരീക്ഷണങ്ങളും, മുന്‍വിധികളില്‍ വേവിച്ചെടുത്ത വിധിതീര്‍പ്പുകളും പരമസത്യത്തിന്റെ ദാര്‍ശനിക വ്യാകരണത്തില്‍ മുക്കി അവതരിപ്പിച്ചാല്‍, ചുളുവില്‍ കിട്ടുന്നതാണ് ഒരു താത്വികന്റെ ശിരോവലയം. തെരഞ്ഞെടുക്കപ്പെട്ട പത്തോ പതിനഞ്ചോ വാക്കുകള്‍ ആവര്‍ത്തിച്ച്, ആര്‍ക്കും ആരെയും സാമ്രാജ്യത്വത്തിന്റെ ചാരനാക്കാമെന്ന നിലയാണ് കേരളത്തില്‍.

പാഠ്യപദ്ധതി പരിഷ്കരണമല്ല, സാമ്പാറിന്റെ ചേരുവ പരിഷ്ക്കരിച്ചാലും അതില്‍ നവലിബറല്‍, ഇംപീരിയിലസ്റ്റിക്, കൊളോണിയല്‍ സ്വാധീനത്തിന്റെ ദുരൂഹതയാരോപിച്ച് വശം കെടുത്തും. പുതിയൊരു കുളിത്തോര്‍ത്തു വാങ്ങിയാലും അത് സാമ്രാജ്യത്വത്തിന്റെ ഫണ്ട് കിട്ടിയതു കൊണ്ടാണെന്ന് പരദൂഷണമുയരുംവിധം നമ്മുടെ ചായക്കടയുടെ ചര്‍ച്ചാ പരിസരം വളര്‍ന്നിരിക്കുന്നു. അങ്ങനെയൊരു മാറ്റം സാധ്യമാക്കാന്‍ കെല്‍പ്പുളള "പാഠ"ങ്ങളും അച്ചടിക്കപ്പെടുന്നുണ്ട് കേരളത്തില്‍. കരിക്കുലം കമ്മിറ്റിയില്‍ കടന്നിരിക്കാന്‍ സര്‍വഥാ യോഗ്യതയുളളവര്‍ അവരാണ്. അത് മറന്നു പോയതാണ് ബേബി ചെയ്ത തെറ്റ്.

മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് ഭാഷാപുസ്തകങ്ങള്‍ നിറയുന്ന അവസ്ഥയുണ്ടാകുമെന്ന് കഴിഞ്ഞ ഡിസംബര്‍ 17ന് വെള്ളെഴുത്ത് പ്രവചിച്ചിരുന്നു. പുതിയ ലേഖനം വന്നത് ജൂലൈ രണ്ടിന്..

സ്വന്തം പ്രവചനത്തെ സാധൂകരിക്കാന്‍ എന്തെന്ത് തെളിവുകളും നിരീക്ഷണങ്ങളുമാണ് പുതിയ ലേഖനത്തിലുളളതെന്ന് ഒന്നു തെരഞ്ഞു നോക്കൂ. പാഠപുസ്തകങ്ങള്‍ പുറത്തു വന്ന് കണ്‍മുന്നില്‍ ചിതറിക്കിടക്കുന്നു. അതിലെത്രയാണ് മുദ്രാവാക്യത്തിന്റെ അളവ്? എത്ര ലഘുലേഖകളുണ്ട് ഒന്നു മുതല്‍ പത്തു വരെയുളള പാഠപുസ്തകങ്ങളില്‍? പത്രവാര്‍ത്തയുടെ നിലവാരത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്ന എത്ര അധ്യായങ്ങളുണ്ട് ആ ഭാഷാപുസ്തകങ്ങളില്‍... ?

നമ്മുടെ മുറ്റത്ത് ആരാണ് എന്ന വെള്ളെഴുത്തിന്റെ പഴയ ചോദ്യം കേട്ട് കേരളത്തിനു പുറത്തിരുന്ന് ഉളളു കിടുങ്ങിയവര്‍ക്ക് , ഈ ചോദ്യങ്ങളുടെ ഉത്തരമറിയണമെന്ന് ആശയുണ്ടാകില്ലേ? പുതിയ ലേഖനം വായിക്കുന്നവര്‍ തേടുന്നത് ആ ഉത്തരങ്ങളല്ലേ.

കാടും പടലുമടിച്ച് ഒച്ചയുണ്ടാക്കുന്നതിനു പകരം, ഈ വിധം പുസ്തകങ്ങള്‍ ചുരുങ്ങിപ്പോയെന്ന് തെളിയിച്ചാല്‍, നിലപാടുകള്‍ തിരുത്താതിരിക്കാന്‍ മാത്രം പ്രത്യയശാസ്ത്ര ഭ്രാന്തുളളവരല്ലല്ലോ നമ്മളാരും!

വെള്ളെഴുത്തിനോട് തിരിച്ചും പറയാം, പുലരുന്നത് ജനാധിപത്യമാണെന്ന വിശ്വാസമുണ്ടെങ്കില്‍, ഇതും വിശ്വസിക്കുക, അതുകൊണ്ടാരുടെയും ചോര തെറിക്കില്ല.

ഭാഷാപഠനം ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായെന്നും പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സാമൂഹ്യപാഠപുസ്തകവും മറ്റു പുസ്തകങ്ങളുമായുളള വ്യത്യാസം ചുരുങ്ങിത്തീരുമെന്നുമുണ്ട് നിരീക്ഷണം. മറ്റു പുസ്തകങ്ങള്‍ സാമൂഹ്യപാഠത്തിന്റെ നിലവാരത്തിലേയ്ക്ക് ചുരുങ്ങുമെന്നാണ് പ്രവചിക്കപ്പെട്ടത്. എന്താണ് ഈ പ്രവചനത്തിന്റെ ജൂലൈ മാസത്തെ അങ്ങാടി നിലവാരം?

സാമൂഹികപാഠം (അതും ഏഴാം സ്റ്റാന്‍ഡേര്‍ഡിലേതു മാത്രം) കത്തിക്കാനാണ് തെരുവില്‍ തിരക്ക്. ഈ പുസ്തകം പിന്‍വലിക്കണമെന്നാണ് അരമനയില്‍ നിന്നുളള ഉത്തരവ്. ഈ പുസ്തകത്തിലെ മിശ്രവിവാഹത്തെ സ്പര്‍ശിക്കുന്ന പാഠഭാഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമേയില്ലെന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയും അബ്ദുറഹ്മാന്‍ രണ്ടത്താണിയും.

പാഠ്യപദ്ധതി നവീകരണത്തിന് പിന്നില്‍ കൃത്യമായ ഒരജണ്ട നിരീക്ഷിച്ച് അന്ന് അടയാളപ്പെടുത്തിയിരുന്നു, വെള്ളെഴുത്ത്. എന്നാല്‍ ആരെ സഹായിക്കാനാണെന്നും ആരാണിതിന്റെ ശരിയായ പ്രായോജകന്‍ എന്നും കണ്ടെത്തേണ്ടതിന്റെ ബാധ്യത വായനക്കാര്‍ക്ക് വിട്ടുകൊടുത്ത് അന്നും ലേഖകന്‍ കൈയും കഴുകി നടന്നു മറയുകയായിരുന്നു. എന്‍സിഎഫ് 2005ന്റെ ആസൂത്രണത്തില്‍ കേരളത്തിലെ എന്‍ജിഒകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് സംശയലേശമെന്യെ ഉറപ്പിച്ചു പറയുന്നുമുണ്ട്.

സര്‍വശക്തവും സര്‍വവ്യാപിയുമായ ആ എന്‍ജിഒയെയും വായനക്കാര്‍ ഊഹിക്കണം. ശാസ്ത്രസാഹിത്യ പരിഷത്താണോ? ഉറപ്പിച്ചു പറയാന്‍ വൈക്ലബ്യം. ഇത്രയുമൊക്കെ എഴുതിയ വെള്ളെഴുത്തിന് അത് തുറന്നു പറയാന്‍ ഭയമുണ്ടെന്നോ മടിയുണ്ടെന്നോ ആക്ഷേപിക്കുന്നില്ല. ചില വെളിപ്പെടുത്തലുകള്‍ അങ്ങനെയാണ്. വെറുതേ ഒന്നു ധ്വനിപ്പിച്ചാല്‍ മതി. പ്രതിയെ പിടികിട്ടും.

ആര്, ആര് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നതേയുളളൂ, ആരാണ് എന്നും പറയുന്നില്ല. ലോകബാങ്ക്, ഐഎംഎഫ്, സാമ്രാജ്യത്വം, ജോര്‍ജ് ബുഷ്, ഷിമോന്‍ പെരസ്, ക്വീന്‍ എലിസബത്ത്, ഗോള്‍ഡന്‍ ബ്രൗണ്‍ മുതല്‍ ആര്‍വിജി മേനോനെയോ എം പി പരമേശ്വരനെയോ ഒക്കെ സങ്കല്‍പിക്കാം. എല്ലാവരെയും കൂടി ഒരു കുട്ടയിലിട്ട് സങ്കല്‍പ്പിച്ചാലും പരാതിയില്ല.

പുതിയ പാഠ്യപദ്ധതി കുട്ടികളെ സാമ്രാജ്യത്വത്തിന്റെ അടിമകളും പ്രായോജകരുമാക്കുന്നതാണോ? ആണെങ്കില്‍ എങ്ങനെ? സാമ്രാജ്യത്വത്തിന്റെ നുഴഞ്ഞു കയറ്റത്തെ ചെറുവിരല്‍ കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കുട്ടികളെ പ്രാപ്തരാക്കുമായിരുന്ന ഹോര്‍ളിക്സായിരുന്നോ പഴയ പാഠ്യപദ്ധതി? ഒരു മടക്കു പിച്ചാത്തിയുമായി ജോര്‍ജ് ബുഷിനെ വെല്ലുവിളിക്കാന്‍ മാത്രം ധൈര്യമുളളവനായിരുന്നോ പഴയ ഏഴാം ക്ലാസുകാരന്‍?

.... വെള്ളെഴുത്തിന്റെ ലേഖനം അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ഏറെയാണ്.... ഉത്തരം ആരു പറയും?

നമ്മുടെ മുറ്റത്ത് ആരാണെന്ന സംഭ്രമജനകമായ ചോദ്യത്തിന്റെ അനുബന്ധം ഇങ്ങനെ പരിഷ്കരിക്കാം.

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ..............സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന. മഞ്ഞ കലര്‍ന്ന കറുപ്പു നിറം. സാമ്രാജ്യത്വം മൈനയുടെ രൂപത്തില്‍ വന്നതാണോ എന്ന് വെള്ളെഴുത്തിന്റെ ലേഖനം വായിച്ചിട്ടുളള സുരേഷ് സംശയിച്ചു.....

22 comments:

മാരീചന്‍‍ said...

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ..............സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന. മഞ്ഞ കലര്‍ന്ന കറുപ്പു നിറം. സാമ്രാജ്യത്വം മൈനയുടെ രൂപത്തില്‍ വന്നതാണോ എന്ന് വെള്ളെഴുത്തിന്റെ ലേഖനം വായിച്ചിട്ടുളള സുരേഷ് സംശയിച്ചു.....

സൂരജ് :: suraj said...

‘പെഡഗോഗി’യല്ല മാരീചരേ, പെടഗോപി!
നല്ല പെട കിട്ടാഞ്ഞിറ്റ് ഗോപിക്ക് വരണ സൂക്കേട് എന്ന് വ്യംഗ്യം.

എന്റെ സെക്യുലര്‍ മൂന്നാം കണ്ണിനു ചൊറിച്ചിലും വെള്ളം ചാടലും.
ഇതാണോ സര്‍ ‘സെക്യുലര്‍ കണ്ണുകടി’ ?

പി.എസ്:
ഈ ലേഖനമെഴുതാന്‍ ഫണ്ട് കിട്ടിയത് നോര്‍വേയില്‍ നിന്നോ ഡെന്മാര്‍ക്കില്‍ നിന്നോ ? സത്യം പറ! (തോക്ക് ചൂണ്ടിയാണ് ചോദിക്കുന്നത്)

മാരീചന്‍‍ said...

ഡെന്മാര്ക്കിലെ തോക്കല്ലേ ചൂണ്ടിയിരിക്കുന്നത്, ഡോക്ടറേ ഞാന് പേടിക്കില്ല...
(രഹസ്യം)... കിട്ടിയതില് നിന്ന് കുറച്ച് തന്നാല് ഒതുങ്ങുമോ..... സെക്കുലര് കണ്ണുകടിക്ക് ചികിത്സ നോര്‍വെയില്‍ തരപ്പെടുത്താം....

Rajeeve Chelanat said...

മാരീചന്‍,

വെള്ളെഴുത്തിന്റെ ഡിംസംബര്‍ ലേഖനം ഇക്കഴിഞ്ഞ ദിവസമാണ് വായിച്ചത്. അതിലെ പ്രകടമായ അവ്യക്തതയെയും, അകാരണമായ പെസ്സിമിസത്തെയും ചുരുങ്ങിയ വാക്കുകളില്‍ പ്രമോദിന്റെ കവിതക്കുള്ള കമന്റില്‍ അദ്ദേഹം ഈയിടെ വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തു. അതില്‍, ഞെട്ടണോ അനുശോചനം രേഖപ്പെടുത്തണോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് പുതിയ ലേഖനം ഇന്ന് കണ്ടത്. ഓടിച്ചുവായിച്ചുനോക്കിയതില്‍നിന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തു. വിശദമാ‍യി എഴുതണമെന്നു കരുതിയതുമാണ്.

ഈ പോസ്റ്റ് ഉള്ള സ്ഥിതിക്ക്, ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

അഭിവാദ്യങ്ങളോടെ

മൂര്‍ത്തി said...

!

വിദൂഷകന്‍-1 said...

മാരീചന്റെ കുറിപ്പ് അവസരോചിതമാണ്..

‘ദോഷൈകദൃക്കു’കള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണ്.

അകത്തിരുന്ന് തീരുമാനമെടുത്തിട്ട് പുറത്തിറങ്ങി,തീരുമാനത്തെ തള്ളിപ്പറയുന്നവരുടെ കൂട്ടത്തിലാണ് വെള്ളെഴുത്തിന്റെ സ്ഥാനം!

പാഠപുസ്തക രചന നടന്ന അരമനകളില്‍ വെള്ളെഴിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലേ?

വിജു വി. നായരുടെ വാലേതൂങ്ങി നടക്കുന്നവരില്‍ ഒരാള്‍ എന്ന വിശേഷണം അന്വര്‍ത്ഥമാണ്..

സ്കൂള്‍ വിദ്യാഭ്യാസം പഞ്ചായത്തുകള്‍ വിഴുങ്ങുന്നതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഭാവിയും കേരളീയര്‍ക്ക് വെളിപ്പെടുത്തിയ മാന്യദേഹമാണ് വിജു വി.നായര്‍!

മാരീചന് ആശംസകള്‍...

വെള്ളെഴുത്ത് said...

വിദൂഷകന്‍ ഒന്ന്,
താങ്കള്‍ മറ്റാരോ ആയി എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാഠപുസ്തകരചന നടന്നത് “അരമനകളിലാണോ? (വാക്കുകളുടെ ഒരു കാര്യമേ..) എങ്കില്‍ പൂച്ചയ്ക്കെന്താണ് പൊന്നുരുക്കുന്നിടത്തു കാര്യം? അവിടെയെങ്ങും വെള്ളെഴുത്തുണ്ടായിരുന്നില്ല.

മാരീചാ കുറേ മറുപടിയൊക്കെ ബ്ലോഗില്‍ പറഞ്ഞു നോക്കിയിട്ടുണ്ട്. എന്നേക്കാള്‍ നന്നായി ഗുപ്തന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എനിക്കറിയാത്ത മറ്റു ചിലരും. ശരിയായോ എന്നറിയില്ല. വ്യത്യസ്തമായ നിലപാടുകളിലുള്ളവര്‍ക്ക് പരസ്പരം മനസ്സിലാക്കാനും പ്രയാസം നേരിടും. കൂടുമാറ്റം അത്ര എളുപ്പവുമല്ല. അപ്പോള്‍ അറിയുക എന്നതല്ല ഉത്തരങ്ങള്‍ ചോദിക്കുന്നതിന്റെ ലക്ഷ്യം. മറിച്ച് മറ്റെന്തൊക്കെയോ ആണ്. ഇത് താങ്കള്‍ക്ക് അറിയാം. എനിക്കും.

അവിടെയുള്ള പല കമന്റുകളും പോലെയല്ല, എതിര്‍ക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും ഇത്ര വിശദമായ വായനയുണ്ടാവുന്നു എന്നുള്ളത് വലിയ സന്തോഷം തരുന്ന കാര്യമാണ്. നന്ദി.

“ഇതെഴുതുന്ന ആള്‍ ഒരു വിശേഷജ്ഞനല്ല.അത്യന്തികമായി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള കഴിവും എനിക്കില്ല. ഇതൊരു സമഗ്ര പഠനവുമല്ല. തെറ്റുകള്‍ സ്വാഭാവികമാണു താനും. ഞാന്‍ ശ്രമിക്കുന്നത് സംഗതികളെ സമഗ്രമായി വീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് സൂചിപ്പിക്കുക മാത്രമാണ്“
- ആനന്ദ്

Jijo said...

നിങ്ങളുടെ പോസ്റ്റുകളില്‍ കോറിയിടാന്‍ എനിക്കു യോഗ്യത കുറവാണു. എങ്കിലും...

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന ഉന്നത ചിന്തകളൊന്നും എനിക്കുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ മനുഷ്യരാശിയെയും അവന്റെ എല്ലാ പുരോഗതികളേയും നശിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ഭീകര രൂപിയായി മതത്തെ കാണാന്‍ എനിക്ക് അത്ര വിഷമമില്ല.

കാലത്തിനൊത്ത് മാറാന്‍ കഴിഞില്ലെങ്കില്‍ കാലത്തെ പുറകോട്ട് വലിക്കുക എന്ന തന്ത്രമാണ് മതങ്ങളുടേത്. വിശ്വാസികളെ സ്വന്തം വേലിക്കകത്തു നിറുത്താന്‍ എന്തൊക്കെ കഷ്ടപ്പാടുകളാണ് മത നേതാക്കള്‍ കഴിക്കുന്നത്. നിങ്ങള്‍ക്കൊന്നും അവരോട് ഒരു സഹതാപവും തൊന്നുന്നില്ലേ?

കേരളീയന്‍ said...

വെള്ളെഴുത്തിനോട്:

1) ക്രിട്ടിക്കല്‍ പെഡഗോഗി നവലിബറല്‍ സ്വഭാവമുള്ളതാണ് എന്ന് അഭിപ്രായമുണ്ടെങ്കില്‍ എന്തു കൊണ്ട് എന്ന് വിശദീകരിക്കുക.

2) അതല്ല ക്രിട്ടിക്കല്‍ പെഡഗോഗിയോ മറ്റ് തേങ്ങാക്കുലകളോ കേരളത്തില്‍ അവതരിപ്പിച്ച രീതിയിലാണ് നവ ലിബറലിസം കടന്ന് കൂടിയതെങ്കില്‍ അത് വിശദീകരിക്കുക.

3) നവ ലിബറലിസം എന്ത് കൊണ്ടാണ് അപകടകരമാകുന്നതെന്ന് വിശദീകരിക്കുക.

ഇതൊന്നുമില്ലാതെ അവിടെയുമിവിടെയും തൊടാത്ത ചില “സ്ക്രജ്ഞ” കൂടിയ പ്രസ്താവനകള്‍ അടിച്ചു വിട്ടാല്‍ കേരള ജീര്‍ണ്ണലിസത്തിന്റെ കാട്ടു ബുജി ക്ലബ്ബില്‍ അംഗത്വമെടുക്കാമെന്നല്ലാതെ പറയത്തക്ക പ്രയോജനങ്ങള്‍ ഒന്നുമില്ല. പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിക്കാനുള്ള ഡാറ്റ കൂടി നല്‍കിയാല്‍ സമീപനം വസ്തുനിഷ്ഠമാകും. (ഇനി എന്നെ ഹൈദഗ്ഗറുടെ പിറകേ ഓടിക്കരുത്!). സാമാന്യമായ ഈ വസ്തുനിഷ്ഠതയുടെ അഭാവത്തില്‍ സംവാദത്തിനെന്ത് പ്രസക്തി?

വെള്ളെഴുത്ത് said...

കേരളീയാ
ആദ്യത്തെ മൂന്നു ചോദ്യങ്ങളും ആരു പറഞ്ഞത്? എവിടെ? താങ്കള്‍ക്ക് വെളിപാടുണ്ടായ ചില കാര്യങ്ങള്‍ക്ക്
ഞാന്‍ ഉത്തരം നല്‍കുന്നതെന്തിന്? വസ്തുനിഷ്ഠത.. വാട്ട്?

മൂര്‍ത്തി said...

പ്രിയ വെള്ളെഴുത്തെ,

വെള്ളെഴുത്ത് ഉദ്ധരിച്ച വിജു നായര്‍ ലേഖനത്തില്‍ നവലിബറല്‍ അജണ്ടയെക്കുറിച്ച് വ്യക്തമായും പറയുന്നുണ്ടല്ലോ..വെള്ളെഴുത്തും ആ നിലപാടിനോട് ഏതൊക്കെയോ രീതിയില്‍ യോജിക്കുന്നു എന്നാണ് എനിക്കും തോന്നിയത്. അതായത് ഇപ്പോള്‍ ഉള്ള സ്വാധീനം അതാണെന്ന്. ആസാദും നരേന്ദ്രനും തുടര്‍ന്ന് ആ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടെഴുതിയ ലേഖനവും വായിച്ചു.

കേരളീയന്‍ said...

വെള്ളെഴുത്ത് പറയുന്നതും വിജു.വി.നായര്‍ പറയുന്നതുമായി കടലും കടലാടിയുമായുള്ള ബന്ധമാണെന്ന് മനസ്സിലായി. അപ്പോള്‍ വെള്ളെഴുത്ത് ശരിക്കും എന്തെങ്കിലും പറഞ്ഞായിരുന്നോ...അപ്പ ശരി ... ബുജിയടികളോട് പണ്ടേ അസ്കിതയാ, ക്ഷമിക്കണേ.

വെള്ളെഴുത്ത് said...

മൂര്‍ത്തി ഞാനങ്ങനെ ഒന്നും ഉദ്ധരിച്ചില്ല. പാഠപുസ്തകവിവാദത്തില്‍ വായിച്ചുനോക്കേണ്ട ഒരു ലേഖനവും കൂടിയുണ്ട് എന്നു പറഞ്ഞതേയുള്ളൂ. എന്റെ മാനസിക വൈകല്യം കൊണ്ടാവും വിജു അവതരിപ്പിക്കുന്ന ആശയങ്ങളോട് ഒരു മാനസിക അടുപ്പം തോന്നാറുണ്ട്. അത്ര തന്നെ അകല്‍ച്ചയും ചില ആശയങ്ങളോട് തോന്നിയിട്ടുമുണ്ട്. 1.. 2.. 3 ഇന്‍ഫിനിറ്റ് എന്നൊരു പുസ്തകം വായിച്ചു നോക്കാവുന്നതാണ് എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് മുഴുവന്‍ ഉത്തരം പറയാന്‍ അയാള്‍ ബാദ്ധ്യസ്ഥനാണ് എന്നാണൊ അര്‍ത്ഥം?

മാരീചന്‍‍ said...

"സാഹിത്യബുദ്ധിജീവികളുടെ കാപട്യം നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അവരുടെ പ്രസംഗങ്ങളും ലേഖനങ്ങളും അസംതൃപ്തരുടെ പരപീഡനമായി അധഃപതിക്കുന്നു. ഒരുതരം കപട സംസ്ക്കാരത്തിന്റെ സ്വാധീനം കൊണ്ട് നമ്മുടെ സാഹിത്യ ബുദ്ധിജീവികളില്‍ നിന്ന് ജന്മവാസന നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ കപടസംസ്ക്കാരം ജന്മവാസനയെ നശിപ്പിക്കും എന്ന നിരീക്ഷണം ശരി തന്നെയാണെന്ന് നമ്മുടെ നാടു തന്നെ നമുക്കു പറഞ്ഞു തരുന്നു. എഴുതുന്നവരെല്ലാം എഴുത്തുകാരല്ല. തുറന്നു ചിന്തിക്കുന്നവനും തുറന്നു പറയുന്നവനുമാണ് എഴുത്തുകാരന്‍. പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലാതെ നമ്മുടെ എഴുത്തുകാര്‍ എഴുതുന്നു. സ്വകാര്യസംഭാഷണങ്ങളില്‍ പറയുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു സമരത്തിന്റെ വിവരണം പോലെ എഴുതാനും സ്വന്തം നിശ്ചയത്തിന്റെ സ്വാതന്ത്ര്യമായി രചനയെ ഉയര്‍ത്താനും നമ്മുടെ പല സാഹിത്യബുദ്ധിജീവികളുടെയും പേനയ്ക്ക് കഴിയാതെ വരുന്നു. വിഗ്രഹഭ‍ഞ്ജകരും കാപട്യത്തിന്റെ മറനീക്കുന്നവരുമാണ് ആധുനിക ബുദ്ധിജീവികള്‍ എന്ന കൊയിസ്ലരുടെ സങ്കല്‍പം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇതെല്ലാം മനസിലാക്കിക്കൊണ്ടാണ് താന്‍ ബുദ്ധിയുളളവനാണ്, ബുദ്ധിജീവിയല്ല എന്ന് ബാറി തുറന്നടിച്ചു പറഞ്ഞത്. ഒരു എഴുത്തുകാരന്റെ ചിന്ത എല്ലാവരുടെയും നേര്‍ക്കുളള എതിര്‍പ്പായി മാറുമ്പോള്‍ പോലും ഭാവി ചരിത്രത്തിന്റെ പാഠങ്ങളില്‍ അത് എല്ലാവര്‍ക്കും വേണ്ടിയുളള ചിന്തയാണ്. ഏതെങ്കിലും സങ്കീര്‍ണതയില്‍ ചെന്ന് തലയിടിച്ചു തകരും എന്ന പ്രതീതി ജനിപ്പിക്കും വിധം സാഹിത്യബുദ്ധിജീവി സാഹസികമായി ചിന്തിക്കുന്നു. അങ്ങനെ തന്റെ രചനയ്ക്ക് ധീരതയുടെ സാഹോദര്യം നല്‍കാന്‍ അയാള്‍ക്ക് കഴിയണം. അതിനു കഴിയാതെ വരുമ്പോള്‍ റില്‍ക്കെ പറഞ്ഞതു പോലെ "ഞാന്‍ എഴുതണോ" എന്ന ചോദ്യം അയാള്‍ സ്വയം ഉന്നയിക്കണം."
- റീല്‍ക്കെ ചെറുപ്പക്കാരോട് പറഞ്ഞത് എന്ന ലേഖനത്തില്‍ കെ പി അപ്പന്‍ -

വെള്ളെഴുത്ത് said...
This comment has been removed by the author.
മാരീചന്‍ said...

നമ്മുടെ സ്വന്തക്കാരെന്ന് പറഞ്ഞത് ഒരു വല്ലാത്ത പറച്ചിലായിപ്പോയല്ലാ വെള്ളെഴുത്തേ.... അവരേതായാലും എന്റെ സ്വന്തക്കാരല്ല. ഏകവചനമാവും ചേരുക...
വര്‍ഷം മൂന്നുകഴിഞ്ഞില്ലേ പിള്ളേ.... നമ്മളെന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അതും കൂടെ ആലോചിക്കേണ്ടേ....

മൂര്‍ത്തി said...

:)
ഇടതും വലതും തിരിച്ചറിയാത്ത കാലഘട്ടത്തില്‍ സ്വന്തവും ബന്ധവും തിരിച്ചറിയാനും ഇത്തിരി പാടായിരിക്കും...

വെള്ളെഴുത്ത് said...
This comment has been removed by the author.
സൂരജ് :: suraj said...

കേ പി അപ്പനെ അടിച്ച് വെളീ കളഞ്ഞത് 2006 മേയില്‍ അധികാരത്തിലേറിയ ‘നമ്മടെ സ്വന്തം’ സര്‍ക്കാര് തന്നേ ?

ചുമ്മാ ഒരു ഡൌട്ടാണ്. ചൌട്ടല്ലേ :)

മാരീചന്‍ said...

ബു ഹ ഹ ഹ, ക്വാട്ടിന് തന്ന സര്‍ട്ടീറ്റ് കൈപ്പറ്റി ബോധിച്ചിരിക്കുന്നു...

ന്നാലും ശി സംശയം ല്ലാതില്ല...പ്പൊ, കേ പീ അപ്പന്‍സിന്റെ പാഠം പഠിക്കാനുണ്ടായിര്‍ന്നൂ, ല്ലേ... ആരാപ്പോ അതിയാനെ പാഠപുസ്തകത്തിലാക്കീത്... പുസ്തകത്തിലാക്കിയത് കുറേ ശപ്പന്‍മാരും എടുത്തു കളഞ്ഞത് വേറെ ശപ്പന്‍മാരുമായിരുന്നോ ആവോ!...

ടിയാനെ പാഠപുസ്തകത്തിലാക്കിയ കാലത്ത് ജ്ഞാനനിര്‍മ്മിതിയുടെ ചെങ്കോല്‍ ആര്‍ വശമായിരുന്നു? പാഠപുസ്തകത്തില്‍ നിന്ന് പുറത്തു കളഞ്ഞകാലത്തും ചെങ്കോല്‍ അവരുടെ കൈകളില്‍ തന്നെയായിരുന്നോ?

ഹൊ, മറന്നൂലോ, ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലല്ലേ...സംഗതികളെ ( മ്മടെ, ഏഷ്യാനെറ്റിലെ ജഡ്ജിയേമാനായിരുന്ന ശരത് പറഞ്ഞ സംഗതിയാണോ ആവോ) സമഗ്രമായി വീക്ഷിക്കാനാണ് നാം ശ്രമിക്കുകയെന്ന് ആനന്ദന്‍ (ആനത്തലവട്ടം ആനന്ദനാണോ ആവോ, മ്മക്ക് ഇവന്മാരെയൊന്നും ത്ര പോരാ!) പറയുകയും ചെയ്തിരിക്കുന്നു.

ഡാ, സൂരജ് ചെക്കാ... നിനക്കൊന്നും വേറേ പണിയില്ലേ.... മുഖ്യധാരാ മാര്‍ക്സിസത്തിന്റെ പരിഷ്കരണ പരിപാടികള്‍ക്ക് കുഴലൂതാന്‍ നടക്കാതെ ആ സമയത്ത് പോയി രണ്ട് രോഗികളേ നോക്കിയേ... പോയേ.. പോയേ...ഇല്ലെങ്കില്‍ "പെഡ" നിനക്കായിരിക്കും....

വെള്ളെഴുത്ത് said...

ഇല്ല. തികഞ്ഞ വ്യക്തിവാദിയും സൌന്ദര്യമാത്രവാദിയും അരാഷ്ട്രീയനുമായ കെ പി അപ്പന്‍ ഇതുവരെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ കയറിപ്പറ്റിയിട്ടില്ല. അങ്ങനെ ഞാന്‍ തമാശിച്ചതാണ്. ഒരു അരാഷ്ട്രീയവാദത്തെ നേരിടാന്‍ ഇടതുപക്ഷത്തിനു ഒരിക്കലും പഥ്യമല്ലാതിരുന്ന (അടുത്ത കാലത്തുപോലും ഗോവിന്ദപിള്ളയ്ക്കെതിരെ ലേഖനമെഴുതിയ) അപ്പനെ ഉദ്ധരിച്ചതു കണ്ട്. ‘പേനയുടെ സമരമുഖങ്ങള്‍’ എന്ന ലേഖനത്തില്‍ ഇടതുപക്ഷ ബുദ്ധീജീവികള്‍ ത്രീഡി കണ്ണടവച്ചാണ് എന്റെ ലെഖനങ്ങള്‍ വായിക്കുന്നത്. അതുകൊണ്ടെന്റെ എല്ലാ വാക്കുകളും അവര്‍ക്കു നേരെ പാഞ്ഞു ചെല്ലുന്നു എന്നവര്‍ക്ക് തോന്നുന്നു“ അതില്‍ തന്നെ “അരാഷ്ട്രീയത പാപമല്ല‘ എന്നുമെഴുതി. അതൊക്കെ തന്നെ വിശ്വസിക്കുന്ന ഒരാള്‍ക്ക് എതിരെ അദ്ദേഹത്തിന്റെ വാക്കുകള്‍ അതിനെതിരെ നില്‍ക്കുന്ന ഒരാള്‍ എറ്റുത്തു പ്രയോഗിക്കുന്നത് ബുദ്ധിപരമായ ഫലിതമല്ലേ? അതാണ് അങ്ങനെ ചിരിച്ചത്. പകരം മറ്റൊരു ലേഖനം ഓര്‍മ്മ വരുന്നു. ഫിഡല്‍ കാസ്ട്രോയുടെ ‘ ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും’ അതില്‍ അദ്ദേഹം അവസരവാദ രാഷ്ട്രീയക്കാരെയും വയറ്റുപ്പിഴപ്പു ബുദ്ധിജീവികളെയും കണക്കിനു കളിയാക്കുന്നുണ്ട്. അതായിരുന്നു ക്വോട്ട് എങ്കില്‍ ‘വെള്ളെഴുത്തിനു സ്നേഹപൂര്‍വം’ എന്ന ശീര്‍ഷകമുള്ള പോസ്റ്റിന്റെ ഉചിതമായ കമന്റായി ചിലരെങ്കിലും ഉള്‍ക്കൊണ്ടേനെ. സത്യം. ഇതു ഞാന്‍ ഗൌരവമായി തന്നെ പറഞ്ഞതാണ്.

മാരീചന്‍‍ said...

വെള്ളെഴുത്തേ..... ആ വഴിക്ക് ഞാന്‍ തീരെ ആലോചിച്ചിരുന്നില്ലെന്നാണ് സത്യം.

വെള്ളെഴുത്തിന്റെ പാഠപുസ്തക സംബന്ധിയായ ലേഖനങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍, അതിനെ സാധൂകരിക്കാന്‍ ഉദ്ധരിച്ചു ചേര്‍ത്ത ആനന്ദിന്റെ വാചകങ്ങള്‍ ഇവയോടുളള മറുപടിയെന്ന നിലയിലാണ് ആ ലേഖനഭാഗം ക്വോട്ട് ചെയ്തത്...

വെള്ളെഴുത്ത് എന്ന വ്യക്തിയെ അരാഷ്ട്രീയക്കാരനെന്ന് വിളിച്ച് കളിയാക്കാനൊന്നും ഞാനാളല്ല. പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് താങ്കള്‍ സ്വീകരിച്ചിരുന്ന നിലപാടുകളോട് വിയോജിക്കുമ്പോള്‍, എല്ലാ കാലത്തും വെള്ളെഴുത്ത് മാരീചന്റെ ഹിറ്റ്ലിസ്റ്റിലാണ് എന്നില്ലല്ലോ!!

എല്ലാ വിഷയങ്ങളിലും അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നുവെങ്കിലേ, വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് അര്‍ത്ഥമുളളൂവെന്നാണ് വിശ്വാസം. ബ്ലോഗ് പോലൊരു മാധ്യമത്തില്‍ അതിനൊക്കെ എത്രത്തോളം യുക്തിയുണ്ട് എന്നിപ്പോഴും സംശയം.

താങ്കളുടെ തന്നെ ഒരു വാദം കടമെടുത്താല്‍, മുഖ്യധാരാ ഇടതുപക്ഷത്തിന് ചതുര്‍ത്ഥിയായവര്‍, എല്ലാവര്‍ക്കും അങ്ങനെയായിക്കൊളളണമെന്ന് കരുതുന്നതും ഫാസിസ്റ്റ് ശാഠ്യമല്ലേ... ഗോവിന്ദപ്പിളളയ്ക്കെതിരെ കെ പി അപ്പന്‍ ലേഖനമെഴുതിയതിന് മാരീചനെന്തു പിഴച്ചു? അങ്ങനെയെഴുതിയതു കൊണ്ട് അപ്പന്റെ ലേഖനങ്ങളോ വാചകങ്ങളോ ഉപയോഗിക്കരുത് എന്നുണ്ടോ? പിജിയ്ക്ക് അപ്പനില്‍ നിന്ന് കിട്ടിയെങ്കില്‍ തിരിച്ചു കൊടുക്കേണ്ടത് പിജിയുടെ തലവേദന.. സാഹിത്യാദികാര്യങ്ങളില്‍ പറയത്തക്ക ജ്ഞാനമൊന്നുമില്ലാത്ത ഈ പാവമെന്തു പിഴച്ചു?

ഇനി, താങ്കള്‍ ആശയപരമായി യോജിക്കുന്ന ഒരാളുടെ ലേഖനഭാഗമെടുത്ത് താങ്കള്‍ക്കെതിരെ തന്നെ ഉപയോഗിക്കുന്നതു കണ്ട് ചിരിച്ചു പോയതിനെക്കുറിച്ച്... ഇതില്‍ ചിരിക്കാന്‍ വേണ്ടിയൊന്നുമില്ല. ഒരാള്‍ക്കെതിരെ അയാളുടെ വാദങ്ങളോ വാക്കുകളോ പോലും ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരില്ലേ... പിന്നെയാണോ അയാള്‍ക്ക് ആശയപരമായ യോജിപ്പുളളയാളിന്റെ വാദങ്ങള്‍!!!

വെള്ളെഴുത്തിന്റെ വിശദീകരണത്തിനു ശേഷവും ഞാന്‍ കരുതുന്നത് താങ്കളുടെ നിലപാടുകളെ വിമര്‍ശിക്കാന്‍ കെ പി അപ്പന്റെ ലേഖനഭാഗം (അപ്പനെയല്ല, അപ്പന്റെ ലേഖനഭാഗം) ഉചിതമെന്നു തന്നെയാണ്...