Sunday 24 February 2008

മലയാള വാര്‍ത്ത മൊബൈലില്‍ കിട്ടാന്‍........

ഇന്ത്യയിലുളള മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒണ്‍ ഇന്ത്യ, മൊബൈല്‍ ഫോണില്‍ സൗജന്യമായി വാര്‍ത്തകള്‍ ലഭ്യമാക്കുന്നു.

ദിവസം രണ്ടു നേരം വാര്‍ത്തകള്‍ അപ് ഡേറ്റ് ചെയ്യപ്പെടും. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും വാര്‍ത്തകള്‍ ലഭ്യമാണ്. മലയാളം ഫോണ്ടുളള മൊബൈല്‍ ഫോണുകളില്‍ വാര്‍ത്ത മലയാളത്തില്‍ തന്നെ വായിക്കാം. പുതിയ മൊബൈല്‍ സെറ്റുകളില്‍ മിക്കതിലും ഈ സേവനം ലഭ്യമാണ്.

മലയാളം ന്യൂസ് വേണമെന്നുളളവര്‍ START MLNEWS എന്ന് 09845398453 നമ്പരിലേയ്ക്ക് SMS ചെയ്യുക.

(നിങ്ങളുടെ മൊബൈലില്‍ മലയാളം ഫോണ്ട് ഇല്ലെങ്കില്‍ കോളങ്ങള്‍ മാത്രമേ കാണൂ. STOP MLNEWS എന്ന് ഇതേ നമ്പരില്‍ എസ്എംഎസ് ചെയ്താല്‍ സേവനം അവസാനിപ്പിക്കാം)

സിനിമാ വാര്‍ത്തകള്‍ വേണമെങ്കില്‍ START MLMOVIES എന്ന് മേല്‍ പറഞ്ഞ നമ്പരിലേയ്ക്ക് എസ്എംഎസ് ചെയ്യുക.

മൈ ടുഡേ
എന്ന കമ്പനിയുമായി ചേര്‍ന്നാണ് വണ്‍ ഇന്ത്യ ഈ സേവനം ലഭ്യമാക്കുന്നത്.

ഇനി മലയാളം വാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. ഇന്ത്യയില്‍ നിങ്ങള്‍ എവിടെയായിരുന്നാലും.

കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Sunday 17 February 2008

മനോരമാ പത്രാധിപര്‍ക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട മനോരമാ പത്രാധിപര്‍ കെ എം മാത്യു അവര്‍കള്‍ക്ക്,

ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും പൊതുസമൂഹത്തിന്റെ നിശിതമായ വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാകേണ്ടതാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍, താങ്കളുടെ പത്രം സിപിഎമ്മിനെ എതിര്‍ക്കുന്നതില്‍ എതിര്‍പ്പുളള ആളല്ല ഈ കത്തെഴുതുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സമൂഹത്തിന്റെ കര്‍ക്കശമായ വിചാര പരിശോധനകള്‍ ഏറ്റു തന്നെയാണ് മുന്നോട്ടു പോകേണ്ടതും. അതുകൊണ്ടു തന്നെ മാര്‍ക്സിസ്റ്റ് നേതാക്കളോ ആ പ്രസ്ഥാനം തന്നെയോ വിമര്‍ശനത്തിനോ പരിഹാസത്തിനോ അതീതമല്ല. ആവുകയുമരുത്.

എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് ഇ സോമനാഥ് എന്ന ലേഖകന്‍ മനോരമയുടെ എഡിറ്റ് പേജിലെഴുതിയ "വടക്കന്‍ ചിട്ടയുടെ വീരകഥ" എന്ന ലേഖനത്തിലെ ഒരു വാചകം മേല്‍പറഞ്ഞ വിമര്‍ശനത്തിന്റെ നിര്‍വചനങ്ങളിലൊതുങ്ങുന്നതല്ല. ഏതെങ്കിലും പാര്‍ട്ടിയെയോ നേതാക്കളെയോ ആക്ഷേപിക്കുന്നതിന് അവര്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ ക്രൂരമായി പരിഹസിക്കുന്ന പത്രപ്രവര്‍ത്തനം അംഗീകരിക്കാനാവുമോ?

പരാമര്‍ശിക്കപ്പെടുന്ന വാചകം ഇതാണ്. "പിണറായി മുണ്ടയില്‍ കോരന്റെ ഭാര്യ കല്യാണി 14 പ്രസവിച്ചെങ്കിലും ജീവിച്ചത്‌ മൂന്നു പേര്‍". ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന വെബ് ലിങ്കിലെ വാര്‍ത്തയിലെ രണ്ടാം ഖണ്ഡിക തുടങ്ങുന്നത് ഈ വാചകത്തോടെയാണ്.

ഏത് പത്രത്തിലെ ഏത് ലേഖകനും സാധാരണ ഇങ്ങനെയാണ് എഴുതാറ്. പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും 14 മക്കളില്‍ ഇളയവനാണ് വിജയന്‍. അങ്ങനെ നേരെ ചൊവ്വെ എഴുതാന്‍ സോമനാഥിന് തീരെ മനസ് വരുന്നില്ല. അങ്ങനെ തിരുത്തി വേണം അച്ചടിക്കാനെന്ന് ലേഖനം എഡിറ്റു ചെയ്തവര്‍ക്ക് തോന്നിയതുമില്ല. ഈ വാചകം ഒരു പ്രത്യേക മനോഘടനയുടെ തെളിവാണ്. ഈ വഷളന്‍ വാചകം വൃത്തികെട്ട സംസ്ക്കാരത്തിന്റെ അഴുക്കൊഴുകുന്ന ഓടയാണ്.

മേല്‍പറഞ്ഞ വാചകത്തിലെ അധമ സൂചന എവിടേയ്ക്കാണ് തിരിയുന്നത് എന്ന് മനസിലാക്കാന്‍ എത്രയോ വര്‍ഷങ്ങളുടെ മാധ്യമ പരിചയമുളള അങ്ങേയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. അസാധാരണനായ പത്രലേഖകനായി അംഗീകരിക്കപ്പെടാനുളള സോമനാഥിന്റെ ത്വര മനസിലാക്കാവുന്നതേയുളളൂ. എന്നാല്‍ അതിനുളള വഴി ഇതല്ല.

ലേഖകന്റെ വിഷമനസിലെ അധമ സംസ്ക്കാരം പുളിച്ച് തികട്ടുന്ന ഈ വാചകം വായിച്ചാല്‍ താങ്കള്‍ക്കും മനം പുരട്ടലുണ്ടാകുമെന്ന് ഉറപ്പാണ്. ഇതു വായിച്ച് ഊറിച്ചിരിക്കുന്നവര്‍ ഏതായാലും മനുഷ്യരല്ല. ആയാല്‍ തന്നെ അവര്‍ക്ക് സംസ്ക്കാരവുമുണ്ടായിരിക്കില്ല. ആദരണീയനായ കെ എം മാത്യു സംസ്ക്കാരമുളള മനുഷ്യനാണെന്ന് ഉറപ്പുളളതിനാലാണ് ഈ വിധം ഒരു തുറന്ന കത്ത് താങ്കള്‍ക്ക് എഴുതുന്നത്.


സബ്‌ എഡിറ്ററെയും ചീഫ്‌ സബിനെയും ന്യൂസ്‌ എഡിറ്ററെയും കടന്ന്‌ ഈ വാചകത്തില്‍ അച്ചടി മഷി പുരണ്ടത്, താങ്കളുടെ പത്രത്തിനേല്‍പ്പിക്കുന്ന സാംസ്ക്കാരിക ക്ഷതം എത്രയാണെന്ന് അങ്ങ് മനസിലാക്കുമെന്ന് കരുതുന്നു.

"മലയാള മനോരമയുടെ ചീഫ്‌ എഡിറ്റര്‍ കെ എം മാത്യുവിന്റെ അന്തരിച്ച ഭാര്യ അന്നമ്മയുടെ മൂത്ത പുത്രനാണ്‌ മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു" എന്ന്‌ നാളെ ദേശാഭിമാനി ഒരവസരത്തില്‍ എഴുതിയാല്‍ താങ്കള്‍ക്ക് എന്തായിരിക്കും തോന്നുക? എഴുതിയതൊക്കെയും സത്യമാണ്. എന്നാല്‍ ഈ വാചകം ഉല്‍പാദിപ്പിക്കുന്ന അര്‍ത്ഥം നിഷ്കളങ്കമാണോ?

വന്ദ്യവയോധികനായ കെ എം മാത്യു അവര്‍കള്‍ ഒരു കാര്യം ഓര്‍ക്കുക. പരേതയായ താങ്കളുടെ സഹധര്‍മ്മിണി അന്നമ്മ മാത്യുവിന്റെ സ്‌നേഹോഷ്‌മളമായ പെരുമാറ്റ മര്യാദകളെക്കുറിച്ച്‌ സ്മരണകള്‍ അയവിറക്കുന്ന ആളാണ്‌ അങ്ങ്‌. അവരെപ്പോലെ ഒരു സ്‌ത്രീയാണ്‌ മുണ്ടയില്‍ കോരന്റെ ഭാര്യ കല്യാണിയും.

പേറ്റ്‌ നോവറിഞ്ഞ്‌ ജന്മം നല്‍കിയ 14 മക്കളില്‍ 11 പേരുടെയും മരണം കാണേണ്ടി വന്ന ആ അമ്മയുടെ മാനത്തെ കൊത്തിപ്പറിക്കാന്‍, താങ്കളുടെ പത്രത്തിലെ മനോരോഗികളായ ലേഖകന്മാരെ ദയവു ചെയ്‌ത്‌ അനുവദിക്കരുത്‌. പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എതിര്‍ക്കാന്‍ താങ്കള്‍ക്കും പത്രത്തിനും എല്ലാ അവകാശങ്ങളുമുണ്ട്‌. ദയവായി പിണറായിയുടെ മാതാപിതാക്കളെ വെറുതേ വിടുക.

തന്തയ്‌ക്കും തളളയ്‌ക്കും പറഞ്ഞ്‌ കളിക്കുന്നവര്‍ക്ക്‌ നാട്ടില്‍ കിട്ടുന്ന പ്രതികരണം എന്തെന്ന്‌ കൂടി എഡിറ്റോറിയല്‍ മീറ്റിംഗ്‌ നടക്കുമ്പോള്‍ സോമനാഥിനെപ്പോലുളള മനോരോഗികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

പ്രതിഷേധത്തോടെ
മാരീചന്‍

Wednesday 6 February 2008

"മാരീചന്‍ പരമ പോക്രി"

ഇങ്ങനെയൊരു തലക്കെട്ടിന്റെ സാംഗിത്യം വഴിയെ മനസിലാകും.

തലയ്ക്കു സ്ഥിരതയില്ലാത്ത ഒരാള്‍ നാല്‍ക്കവലയില്‍ സാമാന്യം മദ്യലഹരിയുടെ അകമ്പടിയോടെ ദിനവും തെറി വിളി പതിവാക്കുന്നു എന്നു കരുതുക. ഉടുമുണ്ട് അഴിച്ച് തലയില്‍ കെട്ടി, വരുന്നവരെയും പോകുന്നവരെയും അസഭ്യത്തില്‍ കുളിപ്പിക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ മിക്കവാറും നാട്ടിന്‍പുറങ്ങളില്‍ സാധാരണയാണ്.

അവര്‍ ആരെയും തെറിവിളിക്കും. എന്തുവൃത്തികേടും പറയും. ചിലപ്പോഴൊക്കെ വല്ലവനുമെടുത്തിട്ട് ചളുക്കിയെന്നും വരും.

അങ്ങനെയൊരാള്‍ ഇതേ മാനസികാവസ്ഥയോടെ ഒരു ദിനം ഒരാളെ വല്ലാതെ പുകഴ്ത്തുന്നു എന്നു ധരിക്കുക. എന്തായിരിക്കും പുകഴ്ത്തപ്പെടുന്നവന്റെ മാനസികാവസ്ഥ? സമൂഹത്തില്‍, സുഹൃത്തുക്കളുടെ ഇടയില്‍? വല്ലാത്ത നാണിച്ചു ചൂളിപ്പോകും ഈ പുകഴ്ത്തലിനിരയാകുന്നയാള്‍. അപമാന ഭാരത്താല്‍ തല പെരുത്ത് ആത്മഹത്യ ചെയ്യാനും ഈ പുകഴ്ത്തല്‍ മതി.

ചുരുക്കത്തില്‍ നമ്മെ തെറി പറയുന്നവന്റെയും പുകഴ്ത്തുന്നവന്റെയും മാനസിക നിലയെക്കുറിച്ച് നമുക്കുളള ധാരണയാണ്, അത് കേട്ട് ഞരമ്പു വലിയണോ കോരിത്തരിക്കണോ എന്ന് തീരുമാനിക്കുന്നതിലെ ഘടകം. മാനസിക നില തെറ്റിയവന്റെ തെറിവിളി നമ്മില്‍ പ്രത്യേകിച്ച് പ്രതികരണങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും അവന്റെ പുകഴ്ത്തല്‍ നമുക്കൊരു ഷോക്കായി തീരാം. ഒരു വേള നമ്മുടെ വ്യക്തിത്വത്തിലേല്‍ക്കുന്ന കനത്ത ആഘാതമായിരിക്കും ആ പുകഴ്ത്തല്‍.

മാരീചന്‍ പരമ പോക്രിയെന്ന് ആരാണ് പറയുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ആ അവഹേളനം മനസിലുണ്ടാക്കുന്ന ആഘാതവും.

ഈയൊരു മാനസികാവസ്ഥയില്‍ നിന്നാണ് എം കെ ഹരികുമാര്‍, കലാകൗമുദിയില്‍ ബ്ലോഗിംഗിനെക്കുറിച്ചെഴുതിയതിനെ കാണുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച പലരെയും പോലെ ഹരികുമാറിന്റെ എഴുത്തോ ആശയങ്ങളോ ഈയുളളവനും ഇഷ്ടമേയല്ല. (എന്നുവെച്ച് ഹരികുമാര്‍ എഴുതരുതെന്നോ, ഹരികുമാര്‍ എഴുതിയത് കലാകൗമുദി പ്രസിദ്ധീകരിക്കരുതെന്നോ ഒന്നും കല്‍പ്പിക്കാനോ ആഗ്രഹിക്കാനോ ആളുമല്ല).

ബ്ലോഗുകളെക്കുറിച്ച് ഹരികുമാര്‍ നല്ലതെന്തെങ്കിലും എഴുതിയിരുന്നെങ്കില്‍, സകല ബ്ലോഗുടമകളും ബ്ലോഗും പൂട്ടി വേറെ വല്ല പണിക്കും പോകേണ്ടി വന്നേനെ. കാരണം ഹരികുമാറിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് ഒന്നുകൊണ്ടു മാത്രം കലാകൗമുദിയുടെ കുറേയേറെ വായനക്കാരുടെ കണ്ണില്‍ ബ്ലോഗുകളെക്കുറിച്ച് മോശമായ ധാരണ ഉണ്ടാകുമായിരുന്നു.

ബ്ലോഗുകളെക്കുറിച്ച് കലാകൗമുദിയില്‍ എം കെ ഹരികുമാര്‍ മോശമായി എഴുതിയതു കൊണ്ട് എന്തെങ്കിലും അപകീര്‍ത്തി ബ്ലോഗുകള്‍ക്കുണ്ടാകും എന്ന് ധരിക്കുന്നില്ല. കാരണം, ഹരികുമാറിനോ ഹരികുമാറിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കലാകൗമുദിക്കോ കേരളീയ വായനാ സമൂഹത്തില്‍ എന്തെങ്കിലും ക്രെഡിബിലിറ്റി ഉണ്ടെന്ന വിശ്വാസം ഇല്ലെന്നതു തന്നെ.

ഹരികുമാര്‍ എഴുതുന്ന ചവറുകള്‍ പ്രസിദ്ധീകരിക്കുന്ന എഡിറ്ററെയും ഓര്‍ത്ത് സഹതാപമേയുളളൂ.

വിവാദ കുറിപ്പില്‍ ഹരികുമാര്‍ മോശമായി പരാമര്‍ശിച്ച ലാപുട, കുഴൂര്‍ വില്‍സണ്‍ എന്നിവര്‍ ഭാഗ്യവാന്മാരാണ്. കാരണം, മോശക്കാരനാണ് എന്ന് ഹരികുമാര്‍ പ്രഖ്യാപിച്ച ഒറ്റക്കാരണത്താല്‍ ഇവരെക്കുറിച്ച് വായനക്കാര്‍ നല്ലതേ കരുതൂ. കൂടുതല്‍ എന്തെങ്കിലും അറിയണമെന്ന് കരുതി ബ്ലോഗുകളിലേയ്ക്ക് കടന്നു വരുന്നവര്‍ക്കും ഇവരെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ടാക്കാന്‍ തടസമേതുമില്ല.

കുഴൂര്‍ വില്‍സണ്‍ യഥാര്‍ത്ഥത്തില്‍ നാണിക്കേണ്ടത് ആ അവതാരികയെ ഓര്‍ത്താണ്. അതു വായിച്ചു നാണിച്ചു ചൂളുകയേ വില്‍സണ് ഇനി ചെയ്യാനുളളൂ. എന്നാല്‍ കലാകൗമുദിയില്‍ ഹരികുമാറിന്റേതായി പ്രത്യക്ഷപ്പെട്ട ആ നെഗറ്റീവ് പരാമര്‍ശത്തിന്റെ പേരില്‍ അഭിമാനത്തിനും വകയുണ്ട്.

ഇന്റര്‍നെറ്റ് വ്യാപകമാകുന്നതോടെ ഓണ്‍ലൈന്‍ ക്രെഡിബിലിറ്റി വളരെ പ്രധാനമായി മാറുകയാണ്. നാളത്തെ കല്യാണാലോചനകളില്‍ പോലും ഓണ്‍ലൈന്‍ ക്രെഡിബിലിറ്റി ഒരു പ്രശ്നമായേക്കാം. എം കെ ഹരികുമാര്‍ എന്നെഴുതി ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നവര്‍ക്ക് മുന്നില്‍ സ്വന്തം വ്യക്തിത്വവും പരിമിതികളും ഇത്ര വേഗം വെളിപ്പെടുത്തിയ വേറൊരു ബ്ലോഗറോ എഴുത്തുകാരനോ ഉണ്ടോ എന്ന് സംശയമുണ്ട്.

അതിനാല്‍, ഹരികുമാറിന്റെ അവഹേളനമേറ്റവര്‍ അഭിമാനിക്കുക. അഭിനന്ദനങ്ങളേറ്റവര്‍ എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കട്ടെ. നമ്മുടെ ഊര്‍ജവും സമയവും വിലപ്പെട്ടതായതിനാല്‍ എത്രയും വേഗം ഹരികുമാര്‍ ഫോബിയ അവസാനിപ്പിക്കാം.

ഈ വിഷയത്തിലെ മറ്റു രണ്ടു പോസ്റ്റുകള്‍ ഇവിടെ
ബൂലോകത്തു നിന്ന് കലാകൗമുദിക്ക് ഖേദപൂര്‍വം - അഞ്ചല്‍കാരന്‍
ഞാന്‍ പ്രതിഷേധിക്കുന്നു - ഉമേഷ്