വെറും 23 വയസുമാത്രം പ്രായമുളള ഒരു ചെറുപ്പക്കാരനെ അഫ്ഗാനിസ്താനിലെ മതകോടതി വധശിക്ഷയ്ക്ക് വിധിച്ചു. ദൈവനിന്ദയാണത്രേ കാരണം. സയ്യദ് പര്‍വേസ് കംബാക്ഷ് എന്ന ചെറുപ്പക്കാരനാണ് ഈ ഹതഭാഗ്യന്‍.
കംബാക്ഷ് ചെയ്ത കുറ്റം ഇതാണ്. ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ഒരു പ്രിന്റ് സഹപാഠികള്‍ക്കിടയില്‍ വിതരണം ചെയ്തു. അത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. സ്ത്രീകളെക്കുറിച്ചുളള ഖുര്‍ ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമാണ് പോലും ഇത്.
പരാതി കൊടുത്തത് ഒരു സംഘം സഹപാഠികള്‍. സയ്യദിനെ അറസ്റ്റു ചെയ്തത് കഴിഞ്ഞ ഒക്ടോബര്‍ 27ന്. അടച്ചിട്ട മുറിയിലായിരുന്നു വിചാരണ. സയ്യദിന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകരാരും ഉണ്ടായിരുന്നില്ല. താലിബാന്‍ തലപ്പാവണിഞ്ഞ പുരോഹിതന്മാര്‍ പുറത്ത് സംവാദങ്ങളിലേര്‍പ്പെട്ടു. സയ്യദിനെ കൊന്നുകളയണമെന്നായിരുന്നു മതഭീകരരുടെ ആവശ്യം.
സയ്യദിന് അപ്പീല്‍ പോകാം. അപ്പീലിന്മേലുളള വിചാരണയും മിസാര്‍ ഇ ഷെരീഫിലെ കോടതിയുടേതിന് സമാനമാകാം. അവരുടെ മുന്നിലും കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടേക്കാം. പൊതു സ്ഥലത്ത് സര്‍വരും കാണെ ശിക്ഷ നടപ്പാക്കപ്പെടാം.
പരസ്യമായി കഴുത്തറുത്തോ, ക്രെയിനില്‍ കെട്ടിത്തൂക്കിയോ മതിലിനു പുറം തിരിഞ്ഞു നിര്‍ത്തി തലയില്‍ വെടിവെച്ചോ സയ്യദ് പര്‍വേസ് കംബാക്ഷിയെ കൊല്ലാം. മറ്റുളളവര്‍ക്ക് പാഠമാകും ഈ ശിക്ഷ. മതപുരോഹിതന്മാര്‍ക്ക് അഹിതമായതൊന്നും ഇനിയാരും വായിക്കരുത്.
മതകോടതിയുടെ പൈശാചികതയ്ക്കു നേരെ പ്രതിഷേധമുയര്‍ത്തിയ അഫ്ഗാന്‍ മാധ്യമലോകത്തെ ഭീഷണിപ്പെടുത്താനും മുതിര്‍ന്നു ഒരുത്തന്‍. കോടതി മുമ്പാകെ സയ്യദിനെ വിചാരണ ചെയ്ത ഈ പുമാന്റെ പേര് ഹഫീസുളള ഖലീക്യര്‍. പ്രതിഷേധിക്കുന്ന എല്ലാവനെയും പിടിച്ച് ജയിലിടുമെന്നാണ് ഒരുളുപ്പുമില്ലാതെ ഇയാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അലറിയത്.
പുതിയ ലോകം എന്നര്‍ത്ഥം വരുന്ന ജഹാന്‍ ഇ നാവ് (Jahan-e Naw) എന്നാണ് സയ്യദ് ജോലി ചെയ്യുന്ന പത്രത്തിന്റെ പേര്. ബാള്‍ഖ് സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥി കൂടിയാണ് ഈ ചെറുപ്പക്കാരന്‍.
സയ്യിദിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത വിവാദകടലാസുകളിലെ സാഹിത്യം അയാള്‍ തന്നെ എഴുതിയതാണെന്ന് ധരിച്ചായിരുന്നത്രേ അറസ്റ്റ്. എന്നാല്‍ ഏതോ ഇറാനിയന്‍ ബ്ലോഗില്‍ നിന്നുളള പ്രിന്റ് ഔട്ടുകളാണ് ഇവയെന്ന് തെളിഞ്ഞിട്ടും വെളളത്തലപ്പാവുകള്‍ക്ക് കീഴിലെ കറുത്ത തലച്ചോറുകളില്‍ ദയയോ കാരുണ്യമോ തെളിഞ്ഞില്ല.
ഇസ്ലാമിക വിരുദ്ധമായതൊന്നും വായിക്കാനും പാടില്ലല്ലോ. വായിച്ചാലല്ലേ വിരുദ്ധമാണോ അല്ലയോ എന്ന് അറിയാനാവൂ എന്ന ന്യായം ആരുടെയും തലയില്‍ കയറാനാണ്!
സത്യം ഇതൊന്നുമല്ലെന്നും വാദമുണ്ട്. പ്രവിശ്യാ ഭരണാധികാരികള്‍ക്ക് നേരെ സയ്യിദിന്റെ സഹോദരന്‍ ഇബ്രാഹിമി എഴുതിയ ലേഖനങ്ങളാണത്രേ പ്രകോപനത്തിന് കാരണം.
മതത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധന്മാര്‍ അഫ്ഗാന്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പൈശാചികതയെ ആരും ചോദ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തണം. അല്ലാഹു അതിനൊരു മറയാണ്. മതകല്‍പനകള്‍ പൈശാചികതയ്ക്കുളള ലൈസന്‍സും.
ഇക്കഴിഞ്ഞ നവംബറില്‍ അറസ്റ്റു ചെയ്യപ്പെട്ട മറ്റൊരു പത്രപ്രവര്‍ത്തകനാണ് ഗൗസ് സാല്‍മേ. സാല്‍മേ നടത്തിയ ഖുര്‍ ആന്‍ പരിഭാഷ ഇസ്ലാമിക വിരുദ്ധമാണെന്നാണ് ആരോപണം. വിവര്‍ത്തനത്തില്‍ ചില സൂക്തങ്ങളും വാചകങ്ങളും വിട്ടുപോയത്രേ! വധശിക്ഷ തന്നെയാവും ഇദ്ദേഹത്തെയും കാത്തിരിക്കുന്നത്.
മതവെറി പൂണ്ട അധികാരപ്പിശാചുക്കളുടെ രക്തദാഹത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്. പ്രമുഖരായ പത്രപ്രവര്‍ത്തക സംഘടനകള്‍ ഒന്നടങ്കം ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
ചിതലരിച്ച വേദപുസ്തകത്താളുകളിലെ അസംബന്ധകല്‍പനകള്‍ കൊണ്ട് കാലത്തിന്റെ പ്രയാണത്തെ തടുത്തു നിര്‍ത്താമെന്ന് ധരിക്കുന്നവരാണ് മതകോടതികളിലെ പുരോഹിതന്മാര്‍. വായിക്കുന്നവനെയും എഴുതുന്നവനെയും കൊന്നുതളളി തങ്ങള്‍ക്ക് സമ്പൂര്‍ണാധിപത്യം കൈവരുത്താമെന്ന് ധരിക്കുന്ന അല്‍പബുദ്ധികള്‍. അതിരുകളില്ലാത്ത അധികാരത്തിന്റെ അഹങ്കാരത്തില്‍ പുളച്ചു മദിക്കുന്നവര്‍ക്കെതിരെ ലോകമനസാക്ഷിയുടെ ശബ്ദം ഉയരേണ്ടതുണ്ട്.
അഫ്ഗാനിലെ മതകോടതികളുടെ മനുഷ്യത്വവിരുദ്ധ കല്‍പനകള്‍ക്കെതിരെ ലോകവ്യാപകമായി അലയടിക്കുന്ന പ്രതിഷേധത്തില്‍ ദാറ്റ്സ് മലയാളം പങ്കു ചേരുന്നു.
മാധ്യമലേഖകന് വധശിക്ഷ
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍
2 years ago
6 comments:
പ്രതിഷേധിക്കാന്‍ മാത്രമല്ലെ
നമുക്ക് കഴിയൂ.
ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മതവിശ്വാസിയും വരില്ല മാഷേ... ഇനി അഭിപ്രായം പറഞ്ഞാലും അത് ഇവിടെ
പറഞ്ഞത് പോലെ ആകും. ഇതൊന്നും ഇസ്ലാം വിശ്വാസികള്‍ ആയിരിക്കില്ല, ഇസ്ലാമിന്റെ നീതി ആയിരിക്കില്ല, പിന്നെ ഇതൊക്കെ ഇസ്ലാമിനെതിരെ വര്‍ഗീയ വാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആണു എന്നൊക്കെയുള്ള ഒരു ലൈന്‍. ഈ വാര്‍ത്ത ഇവിടെ ചേര്‍ത്തതിനു താങ്കളെയും അവര്‍ ചീത്ത വിളിച്ചേക്കാം.
അമേരിക്കയെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ എങ്കിലും അവരെ അഭിനന്ധിക്കണം. ഇതു പോലത്തെ കൂറേ എണ്ണത്തിനെ അവരു തട്ടിയില്യോ??
എല്ലാം ദൈവനാമത്തില്‍ത്തന്നെ!
ഹ ഹാ...വിന്‍സിന്റെ കമന്റ് കൊള്ളാം... ഇങ്ങനെ ചിന്തിക്കുന്നവരും ഇപ്പോഴുണ്ടല്ലോ...
വിന്‍സേ, പണ്ട് ഇസ്ലാമിന്റെ പേരും പറഞ്ഞു കാടന്‍ നിയമങ്ങള്‍ കൊണ്ട് നടന്ന താലിബാനെ അമേരിക്ക തട്ടിയിരിക്കും ശരിതന്നെ.. എന്നാല്‍ ഇന്നവിടെ വൈറ്റ് ഹൗസിലെ റിമോട്ടായി പ്രവര്‍ത്തിക്കുന്ന ഒരു പാവ സര്‍ക്കാര്‍ ആണ് ഭരിക്കുന്നത് എന്നിട്ടാണ് ഈ കൊള്ളരുതായ്മ എന്നോര്‍ക്കു സഹോദരാ..
മതങ്ങള്‍ക്കും അന്ധരായ മതമേധാവികള്‍ക്കും മേല്‍ക്കോയ്മയുള്ള എല്ലായിടങ്ങളിലേയും സ്ഥിതി ഇതു തന്നെയാണ്.പൌരോഹിത്യം കുറേ വിഡ്ഢിത്ത പ്രസ്താവങ്ങള്‍ തങ്ങളുടെ നിലനില്പിനും അധികാരത്തിനും വേണ്ടി ദുരുപയോഗം ചെയ്യുന്ന അവസ്ഥ ലോകത്തുള്ളിടത്തോളം കാലം ഇത് നിലനില്‍ക്കുക തന്നെ ചെയ്യും. ഞങ്ങളെയാരും വിമര്‍ശിക്കരുത്, വിമര്‍ശിച്ചാല്‍ ഇതാണ് ഗതിയെന്ന് ആളുകളെ ഭയപ്പെടുത്തി മതഭരണമേര്‍പ്പെടുത്തുന്ന കാലിബാനിസ്റ്റുകള്‍!!!
ഫ! വിന്‍സിന്റെ ഒരു തത്വപ്രസംഗമേ. അമേരിക്കയെ അഭിനന്ദിക്കണമത്രേ! ഈ താലിബാനെ പാലൂട്ടിവളര്‍ത്തിയുണ്ടാക്കിയത് അവര്‍ തന്നെയാണെടോ. അത് മറന്നാ. ലാദനേയും സദ്ദാമിനേയുമെന്നല്ല, ലോകത്തെ ഛിദ്രശക്തികളില്‍ മിക്കതിനും വളര്‍ന്നുവരാന്‍ പാലും തേനും റൊട്ടിയുമൊക്കെ കൊടുക്കുന്നത് അമേരിക്കയാണെന്നത് മറന്ന് കണ്ണടച്ചിരുട്ടാക്കല്ലേ മോനേ. തങ്ങളുടെ ഇച്ഛക്കെതിരെ ഏതുരാജ്യം പ്രവര്‍ത്തിച്ചാലും അമേരിക്ക അവിടെയെത്തും, പണമൊഴുക്കും, അരാജകത്വം സൃഷ്ടിക്കും. അമേരിക്ക ഒണ്ടാക്കികൊടുത്ത പാവ ഫരണകൂടമാണെടോ ഇപ്പം അഫ്ഗാനിസ്ഥാനെ ഫരിക്കുന്നത്. ഇതൊക്കെ ഏതു കൊച്ചുപിള്ളാര്ക്കും അറിയാവുന്നതല്ലേ ‘പുന്നാര കുട്ടാ’. ഉം ഉം അടിച്ച്കൊട് അണ്ണനഞ്ചാറ് സല്യൂട്ട്.
Post a Comment