Thursday 31 January 2008

എന്റെ ഭര്‍ത്താവ് ചുളളിക്കാടായിരുന്നെങ്കില്‍............

പ്രശസ്ത കവി ബാലചന്ദ്രന്‍ ചുളളിക്കാടിന് അമ്പതു വയസു തികഞ്ഞ വേളയില്‍ അദ്ദേഹത്തെ സഹധര്‍മ്മിണിയും കവയിത്രിയുമായ വിജയലക്ഷ്മി മലയാള മനോരമയെ ഉപയോഗിച്ച് ചോദ്യം ചെയ്തിരുന്നു.

പ്രസ്തുത അഭിമുഖത്തെ ആസ്പദമാക്കി അനാമികയുടെ ബ്ലോഗില്‍ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. രണ്ടു ചോദ്യങ്ങളെ അധികരിച്ചാണ് അനാമിക ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. മൂലരൂപം താഴെ.

എനിക്കിഷ്ടപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതാ…

ചോദ്യം - ഞാന്‍ അടക്കമുള്ള എഴുത്തുകാര്‍ അവാര്‍ഡുകളെ ആദരിക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്തുപോരുന്നു. എന്നാല്‍, 1990ല്‍ താങ്കള്‍ ഇരുപതിനായിരം രൂപയുടെ സംസ്കൃതി ദേശീയ അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരിക്കലും ഒരവാര്‍ഡും സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ കുടുംബം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്ന കാലത്താണു താങ്കള്‍ ഇരുപതിനായിരം രൂപ വേണ്ടെന്നുവച്ചത്. വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടിയാണ് സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും സാമ്പത്തികാവശ്യങ്ങള്‍പോലും അവഗണിച്ചു താങ്കള്‍ ഇങ്ങനെയൊരു തിരസ്കാരം നടത്തിയത് എന്നു ഞാന്‍ കുറ്റപ്പെടുത്തിയാല്‍?

ഉത്തരം - അതു വളരെ ശരിയാണ്. ഒരിക്കലും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കാതെ ജീവിച്ചു മരിച്ചുപോയ ഒരെഴുത്തുകാരന്‍ എന്ന വ്യക്തിപരമായ പ്രശസ്തി കിട്ടാന്‍വേണ്ടിത്തന്നെയാണു ഞാന്‍ അവാര്‍ഡ് നിരസിച്ചത്. സമൂഹത്തിനുവേണ്ടി സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്കുള്ള സര്‍വാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നുമില്ല. കുടുംബത്തിന്റെ സാമ്പത്തികാവശ്യം പണിയെടുത്തു നിറവേറ്റും എന്നു വിചാരിച്ചു. ആ ഇരുപതിനായിരം രൂപയുടെ കാര്യം നീ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

മറ്റൊന്ന്….

ചോദ്യം - 1980 ജനുവരിയില്‍ എറണാകുളത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോല്‍സവകാലത്തു നാം പരിചയപ്പെടുമ്പോള്‍ താങ്കളും കടമ്മനിട്ട രാമകൃഷ്ണനും നന്നായി മദ്യപിച്ച അവസ്ഥയിലായിരുന്നു. പിന്നീടു ജീവിതകാലം മുഴുവന്‍ താങ്കള്‍ എന്നെക്കാളും സ്വന്തം കുഞ്ഞിനെക്കാളും സ്നേഹിച്ചിരുന്നതു മദ്യത്തെ ആയിരുന്നു. താങ്കളുടെ മദ്യാസക്തി എന്റെയും മകന്റെയും ജീവിതത്തെ നരകമാക്കി. ഞങ്ങളുടെ അവസ്ഥയോ അപേക്ഷയോ താങ്കളെ ഒരിക്കലും മദ്യപാനത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. എന്നാല്‍, 1998 ഓഗസ്റ്റില്‍ അമേരിക്കയില്‍ പോയി വന്നശേഷം താങ്കള്‍ മദ്യപിച്ചതായോ പുകവലിച്ചതായോ ഒരിക്കലും കണ്ടിട്ടില്ല. പ്രാണനെപ്പോലെ കരുതിയിരുന്ന മദ്യത്തെയും പുകയിലയെയും ഉപേക്ഷിക്കാന്‍ എങ്ങനെ കഴിഞ്ഞു?

ഉത്തരം - അമേരിക്കയില്‍വച്ച്, ഭൂമിയില്‍ കിട്ടാവുന്ന ഏതാണ്ടെല്ലാത്തരം മദ്യങ്ങളും കഴിച്ചു മടുത്തു. പുകവലിമൂലം ശ്വാസോച്ഛ്വാസംപോലും പ്രയാസമായി. ഏതുവിധത്തിലും പുകയിലയുടെയും മദ്യത്തിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടണം എന്ന കടുത്ത ആഗ്രഹമുണ്ടായി. അങ്ങനെ എല്ലാ ആത്മശക്തിയും സംഭരിച്ച് മദ്യപാനവും പുകവലിയും നിര്‍ത്തി. ഇപ്പോള്‍, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ നടുവില്‍ എത്രനേരമിരുന്നാലും യാതൊരു പ്രലോഭനവും ഇല്ല. മാന്യതയ്ക്കുവേണ്ടിയോ സാമൂഹികാംഗീകാരത്തിനുവേണ്ടിയോ അല്ല ഞാന്‍ കുടി നിര്‍ത്തിയത്. എന്റെ മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്.

വല്ലാത്ത മനുഷ്യനാണീ ചുളളിക്കാട് എന്ന് തോന്നുന്നു. ചുളളിക്കാടിനോടൊപ്പം വിജയലക്ഷ്മി കഴിഞ്ഞതെങ്ങനെ എന്നോര്‍ക്കുമ്പോള്‍ അത്ഭുതവും. എങ്ങനെ ഈ മനുഷ്യനോടൊപ്പം ഒരു കുടുംബത്തില്‍ കഴിഞ്ഞു എന്നതിനെക്കുറിച്ച് വിജയലക്ഷ്മിയെ ബാലചന്ദ്രന്‍ ഇന്റര്‍വ്യൂ ചെയ്താല്‍ എങ്ങനെയിരിക്കും എന്നുമാലോചിക്കാന്‍ പ്രേരിപ്പിക്കുന്നു ഈ അഭിമുഖം…

ചുളളിക്കാടെന്ന അരാജകനായ കവിയെക്കുറിച്ച്, ഇങ്ങനെയൊരാളോടൊപ്പം ജീവിക്കുന്ന വിജയലക്ഷ്മിയെന്ന സ്ത്രീയെക്കുറിച്ച് അവരുടെ സ്വകാര്യതയെയും വ്യക്തിത്വത്തെയും തെല്ലും പരിഹസിക്കാതെ ചര്‍ച്ച ചെയ്യാനാവുമോ നമുക്ക്….

എന്റെ ഭര്‍ത്താവ് ബാലചന്ദ്രന്‍ ചുളളിക്കാടിനെപ്പോലൊളായാല്‍…… ബ്ലോഗിലെ വിവാഹിതരും അവിവാഹിതരും സാഹിത്യപ്രേമികളുമായ വനിതകളുടെ അഭിപ്രായം എന്തായിരിക്കും? ചുളളിക്കാട് കുടിച്ചും കവിത ചൊല്ലിയും പ്രണയിച്ചും തെണ്ടിയും ആഘോഷിച്ചു തീര്‍ത്ത യൗവനത്തെക്കുറിച്ച് പുരുഷ സമൂഹം എന്തുപറയുന്നു?

അറിയാനാഗ്രഹമുണ്ട്. ആരെങ്കിലും പ്രതികരിക്കുമോ?

പുരുഷ സമൂഹത്തില്‍ പെടുന്ന മാരീചന്‍ ഇങ്ങനെ പ്രതികരിക്കുന്നു. സ്വപ്നതുല്യമായിരുന്നു ചുളളിക്കാടിന്റെ ജീവിതം. കവിത എഴുതിയും പ്രണയിച്ചും തെണ്ടിയും ചുളളിക്കാട് ആഘോഷിച്ച ജീവിതം പലര്‍ക്കുമെന്ന പോലെ മാരീചനും സ്വപ്നം കാണേനേ കഴിയൂ. അങ്ങനെ ജീവിക്കണമെങ്കില്‍ ചില്ലറ ധൈര്യമൊന്നുമല്ല വേണ്ടത്.

അങ്ങനെ ജീവിച്ചിരുന്നെങ്കില്‍ ..........

എത്രപേര്‍ക്കു വിജയലക്ഷ്മിയാകാന്‍ കഴിയുമെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ചുളളിക്കാടിന്റെ അരാജക ജീവിതത്തെക്കുറിച്ച് വായിക്കുകയോ കേള്‍ക്കുകയോ ചെയ്ത സ്ത്രീകളാണ്.

ബാലചന്ദ്രനോടൊപ്പമുളള ജീവിതയാത്രയ്ക്കിടയില്‍ വിജയലക്ഷ്മി നേരിട്ട പൊളളിക്കുന്ന അനുഭവങ്ങളെ, തങ്ങളായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്ന സാങ്കല്‍പിക ചോദ്യത്തെ നേരിട്ട് എങ്ങനെയായിരിക്കും നമ്മുടെ സ്ത്രീകള്‍ വിലയിരുത്തുക? ആലോചിക്കാന്‍ രസമുളള വിഷയം തന്നെ.

Wednesday 23 January 2008

വേദപുസ്തകത്തിന് ചോരക്കൊതിയോ?

വെറും 23 വയസുമാത്രം പ്രായമുളള ഒരു ചെറുപ്പക്കാരനെ അഫ്ഗാനിസ്താനിലെ മതകോടതി വധശിക്ഷയ്ക്ക് വിധിച്ചു. ദൈവനിന്ദയാണത്രേ കാരണം. സയ്യദ് പര്‍വേസ് കംബാക്ഷ് എന്ന ചെറുപ്പക്കാരനാണ് ഈ ഹതഭാഗ്യന്‍.

കംബാക്ഷ് ചെയ്ത കുറ്റം ഇതാണ്. ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ഒരു പ്രിന്റ് സഹപാഠികള്‍ക്കിടയില്‍ വിതരണം ചെയ്തു. അത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. സ്ത്രീകളെക്കുറിച്ചുളള ഖുര്‍ ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമാണ് പോലും ഇത്.

പരാതി കൊടുത്തത് ഒരു സംഘം സഹപാഠികള്‍. സയ്യദിനെ അറസ്റ്റു ചെയ്തത് കഴിഞ്ഞ ഒക്ടോബര്‍ 27ന്. അടച്ചിട്ട മുറിയിലായിരുന്നു വിചാരണ. സയ്യദിന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകരാരും ഉണ്ടായിരുന്നില്ല. താലിബാന്‍ തലപ്പാവണിഞ്ഞ പുരോഹിതന്മാര്‍ പുറത്ത് സംവാദങ്ങളിലേര്‍പ്പെട്ടു. സയ്യദിനെ കൊന്നുകളയണമെന്നായിരുന്നു മതഭീകരരുടെ ആവശ്യം.

സയ്യദിന് അപ്പീല്‍ പോകാം. അപ്പീലിന്മേലുളള വിചാരണയും മിസാര്‍ ഇ ഷെരീഫിലെ കോടതിയുടേതിന് സമാനമാകാം. അവരുടെ മുന്നിലും കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടേക്കാം. പൊതു സ്ഥലത്ത് സര്‍വരും കാണെ ശിക്ഷ നടപ്പാക്കപ്പെടാം.

പരസ്യമായി കഴുത്തറുത്തോ, ക്രെയിനില്‍ കെട്ടിത്തൂക്കിയോ മതിലിനു പുറം തിരിഞ്ഞു നിര്‍ത്തി തലയില്‍ വെടിവെച്ചോ സയ്യദ് പര്‍വേസ് കംബാക്ഷിയെ കൊല്ലാം. മറ്റുളളവര്‍ക്ക് പാഠമാകും ഈ ശിക്ഷ. മതപുരോഹിതന്മാര്‍ക്ക് അഹിതമായതൊന്നും ഇനിയാരും വായിക്കരുത്.

മതകോടതിയുടെ പൈശാചികതയ്ക്കു നേരെ പ്രതിഷേധമുയര്‍ത്തിയ അഫ്ഗാന്‍ മാധ്യമലോകത്തെ ഭീഷണിപ്പെടുത്താനും മുതിര്‍ന്നു ഒരുത്തന്‍. കോടതി മുമ്പാകെ സയ്യദിനെ വിചാരണ ചെയ്ത ഈ പുമാന്റെ പേര് ഹഫീസുളള ഖലീക്യര്‍. പ്രതിഷേധിക്കുന്ന എല്ലാവനെയും പിടിച്ച് ജയിലിടുമെന്നാണ് ഒരുളുപ്പുമില്ലാതെ ഇയാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അലറിയത്.

പുതിയ ലോകം എന്നര്‍ത്ഥം വരുന്ന ജഹാന്‍ ഇ നാവ് (Jahan-e Naw) എന്നാണ് സയ്യദ് ജോലി ചെയ്യുന്ന പത്രത്തിന്റെ പേര്. ബാള്‍ഖ് സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥി കൂടിയാണ് ഈ ചെറുപ്പക്കാരന്‍.

സയ്യിദിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത വിവാദകടലാസുകളിലെ സാഹിത്യം അയാള്‍ തന്നെ എഴുതിയതാണെന്ന് ധരിച്ചായിരുന്നത്രേ അറസ്റ്റ്. എന്നാല്‍ ഏതോ ഇറാനിയന്‍ ബ്ലോഗില്‍ നിന്നുളള പ്രിന്റ് ഔട്ടുകളാണ് ഇവയെന്ന് തെളിഞ്ഞിട്ടും വെളളത്തലപ്പാവുകള്‍ക്ക് കീഴിലെ കറുത്ത തലച്ചോറുകളില്‍ ദയയോ കാരുണ്യമോ തെളിഞ്ഞില്ല.

ഇസ്ലാമിക വിരുദ്ധമായതൊന്നും വായിക്കാനും പാടില്ലല്ലോ. വായിച്ചാലല്ലേ വിരുദ്ധമാണോ അല്ലയോ എന്ന് അറിയാനാവൂ എന്ന ന്യായം ആരുടെയും തലയില്‍ കയറാനാണ്!

സത്യം ഇതൊന്നുമല്ലെന്നും വാദമുണ്ട്. പ്രവിശ്യാ ഭരണാധികാരികള്‍ക്ക് നേരെ സയ്യിദിന്റെ സഹോദരന്‍ ഇബ്രാഹിമി എഴുതിയ ലേഖനങ്ങളാണത്രേ പ്രകോപനത്തിന് കാരണം.

മതത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധന്മാര്‍ അഫ്ഗാന്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പൈശാചികതയെ ആരും ചോദ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തണം. അല്ലാഹു അതിനൊരു മറയാണ്. മതകല്‍പനകള്‍ പൈശാചികതയ്ക്കുളള ലൈസന്‍സും.

ഇക്കഴിഞ്ഞ നവംബറില്‍ അറസ്റ്റു ചെയ്യപ്പെട്ട മറ്റൊരു പത്രപ്രവര്‍ത്തകനാണ് ഗൗസ് സാല്‍മേ. സാല്‍മേ നടത്തിയ ഖുര്‍ ആന്‍ പരിഭാഷ ഇസ്ലാമിക വിരുദ്ധമാണെന്നാണ് ആരോപണം. വിവര്‍ത്തനത്തില്‍ ചില സൂക്തങ്ങളും വാചകങ്ങളും വിട്ടുപോയത്രേ! വധശിക്ഷ തന്നെയാവും ഇദ്ദേഹത്തെയും കാത്തിരിക്കുന്നത്.

മതവെറി പൂണ്ട അധികാരപ്പിശാചുക്കളുടെ രക്തദാഹത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്. പ്രമുഖരായ പത്രപ്രവര്‍ത്തക സംഘടനകള്‍ ഒന്നടങ്കം ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

ചിതലരിച്ച വേദപുസ്തകത്താളുകളിലെ അസംബന്ധകല്‍പനകള്‍ കൊണ്ട് കാലത്തിന്റെ പ്രയാണത്തെ തടുത്തു നിര്‍ത്താമെന്ന് ധരിക്കുന്നവരാണ് മതകോടതികളിലെ പുരോഹിതന്മാര്‍. വായിക്കുന്നവനെയും എഴുതുന്നവനെയും കൊന്നുതളളി തങ്ങള്‍ക്ക് സമ്പൂര്‍ണാധിപത്യം കൈവരുത്താമെന്ന് ധരിക്കുന്ന അല്‍പബുദ്ധികള്‍. അതിരുകളില്ലാത്ത അധികാരത്തിന്റെ അഹങ്കാരത്തില്‍ പുളച്ചു മദിക്കുന്നവര്‍ക്കെതിരെ ലോകമനസാക്ഷിയുടെ ശബ്ദം ഉയരേണ്ടതുണ്ട്.

അഫ്ഗാനിലെ മതകോടതികളുടെ മനുഷ്യത്വവിരുദ്ധ കല്‍പനകള്‍ക്കെതിരെ ലോകവ്യാപകമായി അലയടിക്കുന്ന പ്രതിഷേധത്തില്‍ ദാറ്റ്സ് മലയാളം പങ്കു ചേരുന്നു.

മാധ്യമലേഖകന് വധശിക്ഷ

Tuesday 22 January 2008

'വിവര'മില്ലാത്ത വിവരാവകാശ നിയമം.

വിവരാവകാശ നിയമം ദുരുപയോഗപ്പെടുത്തുന്നു എന്ന് വിലപിച്ച് തൊഴില്‍വാര്‍ത്തയില്‍ വന്ന ലേഖനത്തോട് കാലിക്കട്ടര്‍ നടത്തിയ പ്രതികരണം അസലായി.

ടി പോസ്റ്റിന്റെ വിമര്‍ശനമായി ഇങ്ങനെയൊരു ലേഖനം ചന്ദ്രകുമാറും എഴുതി.

കാലിക്കട്ടറുടെ ലേഖനത്തോടുളള പ്രതികരണമാണ് ചുവടെ.

ലേഖനം നന്നായി. പത്രപ്രവര്‍ത്തകപ്പരുന്തിന്റെ ശൈലിയിലാണ് ആദ്യം ആലോചന പോയത്. തൊഴില്‍ വാര്‍ത്താ ലേഖനത്തിന്റെ ഉറവിടമേത്? ഉത്തരം സര്‍വകലാശാലയില്‍ മേപ്പടി അപേക്ഷ പ്രകാരം വിവരം തപ്പിയെടുക്കാനുളള തലവിധി വന്നുപെട്ട ഗുമസ്തനോ, സെക്ഷന്‍ സൂപ്രണ്ടോ ആയിരിക്കാം.

സര്‍വകലാശാലാ വാര്‍ത്തകള്‍ ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട തൊഴില്‍വാര്‍ത്താ ലേഖകനെക്കൊണ്ട് ഇമ്മാതിരി ഒരു ലേഖനം എഴുതിക്കാന്‍ തീര്‍ച്ചയായും സര്‍വകലാശാലയുടെ അധികാരികള്‍ക്ക് കഴിയും.

അങ്കിള്‍ എന്ന ബ്ലോഗര്‍ എഴുതിയ വിമര്‍ശനവും വായിച്ചു. യഥാര്‍ത്ഥത്തില്‍ സര്‍വകലാശാലയുടെ പിടിയില്‍ നിന്നും കാര്യം തൊഴില്‍വാര്‍ത്താ ലേഖകന്റെ അടുത്തെത്തിയതില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തം.

ബിഎ പരീക്ഷ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍വകലാശാല ബാധ്യസ്ഥമാണ്. അല്ലായിരുന്നെങ്കില്‍ ഈ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നോ ഇത് വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നോ മറുപടിയെഴുതി അപേക്ഷ മടക്കാമായിരുന്നു. അപ്പീലുമായി പോകേണ്ട ബാധ്യത അപേക്ഷകന് വരികയും ചെയ്യുമായിരുന്നു.

സര്‍വകലാശാലാ അധികൃതര്‍ അതു ചെയ്യാതെ ലേഖകന് കോഴി ബിരിയാണിയും വെട്ടിരുമ്പും വാങ്ങിക്കൊടുത്ത് ലേഖനകോപ്പിരാട്ടി കാണിച്ചതില്‍ നിന്നും കാര്യം സുവ്യക്തം. മേപ്പടി വിവരം ചോദിച്ചാല്‍ സര്‍വകലാശാല കൊടുത്തേ തീരു. ആ വിവരം വെച്ച് ഗവേഷിക്കണോ, അത് പുഴുങ്ങി പച്ചമുളകും പച്ചത്തേങ്ങയും അരച്ച ചമ്മന്തിയും കൂട്ടി തിന്നണോ എന്ന് തീരുമാനിക്കേണ്ടത് ടി അപേക്ഷ കൊടുത്തയാളാണ്.

തൊഴില്‍വാര്‍ത്താ ലേഖകനോ, മാതൃഭൂമി എം ഡി വീരേന്ദ്രകുമാറോ തൃപ്പുത്രന്‍ ശ്രേയംസോ അല്ല.

പരീക്ഷയ്ക്ക് അപേക്ഷിച്ച ആണെത്ര, പെണ്ണെത്ര, അതില്‍ ഫസ്റ്റ് ക്ലാസെത്ര എന്നൊക്കെയുളള വിവരങ്ങള്‍ തീര്‍ച്ചയായും സര്‍വകലാശാലാ ആസ്ഥാനത്ത് ഉണ്ടാകും. അല്ലാതെ തൊട്ടടുത്ത തട്ടുകടയിലാണ് ഈ വിവരം കിട്ടുന്നതെങ്കില്‍ അത് പറയാനും സര്‍വകലാശാല ബാധ്യസ്ഥമാണ്.

വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ വക്കാലത്തേറ്റെടുത്ത് വ്യാഖ്യാനിക്കുന്ന അങ്കിള്‍ എന്ന ബ്ലോഗറെ ഏതെങ്കിലും ഓഫീസ് അധികാരി മുഖവിലയ്ക്കെടുത്താല്‍ പിഴയും മാനഹാനിയും ഉറപ്പ്.

ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നവയുടെ പകര്‍പ്പ് മാത്രമാണ് വിവരമെന്ന വ്യാഖ്യാനത്തെ വിവരമില്ലായ്മ എന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റുണ്ടാവുമോ? താലൂക്ക് ഓഫീസിലോ വില്ലേജ് ഓഫീസിലോ നല്‍കിയ ഒരു പരാതിയുടെയോ അപേക്ഷയുടെയോ മേല്‍ സ്വീകരിച്ച നടപടികള്‍ എന്ത് എന്ന് ഒരാള്‍ വിവരാവകാശ നിയമം പ്രകാരം പത്തു രൂപ അടച്ച് ചോദിച്ചാല്‍ എന്തു മറുപടി നല്‍കും?

വെളളപ്പേപ്പറെടുത്ത് ഇതുവരെ സ്വീകരിച്ച നടപടികളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കി നല്‍കുമോ, അതോ ഇപ്രകാരം ഒരു റിപ്പോര്‍ട്ട് ഈ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ല, വേണമെങ്കില്‍ ഫയലിന്റെയാകെ ഫോട്ടോ സ്റ്റാറ്റെടുത്തു തരാം, കൊണ്ടു പോയി ആവശ്യമുളളത് എഴുതിയെടുത്തോ എന്നു പറയുമോ?

വിവരാവകാശ നിയമത്തെ കൊല്ലേണ്ടത് മടിയും കെടുകാര്യസ്ഥതയും ജാതകവശാല്‍ സ്വന്തമാക്കിയ സര്‍ക്കാര്‍ ജീവനക്കാരന്റെ ആവശ്യമാണ്. അങ്ങനെയുളള സാമൂഹ്യദ്രോഹികളുടെ ചട്ടുകമായതാണ് തൊഴില്‍വാര്‍ത്താ ലേഖകന്‍. യഥാര്‍ത്ഥ പ്രതി സര്‍വകലാശാലയ്ക്കുളളില്‍ തന്നെയാണ് സാര്‍!

വിവരാവകാശ നിയമം

Sunday 6 January 2008

ഫോട്ടോഷോപ്പ് പഠനം മലയാളത്തില്‍

പിഎച്ച്ഡി വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിനുമാണ് ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റിന്റെ പര്യായത്തിന് പിന്നില്‍.

അതുപൊലൊരു പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ തോമസ് നോള്‍ (Thomas Knoll) വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ് എന്ന പേരില്‍ ലോകം കീഴടക്കിയത്. തോമസും സഹോദരന്‍ ജോണും ചേര്‍ന്നാണ് ഈ സോഫ്റ്റ് വെയറിന് അടിത്തറ പാകിയത്. പിന്നീട് അത് അഡോബ് കമ്പനി വാങ്ങുകയായിരുന്നു.

അഡോബ് ഫോട്ടോഷോപ്പിനെക്കുറിച്ച് ഹരീയെഴുതിയ പുസ്തകം ഇന്‍ഫോകൈരളി പുറത്തിറക്കിയിരിക്കുന്നു. ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും എന്നാണ് പുസ്തകത്തിന്റെ പേര്. ലേഖകന്റെ രണ്ടാമത് പുസ്തകമാണിത്. ആദ്യത്തേത് ഫ്ലാഷ് പഠിച്ചു തുടങ്ങാം എന്ന പുസ്തകം.

ഫോട്ടോഷോപ്പ് പഠനം എളുപ്പമാക്കുന്ന വഴികള്‍ നിര്‍ദ്ദേശിക്കുന്ന സിഡികളും പുസ്തകത്തിനൊപ്പം ലഭ്യമാണ്. സി ഡിറ്റ് മുന്‍ ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍ എഴുതിയ അവതാരിക പുസ്തകത്തിന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഡിസൈനിംഗ് രംഗത്ത് പ്രവേശിക്കുന്നവര്‍ക്കും പയറ്റിത്തെളിഞ്ഞവര്‍ക്കും ഒരുപോലെ സഹായകരമായിരിക്കും ഈ പുസ്തകം. ഹരിയുടെ പരിശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍.

പുസ്തകത്തെ പരിചയപ്പെടുത്തുന്ന ഹരീയുടെ പോസ്റ്റ്