Sunday 17 February 2008

മനോരമാ പത്രാധിപര്‍ക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട മനോരമാ പത്രാധിപര്‍ കെ എം മാത്യു അവര്‍കള്‍ക്ക്,

ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും പൊതുസമൂഹത്തിന്റെ നിശിതമായ വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാകേണ്ടതാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍, താങ്കളുടെ പത്രം സിപിഎമ്മിനെ എതിര്‍ക്കുന്നതില്‍ എതിര്‍പ്പുളള ആളല്ല ഈ കത്തെഴുതുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സമൂഹത്തിന്റെ കര്‍ക്കശമായ വിചാര പരിശോധനകള്‍ ഏറ്റു തന്നെയാണ് മുന്നോട്ടു പോകേണ്ടതും. അതുകൊണ്ടു തന്നെ മാര്‍ക്സിസ്റ്റ് നേതാക്കളോ ആ പ്രസ്ഥാനം തന്നെയോ വിമര്‍ശനത്തിനോ പരിഹാസത്തിനോ അതീതമല്ല. ആവുകയുമരുത്.

എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് ഇ സോമനാഥ് എന്ന ലേഖകന്‍ മനോരമയുടെ എഡിറ്റ് പേജിലെഴുതിയ "വടക്കന്‍ ചിട്ടയുടെ വീരകഥ" എന്ന ലേഖനത്തിലെ ഒരു വാചകം മേല്‍പറഞ്ഞ വിമര്‍ശനത്തിന്റെ നിര്‍വചനങ്ങളിലൊതുങ്ങുന്നതല്ല. ഏതെങ്കിലും പാര്‍ട്ടിയെയോ നേതാക്കളെയോ ആക്ഷേപിക്കുന്നതിന് അവര്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ ക്രൂരമായി പരിഹസിക്കുന്ന പത്രപ്രവര്‍ത്തനം അംഗീകരിക്കാനാവുമോ?

പരാമര്‍ശിക്കപ്പെടുന്ന വാചകം ഇതാണ്. "പിണറായി മുണ്ടയില്‍ കോരന്റെ ഭാര്യ കല്യാണി 14 പ്രസവിച്ചെങ്കിലും ജീവിച്ചത്‌ മൂന്നു പേര്‍". ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന വെബ് ലിങ്കിലെ വാര്‍ത്തയിലെ രണ്ടാം ഖണ്ഡിക തുടങ്ങുന്നത് ഈ വാചകത്തോടെയാണ്.

ഏത് പത്രത്തിലെ ഏത് ലേഖകനും സാധാരണ ഇങ്ങനെയാണ് എഴുതാറ്. പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും 14 മക്കളില്‍ ഇളയവനാണ് വിജയന്‍. അങ്ങനെ നേരെ ചൊവ്വെ എഴുതാന്‍ സോമനാഥിന് തീരെ മനസ് വരുന്നില്ല. അങ്ങനെ തിരുത്തി വേണം അച്ചടിക്കാനെന്ന് ലേഖനം എഡിറ്റു ചെയ്തവര്‍ക്ക് തോന്നിയതുമില്ല. ഈ വാചകം ഒരു പ്രത്യേക മനോഘടനയുടെ തെളിവാണ്. ഈ വഷളന്‍ വാചകം വൃത്തികെട്ട സംസ്ക്കാരത്തിന്റെ അഴുക്കൊഴുകുന്ന ഓടയാണ്.

മേല്‍പറഞ്ഞ വാചകത്തിലെ അധമ സൂചന എവിടേയ്ക്കാണ് തിരിയുന്നത് എന്ന് മനസിലാക്കാന്‍ എത്രയോ വര്‍ഷങ്ങളുടെ മാധ്യമ പരിചയമുളള അങ്ങേയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. അസാധാരണനായ പത്രലേഖകനായി അംഗീകരിക്കപ്പെടാനുളള സോമനാഥിന്റെ ത്വര മനസിലാക്കാവുന്നതേയുളളൂ. എന്നാല്‍ അതിനുളള വഴി ഇതല്ല.

ലേഖകന്റെ വിഷമനസിലെ അധമ സംസ്ക്കാരം പുളിച്ച് തികട്ടുന്ന ഈ വാചകം വായിച്ചാല്‍ താങ്കള്‍ക്കും മനം പുരട്ടലുണ്ടാകുമെന്ന് ഉറപ്പാണ്. ഇതു വായിച്ച് ഊറിച്ചിരിക്കുന്നവര്‍ ഏതായാലും മനുഷ്യരല്ല. ആയാല്‍ തന്നെ അവര്‍ക്ക് സംസ്ക്കാരവുമുണ്ടായിരിക്കില്ല. ആദരണീയനായ കെ എം മാത്യു സംസ്ക്കാരമുളള മനുഷ്യനാണെന്ന് ഉറപ്പുളളതിനാലാണ് ഈ വിധം ഒരു തുറന്ന കത്ത് താങ്കള്‍ക്ക് എഴുതുന്നത്.


സബ്‌ എഡിറ്ററെയും ചീഫ്‌ സബിനെയും ന്യൂസ്‌ എഡിറ്ററെയും കടന്ന്‌ ഈ വാചകത്തില്‍ അച്ചടി മഷി പുരണ്ടത്, താങ്കളുടെ പത്രത്തിനേല്‍പ്പിക്കുന്ന സാംസ്ക്കാരിക ക്ഷതം എത്രയാണെന്ന് അങ്ങ് മനസിലാക്കുമെന്ന് കരുതുന്നു.

"മലയാള മനോരമയുടെ ചീഫ്‌ എഡിറ്റര്‍ കെ എം മാത്യുവിന്റെ അന്തരിച്ച ഭാര്യ അന്നമ്മയുടെ മൂത്ത പുത്രനാണ്‌ മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു" എന്ന്‌ നാളെ ദേശാഭിമാനി ഒരവസരത്തില്‍ എഴുതിയാല്‍ താങ്കള്‍ക്ക് എന്തായിരിക്കും തോന്നുക? എഴുതിയതൊക്കെയും സത്യമാണ്. എന്നാല്‍ ഈ വാചകം ഉല്‍പാദിപ്പിക്കുന്ന അര്‍ത്ഥം നിഷ്കളങ്കമാണോ?

വന്ദ്യവയോധികനായ കെ എം മാത്യു അവര്‍കള്‍ ഒരു കാര്യം ഓര്‍ക്കുക. പരേതയായ താങ്കളുടെ സഹധര്‍മ്മിണി അന്നമ്മ മാത്യുവിന്റെ സ്‌നേഹോഷ്‌മളമായ പെരുമാറ്റ മര്യാദകളെക്കുറിച്ച്‌ സ്മരണകള്‍ അയവിറക്കുന്ന ആളാണ്‌ അങ്ങ്‌. അവരെപ്പോലെ ഒരു സ്‌ത്രീയാണ്‌ മുണ്ടയില്‍ കോരന്റെ ഭാര്യ കല്യാണിയും.

പേറ്റ്‌ നോവറിഞ്ഞ്‌ ജന്മം നല്‍കിയ 14 മക്കളില്‍ 11 പേരുടെയും മരണം കാണേണ്ടി വന്ന ആ അമ്മയുടെ മാനത്തെ കൊത്തിപ്പറിക്കാന്‍, താങ്കളുടെ പത്രത്തിലെ മനോരോഗികളായ ലേഖകന്മാരെ ദയവു ചെയ്‌ത്‌ അനുവദിക്കരുത്‌. പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എതിര്‍ക്കാന്‍ താങ്കള്‍ക്കും പത്രത്തിനും എല്ലാ അവകാശങ്ങളുമുണ്ട്‌. ദയവായി പിണറായിയുടെ മാതാപിതാക്കളെ വെറുതേ വിടുക.

തന്തയ്‌ക്കും തളളയ്‌ക്കും പറഞ്ഞ്‌ കളിക്കുന്നവര്‍ക്ക്‌ നാട്ടില്‍ കിട്ടുന്ന പ്രതികരണം എന്തെന്ന്‌ കൂടി എഡിറ്റോറിയല്‍ മീറ്റിംഗ്‌ നടക്കുമ്പോള്‍ സോമനാഥിനെപ്പോലുളള മനോരോഗികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

പ്രതിഷേധത്തോടെ
മാരീചന്‍

12 comments:

കെ said...

പേറ്റ്‌ നോവറിഞ്ഞ്‌ ജന്മം നല്‍കിയ 14 മക്കളില്‍ 11 പേരുടെയും മരണം കാണേണ്ടി വന്ന ആ അമ്മയുടെ മാനത്തെ കൊത്തിപ്പറിക്കാന്‍, താങ്കളുടെ പത്രത്തിലെ മനോരോഗികളായ ലേഖകന്മാരെ ദയവു ചെയ്‌ത്‌ അനുവദിക്കരുത്‌.

പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എതിര്‍ക്കാന്‍ താങ്കള്‍ക്കും പത്രത്തിനും എല്ലാ അവകാശങ്ങളുമുണ്ട്‌. ദയവായി പിണറായിയുടെ മാതാപിതാക്കളെ വെറുതേ വിടുക.

തന്തയ്‌ക്കും തളളയ്‌ക്കും പറഞ്ഞ്‌ കളിക്കുന്നവര്‍ക്ക്‌ നാട്ടില്‍ കിട്ടുന്ന പ്രതികരണം എന്തെന്ന്‌ കൂടി എഡിറ്റോറിയല്‍ മീറ്റിംഗ്‌ നടക്കുമ്പോള്‍ സോമനാഥിനെപ്പോലുളള മനോരോഗികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

പ്രതിഷേധത്തോടെ
മാരീചന്‍

Unknown said...

nowdays medias in kerala are ready to go to any extend to tarnish CPM leaders

മൂര്‍ത്തി said...

യോജിക്കുന്നു..

ഉപാസന || Upasana said...

ശരി തന്നെ മാരീചന്‍

ഉപാസന

simy nazareth said...

ഇതു മനോരമയ്ക്ക് അയച്ചോ? thomasjacob@manorama.com, (associate editor),
editor@manorama.com

പാമരന്‍ said...

യോജിക്കുന്നു..

N.J Joju said...

പ്രതിഷേധത്തില്‍ പങ്കുചേരുന്നു...

കിരണ്‍ തോമസ് തോമ്പില്‍ said...

മരീചാ,
സിന്റിക്കേറ്റ് പത്രങ്ങള്‍പ്പോലും പിണറായിയുടെ വിജയം മനസില്ലാ മനസോടെയെങ്കിലും അംഗീകരിച്ചൂ. അതോടൊപ്പം പിണറായിക്കെതിരെയുള്ള മറ്റ് വാര്‍ത്തകളും നല്‍കുകയും ചെയ്തു. എന്നാല്‍ അവരാരും പിണറായിയുടെ വിജയം അംഗീകരിച്ച വാര്‍ത്തയില്‍ വിഷം ചേര്‍ത്തില്ല. സി.പി.എം വിഭാഗീയതയില്‍ സമദൂരം സിദ്ധാന്തം കാണിക്കുന്ന ഏക പത്രമാണ് മനോരമ. ആ സമദൂരം വ്യക്തമാക്കാന്‍ അവര്‍ തനിസ്വരൂപം പുറത്തെടുത്തൂ അറിഞോ അറിയാതയോ.

Ignited Words said...

മനോരമയുടെ ബെയിസ് തന്നെ കമ്മ്യൂണിസ്റ്റ് വിരോധം ആണ് . ഒന്നും കിട്ടിയില്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരന്റെ തന്തയെയും തള്ളയേയും അവന്മാരു വിളിക്കും. വിളിച്ചില്ലേലെ അദ്ഭുതമുള്ളു. മലയാള മന‍സ്സിനെ രമിപ്പിപ്പിക്കുന്ന്ന ഈ പത്രത്തില്‍ സ്റ്റാഫിനെ എടുക്കുന്നതുവരെ അവനൊരു കമ്മ്യൂണിസ്റ്റല്ല എന്നുറപ്പാക്കിയതിനു ശേഷം..

ഓഫ്: സൂരജെ പിണറാ‍യിയുടെ വിജയം ആണല്ലെ ഇതു. അറിഞ്ഞിരുന്നില്ല!!!! പണ്ട് സിപീഐ പിളര്‍‌ന്നപ്പോള്‍ അണികളെല്ലാം സിപീഎമ്മിന്റെ കൂടെയും, നേതാക്കളെല്ലം സി പി ഐ യുടെകൂടെയും. ഇതും അതു പോലുള്ള ഒരു വിജയം അല്ലെ?? സംസാരിക്കുന്നതു കറതീറ്‌ന്ന ഒരു പിണറായി പക്ഷക്കാരനോടാണെന്ന് വ്യക്തമായി അറിയാം..

Kaithamullu said...

ഈ സംസ്കാരത്തിന്റെ പ്രസരം മനോരമ ന്യൂസിലും ദൃശ്യമാണു.

- വാചകങ്ങള്‍ വളച്ചൊടിച്ച് എങ്ങനെ അവതരിപ്പിക്കാം, (അധമിപ്പിക്കാം) എന്ന കാര്യത്തില്‍ ‘പത്രം മനോരമ തന്നെ!”

chithrakaran ചിത്രകാരന്‍ said...

ഉചിതമായിരിക്കുന്നു മനോരമ ലേഖകനോടുള്ള ധാര്‍മ്മിക രോക്ഷം.
ഇവന്റെയൊക്കെ കുടുംബത്തിലും കണ്ടനും,കാളിയും,ചാത്തനും,മറ്റു സവര്‍ണ്ണമല്ലാത്ത പേരുള്ളവരും ഉണ്ടായിരുന്നു എന്നു ചിന്തിക്കാനുള്ള ചരിത്ര ബോധമോ,സാമാന്യബുദ്ധിയോ വിദ്വേഷം കാരണം പ്രവര്‍ത്തിക്കാതിരിക്കുന്നതുകൊണ്ടാണിത്.
മനോരമ എന്തുപറയുംബോഴും ഇങനെ വിഷം തേച്ചെ പറയു. ഇവന്റെയൊക്കെ കുടുംബകഥയും,ചരിത്രവും ചികഞ്ഞെടുത്ത് ബ്ലോഗിലിടുകയും,അവന്റെയൊക്കെ തന്തക്കു നല്ല അശ്ലീലം കൂട്ടി വിളിക്കുകയും ചെയ്യുക എന്നതാണ് പ്രായോഗിക പരിഹാരം.ഈ പത്രക്കാരെയും,മീഡിയയേയും ജനം വളരെ ബഹുമാനത്തോടെ നോക്കിക്കാണുന്നതുകൊണ്ടുകൂടിയാണ് ഈ മൂരാച്ചികള്‍ക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ ദൈര്യം ലഭിക്കുന്നത്.

മായാവി.. said...

what is mistake inthat news"? is int it right or not?അതോ പിണറായി ക്ല്ല്യാണിക്ക് മുണ്ടയില്‍ കോരന്‌ പിറന്നതല്ലെ, മ്റ്റാരെങ്കിലുമാണൊ അഛന്ന്ന്‌? അയാളുടെ കുടുംബചരിതം അത്രമോശമാണെന്ന് വാഅത് വായിച്ചപ്പൊ തോന്നലു വന്നില്ല മുണ്ടയില്‍ കോരന്‌ ക്ല്യാണിയില്‍ 14കുട്ടികളൂണ്ടായി കുറെയെണ്ണം ജ്ജീവിച്ചിരുന്നില്ല , അങ്ങനെയല്ലാതെങ്ങനെയെഴുതണമ്? ഓശാനപാടാന്‍ കുറെയെണ്ണംവേറെയും..അതോ അത് വായിച്ച് നിങ്ങള്ക്കാറ്ക്കെങ്കിലുംപിണരായി മോശക്കാരാനാണെന്ന് തോന്നിയോ, ഇപ്പൊഴത്തെ കോടിശ്വരന്‍ പിണരായിയുടെ യഥാര്ഥകഥ പുറത്തു വരുന്നതിലുള്ള രോഷമോ?