Friday 27 June 2008

തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ...

ലോകത്തിലെ ഏറ്റവും മ്ലേച്ഛമായ വാക്കുകള്‍ കൊണ്ടൊരു മാലയുണ്ടാക്കിയാല്‍ ആരുടെ കഴുത്തിലിടാം അത്. ഉമ്മന്‍ചാണ്ടിയുടെ, രമേശ് ചെന്നിത്തലയുടെ, അതോ മതത്തിന്റെ പേരില്‍ അഴിഞ്ഞാടുന്ന കുറേ തിരുമേനിമാരുടെ കഴുത്തിലോ?

തീക്കളിയാണെന്ന് അറിഞ്ഞു തന്നെയാണ്, ഒരു പാഠപുസ്തകവും പൊക്കിപ്പിടിച്ച് ഇവര്‍ നീചനൃത്തത്തിന് ഇറങ്ങിയിരിക്കുന്നത്. ശാസ്ത്രചിന്തയെ കുമ്പസാരക്കൂട്ടിലിട്ട് കത്തിച്ചവര്‍, വിജ്ഞാനത്തിന് വിഷം കൊടുത്ത് കൊന്നവര്‍, അക്ഷരചൈതന്യത്തെ വീട്ടുതടങ്കലിടച്ച് ഉന്മാദനൃത്തം ചവിട്ടിയവര്‍... അവരുടെ പ്രേതങ്ങളാണ് ഇന്ന് കേരളത്തിന്റെ തെരുവ് ഭരിക്കുന്നത്.

കാലം മാറിയത് അവരറിഞ്ഞില്ല. പോപ്പല്ല കേരളം ഭരിക്കുന്നതെന്നും നൂറ്റാണ്ട് ഇത് ഇരുപത്തിയൊന്നാണെന്നും സൗകര്യപൂര്‍വം മറക്കുന്നു. താലിബാന്‍ ശാസനകളുടെ പത്രവാര്‍ത്തകള്‍ വായിച്ച് ഞരമ്പില്‍ ഉന്മാദം മുറുകുന്നവര്‍, ജനാധിപത്യ സമൂഹത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന സത്യം വിസ്മരിച്ച് പുളകം കൊളളുന്നു.

കേരളവും ഗുജറാത്തും തമ്മില്‍ ഏറെ അകലങ്ങളുണ്ടെന്നറിയാത്തവര്‍ ചങ്ങനാശേരിയിലും പെരുന്നയിലും രഹസ്യ ചര്‍ച്ചയ്ക്കെത്തുന്നു. കേരളത്തിലെ തെരുവുകള്‍ "യുവമോര്‍ച്ചറി"യാക്കാമെന്ന് വേണ്ടപ്പെട്ടവര്‍ക്ക് വാക്കു കൊടുക്കുന്നു.

എന്തെല്ലാം കുറവുകളുണ്ടെങ്കിലും, മഹാരഥന്മാര്‍ പാകിയുറപ്പിച്ച നവോത്ഥാന ചേതനയിലാണ് കേരളീയ സമൂഹത്തിന്റെ ദിനരാത്രങ്ങള്‍ ഉദിച്ചുയരുന്നതെന്ന സത്യം തല്ലിക്കെടുത്താന്‍, തെരുവു ഗുണ്ടകളുടെ കൈകളിലെ വേലിപ്പത്തല്‍ മതിയാവില്ല.

സഹിഷ്ണുതയുടെയും സംവാദത്തിന്റെയും അര്‍ത്ഥം മറന്ന്, മുതലക്കണ്ണീരിന്റെ ഉളുപ്പില്ലായ്മയില്‍ മുഖം നനയ്ക്കുന്ന ചാണ്ടിക്കും മാണിക്കും മറച്ചു പിടിക്കാനാവില്ല, കേരളം കത്തിച്ചുപിടിച്ചിരിക്കുന്ന സാംസ്ക്കാരികക്കൈവിളക്കിന്റെ വെളിച്ചം.

പേപ്പട്ടിയും അണലിയും തൊട്ടാരൊട്ടിയും കാട്ടുമാക്കാനും ചെന്നായയും പോര്‍ക്കും പന്നിപ്പെരുച്ചാഴിയും വളവളപ്പനും എട്ടടിമൂര്‍ഖനും അട്ടയും ആട്ടാമ്പുഴുവും പാഠപുസ്തകത്തിന്റെ ഉളളടക്കം തീരുമാനിക്കാന്‍ കമ്പും കല്ലും വടിവാളും പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലിറങ്ങുമ്പോള്‍, വീണ്ടുമൊരു വിമോചന സമരത്തിന്റെ ദുര്‍ഗന്ധം പടരുകയാണ് സമൂഹത്തില്‍.

അരനൂറ്റാണ്ടുമുമ്പ് ആടിത്തിമിര്‍ത്ത അസംബന്ധ നാടകത്തിന്റെ ആവര്‍ത്തനം സ്വപ്നം കണ്ട് വീഞ്ഞു ഗ്ലാസുകള്‍ നിറയ്ക്കുന്നവരോട് പറയാന്‍ ഒരു വാചകമേയുളളൂ, കാലം മാറിപ്പോയി തിരുമേനിമാരേ...

മിശ്രവിവാഹിതര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുളള സര്‍ക്കാര്‍ സംവിധാനത്തെ എത്രയോ കാലം നിയന്ത്രിച്ചവര്‍, നിയമസഭയില്‍ കയറിനിന്ന് തങ്ങള്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് വീണ്‍‍വാക്കു വിളമ്പുന്നു. സഹോദരന്‍ അയ്യപ്പനും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയുമടങ്ങുന്ന മഹാപ്രതിഭകളുടെ ആത്മാക്കള്‍ ഈ മഹാപാപികളുടെ നെറുംതലയ്ക്ക് ചവിട്ടാന്‍ കാലോങ്ങുന്നു.

ഉമ്മന്‍ചാണ്ടിയുടെയോ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയോ പ്രോത്സാഹനം കൊണ്ടല്ല, ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തുടങ്ങി സാക്ഷാല്‍ പി സി വിഷ്ണുനാഥ് വരെ മിശ്രവിവാഹം കഴിച്ചത്. സ്വന്തം കാര്യം സ്വയം തീരുമാനിക്കാന്‍ തങ്ങളുടെ കുട്ടിയെ പ്രാപ്തമാക്കുമെന്ന ഒരു പരാമര്‍ശം പോലും ഇവരെ ഭയപ്പെടുത്തുന്നുവെങ്കില്‍ എത്ര ദുര്‍ബലമാണ് ഈ സാമ്രാജ്യത്തിന്റെ പ്രത്യയശാസ്ത്രമെന്ന് ഊഹിക്കാവുന്നതേയുളളൂ.

അത് തകരാന്‍ അധികം കാലമൊന്നും വേണ്ടിവരില്ലെന്ന തിരിച്ചറിവാണ് ഈ വിവാദകോലാഹലങ്ങള്‍ നമുക്കു നല്‍കുന്ന സന്ദേശം. എങ്കിലും ജാഗരൂകമാകേണ്ടതുണ്ട്, നവോത്ഥാന സ്വപ്നങ്ങള്‍ നെഞ്ചിലിരുന്ന് തുടിക്കുന്ന മലയാളിയുടെ മനസ്. അക്ഷരമെന്ന വാക്കിനര്‍ത്ഥം ക്ഷരമല്ലാത്തത് എന്നാണ്. നശിക്കാതെ കിടക്കുന്ന അക്ഷരമെന്ന സങ്കല്‍പം ഭൗതികാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായത് ഇന്റര്‍നെറ്റിന്റെ വരവോടെയാണ്.

വിമോചന സമരാഭാസത്തെ ഏറ്റവും ഫലപ്രദമായി തുറന്നു കാണിക്കാന്‍ കഴിയുന്നത് ബ്ലോഗുകള്‍ക്കാണ്.

ഒരുപക്ഷേ മലയാളി ഏറ്റവും ആവേശത്തോടെ, തീവ്രമായി വായിച്ച പാഠപുസ്തകമാകാം ഏഴാം ക്ലാസിലെ ഈ ടേമിലെ സാമൂഹ്യപാഠം. സ്കാന്‍ ചെയ്തും യുണിക്കോഡാക്കിയുമൊക്കെ അത് നെറ്റിലെത്തിച്ചവരില്‍ മഹാഭൂരിപക്ഷവും പങ്കുവെയ്ക്കുന്നത് ഒരേ വികാരമാണെന്നതും യാദൃശ്ചികമല്ല. മടിയില്‍ കനമുളളവനാണ് വഴിയില്‍ പേടി. അല്ലാത്തവരെന്തിന് ചര്‍ച്ചയെ ഭയക്കണം. അവരെന്തിന് വായന തടയണം?

പാഠപുസ്തകം മുന്നോട്ടു വെയ്ക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ദീര്‍ഘവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ച നടന്ന ഒരു ബ്ലോഗ് ഇവിടെയുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ദയവായി എഴുതുക.

പിറന്നു വീണപ്പോഴുളള നന്മ ചോരാതെ നമ്മുടെ കുട്ടികളെ വളര്‍ത്താനുളള നമ്മുടെ അവകാശം സംരക്ഷിക്കാനുളള പോരാട്ടത്തില്‍ പങ്കുചേരുക.

ഡാലിയുടെ ബ്ലോഗ് - ചര്‍ച്ചാസമരം
കേരള വിദ്യാഭ്യാസം

Monday 16 June 2008

വളഞ്ഞ മോന്തായവും ഒടിഞ്ഞ കഴുക്കോലും

ഗോള്‍ഫ് ക്ലബ് പ്രശ്നം ഇടതുമുന്നണിക്ക് മറ്റൊരു നാറ്റക്കേസായിരിക്കുന്നു. ഒളിയമ്പില്‍ പുതിയ ലേഖനം, വളഞ്ഞ മോന്തായവും ഒടിഞ്ഞ കഴുക്കോലും.

മാരീചന്‍