Monday 28 April 2008

ബ്ലോഗ് അക്കാദമി നാടിന് അഭിമാനം

നല്ല പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും മനസില്‍ നന്മയുളളവര്‍ക്കും നല്ല വാക്കുകള്‍ എന്നും ഊര്‍ജമാണ്. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങനെ ഊര്‍ജം പകരുന്നത് മുന്നോട്ടുളള യാത്രയ്ക്ക് കൂടുതല്‍ കരുത്തുപകരും. ഉറപ്പ്.

കോഴിക്കോട് ശില്‍പശാലയുടെ അവലോകനം ദാറ്റ്സ് മലയാളത്തില്‍

നാടിന് അഭിമാനം ഈ ബ്ലോഗ് അക്കാദമി

Wednesday 23 April 2008

ബ്ലോഗ് അക്കാദമി, ചില വേറിട്ട ചിന്തകള്‍

സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും മനുഷ്യരെ ഉദ്ബോധിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്. ഐകമത്യം മഹാബലം എന്നത് അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ ആശയം വിശദമാക്കാന്‍ പരിശീലിച്ച ആപ്തവാക്യവും.

സാമൂഹിക പരിഷ്ക്കരണ രംഗത്തോ മറ്റേതെങ്കിലും മേഖലയിലോ എന്തെങ്കിലും പുരോഗതി നാം നേടിയിട്ടുണ്ടെങ്കില്‍ അത് സംഘടിച്ചു തന്നെയാണ്. അതില്‍ പലതും ഇന്നും നിലനില്‍ക്കുന്നതും സംഘടനകളില്‍ കൂടിയാണെന്നതും ശ്രദ്ധേയം. വ്യക്തിയേക്കാള്‍ കരുത്ത് സമഷ്ടിക്കാണ്, ആര് നിഷേധിച്ചാലും.

കേരളത്തില്‍ ഒരു ബ്ലോഗ് അക്കാദമിക്ക് രൂപം നല്‍കാന്‍ ചിലര്‍ മുന്നോട്ടു വന്നതും നല്ലിടയന്റെ നാട്യത്തോടെ ചര്‍ച്ചയ്ക്കെന്നോണം ചില ദുര്‍വാദങ്ങള്‍ ഉയരുന്നതും കണ്ടപ്പോഴാണ് മേല്‍ പറഞ്ഞ ആലോചനകള്‍ പിറന്നു വീണത്. കേരളത്തിനെ നശിപ്പിച്ചത് സംഘടനകളും അക്കാദമികളുമാണെന്നാണത്രേ പണ്ഡിത മതം! സംഘടനകളൊന്നും ഇല്ലാതിരുന്നെങ്കില്‍ എത്ര പണ്ടേ താന്‍ ജനിച്ച് സമൂഹത്തിലെ കുഴപ്പങ്ങളൊക്കെ പരിഹരിക്കുമായിരുന്നു എന്നു തോന്നും വാദങ്ങള്‍ കേട്ടാല്‍.

ബ്ലോഗ് അക്കാദമിക്ക് പിന്നിലുളളവര്‍ക്കാകട്ടെ, ഇതൊരു സ്ഥാപനമാണെന്ന് തുറന്നു സമ്മതിക്കാന്‍ എന്തോ ബുദ്ധിമുട്ടുളളതു പോലെ. നിയന്ത്രണമില്ല, ആര്‍ക്കും എന്തും ചെയ്യാം, ആരെയും ഞങ്ങള്‍ ഒന്നില്‍ നിന്നും തടയില്ല. സര്‍വതന്ത്ര സ്വതന്ത്രം എന്നിങ്ങനെയുളള പഞ്ചാര മുട്ടായികള്‍ കാട്ടി ആരെയൊക്കെയോ ആകര്‍ഷിക്കാന്‍ അക്കാദമിയുടെ സംഘാടകര്‍ ബദ്ധപ്പെടുന്നതു പോലെ.

അക്കാദമിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പം സമയം നീക്കി വെയ്ക്കണമെന്ന് ആഗ്രഹമുളള, അതിനുളള സന്നദ്ധത അറിയിച്ച ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ഒരുകാര്യം വ്യക്തമാക്കട്ടെ.

ഒരു നിയന്ത്രണവും ഇല്ലാത്ത, ഒരു നിബന്ധനയും ഇല്ലാത്ത, സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന്റെ അരാജകത്വത്തിലേയ്ക്ക് കടന്നുവരാന്‍ ഈയുളളവന് ബുദ്ധിമുട്ടാണ്. ഒരു സ്ഥാപനം നിലനില്‍ക്കുന്നതും മുന്നോട്ടു പോകുന്നതും നിയന്ത്രണങ്ങളിലും നിബന്ധനകളിലും കൂടി തന്നെയാണ്. അതെങ്ങനെ വേണമെന്നും എങ്ങനെ നടപ്പാക്കുമെന്നും കൂടിയാലോചനകളിലൂടെ രൂപപ്പെടേണ്ടതും.

അങ്ങനെ ചിലത് രൂപപ്പെടുത്തിയാല്‍ അതനുസരിക്കാന്‍ തയ്യാറായിട്ടു തന്നെയാണ് മെമ്പര്‍ഷിപ്പിനുളള ലിങ്കില്‍ ക്ലിക്ക് ചെയ്തതും.

ഒരു സ്ഥാപനം വരുന്നുവെന്ന് കേള്‍ക്കുമ്പോഴേ കൂവി വിളിക്കാനും ആക്ഷേപിക്കാനും ഉപദേശമെന്ന പേരില്‍ സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനും പലരും മുന്നോട്ടു വരും. ഒന്നുകില്‍ അത് കണ്ടില്ലെന്ന് നടിച്ച് സധൈര്യം മുന്നോട്ടു പോവുക. അല്ലെങ്കില്‍, കൃത്യമായി അതിന് മറുപടി പറയുക. എങ്ങും തൊടാതെയുളള അഴകൊഴമ്പന്‍ സമീപനം എന്തിന്? ആരെയെങ്കിലും നാം ഭയക്കേണ്ടതുണ്ടോ?

സമാന ചിന്താഗതിയുളള ഏതാനും പേര്‍ ഒന്നിച്ചിരുന്ന് ഒരു അക്കാദമി രൂപീകരിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇവിടെ ഏത് തമ്പുരാന്റെ അനുമതി പത്രമാണ് വേണ്ടത്? ബ്ലോഗിംഗിനെക്കുറിച്ച് എന്റെ ധാരണ അതല്ല, ഇതല്ല, ബ്ലോഗിനെ ഞാന്‍ മനസിലാക്കിയത് അങ്ങനെയല്ല എന്നൊക്കെ പറഞ്ഞ് ഉപദേശിക്കാന്‍ വരുന്നവര്‍ സ്വന്തം കാര്യത്തില്‍ അത് നോക്കിയാല്‍ മതിയെന്ന് മുഖത്തടിച്ചു പറയാന്‍ എന്താണ് വൈമനസ്യം?

അക്കാദമിയെന്തെന്നും എന്തിനെന്നും അറിയണമെങ്കില്‍ അതിനു പിന്നിലുളള ആരോടെങ്കിലും മാന്യമായ ഭാഷയില്‍ ചോദിക്കുകയാണ് വഴി. അക്കാദമിയുടെ ഉദ്ദേശ്യം സ്വന്തം കാഴ്ചപ്പാടിന് വിരുദ്ധമാണെങ്കില്‍ സലാം പറഞ്ഞ് പിരിയാം. അതല്ല, യോജിക്കാവുന്നവയും യോജിക്കാനാകാത്തവയും ഉണ്ടെങ്കില്‍, സഹകരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആരോഗ്യകരമായ സംവാദത്തില്‍ ഏര്‍പ്പെടാം. ഇതൊക്കെയാണ് സാമാന്യ ബുദ്ധിയുളളവര്‍ ചെയ്യുക.

കഴുത്തില്‍ കത്തി കാണിച്ചോ, ബ്ലോഗില്‍ സംഘടിതമായി അനോണിക്കമന്റെഴുതിയോ ആരെയെങ്കിലും അക്കാദമിയില്‍ അംഗമാകാന്‍ ക്ഷണിച്ചോ? ഭീഷണിപ്പെടുത്തിയോ? പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം ഗണിച്ച് ഇതാ ഒരസുരന്‍ എല്ലാം നശിപ്പിക്കാനെത്തുന്നു എന്ന് പ്രവചിക്കാന്‍‍, എന്താണിവരുടെ യോഗ്യത?

ബ്ലോഗ് ഒരുപകരണമാണ്. പലരും പല ആവശ്യങ്ങള്‍ക്കായിരിക്കും ബ്ലോഗ് ഉപയോഗിക്കുക. ചിലര്‍ക്ക് അത് ആത്മപ്രകാശനത്തിന്റെ ഉപാധിയായിരിക്കും. മറ്റു ചിലര്‍ക്കത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കും. വേറെ ചിലര്‍ക്ക് വെറും തമാശയും ഇനിയും കുറെപ്പേര്‍ക്ക് പഠനത്തിന്റെ ഭാഗവുമായിരിക്കാം.

സമാന ചിന്താഗതിയുളളവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതും അതിന് നിയതമായ രൂപമുണ്ടാകുന്നതും ലോകത്തില്‍ ആദ്യ സംഭവമാണോ? മുമ്പെന്തൊക്കെയോ പൊളി‍ഞ്ഞെന്നോ തകര്‍ന്നെന്നോ കരുതി ഇനിയൊന്നും ഉണ്ടായിക്കൂടെന്നുണ്ടോ? ഒരു പാലം തകര്‍ന്നെന്നു കരുതി ഇനി പാലമേ വേണ്ടെന്ന് തീരുമാനിക്കുമോ?

ബ്ലോഗ് അക്കാദമി ഒരു സ്ഥാപനമായി പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കാണ് ചേതം? പ്രവര്‍ത്തന വേളയില്‍ അതില്‍ തര്‍ക്കങ്ങളുണ്ടായാലോ അത് തകര്‍ന്നാലോ ആര്‍ക്കെങ്കിലും നഷ്ടമുണ്ടോ? ഗൂഗിളോ മലയാള ഭാഷയോ അതുകൊണ്ട് കുത്തുപാളയെടുക്കുമോ?

കേരളത്തില്‍ ഒരു ബ്ലോഗ് അക്കാദമിക്ക് രൂപം നല്‍കി എല്ലാ മലയാള ബ്ലോഗര്‍മാരെയും നിയന്ത്രിക്കാന്‍ കഴിയുമോ? കേരളത്തിലെ സാഹിത്യകാരന്മാരെ നിയന്ത്രിക്കുന്നത് സാഹിത്യ അക്കാദമിയാണോ? അന്‍വര്‍ റഷീദും സത്യന്‍ അന്തിക്കാടും ഏത് സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത് ചലച്ചിത്ര അക്കാദമിയാണോ? ഇളയരാജ സംഗീതസംവിധാനം നിര്‍വഹിക്കുന്നതും ഫ്രാന്‍സിസ് ടി മാവേലിക്കര നാടകം സംവിധാനം ചെയ്യുന്നതും സംഗീത നാടക അക്കാദമിയുടെ കുറിപ്പടിയനുസരിച്ചാണോ?

ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കുറേപ്പേര്‍ തയ്യാറാകുമ്പോഴാണ് ഒരു സംഘടന രൂപം കൊളളുന്നത്. സംഘടന മുന്നോട്ടു പോകണമെങ്കില്‍ വ്യക്തമായ പ്രവര്‍ത്തന പരിപാടിയും ചിട്ടവട്ടങ്ങളും വേണം. സംഘടനയുടെ സജീവ പ്രവര്‍ത്തകര്‍ സംഘടനയ്ക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കാന്‍ സ്വയം തയ്യാറാകണം. പരസ്പര ബഹുമാനവും മര്യാദയും പുലര്‍ത്തണം. നേരെ ചൊവ്വേ മുന്നോട്ടു പോകണമെങ്കില്‍ ചില അടിസ്ഥാന ഘടകങ്ങളില്‍ ഊന്നിയേ മതിയാകൂ എന്ന് സാരം.

ഒരു ചിട്ടവട്ടങ്ങളുമില്ലാതെ സമ്പൂര്‍ണമായ അരാജകത്വത്തെ ഉപാസിച്ചാല്‍ ലക്ഷ്യങ്ങള്‍ നമ്മെ നോക്കി പല്ലിളിക്കും. പ്രവര്‍ത്തനത്തെ നോക്കി ഊളന്മാര്‍ ഓരിയിടും. അതിന്റെ വര്‍ത്തമാനം ലജ്ജാവഹവും പരിണാമം ജുഗുപ്സ നിറഞ്ഞതുമായിരിക്കും.

അക്കാദമിയില്‍ ഒന്നോ രണ്ടോ മൂന്നോ പേരില്‍ മാത്രമൊതുങ്ങുമെങ്കില്‍ നിന്ത്രണങ്ങള്‍ അനാവശ്യമായേക്കാം. എന്നാല്‍ അംഗസംഖ്യ കൂടുകയും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിപുലമാവുകയും ചെയ്യുമ്പോള്‍ അത് സ്ഥാപനവല്‍ക്കരിക്കപ്പെടുക തന്നെ വേണം. ആ സ്ഥാപനവല്‍ക്കരണത്തിലാണ് ബ്ലോഗിന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ നാം പരീക്ഷിക്കേണ്ടത്.

വ്യത്യസ്തമായ ഒരു സ്ഥാപനം കെട്ടിപ്പൊക്കാനുളള പണിയായുധങ്ങളായി ബ്ലോഗിനെയും ഇന്റര്‍നെറ്റിനെയും ഉപയോഗപ്പെടുത്താമോ എന്ന അന്വേഷണം നടത്തുന്നതില്‍ എന്താണ് അപാകം? നമ്മുടെ ബുദ്ധിയും ഊര്‍ജവും ഈ സംവിധാനങ്ങളുടെ സാധ്യതകളുമായി സംയോജിപ്പിച്ച് അത്ഭുതങ്ങള്‍ സാധ്യമാക്കാനാവുമോ എന്ന് ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യേണ്ടേ? അല്ലാതെ സ്ഥാപനമെന്നും സംഘടനയെന്നുമൊക്കെ കേട്ട് "അയ്യോ, അതൊന്നുമല്ലേ" എന്ന് താണു തൊഴുതു പറയുകയല്ല.

അരാജകത്വം മുഖമുദ്രയാക്കിയാല്‍ ഒന്നും എങ്ങുമെത്തില്ല. ജോണ്‍ എബ്രഹാമിനെയും എ അയ്യപ്പനെയും മാതൃകയാക്കി ബ്ലോഗ് എഴുതാം. ബ്ലോഗ് അക്കാദമി നടത്താന്‍ കഴിയില്ല. സംഘടനയും സ്ഥാപനവുമൊന്നും അശ്ലീല പദങ്ങളല്ല. അങ്ങനെ വാദിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ഉളളിലിരിപ്പ് അത്ര നല്ലതാകണമെന്നുമില്ല.

തനിക്ക് സംഘടന വേണ്ട, അതുകൊണ്ട് ആര്‍ക്കും വേണ്ടെന്ന് കല്‍പ്പിക്കാനുളള വലിപ്പമൊന്നും ഇവിടെയാര്‍ക്കും ആയിട്ടില്ലെന്നോര്‍മ്മിപ്പിക്കട്ടെ. ബ്ലോഗ് അക്കാദമിയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ആരൊക്കെ ആകണമെന്ന് തീരുമാനിക്കുന്നതും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നതാണ് ബുദ്ധി. അങ്ങനെയൊരു സെറ്റപ്പിനെയാണല്ലോ നാം ജനാധിപത്യമെന്ന പേരിട്ട് വിളിക്കുന്നതും.

ബ്ലോഗിലേയ്ക്ക് കൂടുതല്‍ ആളുകളെയെത്തിക്കണമെന്നും ബ്ലോഗ് ചെയ്യുന്നവരുടെ എണ്ണം കൂട്ടണമെന്നുമൊക്കെ ആര്‍ക്കെങ്കിലും തോന്നിയാല്‍, അതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവരങ്ങ് തീരുമാനിച്ചാല്‍, അതില്‍ നിന്നവരെ തടയാനും അവരുടെ ആത്മാര്‍ത്ഥതയെയോ ആര്‍ജവത്തെയോ ചോദ്യം ചെയ്യാനുമൊന്നും ദയവായി മെനക്കെടാതിരിക്കുക. അവരെ അവരുടെ വഴിക്ക് വിടുക.

ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രത്തോളമെത്തിച്ചവരോട് ഒരഭ്യര്‍ത്ഥനയുണ്ട്. ആരുടെയും പേരെടുത്ത് പറയുന്നില്ല. അക്കാദമി എങ്ങനെയാണ് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ രൂപരേഖ ഉടന്‍ തയ്യാറാക്കണം. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇതിനകം സമ്മതം അറിയിച്ചവരുടെ പരിഗണനയ്ക്ക് അത് അയച്ചു കൊടുക്കണം.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വരട്ടെ. അംഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബ്ലോഗ് രൂപപ്പെടുത്തി ചര്‍ച്ച അവിടെയാക്കിയാലും മതി. അങ്ങനെയൊക്കെ ചെയ്യുവന്നവര്‍ ഏതോ നിഗൂഢ കേന്ദ്രമാണെന്ന് പുറത്തു നില്‍ക്കുന്നവരിലാര്‍ക്കെങ്കിലുമൊക്കെ തോന്നിയെന്നിരിക്കും. അവരൊക്കെ മനുഷ്യരാണെന്ന് നിശ്ചയമുളളവരും ഈ ബൂലോകത്തു തന്നെയുണ്ട്.

ഏതൊരു സംഘടനയും നശിക്കുന്നതും നന്നാകുന്നതും അതിലെ അംഗങ്ങളുടെ പ്രവര്‍ത്തനം മൂലമാണ്. പുറത്തു നിന്നാര്‍ക്കും ഇതിന് രണ്ടിനും കഴിയില്ല. ലക്ഷ്യവും പരിപാടിയും കൃത്യമായി നിശ്ചയിച്ചാല്‍ അതുമായി സഹകരിക്കണോ വേണ്ടയോ എന്നു സന്ദേഹമുളളവര്‍ക്ക് പണി എളുപ്പമായിരിക്കും. കുറച്ചു പേരുടെ മനസമാധാനം നശിപ്പിച്ചിട്ട് നമുക്കെന്ത് കിട്ടാനാ?

ബ്ലോഗ് അക്കാദമി എന്ന ആശയം കുറച്ചു കൂടി മൂര്‍ത്തമാകണം. ചുമതലകള്‍ ഏറ്റെടുക്കുക എന്ന ഗൗരവതരമായ പ്രവൃത്തി ലക്ഷ്യമിടുമ്പോള്‍ പ്രത്യേകിച്ചും. വാര്‍ത്താ വിനിമയ ഉപാധികളും ഡാറ്റാ ട്രാന്‍സ്ഫറിംഗും എളുപ്പമേറിയതും ചെലവ് കുറഞ്ഞതും ആയ ഈ കാലത്ത് ഒരു സംഘടന നടത്തിക്കൊണ്ടു പോവുക അത്ര ബുദ്ധിമുട്ടൊന്നും ഉളള കാര്യമല്ല.

വേണമെങ്കില്‍ ചക്ക ബ്ലോഗിലും കായ്ക്കും.

(ഇനി ഇപ്പറഞ്ഞതൊന്നുമല്ല, ജില്ലയുടെ പേരില്‍ അക്കാദമി കൂട്ടിച്ചേര്‍ത്ത ബ്ലോഗും അതില്‍ മാസത്തില്‍ ഓരോ പോസ്റ്റും തീരാത്ത ചര്‍ച്ചയുമാണ് ലക്ഷ്യമെങ്കില്‍, ഈ പോസ്റ്റിനെയും ബ്ലോഗറെയും മറന്നേക്കുക)

Friday 11 April 2008

മാളത്തില്‍ കുഞ്ഞബ്ദുളള സ്പീക്കിംഗ്

ധന്വന്തരിക്ക് നേരമ്പോക്കുകാരിയായി സരസ്വതിയുണ്ടാകുന്നതു പോലെയാണ് പുനത്തില്‍ കുഞ്ഞബ്ദുളള സാഹിത്യത്തെ കാണുന്നത് എന്ന് നിരീക്ഷിച്ചത് സാക്ഷാല്‍ ഒ വി വിജയനായിരുന്നു. വലിയൊരു വരുമാനം നേടിത്തരുന്ന മെഡിക്കല്‍ പ്രാക്ടീസിന് അനുബന്ധമായേ കുഞ്ഞബ്ദുളള എഴുത്തിനെ കണ്ടിരിക്കൂവെന്ന ആ നിരീക്ഷണം കുഞ്ഞബ്ദുളളയുടെ സാഹിത്യ ചോരണാരോപണം മുന്‍നിര്‍ത്തിയാണ് വിജയന്‍ നടത്തിയത്.

കുഞ്ഞബ്ദുളളയുടെ കന്യാവനങ്ങള്‍ എന്ന കൃതിയില്‍, ടാഗോറിന്റെ ചില കൃതികളില്‍ നിന്നുളള ഭാഗങ്ങള്‍ പദാനുപദം മോഷ്ടിച്ചിരിക്കുന്നു എന്നായിരുന്നു ആരോപണം. പരലോകം എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു നോവലിലെ ചില ഭാഗങ്ങള്‍ ഡോ. മുരളീകൃഷ്ണയുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുളള ലേഖനങ്ങളുടെ തനിപ്പകര്‍പ്പാണെന്നും ആരോപണമുണ്ടായി.

ഇതേ തുടര്‍ന്ന് വാരിക നോവലിന്റെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി. മഹാന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നു എന്ന ന്യായമൊന്നും കുഞ്ഞബ്ദുളള വൈദ്യന്‍ പറഞ്ഞില്ല. എഴുത്തില്‍ ഇതൊക്കെ സ്വാഭാവികം എന്നൊരു ലൈനാണ് കക്ഷി സ്വീകരിച്ചത്.

അബ്ദുളളയെക്കുറിച്ച് ഈയൊരു നെടുങ്കന്‍ ആമുഖം കുറിച്ചതിന് പ്രകോപനം ഏപ്രില്‍ ഒമ്പതിന്റെ കേരള കൗമുദിയില്‍ എഡിറ്ററെ ആശ്രയിക്കാതെ എന്ന അദ്ദേഹത്തിന്റെ ലേഖനമാണ്. പ്രസിദ്ധീകരണ സമ്പ്രദായത്തിലെ പുതിയ പ്രവണതയായ ബ്ലോഗുകളെക്കുറിച്ചാണ് പരമാബദ്ധങ്ങളും സാങ്കേതികഭീതിയും ചാലിച്ച് വൈദ്യന്‍ കുറിപ്പടി രചിച്ചത്.

പുതിയ സാങ്കേതിക വിദ്യകള്‍ കടന്നു വരുമ്പോള്‍ പൊതുവേ ബേജാറാകുന്നവരാണ് സാഹിത്യകാരന്മാര്‍. പരിചയിച്ച വഴി കൈവിടാനും പുതിയത് സ്വീകരിക്കാനുമുളള വിമുഖത സാഹിത്യകാരന്മാരുടെ കൂടെപ്പിറപ്പാണ്. ബ്ലോഗ് സാഹിത്യം എഴുതുന്ന ഒന്നല്ല, കമ്പോസ് ചെയ്യുന്ന ഒന്നാണെന്നാണ് കുഞ്ഞബ്ദുളളയുടെ തട്ടിമൂളിക്കല്‍..

എഴുത്തും കമ്പോസിംഗും രണ്ടാണെന്ന രണ്ടാണെന്ന സൂചനയുടെ അര്‍ത്ഥം ബ്ലോഗെഴുത്തുകാര്‍ രണ്ടാംനിര എഴുത്തുകാരാണെന്നു തന്നെ. സൂചിപ്പിക്കുന്നതോടെ ബ്ലോഗെഴുത്തുകാര്‍ രണ്ടാം നിരക്കാരാണെന്ന് വിവക്ഷ. അച്ചടിയുമായി ബന്ധപ്പെട്ട രണ്ടു വാക്കുകളാണ് എഴുത്തും കമ്പോസിംഗും. എഴുത്തുകാരന്‍ ക്രിയേറ്റിവിറ്റിയുടെ രാജാവും കമ്പോസിറ്റര്‍ ഡൂക്കിലി തൊഴിലാളിയും എന്നാണ് ജാ‍ട. അച്ചടി ശാലയിലെ കമ്പോസിറ്റര്‍മാര്‍ക്ക് പലപ്പോഴും പത്താം തരം വിദ്യാഭ്യാസം പോലും കാണില്ലല്ലോ. ടാഗോറിനെയും മുരളീകൃഷ്ണയെയും ഉളുപ്പില്ലാതെ കോപ്പിയടിച്ച് വലിയ എഴുത്തുകാരനാവാന്‍ മോഹിച്ച കക്ഷി, ബ്ലോഗെഴുത്തുകാരെ കമ്പോസിറ്റര്‍മാരെന്ന് ആക്ഷേപിച്ച് മേനി നടിക്കുന്നത് കാണാന്‍ രസമുണ്ട്.

തലച്ചോറിലുളളത് നേരിട്ട് കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തുന്നത് വെറും കമ്പോസിംഗാണോ? കഥാകാരിയും ആകാശവാണിയിലെ ന്യൂസ് എഡിറ്ററുമായ കെ എ ബീന ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. എത്രയും പെട്ടെന്ന് കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. കഥയോ ലേഖനമോ ഒക്കെ എഴുതി, അത് വിശ്വസ്തരായ ഡിറ്റിപി സെന്ററുകാരെ ഏല്‍പ്പിച്ച്, അവര്‍ ടൈപ്പ് ചെയ്തു തരുന്നത് പ്രൂഫ് നോക്കി തിരുത്തി, അതിന്റെ പ്രിന്റ് ഔട്ട് ഒന്നുകൂടി പരിശോധിച്ചു വേണം ഒരു പുസ്തകം പുറത്തിറക്കാന്‍.‍ രണ്ടാമത്തെ വായനയിലാണ്, ഖണ്ഡികയിലോ വാചക ഘടനയിലോ പുതിയൊരാശയം ചിലപ്പോള്‍ വീണു കിട്ടുക. അത് എഴുതി തിരുത്തുന്നതിന്റെ പാട് വേറെ. ചുരുക്കത്തില്‍ ഏറെ അധ്വാനവും സമയനഷ്ടവും ഉളളതാണ് എഴുതി, മറ്റൊരാള്‍ ഡിറ്റിപിയെടുത്ത് പുസ്തകമിറക്കുന്ന വിദ്യ.

കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനറിയാമെങ്കില്‍ സമയവും ഊര്‍ജവും എത്രയോ ലാഭം. കുറെ പേപ്പര്‍ ലാഭിക്കുകയുമാകാം. എഡിറ്റ് ചെയ്യുന്നതിനും തെറ്റ് തിരുത്തുന്നതിനും എത്രയെളുപ്പം. അടുത്ത പുസ്തകം പുറത്തിറക്കുന്നതിനു മുമ്പ് മലയാളം ടൈപ്പിംഗ് പഠിച്ചിരിക്കുമെന്ന കെ എ ബീനയുടെ തീരുമാനം എവിടെക്കിടക്കുന്നു, കമ്പ്യൂട്ടറില്‍ എഴുത്തല്ല, കമ്പോസിംഗാണെന്ന കുഞ്ഞബ്ദുളള വൈദ്യന്റെ ഡയഗ്നോസിസ് എവിടെക്കിടക്കുന്നു!!

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഭാവനയ്ക്കെതിരെ നീളുന്ന വെല്ലുവിളിയായി കരുതി എഴുത്തുകാര്‍ സ്വീകരിക്കുമെന്ന തന്റെ പ്രതീക്ഷ തകര്‍ന്നു പോയെന്ന് പ്രശസ്ത നിരൂപകന്‍ പി കെ രാജശേഖരന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. . വിദ്യാസമ്പന്നരും നല്ല വായനക്കാരുമായ എഴുത്തുകാര്‍ക്ക് പുതിയ ലോകം പ്രചോദനമാകുമെന്ന പ്രതീക്ഷ സഫലമായില്ലെന്നും അദ്ദേഹം പറയുന്നു.

കുഞ്ഞബ്ദുളള വൈദ്യന്റെ രോഗമെന്തെന്ന് നിശ്ചയിക്കാന്‍ ഈ രണ്ടുപേരുടെയും അഭിപ്രായം ധാരാളം മതി. വയസുകാലത്ത് മലയാളം ടൈപ്പിംഗ് പഠിക്കാനും ബ്ലോഗാനുമൊന്നും കുഞ്ഞന് വയ്യ. പണവും പ്രശസ്തിയും ആവശ്യത്തിന് ആയിക്കഴിഞ്ഞു, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായി. പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് താനായി ഒരഭിപ്രായം പറഞ്ഞില്ലെന്ന് വേണ്ട. അങ്ങനെയാണ് കുഞ്ഞബ്ദുളള ഈനാംപേച്ചിയും കേരള കൗമുദി മരപ്പട്ടിയുമായത്.

കുഞ്ഞബ്ദുളളയുടെ കൗമുദീവമനത്തില്‍ പറയുന്നതു മാതിരിയാണോ ബ്ലോഗിംഗ്? കേരളത്തിലെ ഓണം കേറാമൂലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബ്ലോഗില്‍ മിനിട്ടുകള്‍ക്കകം യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വായനക്കാരുടെ പ്രതികരണങ്ങളെത്തുന്നു. ഇടപെടലുകളുണ്ടാകുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കലും സംവാദവും നടക്കുന്നു. എഴുത്തുകാരനും (സോറി കമ്പോസിറ്ററെയും) വായനക്കാരും ചേരുന്ന ഒരു ലോകം ക്രിയാത്മകമായി വികസിക്കുന്നു. ചില്ലറക്കാര്യമാണോ ഈ പാരസ്പര്യം?

പ്രകാശകന്റെയും പ്രസാധകന്റെയും ദീനാനുകമ്പ പ്രതീക്ഷിച്ച് സൃഷ്ടി തുടങ്ങിയ പഴയ കാലത്തില്‍ നിന്ന് ഈ പ്രസിദ്ധീകരണ രീതി എത്രയോ വ്യത്യസ്തമാണ്. ദുബായിലെ ജബലലിയിലിരുന്ന് കൊടകര പുരാണം എഴുതുന്ന വിശാലമനസ്കനും കോട്ടയത്തിരുന്ന് ബെര്‍ളിത്തരങ്ങളെഴുതുന്ന ബെര്‍ളിത്തോമസും വായനക്കാരെ നേടിയത്, കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ അനുഭവിച്ച യാതനകളൊന്നുമില്ലാതെയാണ്. അത് കാലത്തിന്റെ മാറ്റമാണ്. അതില്‍ ഇക്കയ്ക്കിത്ര അഷൂഷയെന്തിന്?

പ്രസാധകരനെന്ന സ്ഥാപനത്തോട് കലഹിച്ചവരാണ് ലിറ്റില്‍ മാഗസിന്റെ പിറവിയ്ക്ക് പിന്നില്‍. ലബ്ധപ്രതിഷ്ഠനായ എഡിറ്റര്‍ ഒരു കൃതി നിരസിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. (എഴുതിത്തുടങ്ങിയ കാലത്ത് ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ കവിതകള്‍ മാതൃഭൂമി നിരസിച്ചതായി കേട്ടിട്ടുണ്ട്. മോശമായിരുന്നോ ചുളളിക്കാടിന്റെ കവിതകള്‍?) എഡിറ്റര്‍മാരുടെ മുന്‍വിധി, മാസികയിലെ സ്ഥലപരിമിതി, ചില ആശയങ്ങളോടുളള എതിര്‍പ്പോ പകയോ, ജാതി, രാഷ്ട്രീയം, ഏഷണി ഇങ്ങനെ പലതുമാണ്, പ്രസിദ്ധീകരണ യോഗ്യമല്ലെന്ന കുറിപ്പോടെ ഒരു കൃതി മടങ്ങിയെത്തുന്നതിന് പിന്നിലുളള കാരണങ്ങള്‍. മോശമായ കൃതിയെന്നതുകൊണ്ട് മാത്രമാവില്ലെന്നര്‍ത്ഥം.

ഉളളു നിറഞ്ഞൊഴുകിയ ക്ഷോഭം മുഖമുദ്രയായിരുന്ന ഒരു തലമുറയാണ് ലിറ്റിന്‍ മാഗസിനുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രസിദ്ധീകരണ സമ്പ്രദായത്തോടുളള കലഹമായിരുന്നു ലിറ്റില്‍ മാഗസിനുകളുടെ രാഷ്ട്രീയം. തങ്ങളുടെ പേര് അച്ചടിച്ച് കാണാനുളള കൊതിയെക്കാളേറെ അവര്‍ക്കതൊരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. എഡിറ്ററോടുളള പക തീര്‍ക്കാനാണ് ലിറ്റില്‍ മാഗസിനുകള്‍ ചവറുപോലെ അടിച്ചിറക്കിയതെന്ന് കുഞ്ഞബ്ദുളള നിരീക്ഷിക്കുമ്പോള്‍, ഒരു തലമുറയുടെ രാഷ്ട്രീയ ബോധത്തെയാണ് അദ്ദേഹം അപഹസിക്കുന്നത്.

എഡിറ്റോറുളള പകയുടെ കമ്പ്യൂട്ടര്‍ പ്രതികാരമാണത്രേ ബ്ലോഗുകള്‍. എഡിറ്ററോടുളള പക മൂത്താണോ,വിശാല മനസ്കന്‍ കൊടകരപുരാണം എഴുതിത്തുടങ്ങിയത് ? മലയാളത്തിലെ ഏറ്റവും പ്രചാരമുളള പത്രത്തില്‍ പണിയെടുക്കുന്ന ബെര്‍ളി തോമസും സുനീഷ് തോമസും ഏത് എഡിറ്ററോടുളള പക തീര്‍ക്കാനാണ് സാര്‍, ബ്ലോഗെഴുതുന്നത്?

വ്യക്തിപരമായ യാതൊരു വിവരവും വെളിപ്പെടുത്താതെ ആശയങ്ങള്‍ കൊണ്ടു മാത്രം ബ്ലോഗില്‍ ശക്തമായ സാന്നിദ്ധ്യമായവരുണ്ട്. വക്കാരിമഷ്ടയും ഇഞ്ചിപ്പെണ്ണുമൊക്കെ ആണോ പെണ്ണോ എന്നുപോലും നിശ്ചയമില്ല. എന്നാല്‍ മലയാള ബ്ലോഗ് ലോകത്തിന് അവഗണിക്കാനാവാത്ത സാന്നിദ്ധ്യങ്ങളാണിവര്‍. എഡിറ്ററോട് പക തീര്‍ക്കാനാണോ അവര്‍ ബ്ലോഗില്‍ സജീവമായത്. തങ്ങളുടെ പേര് അച്ചടിച്ച് കാണാനുളള കൊതിയാണോ അവരുടെ സാന്നിദ്ധ്യത്തിന് ഹേതു?

ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ സാന്നിദ്ധ്യം കുറ്റിയടിച്ചുറപ്പിക്കാന്‍ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ പണിയെടുത്തവരുണ്ട്. സിബുവും പെരിങ്ങോടനും കെവിനുമൊക്കെ ആ പട്ടികയില്‍ വരും. മലയാള ലിപി യൂണിക്കോഡിലേയ്ക്ക് മാറ്റാനും അത് ടൈപ്പ് ചെയ്യാന്‍ വരമൊഴി പോലെയുളള സങ്കേതങ്ങള്‍ സൗജന്യമായി വികസിപ്പിച്ച് എഴുത്തുകാരന് (സോറി കമ്പോസ് ചെയ്യുന്നവന്) കൈമാറിയവര്‍.

സ്മാരകശിലകള്‍ എന്ന കൃതിയെഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ കുഞ്ഞബ്ദുളള അനുഭവിച്ച സായൂജ്യത്തെക്കാള്‍ ഒട്ടും ചെറുതാവില്ല, വരമൊഴി പ്രവര്‍ത്തന സജ്ജമായപ്പോള്‍ സിബുവിനുണ്ടായ സന്തോഷം. അവരെപ്പോലുളളവര്‍ക്ക് സരസ്വതി വെറും നേരമ്പോക്കുകാരിയായിരുന്നില്ല എന്നറിയണമെങ്കില്‍, മനസിലെ മൗഢ്യം മാറ്റിവെച്ച് കുഞ്ഞബ്ദുളള ബ്ലോഗിനെക്കുറിച്ച്, ഇന്റര്‍നെറ്റിന്റെ ലോകത്ത് നടക്കുന്ന ഭാഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

നല്ലതുപോലെ വായിക്കാനറിയാവുന്നവന് മേല്‍പ്പറഞ്ഞ ഞുണുക്കു വേലകളൊന്നും ആവശ്യമില്ലെന്ന പ്രഖ്യാപനത്തോടെയാണ് അബ്ദുളള തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ബ്ലോഗുകളൊക്കെ ഒരു ചെറിയ വിഭാഗം മാത്രമേ മൈന്‍ഡ് ചെയ്യുന്നുളളൂവെന്ന ആശ്വാസത്തിനൊടുവിലാണ് ഈ പ്രഖ്യാപനം. കുഞ്ഞബ്ദുളളയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുന്നതില്‍ നമുക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും തോന്നേണ്ട കാര്യമില്ല.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലവും അവര്‍ നയിക്കുന്ന മെച്ചപ്പെട്ട ജീവിതവും ഒട്ടേറെ മനസുകളില്‍ അസൂയയുണ്ടാക്കിയിട്ടുണ്ട്. അവരില്‍ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. രണ്ടാം തരം പണിയെടുക്കുന്നവരാണ് അവരെന്നും വഴിവിട്ട ജീവിതമാണ് അവരൊക്കെ നയിക്കുന്നതെന്നുമുളള ഉളുപ്പില്ലാത്ത പ്രചരണത്തിനു പിന്നില്‍ ഈ അസൂയ വലിയൊരു ഘടകമാണ്.

ടെക്നോപാര്‍ക്കിലെ ടോയ്‍ലെറ്റുകളില്‍ നിന്ന് നിരോധ് കണ്ടെടുത്തെന്ന് സചിത്രഫീച്ചറെഴുതുന്നവരും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ വഴിവിട്ട രതിജീവിതം കഥയ്ക്ക് പ്രമേയമാക്കുന്നവരും ഉളളിന്റെയുളളിലെ അസൂയയ്ക്കാണ് ശമനം തേടുന്നത്. അക്ഷരത്തിന്റെ ലോകത്ത് ജീവിക്കുന്ന തങ്ങളാണ് സമൂഹത്തിന്റെ വഴി നിശ്ചയിക്കേണ്ടതെന്നും, എന്തിനും അന്തിമാഭിപ്രായം തങ്ങളുടേതായിരിക്കണമെന്നുളള ശാഠ്യം മനോരോഗമായി മലയാളത്തിലെ സാഹിത്യ പ്രവര്‍ത്തകരെ വേട്ടയാടുന്നു.

ആ മനോരോഗത്തിന്റെ വേറൊരു പതിപ്പാണ് 'എഡിറ്ററെ ആശ്രയിക്കാതെ' എന്ന കുഞ്ഞബ്ദുളളയുടെ ലേഖനം. കേരള കൗമുദിയില്‍ തന്നെ ഇത് അച്ചടിച്ചു വന്നതില്‍ മലയാള ബ്ലോഗ് ലോകത്തിന് ഒട്ടും അത്ഭുതവുമുണ്ടാവില്ല.

പുനത്തില്‍ കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ ചികിത്സ തേടേണ്ടത് ഈ മനോരോഗത്തിനാണ്. ബ്ലോഗുകള്‍ക്കെതിരെയുളള ആസ്ഥാന സാഹിത്യകാരന്മാരുടെ മനോഭാവമൊന്നും നവ മാധ്യമത്തിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കുകയേയില്ല. അതിശക്തമായ സാമൂഹിക ഇടപെടലുകള്‍ക്കുളള സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഈ മാധ്യമത്തെ ആക്ഷേപിക്കുന്നവര്‍, സ്വന്തം വിസ്മൃതിയാണ് വിലയ്ക്കു വാങ്ങുന്നത്. അത് അവര്‍ തിരിച്ചറിയുമ്പോഴേയ്ക്കും ലോകം ഏറെ മുന്നോട്ട് പോയിരിക്കും.