ആമുഖം......
പ്രശസ്തമായ സാഹിത്യ കൃതികളുടെ, സങ്കീര്‍ണമായ സാഹിത്യ സിദ്ധാന്തങ്ങളുടെ വായനാ അനുഭവമില്ലെങ്കിലും ഒരു കവിതാ നിരൂപണത്തിന് ധൈര്യം കാണിക്കുകയാണ്. രാജ് നീട്ടിയത്തിന്റെ ഗാര്‍ഹിക സത്യങ്ങള്‍ എന്ന വിശ്വപ്രസിദ്ധമായ കവിതയുടെ സ്വതന്ത്ര വായനയാണ് ഈ ലേഖനം.
റോബിയുടെ ഈ പോസ്റ്റില്‍ നിന്നാണ് രാജിന്റെ കവിതയെക്കുറിച്ച് ആദ്യം അറിയുന്നത്. ആധുനിക കവിതയെക്കുറിച്ചോ കവിതയിലെ ആധുനികതയെക്കുറിച്ചോ വലിയ വിവരമൊന്നുമില്ലാത്തതിനാല്‍, അപ്പോള്‍ തോന്നിയ ആവേശത്തിന് ആ പോസ്റ്റില്‍ ഇങ്ങനെയൊരു കമന്റെഴുതിയിട്ടിരുന്നു.
ആ വായനയല്ല, കവിത അര്‍ഹിക്കുന്നത് എന്ന് ആദ്യം ഓര്‍മ്മിപ്പിച്ചത് ഗുപ്തനാണ്. പിന്നീട് ഡിങ്കനും ആ വായനയെ അരിഞ്ഞു തളളി. തുളസി കക്കാട്ടിന്റെ ഈ പോസ്റ്റിലെ കമന്റു താണ്ഡവവും തുടര്‍ന്ന് ബെന്നിയുടെ ഈ അഭിപ്രായവും വായിച്ചപ്പോള്‍ രാജിന്റെ കവിതയെ വീണ്ടുമൊന്ന് വായിച്ചേക്കാമെന്ന് കരുതി.
രാഷ്ട്രീയക്കാരില്‍ നിന്ന് വീഴുന്ന പൊട്ടും പൊടിയുമെടുത്ത് ചപ്പി, ട്വെന്റി 20 പോലുളള ചവറ് പടങ്ങള്‍ക്ക് നിരൂപണമെഴുതി കാലം കഴിക്കുന്നൊരാള്‍, ആധുനിക കഥ, കവിത എന്നിവിടങ്ങളില്‍ ഒളിപ്പിച്ചു വെച്ച അതീവ ഗഹനവും അതി സങ്കീര്‍ണവുമായ ജീവിതസത്യങ്ങളെ നിരുത്തരവാദപരമായി സമീപിച്ചുവെന്നൊരു ദുഷ്പേര് ഈ നിരൂപണത്തോടെ ചാര്‍ത്തിക്കിട്ടും എന്നറിയാഞ്ഞിട്ടല്ല.
ജീവിതത്തിലൊരിക്കലെങ്കിലും ഒരു സാഹസത്തിന് ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകുമോ?ഹൈഡ്രജന്‍ ബലൂണോ, പാരച്യൂട്ടോ ഇല്ലാതെ, എന്തിന് സ്വന്തമായി ഒരു ചിറകുപോലുമില്ലാതെ പത്തുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്കു ചാടുന്ന ഈ അതിസാഹസികത, പ്രബുദ്ധരായ വായനക്കാര്‍ പൊറുക്കുമെന്നാണ് കരുതുന്നത്.
മാത്രമല്ല, ഏത് ആധുനിക കവിതയും രചിക്കുന്നത് അറുപഴഞ്ചനായ അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ചാണ്. തികച്ചും പഴയ അക്ഷരങ്ങളും വാക്കുകളും കൊണ്ട് എഴുതുന്ന വാചകങ്ങള്‍ക്ക് നവംനവമായ അര്‍ത്ഥം ഉണ്ടാകുന്നു. (വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പരിധിയില്‍ പെടുത്തി പഠിക്കേണ്ടതാണ് ഇതെന്ന് പ്രത്യേകം പറയേണ്ടല്ലോ). എങ്കിലും പഴയ അക്ഷരങ്ങളെയും വാക്കുകളെയും മാത്രം കാണുകയും പുതിയ അര്‍ത്ഥം കാണാതിരിക്കുകയും ചെയ്യുന്നവര്‍ കവിത വായിക്കുന്നത് ഭൂമിയിലോ ബൂലോഗത്തോ നിരോധിച്ചിട്ടില്ല. ആ സ്വാതന്ത്ര്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
നിരൂപണത്തിലേയ്ക്ക്.....
ഈഴവത്തിയെ ചാള മണത്തതെങ്ങനെ?
"ഖസാക്കിന്റെ ഇതിഹാസം" മലയാള സാഹിത്യത്തിലുണ്ടാക്കിയ പുകിലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് രാജ് നീട്ടിയത്തിന്റെ ഗാര്‍ഹിക സത്യങ്ങള്‍ എന്ന കവിത. ചില നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നതു പോലെ, മലയാള സാഹിത്യം ഖസാക്കിന് മുമ്പും ഖസാക്കിന് പിമ്പും (മറ്റേ പിമ്പല്ല) എന്ന അവസ്ഥയാണ് ആ നോവലിന്റെ സൃഷ്ടിയോടെ വിജയന്‍ സാധ്യമാക്കിയത്.
ഏതാണ്ട് അതേ അവസ്ഥയാണ് ബൂലോഗത്തും ഈ കവിത സൃഷ്ടിച്ചത്. ഗാര്‍ഹിക സത്യങ്ങള്‍ക്ക് മുമ്പും പിമ്പും (ഇവിടെയും മറ്റേ പിമ്പല്ല) എന്ന അവസ്ഥയിലേയ്ക്ക് ബൂലോഗ കവിത വലിച്ചെറിയപ്പെട്ടു.
ഇത് പലരും സമ്മതിച്ചു തരില്ല. കവിതയുടെ പേരില്‍ രാജ് നീട്ടിയത്ത് എന്ന കവിയെ ഭീകരനായ ജാതിവാദിയായി മുദ്രകുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബൂലോഗത്തെ അദ്ദേഹത്തിന്റെ നിതാന്ത്രശത്രുക്കള്‍. ഒരു പേക്കിനാവു പോലെ, കവിയുടെ മറ്റു വാദങ്ങളെ , ഈ കവിതയിലെ വരികള്‍ അത് പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ പിന്തുടരുകയാണ്. ഇനി വരാനിരിക്കുന്ന നാളുകളിലും ഈ കവിതയുടെ പേരില്‍ രാജ് വേട്ടയാടപ്പെടുമെന്ന് ഉറപ്പ്.
ചരിത്രപണ്ഡിതനും സാമൂഹ്യപരിഷ്കര്‍ത്താവും വിശകലന വിശാരദനും സാങ്കേതിക വിദഗ്ധനുമായ ഒരാള്‍ ജന്മനാ കവിയും കഥാകൃത്തും കൂടിയായാലോ? ചില്ലറയൊന്നുമാകില്ല അയാളുണ്ടാക്കുന്ന അക്രമം. കേരളത്തിന്റെ സാമൂഹ്യപാരമ്പര്യവും ചരിത്രവും ഉളളം കൈയിലെ നെല്ലിക്ക പോലെ അറിയാവുന്നയാള്‍ (കൈയിലുളള നെല്ലിക്ക ഉപയോഗിച്ചു തന്നെ കവി തളം വെയ്ക്കണമെന്ന അഭിപ്രായമുളളവരാണ് മൂരാച്ചികളായ നള ചന്ത്രക്കാര പ്രഭൃതികള്‍) വെറുതേ എഴുതിയ കവിതയല്ല ഗാര്‍ഹിക സത്യങ്ങള്‍.
പുര നിറഞ്ഞു നില്‍ക്കുകയാണെന്ന് സ്വയം തിരിച്ചറിയുന്ന കവി രണ്ടും കല്‍പ്പിച്ച് ഇന്റര്‍നെറ്റിലെ മാട്രിമോണിയല്‍ സൈറ്റ് വഴി പങ്കാളിയെ തേടാന്‍ തീരുമാനിക്കുന്നിടത്താണ് ജനത്തെ ചുറ്റിച്ച ഒരു കവിത കൂടി പിറന്നത്. കല്യാണം കഴിക്കാന്‍ തീരുമാനിച്ച വകയില്‍ കവിതയെഴുതിയ ആദ്യ കവി എന്ന ബഹുമതിയ്ക്കു കൂടി ഇതോടെ കവി അര്‍ഹനായി. ബഹുമതികളേറെയുളള കവി സ്വതേയുളള വിനയം കാരണം ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല.
കേരള മാട്രിമോണി ഡോട്ട് കോമിന്റെ ബയോഡേറ്റാ പേജ് പൂരിപ്പിച്ചപ്പോള്‍ കവി അക്ഷരാര്‍ത്ഥത്തില്‍ ചുറ്റിപ്പോയി. Caste No Bar എന്ന കോളത്തിലെത്തിയപ്പോള്‍ കവിയുടെ കൈ വിറച്ചു. ഒരു ടിക് ക്ലിക്ക് ചെയ്യാനാണ് കവിയുടെ കൈക്ക് വിറയല്‍ വന്നത്. സ്ഥിരമുളള ക്വാട്ട കഴിക്കാതെ വിറച്ചതാണെന്നും വായനക്കാര്‍ക്ക് ആരോപിക്കാം. കവിക്ക് പുല്ലാണ്.
caste/division എന്ന കോളം നായരെന്ന് പുല്ലുപോലെ പൂരിപ്പിച്ച കവിയുടെ കൈയാണ് തൊട്ടടുത്ത് Caste No Bar എന്നിടത്തെത്തിയപ്പോള്‍ വിറച്ചു വിറങ്ങലിച്ചത്. പിന്നീട് ആ വിറയല്‍ മലയാള ബ്ലോഗ് സമൂഹത്തിലേയ്ക്ക് പടര്‍ന്നു പതിഞ്ഞു. തൊട്ടു താഴെ sub caste എന്നെഴുതിയടത്ത് "കിരിയാത്ത്" എന്നെഴുതിയപ്പോഴും കവിയുടെ കൈ വിറച്ചില്ല.
ഈ വിറയലിന് കാരണം പിന്നീട് കവി പറയുന്നുണ്ട്. എന്നാല്‍ ഇതുവരെയുളള കവിത വെച്ചു തന്നെ (ഇതാണോടേ കവിതയെന്ന അരസികരുടെ ചോദ്യം കവിയെപ്പോലെ നിരൂപകനും അവഗണിക്കുകയാണ്. ക്ഷോഭിക്കരുത്, പ്ലീസ്, ആസുകളേ.. പൊളിറ്റിക്കലി ഇന്‍കറക്ടാവരുത്. അല്ലെങ്കില്‍ കറക്ടായി പൊളിറ്റിക്കലുമാകരുത്) നിരൂപിച്ചേക്കാം. പിന്നീടായാല്‍ മറന്നു പോയാലോ?
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പറഞ്ഞു പോയതിന്റെ പേരില്‍ സിമന്റു കൂട്ടില്‍ അടയ്ക്കപ്പെടാനും പില്‍ക്കാലത്ത് സിമന്റു നാണുവെന്ന് ആക്ഷേപിക്കപ്പെടാനും ദുര്യോഗമുണ്ടായ ആളാണ് സാക്ഷാല്‍ ശ്രീനാരായണ ഗുരു. ഞാന്‍ ഈഴവനാണ്, അതുകൊണ്ട് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞില്ല. അഥവാ പറയാന്‍ തോന്നിയില്ല.
ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞത് സഹോദരന്‍ അയ്യപ്പന്‍. ഞാന്‍ ഈഴവനാണ്, അതുകൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് അദ്ദേഹവും പറഞ്ഞില്ല.
സാമൂഹ്യപരിഷ്കര്‍ത്താവാകണമെങ്കില്‍ അന്ന് അതേയുണ്ടായിരുന്നുളളൂ മാര്‍ഗം.. സാമൂഹ്യ പരിഷ്കര്‍ത്താവും മനുഷ്യനാണ്. ചില ആചാരങ്ങളും നാട്ടുനടപ്പും അവര്‍ക്കും ധിക്കരിക്കാന്‍ കഴിയില്ല.
നടപ്പു രീതിയില്‍ ചലിക്കുന്നവരല്ല ഉത്തരാധുനികര്‍. പ്രത്യേകിച്ച് രാജ് നീട്ടിയത്തിനെപ്പോലൊരു കവി. സാമ്പ്രദായികമായ എല്ലാ ചട്ടങ്ങളെയും കവി കീറിയെറിയുന്നു. 'ഇന്റര്‍നെറ്റുകാലത്തെ സാമൂഹ്യപരിഷ്കരണം' എന്ന പേരില്‍ വമ്പന്‍ ലേഖനത്തിനുളള വകുപ്പുളളതാണ് കവിതയുടെ ഈ ഘട്ടം.
ഞാന്‍ കിരിയാത്ത് നായരാണ്... ജാതി രഹിത വിവാഹത്തിന് നിങ്ങള്‍ തയ്യാറാണോ എന്നാണ് കവിയുടെ ചോദ്യം. തേരാളി, യുക്തിവാദി തുടങ്ങിയ മാസികകളില്‍, ജാതി മത രഹിതരെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ കാപട്യത്തിനു നേരെയാണ് കവി ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. സാധാരണ ജാതി, മത രഹിത വിവാഹത്തിനിറങ്ങുന്നവര്‍ അവരുടെ മതമോ ജാതിയോ പ്രസിദ്ധപ്പെടുത്താറില്ല. അറുവഷളന്മാരും കാപട്യക്കാര്‍ക്കോടകന്മാരുമാണ് അവറ്റകള്‍.
ഇവിടെ കവി, സ്വന്തം സ്വത്വം ധൈര്യപൂര്‍വം തുറന്നുവെച്ച് സമൂഹത്തെ വെല്ലുവിളിക്കുന്നു. ഇതാ, ഞാനൊരു കിരിയാത്ത് നായര്‍. എന്നോട് ജാതിരഹിത വിവാഹം കഴിക്കാന്‍/കളിക്കാന്‍ ഏത് കിരിയാത്ത് നായരത്തിയുണ്ടെടാ എന്നാണ് ചോദ്യം. കൊടിയ ജാതീയതയുടെ തലമണ്ട തകരുന്ന ചോദ്യമാണിത്. ഇതൊന്നും മനസിലാക്കാതെയാണ് നളന്‍, ചന്ത്രക്കാരന്‍ തുടങ്ങിയ മൂരാച്ചികള്‍ കവിയെ ഗളച്ഛേദം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അരസികന്മാര്‍. പൊളിറ്റിക്കലി ഇന്‍കറക്ടന്മാര്‍.
മകം പിറന്ന മങ്കനാണ് കവി. ജനനം മേട രാശിയില്‍. അതുകൊണ്ട് ജാതി വേണ്ടാത്ത കവിക്ക് ജാതകം നിര്‍ബന്ധം. ചൊവ്വാ ദോഷം പോലെയുളള പേരുദോഷങ്ങള്‍ തീരെയും ഇല്ലെന്നും കവി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അസല്‍ ജാതകം. കിരിയാത്ത് നായര്‍. മേട രാശിയില്‍ മകം നക്ഷത്രത്തില്‍ ഭൂജാതന്‍. ഒരു കൈയില്‍ വിക്കി പീഡിയ, മറുകൈയില്‍ കീമാന്‍. ജാതിഭേദം മതദ്വേഷമെന്യേ ഏതു പെണ്ണും മോഹിച്ചു പോകുന്ന വ്യക്തിത്വം. എന്നു തീര്‍ത്തു പറയാന്‍ വരട്ടെ... അങ്ങനെ ഏതു പെണ്ണും കേറി മോഹിക്കാന്‍ വരട്ടെ... കവിത തീര്‍ന്നിട്ടില്ല.
കാസ്റ്റ് നോ ബാര്‍ (ബാറില്‍ പോയി വീശില്ലെന്നല്ല) കോളത്തില്‍ ടിക്കിട്ടപ്പോള്‍ കൈവിറച്ചതെന്തെന്ന് കവി തുടര്‍ന്നു പറയുന്നു. ആ നിമിഷത്തില്‍, ആ വേളയില്‍, ആ മുഹൂര്‍ത്തത്തില്‍, ആ പ്രഭാതത്തില്‍, ആ പ്രദോഷത്തില്‍ കവിയുടെ ഹൃദയകവാടത്തില്‍ ഒരു മത്സ്യഗന്ധി മുട്ടിവിളിച്ചു ചോദിച്ചു..... ഓര്‍മ്മയുണ്ടോ ഈ ഉളുമ്പു നാറ്റം.... ?
അവളുടെ ദേഹത്തു നിന്നൊഴുകിയ ചാളയുടെ ഉളുമ്പു നാറ്റമാണ് ഒരു നിമിഷാര്‍ദ്ധത്തേയ്ക്ക് കവിയുടെ കൈയില്‍ വിറയിലുണ്ടാക്കിയത്. ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്നവനാണ് കവി. ഒരേയൊരു നിമിഷത്തെ ഉളുമ്പു നാറ്റത്തെ അതിജീവിച്ച് അദ്ദേഹം ശേഷം കോളങ്ങള്‍ പൂരിപ്പിച്ചു. പിന്നെയൊരു കോളം പൂരിപ്പിച്ചപ്പോഴും ഒരു നാറ്റവും അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല. മണി മണിപോലെ ശിഷ്ടം കോളങ്ങള്‍ പൂരിപ്പിച്ചു തളളി. "തള്ളേ, എന്തൊരു സ്പീഡെ"ന്ന് സ്വയം അമ്പരന്നു.
ജാതിയുടെ മണം ഓര്‍മ്മയുളള ഒരുത്തനും വിവാഹം പോലെ ഗൗരവമുളള സാമൂഹ്യവിനിമയത്തിന് യോഗ്യതയില്ലെന്നാണ് ഗുപ്തന്‍ ഈ കവിതയില്‍ നിന്ന് മനസിലാക്കിയത്. പലരും ഒളിച്ചു വെയ്ക്കുന്ന മനസിലെ ജാതീയതയാണ് രാജ് തുറന്നു പറഞ്ഞത് എന്ന് ഡിങ്കനും പറഞ്ഞു.
ഈ രണ്ട് അഭിപ്രായങ്ങളെയും ഖണ്ഡിക്കാന്‍ ഞാന്‍ ആളല്ല. അവയെ നിഷേധിക്കാനും. രണ്ടുപേരും സാഹിത്യാദി വിഷയങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ യോഗ്യതയുളളവര്‍. എന്നാല്‍ നമുക്ക് നമ്മുടെ അഭിപ്രായം പറയാതിരിക്കാനാകുമോ? പറയുന്ന അഭിപ്രായങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്ടാണെങ്കില്‍ അമ്മ തല്ലുമോ? പൊളിറ്റിക്കലി കറക്ടാണെന്നുവെച്ച് ഭാര്യ പിണങ്ങിപ്പോകുമോ? താനാണോ ഉവ്വേ എന്റെ തന്തയെന്ന് പുത്രന്‍ ചോദിക്കുമോ? ഇതൊന്നും അവരാരും അറിയുക പോലുമില്ല.
കവിയുടെ മനസില്‍ ഈഴവന് ചാളമണം എങ്ങനെ കയറിക്കൂടിയെന്നതാണ് ഈ കവിതയിലെ മില്യണ്‍ ഡോളര്‍ ചോദ്യമെന്ന് പൊളിറ്റിക്സില്‍ കറക്ടല്ലാത്തവരും കറക്ടല്ലാത്ത പൊളിറ്റിക്സ് കൊണ്ടു നടക്കുന്നവരും വിചാരിക്കുന്നു.
പല സാധ്യതകളാണ് അവരുടെ മനസില്‍ കാണുന്നത്. സാധ്യത ഒന്ന് കിടക്കുന്നത്, ആരാണ് ഈഴവരെന്ന ചോദ്യത്തിലാണ്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഈഴവര്‍, മലബാറില്‍ തീയ്യര്‍, കര്‍ണാടകത്തിന് തെക്ക് ബില്ലവര്‍, തീവരു മക്കളു, കന്യാകുമാരി ജില്ലയില്‍ നാടാര്‍, ചാന്നാര്‍, മധുരയില്‍ ഇല്ലത്തു പിളളമാര്‍, ആന്ധ്രയില്‍ ഇഡിഗര്‍ എന്നൊക്കെ അറിയപ്പെടുന്ന ജനവിഭാഗമാണ് അതെന്ന് ചിലര്‍ പറയുന്നു.
പഴയ സിലോണില്‍ നിന്ന് കുടിയേറിയവരാണ് ഈഴവരെന്ന് നരവംശ ശാസ്ത്രജ്ഞനായ എല്‍ കെ അനന്തകൃഷ്ണനെപ്പോലുളളവര്‍. സിലോണിന്റെ പേരായിരുന്നു പോലും ഈഴം. പൊളിറ്റിക്സില്‍ മാത്രമല്ല, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം എന്നിവയിലൊന്നും കറക്ടായ വിവരമില്ലാത്തവര്‍ക്ക് കേട്ടിരിക്കുകയല്ലാതെ വേറെ വഴിയില്ല.
സിലോണില്‍ നിന്ന് കടല്‍ വഴിയേ ഇന്ത്യയിലേയ്ക്ക് കുടിയേറാന്‍ കഴിയൂ. ചാളകള്‍ കിടക്കുന്നത് കടലിലാണ്. കടല്‍ വഴി വരുമ്പോള്‍ ചാളമണം ബാധ കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈഴവരെത്തന്നെയെങ്ങനെ ചാള മണം ബാധിച്ചു എന്നു ചോദിച്ചാല്‍, വിധി ഹിതം, കണക്കായിപ്പോയി എന്നൊക്കെ പറയാനേ കഴിയൂ.
പക്ഷേ, ചരിത്രപണ്ഡിതനായ കവിയുടെ മുന്നില്‍ ഈ സാധ്യത തീര്‍ത്തും അടഞ്ഞു പോകുന്നു. . തെങ്ങ്, കമുക്, പന എന്നീ വിളകള്‍ കേരളത്തില്‍ എത്തിച്ചത് ഈഴവരാണെന്ന വിശ്വാസത്തെക്കുറിച്ച് അദ്ദേഹം അറിയാതിരിക്കില്ല.
കടല്‍ കടന്ന വഴി ഈഴവരെ ചാള ബാധിച്ചുവെന്ന് കവി കരുതുന്നുവെങ്കില്‍ തേങ്ങയരയ്ക്കുന്ന ഏത് കൂട്ടാനിലും കവിയ്ക്ക് ഈഴവന്റെ ചാളമണം തികട്ടി വരണം. തെങ്ങ്, പന കളള് ഐറ്റംസോ എന്തിന് ശര്‍ക്കരപ്പായസം പോലും കവിയ്ക്ക് ഓര്‍ക്കാനിക്കുന്ന അനുഭവങ്ങളായി മാറും. ഒരു പരിധിക്കപ്പുറം കളളു കുടിച്ചാല്‍ കവി ഓര്‍ക്കാനിക്കുമോന്നോ, അത് മറ്റേ ചാളമണം തികട്ടി വരുന്നതു മൂലമാണോന്നോ നിരൂപകന് അറിയില്ല. ഒരുമിച്ച് കളളുകുടിക്കാന്‍ അവസരം കിട്ടിയാല്‍ അക്കാര്യം ബൂലോഗത്തിനു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്. മുറുക്കാനില്‍ പാക്ക് ഉപയോഗിക്കാന്‍ പോലും കഴിയാത്തവനാണ് താനെന്ന് കവി തുറന്നു പറയുന്നില്ല. അതുകൊണ്ട് കടല്‍ കടന്ന വഴിയില്‍ ഈഴവരുടെ ദേഹത്തു ചാളയുടെ ഉളുമ്പു മണം ബാധിച്ചിരിക്കും എന്ന് കവി കരുതാന്‍ ന്യായമില്ല.
അടുത്ത സാധ്യത, സുഹൃത്തുക്കളുടെയോ മറ്റോ വീട്ടില്‍ സാന്ദര്‍ഭികമായി ഭക്ഷണം കഴിച്ച വകയില്‍ കിട്ടിയ ചാള മണമായിരിക്കാം എന്നതാണ്. ഈഴവര്‍ മുപ്പത്തിയാറ് അടിക്കുളളില്‍ പ്രവേശിച്ച് അയിത്തപ്പെടുത്തിയാല്‍ അയാളെ വെട്ടിനുറുക്കാന്‍ നായര്‍ക്ക് അധികാരമുണ്ടായിരുന്നതായി ലാന്റ്സ് ഓഫ് ദി പെരുമാള്‍സ് എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് ഡേ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തെ അങ്ങനെ പലരും വളച്ചൊടിച്ചിട്ടുളളത് കവി വിശ്വസിക്കുന്നില്ല. കിരിയാത്ത് നായരെന്ന് വെളിപ്പെടുത്തി ജാതി രഹിത വിവാഹത്തിന് തന്റേടമുളള ഒന്നാന്തരം സാമൂഹ്യപരിഷ്കര്‍ത്താവാണ് കവിയെന്ന് നാം നേരത്തെ കണ്ടു. ഈഴവന്‍ വിളമ്പിയ ഭക്ഷണം കഴിക്കാന്‍ മടിക്കുന്നയാളാവില്ല കവി.
എന്നാല്‍ സാമൂഹ്യപരിഷ്കര്‍ത്താവായ കവിയ്ക്കു മുന്നില്‍ നമുക്ക് ഈ സാധ്യതയും തുറന്നു വെയ്ക്കാന്‍ കഴിയില്ല. കാരണം ജാതി നോക്കിയാണ് കവി വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതെന്നാണ് ഇതിന്റെ വ്യംഗ്യം.
കവിയ്ക്ക് മനസിനു പിടിക്കാത്ത രുചിയോ ഗന്ധമോ ഭക്ഷണത്തില്‍ അനുഭവപ്പെട്ടാല്‍, ഒതുക്കത്തില്‍, സൂത്രത്തില്‍ വീട്ടുകാരുടെ ജാതി തിരഞ്ഞു പിടിച്ച് ആ സമുദായത്തിനാകെ ഉളുമ്പു മണമാണെന്ന് കവിതയെഴുതി പീഡിപ്പിക്കുന്ന കൊടിയ ജാതി ഭീകരനാണ് കവിയെന്ന് പറയാതെ പറയുകയാവും ഈ സാധ്യത അംഗീകരിച്ചാല്‍ ഫലം.
മൂന്നാമത്തേതാണ് ഏറ്റവും വിലപിടിച്ച സാധ്യത. വിവാഹം പോലുളള സാമൂഹ്യവിനിമയം എന്ന ഗുപ്തന്റെ അഭിപ്രായം വികസിപ്പിച്ചപ്പോഴാണ് നിരൂപകന്റെ മനസില്‍ ഈ സാധ്യത തെളിഞ്ഞത്. പൊളിറ്റിക്കലി വിവരമില്ലാത്തവര്‍ക്കും സാഹിത്യാദി ഗഹനതയൊന്നുമില്ലാത്തവര്‍ക്കും വിവാഹത്തിന്റെ വിനിമയ സാധ്യത ലൈംഗികതയിലാണ്. പോലീസു പിടിക്കാതെയും സമൂഹത്തെ പേടിക്കാതെയും ലൈംഗികത ആസ്വദിക്കാനുളള ഉപാധിയാണ് സാധാരണക്കാര്‍ക്ക് വിവാഹം. അസാധാരണക്കാര്‍ക്ക് എങ്ങനെയെന്ന് നമുക്കറിയില്ല. ആ ലൈനില്‍ ഒന്നാലോചിച്ചു നോക്കിയാല്‍ ചാളമണം തികട്ടി വന്നതു കൊണ്ട് കല്യാണപ്രായമായിട്ടില്ലെന്ന തിരിച്ചറിവിന്റെ മൂലകാരണം കിട്ടും.
കറിവെയ്ക്കാന്‍ ചാളമീന്‍ അരിഞ്ഞ് അടുക്കളയില്‍ കയറിയ യുവതിക്ക്, തന്റെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കുന്നതിനു മുമ്പ് കവിയുമായി ഒരു നേരമ്പോക്ക് തരപ്പെട്ടുവെന്ന് കരുതുക. ചാള അരിഞ്ഞെന്നറിയാതെയാണ് കവി ഉത്തരാധുനിതക ചര്‍ച്ച ചെയ്യാന്‍ എത്തുന്നത്.
ചര്‍ച്ച തുടങ്ങിക്കഴിഞ്ഞാണ് ചാള മണക്കുന്നതും മനം പുരട്ടുന്നതും. ആണ്‍മയുടെ അതിപ്രസരം കാരണം പോയി കൈ കഴുകു പെണ്ണേയെന്ന് പറയാന്‍ കവിയ്ക്ക് കഴിയുന്നില്ല. മറുപക്ഷമാണെങ്കിലോ കാര്‍ഗില്‍ കീഴടക്കാനുളള വെമ്പലിലും. ആരെങ്കിലും വരുന്നതിനു മുമ്പ് ഉണര്‍ന്ന മോഹം ശമിപ്പിക്കാന്‍ പെണ്‍കൊടിയുടെ തത്രപ്പാട്. ഉളുമ്പു മണം കാരണം ഒന്നും നടക്കാതെ നനഞ്ഞ കോഴിയെപ്പോലെ കവി. പെട്ടുപോയല്ലോ ഭഗവാനേയെന്ന് കരുതി ചുറ്റും നോക്കുമ്പോള്‍ ഭിത്തിയില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം.
കേള്‍ക്കാത്ത ശബ്ദം എന്നൊരു ബാലചന്ദ്രമേനോന്‍ ചിത്രമുണ്ട്. ആ സിനിമ കണ്ടവര്‍ക്കും അതില്‍ നെടുമുടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷം ഓര്‍മ്മയുളളവര്‍ക്കും ഈ സാധ്യത കൂടുതല്‍ വ്യക്തമായി മനസിലാകും.
പരാജയപ്പെട്ട ഒരു നേരമ്പോക്ക് കവിയുടെ മനസില്‍ പേടിപ്പിക്കുന്ന ഓര്‍മ്മയായി മാറിയേക്കാം. കല്യാണം, ആദ്യരാത്രി തുടങ്ങിയ സാമൂഹ്യവിനിമയങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ തന്നെ കവിയ്ക്ക് ചാള മണം തികട്ടി വന്നേക്കാം. പൊളിറ്റിക്കലി ഇന്‍കറക്ടാണോ കറക്ടാണോ എന്നതല്ല ഇവിടെ പ്രശ്നം. ഓര്‍മ്മകള്‍ ഇറക്ഷനെ ബാധിക്കുന്നോ എന്നതാണ്.
ഇതാണ് സത്യമെങ്കില്‍, ഒരു സെക്സോളജിസ്റ്റിന്റെ കൗണ്‍സിലിംഗ് കൊണ്ട് തീരാവുന്നതേയുളളൂ. അത്രത്തോളം ലളിതമായ ഒരു വിഷയത്തിലാണ് നളന്‍, ചന്ത്രക്കാരന്‍ തുടങ്ങിയ ഉടന്‍കൊല്ലികള്‍ കവിയെ വേട്ടയാടാന്‍ നടക്കുന്നത്. അതിന്റെ കാര്യമൊന്നുമില്ലെന്ന് ഈ നിരൂപണം വായിക്കുന്നതോടെയെങ്കിലും അവര്‍ മനസിലാക്കുമെന്ന് കരുതുന്നു.
മറ്റു വായനക്കാര്‍ക്ക് വേറെ സാധ്യതയും തേടാവുന്നതാണ്. വായന പോലെ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഏര്‍പ്പാടുമില്ലല്ലോ. ഓരോര്‍ത്തര്‍ തോന്നും പടിയെഴുതുന്നത് മറ്റുളളവര്‍ അവര്‍ക്ക് തോന്നും പടി വായിക്കുന്നു. അത്രതന്നെ.
വൈലോപ്പിളളിയുടെ "മാമ്പഴം" എന്ന കവിതയെ ഫ്രോയിഡിനെ അധികരിച്ച് വിമര്‍ശിച്ച് മലയാള വിമര്‍ശന സാഹിത്യത്തില്‍ പുതിയ വഴി വെട്ടിത്തുറന്ന പ്രൊഫ. എം എന്‍ വിജയന്റെ സ്മരണയ്ക്കു മുന്നില്‍ ഈ നിരൂപണം സമര്‍പ്പിക്കുന്നു.
നോട്ട് ദിസ് പോയിന്റ് ആള്‍സോ.
ഈ പോസ്റ്റിനു വേണ്ടി അനോണിമസ് കമന്റ് ഓപ്ഷന്‍ തുറന്നിടുകയാണ്. മഞ്ഞ ഒതളങ്ങ വര്‍മ്മ എന്തു പറയുന്നുവെന്ന് കൂടി വായിച്ചില്ലെങ്കില്‍ നിരൂപണം പൂര്‍ണമാകില്ല. മറ്റൊരു പോസ്റ്റിലും അനോണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഈ സൗകര്യം മുതലെടുത്ത് എല്ലായിടത്തും അനോണികള്‍ വിളയാടാന്‍ നിന്നാല്‍...... ജാഗ്രത...........
വിശുദ്ധ പശുവിന്റെ അകിടും തേടി...
16 years ago