Friday 11 April 2008

മാളത്തില്‍ കുഞ്ഞബ്ദുളള സ്പീക്കിംഗ്

ധന്വന്തരിക്ക് നേരമ്പോക്കുകാരിയായി സരസ്വതിയുണ്ടാകുന്നതു പോലെയാണ് പുനത്തില്‍ കുഞ്ഞബ്ദുളള സാഹിത്യത്തെ കാണുന്നത് എന്ന് നിരീക്ഷിച്ചത് സാക്ഷാല്‍ ഒ വി വിജയനായിരുന്നു. വലിയൊരു വരുമാനം നേടിത്തരുന്ന മെഡിക്കല്‍ പ്രാക്ടീസിന് അനുബന്ധമായേ കുഞ്ഞബ്ദുളള എഴുത്തിനെ കണ്ടിരിക്കൂവെന്ന ആ നിരീക്ഷണം കുഞ്ഞബ്ദുളളയുടെ സാഹിത്യ ചോരണാരോപണം മുന്‍നിര്‍ത്തിയാണ് വിജയന്‍ നടത്തിയത്.

കുഞ്ഞബ്ദുളളയുടെ കന്യാവനങ്ങള്‍ എന്ന കൃതിയില്‍, ടാഗോറിന്റെ ചില കൃതികളില്‍ നിന്നുളള ഭാഗങ്ങള്‍ പദാനുപദം മോഷ്ടിച്ചിരിക്കുന്നു എന്നായിരുന്നു ആരോപണം. പരലോകം എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു നോവലിലെ ചില ഭാഗങ്ങള്‍ ഡോ. മുരളീകൃഷ്ണയുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുളള ലേഖനങ്ങളുടെ തനിപ്പകര്‍പ്പാണെന്നും ആരോപണമുണ്ടായി.

ഇതേ തുടര്‍ന്ന് വാരിക നോവലിന്റെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി. മഹാന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നു എന്ന ന്യായമൊന്നും കുഞ്ഞബ്ദുളള വൈദ്യന്‍ പറഞ്ഞില്ല. എഴുത്തില്‍ ഇതൊക്കെ സ്വാഭാവികം എന്നൊരു ലൈനാണ് കക്ഷി സ്വീകരിച്ചത്.

അബ്ദുളളയെക്കുറിച്ച് ഈയൊരു നെടുങ്കന്‍ ആമുഖം കുറിച്ചതിന് പ്രകോപനം ഏപ്രില്‍ ഒമ്പതിന്റെ കേരള കൗമുദിയില്‍ എഡിറ്ററെ ആശ്രയിക്കാതെ എന്ന അദ്ദേഹത്തിന്റെ ലേഖനമാണ്. പ്രസിദ്ധീകരണ സമ്പ്രദായത്തിലെ പുതിയ പ്രവണതയായ ബ്ലോഗുകളെക്കുറിച്ചാണ് പരമാബദ്ധങ്ങളും സാങ്കേതികഭീതിയും ചാലിച്ച് വൈദ്യന്‍ കുറിപ്പടി രചിച്ചത്.

പുതിയ സാങ്കേതിക വിദ്യകള്‍ കടന്നു വരുമ്പോള്‍ പൊതുവേ ബേജാറാകുന്നവരാണ് സാഹിത്യകാരന്മാര്‍. പരിചയിച്ച വഴി കൈവിടാനും പുതിയത് സ്വീകരിക്കാനുമുളള വിമുഖത സാഹിത്യകാരന്മാരുടെ കൂടെപ്പിറപ്പാണ്. ബ്ലോഗ് സാഹിത്യം എഴുതുന്ന ഒന്നല്ല, കമ്പോസ് ചെയ്യുന്ന ഒന്നാണെന്നാണ് കുഞ്ഞബ്ദുളളയുടെ തട്ടിമൂളിക്കല്‍..

എഴുത്തും കമ്പോസിംഗും രണ്ടാണെന്ന രണ്ടാണെന്ന സൂചനയുടെ അര്‍ത്ഥം ബ്ലോഗെഴുത്തുകാര്‍ രണ്ടാംനിര എഴുത്തുകാരാണെന്നു തന്നെ. സൂചിപ്പിക്കുന്നതോടെ ബ്ലോഗെഴുത്തുകാര്‍ രണ്ടാം നിരക്കാരാണെന്ന് വിവക്ഷ. അച്ചടിയുമായി ബന്ധപ്പെട്ട രണ്ടു വാക്കുകളാണ് എഴുത്തും കമ്പോസിംഗും. എഴുത്തുകാരന്‍ ക്രിയേറ്റിവിറ്റിയുടെ രാജാവും കമ്പോസിറ്റര്‍ ഡൂക്കിലി തൊഴിലാളിയും എന്നാണ് ജാ‍ട. അച്ചടി ശാലയിലെ കമ്പോസിറ്റര്‍മാര്‍ക്ക് പലപ്പോഴും പത്താം തരം വിദ്യാഭ്യാസം പോലും കാണില്ലല്ലോ. ടാഗോറിനെയും മുരളീകൃഷ്ണയെയും ഉളുപ്പില്ലാതെ കോപ്പിയടിച്ച് വലിയ എഴുത്തുകാരനാവാന്‍ മോഹിച്ച കക്ഷി, ബ്ലോഗെഴുത്തുകാരെ കമ്പോസിറ്റര്‍മാരെന്ന് ആക്ഷേപിച്ച് മേനി നടിക്കുന്നത് കാണാന്‍ രസമുണ്ട്.

തലച്ചോറിലുളളത് നേരിട്ട് കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തുന്നത് വെറും കമ്പോസിംഗാണോ? കഥാകാരിയും ആകാശവാണിയിലെ ന്യൂസ് എഡിറ്ററുമായ കെ എ ബീന ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. എത്രയും പെട്ടെന്ന് കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. കഥയോ ലേഖനമോ ഒക്കെ എഴുതി, അത് വിശ്വസ്തരായ ഡിറ്റിപി സെന്ററുകാരെ ഏല്‍പ്പിച്ച്, അവര്‍ ടൈപ്പ് ചെയ്തു തരുന്നത് പ്രൂഫ് നോക്കി തിരുത്തി, അതിന്റെ പ്രിന്റ് ഔട്ട് ഒന്നുകൂടി പരിശോധിച്ചു വേണം ഒരു പുസ്തകം പുറത്തിറക്കാന്‍.‍ രണ്ടാമത്തെ വായനയിലാണ്, ഖണ്ഡികയിലോ വാചക ഘടനയിലോ പുതിയൊരാശയം ചിലപ്പോള്‍ വീണു കിട്ടുക. അത് എഴുതി തിരുത്തുന്നതിന്റെ പാട് വേറെ. ചുരുക്കത്തില്‍ ഏറെ അധ്വാനവും സമയനഷ്ടവും ഉളളതാണ് എഴുതി, മറ്റൊരാള്‍ ഡിറ്റിപിയെടുത്ത് പുസ്തകമിറക്കുന്ന വിദ്യ.

കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനറിയാമെങ്കില്‍ സമയവും ഊര്‍ജവും എത്രയോ ലാഭം. കുറെ പേപ്പര്‍ ലാഭിക്കുകയുമാകാം. എഡിറ്റ് ചെയ്യുന്നതിനും തെറ്റ് തിരുത്തുന്നതിനും എത്രയെളുപ്പം. അടുത്ത പുസ്തകം പുറത്തിറക്കുന്നതിനു മുമ്പ് മലയാളം ടൈപ്പിംഗ് പഠിച്ചിരിക്കുമെന്ന കെ എ ബീനയുടെ തീരുമാനം എവിടെക്കിടക്കുന്നു, കമ്പ്യൂട്ടറില്‍ എഴുത്തല്ല, കമ്പോസിംഗാണെന്ന കുഞ്ഞബ്ദുളള വൈദ്യന്റെ ഡയഗ്നോസിസ് എവിടെക്കിടക്കുന്നു!!

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഭാവനയ്ക്കെതിരെ നീളുന്ന വെല്ലുവിളിയായി കരുതി എഴുത്തുകാര്‍ സ്വീകരിക്കുമെന്ന തന്റെ പ്രതീക്ഷ തകര്‍ന്നു പോയെന്ന് പ്രശസ്ത നിരൂപകന്‍ പി കെ രാജശേഖരന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. . വിദ്യാസമ്പന്നരും നല്ല വായനക്കാരുമായ എഴുത്തുകാര്‍ക്ക് പുതിയ ലോകം പ്രചോദനമാകുമെന്ന പ്രതീക്ഷ സഫലമായില്ലെന്നും അദ്ദേഹം പറയുന്നു.

കുഞ്ഞബ്ദുളള വൈദ്യന്റെ രോഗമെന്തെന്ന് നിശ്ചയിക്കാന്‍ ഈ രണ്ടുപേരുടെയും അഭിപ്രായം ധാരാളം മതി. വയസുകാലത്ത് മലയാളം ടൈപ്പിംഗ് പഠിക്കാനും ബ്ലോഗാനുമൊന്നും കുഞ്ഞന് വയ്യ. പണവും പ്രശസ്തിയും ആവശ്യത്തിന് ആയിക്കഴിഞ്ഞു, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായി. പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് താനായി ഒരഭിപ്രായം പറഞ്ഞില്ലെന്ന് വേണ്ട. അങ്ങനെയാണ് കുഞ്ഞബ്ദുളള ഈനാംപേച്ചിയും കേരള കൗമുദി മരപ്പട്ടിയുമായത്.

കുഞ്ഞബ്ദുളളയുടെ കൗമുദീവമനത്തില്‍ പറയുന്നതു മാതിരിയാണോ ബ്ലോഗിംഗ്? കേരളത്തിലെ ഓണം കേറാമൂലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബ്ലോഗില്‍ മിനിട്ടുകള്‍ക്കകം യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വായനക്കാരുടെ പ്രതികരണങ്ങളെത്തുന്നു. ഇടപെടലുകളുണ്ടാകുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കലും സംവാദവും നടക്കുന്നു. എഴുത്തുകാരനും (സോറി കമ്പോസിറ്ററെയും) വായനക്കാരും ചേരുന്ന ഒരു ലോകം ക്രിയാത്മകമായി വികസിക്കുന്നു. ചില്ലറക്കാര്യമാണോ ഈ പാരസ്പര്യം?

പ്രകാശകന്റെയും പ്രസാധകന്റെയും ദീനാനുകമ്പ പ്രതീക്ഷിച്ച് സൃഷ്ടി തുടങ്ങിയ പഴയ കാലത്തില്‍ നിന്ന് ഈ പ്രസിദ്ധീകരണ രീതി എത്രയോ വ്യത്യസ്തമാണ്. ദുബായിലെ ജബലലിയിലിരുന്ന് കൊടകര പുരാണം എഴുതുന്ന വിശാലമനസ്കനും കോട്ടയത്തിരുന്ന് ബെര്‍ളിത്തരങ്ങളെഴുതുന്ന ബെര്‍ളിത്തോമസും വായനക്കാരെ നേടിയത്, കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ അനുഭവിച്ച യാതനകളൊന്നുമില്ലാതെയാണ്. അത് കാലത്തിന്റെ മാറ്റമാണ്. അതില്‍ ഇക്കയ്ക്കിത്ര അഷൂഷയെന്തിന്?

പ്രസാധകരനെന്ന സ്ഥാപനത്തോട് കലഹിച്ചവരാണ് ലിറ്റില്‍ മാഗസിന്റെ പിറവിയ്ക്ക് പിന്നില്‍. ലബ്ധപ്രതിഷ്ഠനായ എഡിറ്റര്‍ ഒരു കൃതി നിരസിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. (എഴുതിത്തുടങ്ങിയ കാലത്ത് ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ കവിതകള്‍ മാതൃഭൂമി നിരസിച്ചതായി കേട്ടിട്ടുണ്ട്. മോശമായിരുന്നോ ചുളളിക്കാടിന്റെ കവിതകള്‍?) എഡിറ്റര്‍മാരുടെ മുന്‍വിധി, മാസികയിലെ സ്ഥലപരിമിതി, ചില ആശയങ്ങളോടുളള എതിര്‍പ്പോ പകയോ, ജാതി, രാഷ്ട്രീയം, ഏഷണി ഇങ്ങനെ പലതുമാണ്, പ്രസിദ്ധീകരണ യോഗ്യമല്ലെന്ന കുറിപ്പോടെ ഒരു കൃതി മടങ്ങിയെത്തുന്നതിന് പിന്നിലുളള കാരണങ്ങള്‍. മോശമായ കൃതിയെന്നതുകൊണ്ട് മാത്രമാവില്ലെന്നര്‍ത്ഥം.

ഉളളു നിറഞ്ഞൊഴുകിയ ക്ഷോഭം മുഖമുദ്രയായിരുന്ന ഒരു തലമുറയാണ് ലിറ്റിന്‍ മാഗസിനുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രസിദ്ധീകരണ സമ്പ്രദായത്തോടുളള കലഹമായിരുന്നു ലിറ്റില്‍ മാഗസിനുകളുടെ രാഷ്ട്രീയം. തങ്ങളുടെ പേര് അച്ചടിച്ച് കാണാനുളള കൊതിയെക്കാളേറെ അവര്‍ക്കതൊരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. എഡിറ്ററോടുളള പക തീര്‍ക്കാനാണ് ലിറ്റില്‍ മാഗസിനുകള്‍ ചവറുപോലെ അടിച്ചിറക്കിയതെന്ന് കുഞ്ഞബ്ദുളള നിരീക്ഷിക്കുമ്പോള്‍, ഒരു തലമുറയുടെ രാഷ്ട്രീയ ബോധത്തെയാണ് അദ്ദേഹം അപഹസിക്കുന്നത്.

എഡിറ്റോറുളള പകയുടെ കമ്പ്യൂട്ടര്‍ പ്രതികാരമാണത്രേ ബ്ലോഗുകള്‍. എഡിറ്ററോടുളള പക മൂത്താണോ,വിശാല മനസ്കന്‍ കൊടകരപുരാണം എഴുതിത്തുടങ്ങിയത് ? മലയാളത്തിലെ ഏറ്റവും പ്രചാരമുളള പത്രത്തില്‍ പണിയെടുക്കുന്ന ബെര്‍ളി തോമസും സുനീഷ് തോമസും ഏത് എഡിറ്ററോടുളള പക തീര്‍ക്കാനാണ് സാര്‍, ബ്ലോഗെഴുതുന്നത്?

വ്യക്തിപരമായ യാതൊരു വിവരവും വെളിപ്പെടുത്താതെ ആശയങ്ങള്‍ കൊണ്ടു മാത്രം ബ്ലോഗില്‍ ശക്തമായ സാന്നിദ്ധ്യമായവരുണ്ട്. വക്കാരിമഷ്ടയും ഇഞ്ചിപ്പെണ്ണുമൊക്കെ ആണോ പെണ്ണോ എന്നുപോലും നിശ്ചയമില്ല. എന്നാല്‍ മലയാള ബ്ലോഗ് ലോകത്തിന് അവഗണിക്കാനാവാത്ത സാന്നിദ്ധ്യങ്ങളാണിവര്‍. എഡിറ്ററോട് പക തീര്‍ക്കാനാണോ അവര്‍ ബ്ലോഗില്‍ സജീവമായത്. തങ്ങളുടെ പേര് അച്ചടിച്ച് കാണാനുളള കൊതിയാണോ അവരുടെ സാന്നിദ്ധ്യത്തിന് ഹേതു?

ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ സാന്നിദ്ധ്യം കുറ്റിയടിച്ചുറപ്പിക്കാന്‍ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ പണിയെടുത്തവരുണ്ട്. സിബുവും പെരിങ്ങോടനും കെവിനുമൊക്കെ ആ പട്ടികയില്‍ വരും. മലയാള ലിപി യൂണിക്കോഡിലേയ്ക്ക് മാറ്റാനും അത് ടൈപ്പ് ചെയ്യാന്‍ വരമൊഴി പോലെയുളള സങ്കേതങ്ങള്‍ സൗജന്യമായി വികസിപ്പിച്ച് എഴുത്തുകാരന് (സോറി കമ്പോസ് ചെയ്യുന്നവന്) കൈമാറിയവര്‍.

സ്മാരകശിലകള്‍ എന്ന കൃതിയെഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ കുഞ്ഞബ്ദുളള അനുഭവിച്ച സായൂജ്യത്തെക്കാള്‍ ഒട്ടും ചെറുതാവില്ല, വരമൊഴി പ്രവര്‍ത്തന സജ്ജമായപ്പോള്‍ സിബുവിനുണ്ടായ സന്തോഷം. അവരെപ്പോലുളളവര്‍ക്ക് സരസ്വതി വെറും നേരമ്പോക്കുകാരിയായിരുന്നില്ല എന്നറിയണമെങ്കില്‍, മനസിലെ മൗഢ്യം മാറ്റിവെച്ച് കുഞ്ഞബ്ദുളള ബ്ലോഗിനെക്കുറിച്ച്, ഇന്റര്‍നെറ്റിന്റെ ലോകത്ത് നടക്കുന്ന ഭാഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

നല്ലതുപോലെ വായിക്കാനറിയാവുന്നവന് മേല്‍പ്പറഞ്ഞ ഞുണുക്കു വേലകളൊന്നും ആവശ്യമില്ലെന്ന പ്രഖ്യാപനത്തോടെയാണ് അബ്ദുളള തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ബ്ലോഗുകളൊക്കെ ഒരു ചെറിയ വിഭാഗം മാത്രമേ മൈന്‍ഡ് ചെയ്യുന്നുളളൂവെന്ന ആശ്വാസത്തിനൊടുവിലാണ് ഈ പ്രഖ്യാപനം. കുഞ്ഞബ്ദുളളയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുന്നതില്‍ നമുക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും തോന്നേണ്ട കാര്യമില്ല.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലവും അവര്‍ നയിക്കുന്ന മെച്ചപ്പെട്ട ജീവിതവും ഒട്ടേറെ മനസുകളില്‍ അസൂയയുണ്ടാക്കിയിട്ടുണ്ട്. അവരില്‍ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. രണ്ടാം തരം പണിയെടുക്കുന്നവരാണ് അവരെന്നും വഴിവിട്ട ജീവിതമാണ് അവരൊക്കെ നയിക്കുന്നതെന്നുമുളള ഉളുപ്പില്ലാത്ത പ്രചരണത്തിനു പിന്നില്‍ ഈ അസൂയ വലിയൊരു ഘടകമാണ്.

ടെക്നോപാര്‍ക്കിലെ ടോയ്‍ലെറ്റുകളില്‍ നിന്ന് നിരോധ് കണ്ടെടുത്തെന്ന് സചിത്രഫീച്ചറെഴുതുന്നവരും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ വഴിവിട്ട രതിജീവിതം കഥയ്ക്ക് പ്രമേയമാക്കുന്നവരും ഉളളിന്റെയുളളിലെ അസൂയയ്ക്കാണ് ശമനം തേടുന്നത്. അക്ഷരത്തിന്റെ ലോകത്ത് ജീവിക്കുന്ന തങ്ങളാണ് സമൂഹത്തിന്റെ വഴി നിശ്ചയിക്കേണ്ടതെന്നും, എന്തിനും അന്തിമാഭിപ്രായം തങ്ങളുടേതായിരിക്കണമെന്നുളള ശാഠ്യം മനോരോഗമായി മലയാളത്തിലെ സാഹിത്യ പ്രവര്‍ത്തകരെ വേട്ടയാടുന്നു.

ആ മനോരോഗത്തിന്റെ വേറൊരു പതിപ്പാണ് 'എഡിറ്ററെ ആശ്രയിക്കാതെ' എന്ന കുഞ്ഞബ്ദുളളയുടെ ലേഖനം. കേരള കൗമുദിയില്‍ തന്നെ ഇത് അച്ചടിച്ചു വന്നതില്‍ മലയാള ബ്ലോഗ് ലോകത്തിന് ഒട്ടും അത്ഭുതവുമുണ്ടാവില്ല.

പുനത്തില്‍ കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ ചികിത്സ തേടേണ്ടത് ഈ മനോരോഗത്തിനാണ്. ബ്ലോഗുകള്‍ക്കെതിരെയുളള ആസ്ഥാന സാഹിത്യകാരന്മാരുടെ മനോഭാവമൊന്നും നവ മാധ്യമത്തിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കുകയേയില്ല. അതിശക്തമായ സാമൂഹിക ഇടപെടലുകള്‍ക്കുളള സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഈ മാധ്യമത്തെ ആക്ഷേപിക്കുന്നവര്‍, സ്വന്തം വിസ്മൃതിയാണ് വിലയ്ക്കു വാങ്ങുന്നത്. അത് അവര്‍ തിരിച്ചറിയുമ്പോഴേയ്ക്കും ലോകം ഏറെ മുന്നോട്ട് പോയിരിക്കും.

21 comments:

കെ said...

പുനത്തില്‍ കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ ചികിത്സ തേടേണ്ടത് ഈ മനോരോഗത്തിനാണ്. ബ്ലോഗുകള്‍ക്കെതിരെയുളള ആസ്ഥാന സാഹിത്യകാരന്മാരുടെ മനോഭാവമൊന്നും നവ മാധ്യമത്തിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കുകയേയില്ല. അതിശക്തമായ സാമൂഹിക ഇടപെടലുകള്‍ക്കുളള സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഈ മാധ്യമത്തെ ആക്ഷേപിക്കുന്നവര്‍, സ്വന്തം വിസ്മൃതിയാണ് വിലയ്ക്കു വാങ്ങുന്നത്. അത് അവര്‍ തിരിച്ചറിയുമ്പോഴേയ്ക്കും ലോകം ഏറെ മുന്നോട്ട് പോയിരിക്കും.

Unknown said...

അമ്പും തുമ്പുമില്ലെങ്കിലും അഭിപ്രായങ്ങള്‍ മുറയ്ക്കു് തട്ടിമൂളിച്ചോളും!

Umesh::ഉമേഷ് said...

നല്ല ലേഖനം.

ബീന പറഞ്ഞതു വാസ്തവം. പല പോസ്റ്റുകളും കുറേ ദിവസം മനസ്സിലിട്ടുരുട്ടിയിട്ടാണു ടൈപ്പു ചെയ്യാന്‍ തുടങ്ങുന്നതു്. ടൈപ്പു ചെയ്യുമ്പോഴും പോസ്റ്റു ചെയ്യുന്നതിനു മുമ്പു വായിച്ചു നോക്കുമ്പോഴും വീണ്ടും പുതിയ ആശയങ്ങള്‍ ചേര്‍ക്കാറുണ്ടു്.

എഡിറ്ററെ തിരസ്കരിക്കുകയല്ല, സ്വയം എഡിറ്ററാവുകയാണു ബ്ലോഗെഴുത്തുകാരന്‍ ചെയ്യുന്നതു്. മിക്ക ബ്ലോഗെഴുത്തുകാരും വള്ളരെയധികം വെട്ടിത്തിരുത്തിയതിനു ശേഷമാണു പോസ്റ്റു ചെയ്യുന്നതു്.

പുനത്തില്‍ രവീന്ദ്രനാഥടാഗോറിനു് ഈയിടെയായി മെഡിക്കല്‍ പ്രാക്ടീസും കോപ്പിയടിക്കാന്‍ പുസ്തകങ്ങളും ഇല്ല എന്നു തോന്നുന്നു.

എന്തായാലും അദ്ദേഹത്തിന്റെ പല കൃതികളും എനിക്കു വളരെ പ്രിയപ്പെട്ടവയാണു്. അവയൊക്കെയും ഇനി കോപ്പിയടിച്ചതാവുമോ എന്തോ!

പോരാളി said...

മലയാളം ബ്ലോഗുകള്‍ പടര്‍‌ന്ന് പന്തലിച്ച് കഴിഞ്ഞാല്‍‌ തങ്ങളുടെ സാഹിത്യം വായിക്കനാളില്ലാതെ വരുമോയെന്ന് ഭയപ്പെടുന്നത് കൊണ്ടാവാം ഇത്തരം ജല്‍പ്പനങ്ങളുമായി ഇവരൊക്കെ ഇറങ്ങിത്തിരിക്കുന്നത്. മലയാള സാഹിത്യം ബ്ലോഗിലേക്ക് പറിച്ച് നടുന്ന നല്ല കാലത്തിനായ് നമുക്ക് കാത്തിരിക്കാം. അന്ന് ഈ ചെകിടന്മാരെയൊക്കെ നമുക്ക് വേണ്ട പോലെ കൈകാര്യം ചെയ്യാം. അഭിനന്ദനങ്ങളോടെ , കുഞ്ഞിക്ക

നന്ദു said...

പ്രിന്റ് മീഡിയയില്‍ എഡിറ്ററേയുള്ളു ബ്ലോഗ്ഗിന്‍ ലോകം മുഴുവനുള്ള വായനക്കാരും എഡിറ്റേഴ്സാണ്‍. തെറ്റുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ചൂണ്ടിക്കാണിക്കാനാകും. അതനുസരിച്ച് മാറ്റം വരുത്താന്‍ എഴുത്തുകാരനും.. ടെക്നോളജിയുടെ ഈ കുതിച്ചു ചാട്ടം കടാല്‍ക്കിഴവന്മ്മാര്‍ക്ക് ദഹിക്കില്ല മാരീചന്‍...
നല്ല പോസ്റ്റ് :)

കെ said...

സി കെ ബാബു, ഉമേഷ്, കുഞ്ഞിക്ക, നന്ദു, പ്രതികരണങ്ങള്‍ക്ക് നന്ദി.

ഉമേഷ്, ഈ രണ്ടു കോപ്പിയടികളേ കയ്യോടെ പിടിക്കപ്പെട്ടിട്ടുളളൂ.

ബ്ലോഗിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാത്തത് പുതിയ മാധ്യമത്തെക്കുറിച്ചുളള അജ്ഞതയായി തളളിക്കളയാം. ലിറ്റില്‍ മാഗസിനുകളെക്കുറിച്ച് തട്ടിമൂളിക്കുന്ന അഭിപ്രായങ്ങളോ?

ലിറ്റില്‍ മാഗസിനുകളിലാണ് പ്രശസ്തമായ പല കൃതികളും ആദ്യം അച്ചടി മഷി പുരണ്ടത്. കടമ്മനിട്ടയുടെ ശാന്ത ആദ്യമായി അച്ചടിച്ചത് ലിറ്റില്‍ മാഗസിനിലാണ്. കടമ്മനിട്ടയുടെ, അയ്യപ്പപ്പണിക്കരുടെ, സച്ചിതാനന്ദന്റെ എത്രയോ കവിതകള്‍ ലിറ്റില്‍ മാഗസിനുകളാണ് പ്രസിദ്ധീകരിച്ചത്.

ഏത് എഡിറ്റര്‍ തിരസ്കരിച്ചതാണ് കടമ്മനിട്ടയുടെ ശാന്തയെ? എഡിറ്റര്‍മാരോടുളള പക മൂലം എഴുതിത്തുടങ്ങിയവരാണോ കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും സച്ചിതാനന്ദനുമൊക്കെ?

എം ഗോവിന്ദന്‍ എന്നൊരു പേര് പുനത്തില്‍ കുഞ്ഞബ്ദുളളയ്ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. സാഹിത്യത്തറവാട്ടിലെ ഈ അതികായനും ഒരു ലിറ്റില്‍ മാഗസിന്‍ എഡിറ്ററായിരുന്നു.

ടി എസ് എലിയട്ടും നടത്തിയിരുന്നു ക്രൈറ്റീരിയന്‍ എന്നൊരു ലിറ്റില്‍ മാഗസിന്‍. അദ്ദേഹത്തിന്റെ വേസ്റ്റ് ലാന്റ് എന്ന തന്റെ കൃതി സ്വന്തം ലിറ്റില്‍ മാഗസിനിലൂടെയാണ് എലിയട്ട് പ്രസിദ്ധീകരിച്ചത്.

എഡിറ്റര്‍മാരോടുളള പക മൂലം തുടങ്ങിയതാണു പോലും ലിറ്റില്‍ മാഗസിനുകള്‍. ഫൂ........

ദേവന്‍ said...

മാരീചാ, വേറൊരിടത്ത് ഇപ്പോഴിട്ട കമന്റ് ആണ്‌, വിഷയം ഒന്നു തന്നെ ആയതുകൊണ്ട് ആ കമന്റ് ഇവിടെയും ഇടുന്നു (ഇതും ബ്ലോഗിന്റെ ഒരു സൗകര്യം )

ബ്ലോഗിലാര്‍ക്കും അറിയാത്ത കാര്യങ്ങളൊന്നുമല്ല, എങ്കിലും ഇനി ഇതു പ്രിന്റ് ആയി ആരുടെ അടുത്തെങ്കിലും എത്തുന്നെങ്കില്‍ ഇരിക്കട്ടെ എന്നു വച്ചിട്ട് മൂന്നാലു പോയിന്റ്.

പുനത്തിലനോ അതുപോലെ ഒരായുസ്സു മുഴുവന്‍ പത്രാധിപവിധേയമായി എഴുതിയവര്‍ക്കോ ബ്ലോഗിന്റെ സ്വാതന്ത്ര്യമെന്തെന്ന് മനസ്സിലാവില്ല. ലൗ ബേര്‍ഡ്സിനെ കൂടു തുറന്നു വിട്ടാല്‍ അതു ജീവിക്കില്ല, ചത്തു പോകുകയേയുള്ളു, കാരണം സ്വാതന്ത്ര്യമെന്തെന്ന് കണ്ടാലും അതിനു മനസ്സിലാവുകയോ സ്വതന്ത്രലോകത്തെങ്ങനെ ജീവിക്കണമെന്ന് പഠിക്കാനാവുകയോ ആ സാധുക്കളിക്ക് കഴിയില്ല.

പേപ്പറില്‍ അച്ചടിക്കാന്‍ കഴിയാത്തതുകൊണ്ട് ബ്ലോഗിലെഴുതുന്നെന്ന് വിശ്വസിക്കുന്ന സാധുക്കള്‍ക്കായി:
മലയാളം ബ്ലോഗില്‍ പല തരം എഴുത്തുകാരുണ്ട്, കാറ്റഗറി അല്ലാതെ തല്‍ക്കാലം ആരുടെയും പേരു പറയാത്തത് ഒരു പരസ്യപ്പലകയായി ഈ കമന്റ് മാറാതിരിക്കാന്‍ മാത്രമാണ്‌, സംശയമുള്ള ആര്‍ക്കും ഉദാഹരണങ്ങള്‍ മെയിലില്‍ അയച്ചു തരാം.

ഒന്ന്: പ്രിന്റ് എഴുത്ത് വരുമാനമാര്‍ഗ്ഗവും അതേ സമയം ബ്ലോഗ് എഴുത്ത് ആനന്ദസ്രോതസ്സുമാക്കിയ ബ്ലോഗര്‍മാര്‍ - മുഖ്യമായും ലേഖകര്‍, കാര്‍ട്ടൂണിസ്റ്റുകള്‍...

രണ്ട്: ബ്ലോഗ് എഴുത്ത് ആവിഷ്കാരത്തിന്റെ മുഖ്യപാതയും അതേസമയം ഇടയ്ക്കൊക്കെ പ്രിന്റ് മീഡിയയില്‍ ഇന്നു മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അവകാശപ്പെടുന്നവയിലെല്ലാം ഇടയ്ക്കിടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നവര്‍

മൂന്ന്: പ്രിന്റിലേക്ക് സാധനം അയക്കാത്തവര്‍. ഇതില്‍ മലയാളത്തിലെ കൊടി കുത്തിയ പത്രാധിപര്‍ "താങ്കളുടെ ഇന്ന പോസ്റ്റ് എന്നെയൊരാള്‍ പ്രിന്റ് ചെയ്തു കാട്ടി, എന്റെ ഇന്ന പ്രസിദ്ധീകരണത്തില്‍ ഇടട്ടേ" എന്ന് ഈ മെയില്‍ അയച്ചപ്പോള്‍ "ക്ഷമിക്കണം ഞാന്‍ അത് മാസികയിലടിക്കാന്‍ വേണ്ടി എഴുതിയതല്ല, ഇനിയൊരിക്കലാവട്ടെ" എന്ന് മറുകുറി അയച്ചവര്‍ മുതല്‍, ഇത് ഒരു രസത്തിനു ഞാന്‍ എഴുതുന്നത്, പ്രിന്റിലയക്കാന്‍ മാത്രം ഇതിലൊന്നുമില്ല എന്ന് സ്വയം കരുതുന്നവര്‍ വരെ പെടുന്നു.

ബ്ലോഗിന്റെ സവിശേഷത അതിന്റ് പാര്‍ട്ടിസിപ്പേറ്ററി സ്വഭാവമാണ്‌. ചില വിഗ്രഹങ്ങളെങ്കിലും ഉടഞ്ഞു പോകാതിരിക്കാന്‍ പല പ്രിന്റ് എഴുത്തുകാരും ബ്ലോഗില്‍ വരാതിരിക്കുന്നതു തന്നെ നല്ലത്.

കെ said...

ദേവന്,
വിശദമായ അഭിപ്രായത്തിന് നന്ദി. ചില വിഗ്രഹങ്ങളെങ്കിലും ഉടഞ്ഞു പോകാതിരിക്കാന്‍ പല പ്രിന്റ് എഴുത്തുകാരും ബ്ലോഗില്‍ വരാതിരിക്കുന്നതു തന്നെ നല്ലത് എന്നത് അര്‍ത്ഥവത്തായ നിരീക്ഷണം. ടി പത്മനാഭന്‍ ബ്ലോഗിലെത്തിയാല്‍ എത്രനാള്‍ നില്‍ക്കും എന്നാലോചിക്കുമ്പോള്‍ പ്രത്യേകിച്ചും.

dethan said...

വിഷയ ദാരിദ്ര്യം എഴുത്തുകാര്‍ക്ക് എന്നും പ്രശ്നമാണ്.ഉറവ വറ്റുമ്പോഴാണല്ലൊ സര്‍ഗ്ഗ സാഹിത്യകാരന്മാര്‍
മറ്റു മേഖലകളിലേയ്ക്ക് തിരിയുന്നത്.കട്ടും കവര്‍ന്നും കുറെ കഥയും നോവലും എഴുതി ഉണ്ടാക്കിയ പഴയ
പേരിന്‍റെ പിന്‍ബലത്തിലല്ലെങ്കില്‍ ആരാണ് പുനത്തിലിനെ പ്പോലൊരാളെ കോളമെഴുതാന്‍ നിയോഗിക്കുക?മോഷ്ടിക്കാന്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ നാലു വീശിയതിന്‍റെ ധൈര്യത്തില്‍ പടച്ചു വിട്ടതാകും കേരളകൗമുദിയിലെ ലേഖനം.അതിനപ്പുറം പ്രാധാന്യം പുനത്തിലിന്‍റ ആ ചവറിന് കൊടുക്കേണ്ട ആവശ്യ
മുണ്ടെന്നു തോന്നുന്നില്ല.

-ദത്തന്‍

കുറുമാന്‍ said...

Mareechan (ayyo thettippoyo, malayalam illatha computeril aanu, kshamikkuka)

Nalla lekhanam.

Punathil mathramalla, manassinte vathayanangal thurakkan thathparyam illatha kure ezhuthukar undu, blogine kuttam parayanum, athine patiyadachu pindam vakkanum nadakkunnavar.

Sooryan iniyum udikkum, asthamikkum, athu sathyamengil blogum uyaram kizakku, pakshe asthamikkilla ennu mathram.

Nachiketh said...

പുനത്തില്‍ കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ ചികിത്സ തേടേണ്ടത് ഈ മനോരോഗത്തിനാണ്. ബ്ലോഗുകള്‍ക്കെതിരെയുളള ആസ്ഥാന സാഹിത്യകാരന്മാരുടെ മനോഭാവമൊന്നും നവ മാധ്യമത്തിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കുകയേയില്ല...കലക്കി മാരീചന്‍ , .....തൊണൂറുകളുടെ മധ്യത്തില്‍ മേതില്‍ രാധാകൃഷണന്‍ പറഞ്ഞിരുന്നു, “ഇന്നിപ്പോള്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തില്‍ പെട്ട് പുതിയ എഴുത്തുകാര്‍ കുറയുന്നു എന്ന് എനിയ്ക് തോന്നുന്നില്ല, ക്രിയാത്മകത വഴി മാറി എന്നേ തോന്നിയിട്ടുള്ളൂ, ഒരു കാലത്ത് അവര്‍ ശക്തമായി തിരിച്ചു വരും ,അവര്‍ക്കനുയോജ്യമായ ഒരു പുതിയ മാധ്യമത്തിലൂടെ , അന്നിവിടുത്തെ തലതൊട്ടപ്പന്മാ‍ര്‍ നാണിച്ചു മുഖം താഴ്ത്തും”, അതു യാ‍ഥാര്‍ത്ഥ്യമാവുകയാണ്.
അതിനെതിരെ എന്തു പറഞ്ഞിട്ടും കാര്യമില്ല,

SunilKumar Elamkulam Muthukurussi said...

മാരീചാ, പുനത്തില്‍ കുഞബ്ദുള്ള പോഴത്തങളുടെ ആള്‍ രൂപമാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇലക്ഷന്‍ മത്സരിച്ചതടക്കം ഒരുപാട് പോഴത്തങ്ങള്‍! അദ്ദേഹം പറഞത് ആര് കേള്‍ക്കാന്‍? ഇപ്പറഞതും പോഴത്തം.

-സു-

സാരംഗി said...

ബ്ലോഗിന്റെ വളര്‍ച്ചയിലുള്ള അഷൂഷയും അറിവില്ലായ്മയും...അതുമാത്രമാണ് ഇമ്മാതിരി പ്രസ്താവനകള്‍ക്കൊക്കെ ഹേതു. നല്ല ലേഖനം മാരീചന്‍.

ശ്രീവല്ലഭന്‍. said...

'കുഞ്ഞ'ബ്ദുള്ള പുനത്തില്‍ തന്നെ!

നല്ല ലേഖനം :-)

Santhosh said...

നല്ല പ്രതികരണം, മാരീചാ.

Unknown said...

അല്ലേലും ഈ പുനത്തിലിന്റെ നാവിനു പണ്ടെ ഇത്തിരി നീളം കുടുതലാണു

പരാജിതന്‍ said...

മാരീചാ,
കുഞ്ഞബ്ദുള്ളയുടെ കോപ്പിയടി വേറേം ഉണ്ട്. പണ്ട് മദ്രാസില്‍ നിന്ന് ദക്ഷിണഭാരതി ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘ആധുനികജര്‍‌മ്മന്‍ ചെറുകഥകള്‍’ എന്ന പുസ്തകത്തില്‍ ‘തീര്‍‌ത്ഥയാത്ര’എന്ന പേരില്‍ പരിഭാഷപ്പെടുത്തി വന്ന ഒരു ജര്‍‌മ്മന്‍ കഥ അല്ലറചില്ലറ മാറ്റം വരുത്തി ‘ഭഗവാന്‍’ എന്ന പേരില്‍ കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ മോഷണം ആരെങ്കിലും പിടികൂടിയിട്ടുണ്ടോ എന്നറിവില്ല. പക്ഷേ രണ്ടും വായിച്ചു അന്തം വിട്ടിട്ടുള്ളതു കൊണ്ട് നല്ല ഓര്‍‌മ്മയുണ്ട്.

ബ്ലോഗിനെപ്പറ്റിയൊക്കെയുള്ള മൂപ്പരുടെ ഡയലോഗ് വായിച്ചാല്‍ മൂപ്പര്‍ സഹതാപമര്‍‌ഹിക്കുന്നുവെന്നേ പറയാനുള്ളൂ.

Roby said...

നാട്ടിലെത്തുമ്പോള്‍ സമയം പോലെ സ്മാരകശിലകള്‍ ഒന്നു വായിക്കണമെന്ന് കരുതിയതായിരുന്നു...ഇനി ആ സമയത്ത് ഞാന്‍ രണ്ട് വാഴ വെക്കും.

നല്ല ലേഖനം മാരീചാ..

t.k. formerly known as thomman said...

വെബ്ബ് സ്ഥിരമായി ഉപയോഗിക്കുന്ന പലരും ബ്ലോഗ് എന്ന സാമൂഹിക മാധ്യമം എന്താണെന്ന് മുഴുവനായി മനസ്സിലാക്കാത്തവരാണ്‍. പിന്നെയാണ്‍ പുനത്തില്‍. പഴയ തലമുറയിലെ എഴുത്തുകാരുടെ അംഗീകാരം ബ്ലോഗിന്ന് ആവശ്യമുണ്ടോ? സി.രാധാകൃഷ്ണനും എം.ടി.യുമെല്ലാം സ്വകാര്യത്തിലും പരസ്യമായും വെബ്ബിനെ പുച്ഛിച്ചിട്ടുണ്ട്. “സാഹിത്യനായകന്മാരെ“ വെറുതെ വിടുന്നതാണ്‍ നമുക്ക് സമയലാഭം; ഇത്തരമൊരു ചര്‍ച്ച നടക്കുന്നതായിപ്പോലും അവര്‍ അറിയുന്നുണ്ടാവില്ല :-)

അതുല്യ said...

പുനത്തില്‍ മാപ്പ് പറഞ് ഖേദിച്ചൂന്ന് ഒക്കെ എതിരനിവിടെ പറയുന്നുണ്ട്(http://mallu-ungle.blogspot.com/2008/04/blog-post_09.html?showComment=1207800240000#c1360925812846795491)
താനെഴുതിയത് എന്തൊക്കെ ആരൊക്കെ തിരുത്തിയെന്നും വെട്ടിയെന്നും, പിന്നീട് എന്തായെന്നും ഒക്കെനും നോക്കാനൊക്കെ എവിടാ സമയം?

Rajeeve Chelanat said...

ലേഖനം ഇപ്പോഴാണ് കണ്ണില്‍‌പെട്ടത്.

സംശയമെന്തിന് മാരീചാ, മനോരോഗമാണ്. വിട്ടുകള. (ആള്‍ദൈവ-അഴീക്കോട് വിവാദത്തിനിടയില്‍) ഈയിടെ അമൃതാനന്ദമയിയെയും ഈ വിശ്വസാഹിത്യകാരന്‍ ചൊറിഞ്ഞുകൊടുത്തു സുഖിപ്പിച്ചതായി വായിച്ചു.

തല്ലിയൊടിക്കുക ഈ വിഷപ്പത്തികളെ എന്ന ലേഖനം വായിക്കാന്‍ വന്നതായിരുന്നു. സാധിച്ചില്ല. ലിങ്ക് ശരിയാകുന്നില്ല. “മാളത്തില്‍ കുഞ്ഞബ്ദുള്ള സ്പീക്കിംഗി’ന് ഒരു മാരീചന്‍ ടച്ച് ഉണ്ടെങ്കിലും, ഈ കുറിപ്പിന് ആ പുതിയ പോസ്റ്റിന്റെ പേരും നന്നായി യോജിക്കും.

അഭിവാദ്യങ്ങളോടെ