സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും മനുഷ്യരെ ഉദ്ബോധിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്. ഐകമത്യം മഹാബലം എന്നത് അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ ആശയം വിശദമാക്കാന്‍ പരിശീലിച്ച ആപ്തവാക്യവും.
സാമൂഹിക പരിഷ്ക്കരണ രംഗത്തോ മറ്റേതെങ്കിലും മേഖലയിലോ എന്തെങ്കിലും പുരോഗതി നാം നേടിയിട്ടുണ്ടെങ്കില്‍ അത് സംഘടിച്ചു തന്നെയാണ്. അതില്‍ പലതും ഇന്നും നിലനില്‍ക്കുന്നതും സംഘടനകളില്‍ കൂടിയാണെന്നതും ശ്രദ്ധേയം. വ്യക്തിയേക്കാള്‍ കരുത്ത് സമഷ്ടിക്കാണ്, ആര് നിഷേധിച്ചാലും.
കേരളത്തില്‍ ഒരു ബ്ലോഗ് അക്കാദമിക്ക് രൂപം നല്‍കാന്‍ ചിലര്‍ മുന്നോട്ടു വന്നതും നല്ലിടയന്റെ നാട്യത്തോടെ ചര്‍ച്ചയ്ക്കെന്നോണം ചില ദുര്‍വാദങ്ങള്‍ ഉയരുന്നതും കണ്ടപ്പോഴാണ് മേല്‍ പറഞ്ഞ ആലോചനകള്‍ പിറന്നു വീണത്. കേരളത്തിനെ നശിപ്പിച്ചത് സംഘടനകളും അക്കാദമികളുമാണെന്നാണത്രേ പണ്ഡിത മതം! സംഘടനകളൊന്നും ഇല്ലാതിരുന്നെങ്കില്‍ എത്ര പണ്ടേ താന്‍ ജനിച്ച് സമൂഹത്തിലെ കുഴപ്പങ്ങളൊക്കെ പരിഹരിക്കുമായിരുന്നു എന്നു തോന്നും വാദങ്ങള്‍ കേട്ടാല്‍.
ബ്ലോഗ് അക്കാദമിക്ക് പിന്നിലുളളവര്‍ക്കാകട്ടെ, ഇതൊരു സ്ഥാപനമാണെന്ന് തുറന്നു സമ്മതിക്കാന്‍ എന്തോ ബുദ്ധിമുട്ടുളളതു പോലെ. നിയന്ത്രണമില്ല, ആര്‍ക്കും എന്തും ചെയ്യാം, ആരെയും ഞങ്ങള്‍ ഒന്നില്‍ നിന്നും തടയില്ല. സര്‍വതന്ത്ര സ്വതന്ത്രം എന്നിങ്ങനെയുളള പഞ്ചാര മുട്ടായികള്‍ കാട്ടി ആരെയൊക്കെയോ ആകര്‍ഷിക്കാന്‍ അക്കാദമിയുടെ സംഘാടകര്‍ ബദ്ധപ്പെടുന്നതു പോലെ.
അക്കാദമിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പം സമയം നീക്കി വെയ്ക്കണമെന്ന് ആഗ്രഹമുളള, അതിനുളള സന്നദ്ധത അറിയിച്ച ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ഒരുകാര്യം വ്യക്തമാക്കട്ടെ.
ഒരു നിയന്ത്രണവും ഇല്ലാത്ത, ഒരു നിബന്ധനയും ഇല്ലാത്ത, സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന്റെ അരാജകത്വത്തിലേയ്ക്ക് കടന്നുവരാന്‍ ഈയുളളവന് ബുദ്ധിമുട്ടാണ്. ഒരു സ്ഥാപനം നിലനില്‍ക്കുന്നതും മുന്നോട്ടു പോകുന്നതും നിയന്ത്രണങ്ങളിലും നിബന്ധനകളിലും കൂടി തന്നെയാണ്. അതെങ്ങനെ വേണമെന്നും എങ്ങനെ നടപ്പാക്കുമെന്നും കൂടിയാലോചനകളിലൂടെ രൂപപ്പെടേണ്ടതും.
അങ്ങനെ ചിലത് രൂപപ്പെടുത്തിയാല്‍ അതനുസരിക്കാന്‍ തയ്യാറായിട്ടു തന്നെയാണ് മെമ്പര്‍ഷിപ്പിനുളള ലിങ്കില്‍ ക്ലിക്ക് ചെയ്തതും.
ഒരു സ്ഥാപനം വരുന്നുവെന്ന് കേള്‍ക്കുമ്പോഴേ കൂവി വിളിക്കാനും ആക്ഷേപിക്കാനും ഉപദേശമെന്ന പേരില്‍ സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനും പലരും മുന്നോട്ടു വരും. ഒന്നുകില്‍ അത് കണ്ടില്ലെന്ന് നടിച്ച് സധൈര്യം മുന്നോട്ടു പോവുക. അല്ലെങ്കില്‍, കൃത്യമായി അതിന് മറുപടി പറയുക. എങ്ങും തൊടാതെയുളള അഴകൊഴമ്പന്‍ സമീപനം എന്തിന്? ആരെയെങ്കിലും നാം ഭയക്കേണ്ടതുണ്ടോ?
സമാന ചിന്താഗതിയുളള ഏതാനും പേര്‍ ഒന്നിച്ചിരുന്ന് ഒരു അക്കാദമി രൂപീകരിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇവിടെ ഏത് തമ്പുരാന്റെ അനുമതി പത്രമാണ് വേണ്ടത്? ബ്ലോഗിംഗിനെക്കുറിച്ച് എന്റെ ധാരണ അതല്ല, ഇതല്ല, ബ്ലോഗിനെ ഞാന്‍ മനസിലാക്കിയത് അങ്ങനെയല്ല എന്നൊക്കെ പറഞ്ഞ് ഉപദേശിക്കാന്‍ വരുന്നവര്‍ സ്വന്തം കാര്യത്തില്‍ അത് നോക്കിയാല്‍ മതിയെന്ന് മുഖത്തടിച്ചു പറയാന്‍ എന്താണ് വൈമനസ്യം?
അക്കാദമിയെന്തെന്നും എന്തിനെന്നും അറിയണമെങ്കില്‍ അതിനു പിന്നിലുളള ആരോടെങ്കിലും മാന്യമായ ഭാഷയില്‍ ചോദിക്കുകയാണ് വഴി. അക്കാദമിയുടെ ഉദ്ദേശ്യം സ്വന്തം കാഴ്ചപ്പാടിന് വിരുദ്ധമാണെങ്കില്‍ സലാം പറഞ്ഞ് പിരിയാം. അതല്ല, യോജിക്കാവുന്നവയും യോജിക്കാനാകാത്തവയും ഉണ്ടെങ്കില്‍, സഹകരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആരോഗ്യകരമായ സംവാദത്തില്‍ ഏര്‍പ്പെടാം. ഇതൊക്കെയാണ് സാമാന്യ ബുദ്ധിയുളളവര്‍ ചെയ്യുക.
കഴുത്തില്‍ കത്തി കാണിച്ചോ, ബ്ലോഗില്‍ സംഘടിതമായി അനോണിക്കമന്റെഴുതിയോ ആരെയെങ്കിലും അക്കാദമിയില്‍ അംഗമാകാന്‍ ക്ഷണിച്ചോ? ഭീഷണിപ്പെടുത്തിയോ? പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം ഗണിച്ച് ഇതാ ഒരസുരന്‍ എല്ലാം നശിപ്പിക്കാനെത്തുന്നു എന്ന് പ്രവചിക്കാന്‍, എന്താണിവരുടെ യോഗ്യത?
ബ്ലോഗ് ഒരുപകരണമാണ്. പലരും പല ആവശ്യങ്ങള്‍ക്കായിരിക്കും ബ്ലോഗ് ഉപയോഗിക്കുക. ചിലര്‍ക്ക് അത് ആത്മപ്രകാശനത്തിന്റെ ഉപാധിയായിരിക്കും. മറ്റു ചിലര്‍ക്കത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കും. വേറെ ചിലര്‍ക്ക് വെറും തമാശയും ഇനിയും കുറെപ്പേര്‍ക്ക് പഠനത്തിന്റെ ഭാഗവുമായിരിക്കാം.
സമാന ചിന്താഗതിയുളളവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതും അതിന് നിയതമായ രൂപമുണ്ടാകുന്നതും ലോകത്തില്‍ ആദ്യ സംഭവമാണോ? മുമ്പെന്തൊക്കെയോ പൊളിഞ്ഞെന്നോ തകര്‍ന്നെന്നോ കരുതി ഇനിയൊന്നും ഉണ്ടായിക്കൂടെന്നുണ്ടോ? ഒരു പാലം തകര്‍ന്നെന്നു കരുതി ഇനി പാലമേ വേണ്ടെന്ന് തീരുമാനിക്കുമോ?
ബ്ലോഗ് അക്കാദമി ഒരു സ്ഥാപനമായി പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കാണ് ചേതം? പ്രവര്‍ത്തന വേളയില്‍ അതില്‍ തര്‍ക്കങ്ങളുണ്ടായാലോ അത് തകര്‍ന്നാലോ ആര്‍ക്കെങ്കിലും നഷ്ടമുണ്ടോ? ഗൂഗിളോ മലയാള ഭാഷയോ അതുകൊണ്ട് കുത്തുപാളയെടുക്കുമോ?
കേരളത്തില്‍ ഒരു ബ്ലോഗ് അക്കാദമിക്ക് രൂപം നല്‍കി എല്ലാ മലയാള ബ്ലോഗര്‍മാരെയും നിയന്ത്രിക്കാന്‍ കഴിയുമോ? കേരളത്തിലെ സാഹിത്യകാരന്മാരെ നിയന്ത്രിക്കുന്നത് സാഹിത്യ അക്കാദമിയാണോ? അന്‍വര്‍ റഷീദും സത്യന്‍ അന്തിക്കാടും ഏത് സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത് ചലച്ചിത്ര അക്കാദമിയാണോ? ഇളയരാജ സംഗീതസംവിധാനം നിര്‍വഹിക്കുന്നതും ഫ്രാന്‍സിസ് ടി മാവേലിക്കര നാടകം സംവിധാനം ചെയ്യുന്നതും സംഗീത നാടക അക്കാദമിയുടെ കുറിപ്പടിയനുസരിച്ചാണോ?
ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കുറേപ്പേര്‍ തയ്യാറാകുമ്പോഴാണ് ഒരു സംഘടന രൂപം കൊളളുന്നത്. സംഘടന മുന്നോട്ടു പോകണമെങ്കില്‍ വ്യക്തമായ പ്രവര്‍ത്തന പരിപാടിയും ചിട്ടവട്ടങ്ങളും വേണം. സംഘടനയുടെ സജീവ പ്രവര്‍ത്തകര്‍ സംഘടനയ്ക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കാന്‍ സ്വയം തയ്യാറാകണം. പരസ്പര ബഹുമാനവും മര്യാദയും പുലര്‍ത്തണം. നേരെ ചൊവ്വേ മുന്നോട്ടു പോകണമെങ്കില്‍ ചില അടിസ്ഥാന ഘടകങ്ങളില്‍ ഊന്നിയേ മതിയാകൂ എന്ന് സാരം.
ഒരു ചിട്ടവട്ടങ്ങളുമില്ലാതെ സമ്പൂര്‍ണമായ അരാജകത്വത്തെ ഉപാസിച്ചാല്‍ ലക്ഷ്യങ്ങള്‍ നമ്മെ നോക്കി പല്ലിളിക്കും. പ്രവര്‍ത്തനത്തെ നോക്കി ഊളന്മാര്‍ ഓരിയിടും. അതിന്റെ വര്‍ത്തമാനം ലജ്ജാവഹവും പരിണാമം ജുഗുപ്സ നിറഞ്ഞതുമായിരിക്കും.
അക്കാദമിയില്‍ ഒന്നോ രണ്ടോ മൂന്നോ പേരില്‍ മാത്രമൊതുങ്ങുമെങ്കില്‍ നിന്ത്രണങ്ങള്‍ അനാവശ്യമായേക്കാം. എന്നാല്‍ അംഗസംഖ്യ കൂടുകയും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിപുലമാവുകയും ചെയ്യുമ്പോള്‍ അത് സ്ഥാപനവല്‍ക്കരിക്കപ്പെടുക തന്നെ വേണം. ആ സ്ഥാപനവല്‍ക്കരണത്തിലാണ് ബ്ലോഗിന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ നാം പരീക്ഷിക്കേണ്ടത്.
വ്യത്യസ്തമായ ഒരു സ്ഥാപനം കെട്ടിപ്പൊക്കാനുളള പണിയായുധങ്ങളായി ബ്ലോഗിനെയും ഇന്റര്‍നെറ്റിനെയും ഉപയോഗപ്പെടുത്താമോ എന്ന അന്വേഷണം നടത്തുന്നതില്‍ എന്താണ് അപാകം? നമ്മുടെ ബുദ്ധിയും ഊര്‍ജവും ഈ സംവിധാനങ്ങളുടെ സാധ്യതകളുമായി സംയോജിപ്പിച്ച് അത്ഭുതങ്ങള്‍ സാധ്യമാക്കാനാവുമോ എന്ന് ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യേണ്ടേ? അല്ലാതെ സ്ഥാപനമെന്നും സംഘടനയെന്നുമൊക്കെ കേട്ട് "അയ്യോ, അതൊന്നുമല്ലേ" എന്ന് താണു തൊഴുതു പറയുകയല്ല.
അരാജകത്വം മുഖമുദ്രയാക്കിയാല്‍ ഒന്നും എങ്ങുമെത്തില്ല. ജോണ്‍ എബ്രഹാമിനെയും എ അയ്യപ്പനെയും മാതൃകയാക്കി ബ്ലോഗ് എഴുതാം. ബ്ലോഗ് അക്കാദമി നടത്താന്‍ കഴിയില്ല. സംഘടനയും സ്ഥാപനവുമൊന്നും അശ്ലീല പദങ്ങളല്ല. അങ്ങനെ വാദിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ഉളളിലിരിപ്പ് അത്ര നല്ലതാകണമെന്നുമില്ല.
തനിക്ക് സംഘടന വേണ്ട, അതുകൊണ്ട് ആര്‍ക്കും വേണ്ടെന്ന് കല്‍പ്പിക്കാനുളള വലിപ്പമൊന്നും ഇവിടെയാര്‍ക്കും ആയിട്ടില്ലെന്നോര്‍മ്മിപ്പിക്കട്ടെ. ബ്ലോഗ് അക്കാദമിയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ആരൊക്കെ ആകണമെന്ന് തീരുമാനിക്കുന്നതും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നതാണ് ബുദ്ധി. അങ്ങനെയൊരു സെറ്റപ്പിനെയാണല്ലോ നാം ജനാധിപത്യമെന്ന പേരിട്ട് വിളിക്കുന്നതും.
ബ്ലോഗിലേയ്ക്ക് കൂടുതല്‍ ആളുകളെയെത്തിക്കണമെന്നും ബ്ലോഗ് ചെയ്യുന്നവരുടെ എണ്ണം കൂട്ടണമെന്നുമൊക്കെ ആര്‍ക്കെങ്കിലും തോന്നിയാല്‍, അതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവരങ്ങ് തീരുമാനിച്ചാല്‍, അതില്‍ നിന്നവരെ തടയാനും അവരുടെ ആത്മാര്‍ത്ഥതയെയോ ആര്‍ജവത്തെയോ ചോദ്യം ചെയ്യാനുമൊന്നും ദയവായി മെനക്കെടാതിരിക്കുക. അവരെ അവരുടെ വഴിക്ക് വിടുക.
ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രത്തോളമെത്തിച്ചവരോട് ഒരഭ്യര്‍ത്ഥനയുണ്ട്. ആരുടെയും പേരെടുത്ത് പറയുന്നില്ല. അക്കാദമി എങ്ങനെയാണ് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ രൂപരേഖ ഉടന്‍ തയ്യാറാക്കണം. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇതിനകം സമ്മതം അറിയിച്ചവരുടെ പരിഗണനയ്ക്ക് അത് അയച്ചു കൊടുക്കണം.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വരട്ടെ. അംഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബ്ലോഗ് രൂപപ്പെടുത്തി ചര്‍ച്ച അവിടെയാക്കിയാലും മതി. അങ്ങനെയൊക്കെ ചെയ്യുവന്നവര്‍ ഏതോ നിഗൂഢ കേന്ദ്രമാണെന്ന് പുറത്തു നില്‍ക്കുന്നവരിലാര്‍ക്കെങ്കിലുമൊക്കെ തോന്നിയെന്നിരിക്കും. അവരൊക്കെ മനുഷ്യരാണെന്ന് നിശ്ചയമുളളവരും ഈ ബൂലോകത്തു തന്നെയുണ്ട്.
ഏതൊരു സംഘടനയും നശിക്കുന്നതും നന്നാകുന്നതും അതിലെ അംഗങ്ങളുടെ പ്രവര്‍ത്തനം മൂലമാണ്. പുറത്തു നിന്നാര്‍ക്കും ഇതിന് രണ്ടിനും കഴിയില്ല. ലക്ഷ്യവും പരിപാടിയും കൃത്യമായി നിശ്ചയിച്ചാല്‍ അതുമായി സഹകരിക്കണോ വേണ്ടയോ എന്നു സന്ദേഹമുളളവര്‍ക്ക് പണി എളുപ്പമായിരിക്കും. കുറച്ചു പേരുടെ മനസമാധാനം നശിപ്പിച്ചിട്ട് നമുക്കെന്ത് കിട്ടാനാ?
ബ്ലോഗ് അക്കാദമി എന്ന ആശയം കുറച്ചു കൂടി മൂര്‍ത്തമാകണം. ചുമതലകള്‍ ഏറ്റെടുക്കുക എന്ന ഗൗരവതരമായ പ്രവൃത്തി ലക്ഷ്യമിടുമ്പോള്‍ പ്രത്യേകിച്ചും. വാര്‍ത്താ വിനിമയ ഉപാധികളും ഡാറ്റാ ട്രാന്‍സ്ഫറിംഗും എളുപ്പമേറിയതും ചെലവ് കുറഞ്ഞതും ആയ ഈ കാലത്ത് ഒരു സംഘടന നടത്തിക്കൊണ്ടു പോവുക അത്ര ബുദ്ധിമുട്ടൊന്നും ഉളള കാര്യമല്ല.
വേണമെങ്കില്‍ ചക്ക ബ്ലോഗിലും കായ്ക്കും.
(ഇനി ഇപ്പറഞ്ഞതൊന്നുമല്ല, ജില്ലയുടെ പേരില്‍ അക്കാദമി കൂട്ടിച്ചേര്‍ത്ത ബ്ലോഗും അതില്‍ മാസത്തില്‍ ഓരോ പോസ്റ്റും തീരാത്ത ചര്‍ച്ചയുമാണ് ലക്ഷ്യമെങ്കില്‍, ഈ പോസ്റ്റിനെയും ബ്ലോഗറെയും മറന്നേക്കുക)
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
2 years ago
19 comments:
കേരളത്തില്‍ ഒരു ബ്ലോഗ് അക്കാദമിക്ക് രൂപം നല്‍കാന്‍ ചിലര്‍ മുന്നോട്ടു വന്നതും നല്ലിടയന്റെ നാട്യത്തോടെ ചര്‍ച്ചയ്ക്കെന്നോണം ചില ദുര്‍വാദങ്ങള്‍ ഉയരുന്നതും കണ്ടപ്പോഴാണ് മേല്‍ പറഞ്ഞ ആലോചനകള്‍ പിറന്നു വീണത്. കേരളത്തിനെ നശിപ്പിച്ചത് സംഘടനകളും അക്കാദമികളുമാണെന്നാണത്രേ പണ്ഡിത മതം! സംഘടനകളൊന്നും ഇല്ലാതിരുന്നെങ്കില്‍ എത്ര പണ്ടേ താന്‍ ജനിച്ച് സമൂഹത്തിലെ കുഴപ്പങ്ങളൊക്കെ പരിഹരിക്കുമായിരുന്നു എന്നു തോന്നും വാദങ്ങള്‍ കേട്ടാല്‍.
അത്രെയുള്ളൂ മാഷെ കാര്യങ്ങള്‍.. വളരെ സിമ്പിളായി പറഞ്ഞു.....:)
നന്നായി.
ഒരല്പം ഓഫ് ടോപ്പിക്: ചര്‍ച്ചയ്ക്കിടയില്‍ കേട്ട ഒരു വാദം: ക്രിയേറ്റീവ് റൈറ്റിംഗ് ജന്മനാ ഒരാള്‍ക്കു കിട്ടുന്ന സിദ്ധിയാണു്. ഒരു സ്കൂളിനും അക്കാദമിയ്ക്കും അതിനെ നന്നാക്കാന്‍ പറ്റില്ല എന്നു്. പിന്നെ നമുക്കു ചിത്രകലയ്ക്കും അഭിനയത്തിനും സംഗീതത്തിനുമൊക്കെ എന്തിനാണു് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍? ഇതൊക്കെ നന്നായി ചെയ്യുന്നവര്‍ അതിന്റെ “സിദ്ധി” കിട്ടിയ പുണ്യജന്മങ്ങളാണെന്നും ആ സാധനം സാഹചര്യങ്ങള്‍ കൊണ്ടും പരിശ്രമം കൊണ്ടും നേടാന്‍ കഴിയില്ല എന്നുമാണല്ലോ പൊതുവേയുള്ള ഒരു ധാരണ.
ബ്ലോഗെഴുത്തിനുള്ള പ്രതിഭയും ജന്മനാ കിട്ടുന്ന ഒരു തരം സിദ്ധി ആണെന്നും കണ്ടു. എന്തൊരു ഫലിതം!
കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പരിചയമില്ലായ്മയും പേടിയും ഉള്ള നല്ല എഴുത്തുകാരെ ബ്ലോഗിംഗിലേക്കു കൊണ്ടുവരാന്‍ അക്കാദമിയ്ക്കു കഴിയും എന്നു പ്രതീക്ഷിക്കുന്നു.
പല യൂണിവേഴ്സിറ്റികളിലും ക്രിയേറ്റീവ് റൈറ്റിംഗിനു കോഴ്സുകള്‍ ഉണ്ടു്. കഥയും കവിതയും സ്മരണകളും ആത്മകഥയും മാത്രമല്ല ക്രിയേറ്റീവ് റൈറ്റിംഗ്. ലേഖനവും നിരൂപണവും പാചകക്കുറിപ്പും വരെ അതില്‍ പെടും.
മലയാളം കമ്പൂട്ടറില്‍ വിരിയിക്കാമെന്ന അറിവ് പകരുന്നു എന്ന ഏറ്റവും ലളിതമായ ലക്ഷ്യമെങ്കിലും നേടുന്നു എന്നതിനാല്‍ ബ്ലോഗ് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം തന്നെ. എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാനും സംശയ നിവര്‍ത്തി വരുത്താനും അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം എന്ന് മാത്രം.
വേറിട്ട ചിന്തകള്‍ തന്നെ. :-)
ഏതുകാര്യത്തിലും രണ്ടഭിപ്രായം ഉണ്ടാകുക സാധാരണമാണ്.
ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ധൈര്യമായ് ചെയ്യുക.
ബ്ലോഗ് അക്കാദമിക്ക് ആശംസകള്‍...
മാരീചന് ഒരു സല്യൂട്ട്
ശ്രീ മരീചന്‍ ..
ഒരു സംഘടന മോശം കാര്യമല്ല.
വളരെ കുറച്ചു പേര്‍ മാത്രം ഉപയോഗിക്കുന്ന ഒരു മാധ്യമത്തെ പ്രചരിപ്പിക്കുന്നതിലൂടെയേ വികസിപ്പിക്കാനാവൂ
ആശംസകള്‍
നമുക്കൊക്കെ എന്തു ക്രിയേറ്റിവിറ്റി ഉമേഷ്,
ബ്ലോഗിലെ ക്രിയേറ്റിവിറ്റിയെന്നു പറഞ്ഞാല്‍ പന്നി പെറും പോലെ പോസ്റ്റെഴുതുക എന്നതല്ലേ. ജന്മനാ കിട്ടേണ്ടതല്ലേ അത്. ഏത് അക്കാദമിയില്‍ പഠിച്ചാലും മാരീചനൊന്നും ആ കഴിവ് കിട്ടില്ലല്ലോ. ക്രിയേറ്റിവിറ്റിയുടെ കാളച്ചന്തയല്ലേ ബ്ലോഗെന്നു പറഞ്ഞാല്‍. ദൈവാനുഗ്രഹമില്ലാത്തവനൊക്കെ അവിടെ കേറി മേഞ്ഞു നടക്കുകയെന്നു പറഞ്ഞാല്‍........
അഞ്ചല്‍ക്കാരന്‍,
സഹിഷ്ണുത വണ്‍വേ ട്രാഫിക്കല്ല. എതിരഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ ഉന്നയിക്കുന്നവരോടു പോരെ ഈ സഹിഷ്ണുത? ഗിവ് റെസ്പെക്ട് ആന്റ് ടേക്ക് റെസ്പെക്ട് എന്നല്ലേ. അതോ ക്രിയേറ്റിവിറ്റി കൂടിയവര്‍ക്ക് സഹിഷ്ണുത വേണ്ടെന്ന് വകുപ്പു വല്ലതുമുണ്ടോ?
രണ്ടോ രണ്ടായിരമോ അഭിപ്രായങ്ങള്‍ ഉണ്ടാകട്ടെ, ബാജീ. അതിലൊന്നും ഒരെതിര്‍പ്പുമില്ല. "ബ്ലോഗിനെക്കുറിച്ചൊക്കെ ഞങ്ങള്‍ക്ക് കുറേ ധാരണകളുണ്ട്, അത് പിന്‍പറ്റാത്തവര്‍ക്കൊക്കെ കുറേ സഹതാപം വിളമ്പിത്തരാം" എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ ഒരിത്. അത്രേ ഉളളൂ.
യാരിദ്, റോബി, ശ്രീവല്ലഭന്‍, ബാബുരാജ് ഭഗവതി തുടങ്ങിയവര്‍ക്കും നന്ദി.
പ്രിയപ്പെട്ട മാരീചന്‍ , ബ്ളോഗ് അക്കാദമിയെ കുറിച്ചുള്ള ചിന്തകള്‍ വളരെ അവസരോചിതവും പ്രസക്തവും ആയി ... ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ വിശദമായി പിന്നീട് എഴുതാം ... ക്രിയാത്മകമായ ചര്ച്ച നടക്കട്ടെ ..
മാരീചന്റെ വീക്ഷണങ്ങളോടു് യോജിക്കുന്നു. ബ്ലോഗ് അക്കാദമി വഴി ഗുണമല്ലാതെ തലപോകുന്ന ദോഷം എന്തെങ്കിലും ഉണ്ടാവുമെന്നു് ചിന്തിക്കാന്‍ എനിക്കു് എന്തുകൊണ്ടോ കഴിയുന്നില്ല. പേരു് ബ്ലോഗ് അക്കാദമിയെന്നോ, ബ്ലോഗ് അക്കാപ്പുല്‍ക്കോ എന്നതല്ല, ലക്‍ഷ്യമാണു് പ്രധാനം. ഇതിനു് തുനിഞ്ഞിറങ്ങിയവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നാനുള്ള കാരണമൊന്നും ഞാന്‍ കാണുന്നില്ല. നിയമങ്ങളും നിബന്ധനകളും ഏതു് പ്രസ്ഥാനത്തിനും ആവശ്യമാണു് - അവയ്ക്കു് രൂപം നല്‍കാനുള്ള സ്വാതന്ത്ര്യം അംഗങ്ങള്‍ക്കു് ഉള്ളിടത്തോളം കാലം അതിനെ എതിര്‍ക്കേണ്ട കാര്യവുമില്ല.
അക്കാദമിക്കു് എന്റെ എല്ലാവിധ വിജയാശംസകളും!
മാരീചാ....
കൊടുകയ്യ്
മാരീചന്‍ നന്നായിരിയ്കുന്നു. ബ്ലൊഗ്ഗെന്ന ആശയമെന്തെന്നറിയാത്ത, കമ്പ്യൂട്ടറില്‍ മലയാളമെഴുതാന്‍ എന്തോ വലിയ കാര്യം ചെയ്യണമെന്നു കരുതിയിരിയ്കുന്നവരാണ് നമ്മുടെ ഭൂരിഭാഗം വിദ്യാസമ്പന്നരായ മലയാളികളും, ബ്ലൊഗ്ഗ് എന്താണെന്നും ഈ മാധ്യമത്തിന്റെ സാധ്യതകളെന്തെന്നു മനസ്സിലാക്കി കൊടുക്കുന്നിടത്താണ് ഇത്തരം അക്കാദമികളുടെ വിജയമെന്നു പ്രതീക്ഷിയ്കുന്നു,
മാരീചന്‍ ഇഫ് യൂ ഡോണ്‍ട് മൈന്‍ഡ് ഈ പോസ്റ്റിനു എന്‍റെ ഒരു പോസ്റ്റില്‍ ലിങ്കു കൊടുത്തോട്ടെ? എഴുതാന്‍ പഠിപ്പിക്കാനൊക്കുമോ എന്നൊരു പോസ്റ്റ് ഞാന്‍ നല്‍കിയിരുന്നു. താങ്കളുടെ പോസ്റ്റും കമന്‍റുകളും അതുമായി ബന്ധപ്പെട്ട് പ്രസക്തമാണെന്നു തോന്നുന്നു.
sure
അനുമതിക്ക് നന്ദി മാരീചന്‍. ലിങ്ക് ഒരു കുറിപ്പു സഹിതം നല്‍കിയിരിക്കുന്നു. :-)
മാരീചാ,
നന്നായി.
എന്തിനും ഏതിനും ആദ്യം കൂവുന്ന സമൂഹമാണ് നമ്മുടേത് എന്ന തിരിച്ചറിവുള്ളവര്‍ അത് വക വെയ്ക്കാതെ മുന്നോട്ട് പോകുക തന്നെ ചെയ്യും.
എന്റെ അഭിപ്രായം പിന്നീട് എഴുതാമെന്ന് പറഞ്ഞിരുന്നു . ഈ പോസ്റ്റ് വായിച്ചപ്പോള്‍ അന്നേ എന്റെ മനസ്സില്‍ തോന്നിയ അഭിപ്രായം അല്പം വികസിപ്പിച്ച് എന്നാല്‍ സംക്ഷിപ്തമായി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട് . വായിക്കുമല്ലോ !
Post a Comment